ഖുര്‍ആന്‍ പഠനം

D4മീഡിയ തയ്യാറാക്കിയ ഈ 'ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാഠ്യ പദ്ധതി' ലോകത്തെങ്ങുമുള്ള മലയാളി സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുകയാണ്.

സൂറഃ അല്‍ഫാത്തിഹയും അമ്മ ജുസുഇലെ 37 അധ്യായങ്ങളുമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സാധാരണക്കാരനും പരിശുദ്ധ ഖുര്‍ആന്റെ അര്‍ഥവും ആശയവും എളുപ്പത്തില്‍ ഗ്രഹിക്കാനും പഠിക്കാനും സാധ്യമാകുന്ന വിധത്തിലാണ് ക്ലാസ്സുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. യുവ പണ്ഡിതനും അധ്യാപകനുമായ എം.സി. സുബ്ഹാന്‍ ബാബുവാണ് അര മണിക്കൂര്‍ വീതമുള്ള പഠന പരമ്പരയിലെ ക്ലാസ്സുകള്‍ നയിക്കുന്നത്. അമ്പത്തേഴ് എപ്പിസോഡുകളിലായി ലഭിക്കുന്ന പഠന കോഴ്‌സിന്റെ കാലാവധി ഏകദേശം ഒരു വര്‍ഷവും രണ്ട് മാസവുമായിരിക്കും. ആഴ്ച തോറും പുതിയ ക്ലാസ്സുകള്‍ സൈറ്റില്‍ നല്‍കുന്നതാണ്. വൈകി പ്രവേശിക്കുന്ന പഠിതാക്കളുടെ സൗകര്യം മുന്‍നിര്‍ത്തി മുന്‍ പാഠഭാഗങ്ങളും സൈറ്റില്‍ ലഭ്യമാക്കും.

തീര്‍ത്തും സൗജന്യമായി ലോകത്തെവിടെ നിന്നും ഏത് സമയത്തും ആര്‍ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ വീഡിയോ ക്ലാസ്സുകള്‍ക്ക് പുറമെ, വ്യത്യസ്ത രീതിയിലെ പഠന സഹായികളും ലഭ്യമാണ്. വിശദമായ പഠനത്തിനും വിശകലനത്തിനുമായി ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര് എന്നിവരുടെ 'ഖുര്‍ആന്‍ ലളിതസാരം', സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും നല്‍കിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി സാഹിബ് സൂറഃ അല്‍ഫാത്തിഹക്ക് നല്‍കുന്ന ആമുഖവും ഖുര്‍ആന്‍ പഠനത്തിന്റെപ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഏതാനും പ്രഭാഷണങ്ങളും അനുബന്ധങ്ങളായി ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ലളിതമായ ഈ ഖുര്‍ആന്‍ പഠന പരമ്പര കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളായ മലയാളികള്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇതിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ സുമനസ്സുകളായ വ്യക്തികള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍..

ഡയരക്ടര്‍
D4മീഡിയ