അത്ത്വാരിഖ് Episode- 22
01-10
Part: 22
അത്ത്വാരിഖ് Episode- 23
11-17
Part: 23
നാമം
പ്രഥമ സൂക്തത്തിലെ الطَّارِق എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
അവതരണകാലം
ഇതിലെ ഉള്ളടക്കത്തിന്റെ വിവരണശൈലി പ്രവാചകന്റെ മക്കാജീവിതത്തിലവതരിച്ച ആദ്യ സൂറകളുടേതിനു സദൃശമാണ്. എന്നാല്‍, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനെയും മുഹമ്മദീയദൗത്യത്തെയും പരാജയപ്പെടുത്താന്‍ സകലവിധ കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്താണ് ഇതവതരിച്ചത്.
ഉള്ളടക്കം
ഇതില്‍ രണ്ടു പ്രമേയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന്: മനുഷ്യന് മരണാനന്തരം ദൈവസന്നിധിയില്‍ ഹാജരാകേണ്ടതുണ്ട്. രണ്ട്: അവിശ്വാസികളുടെ തന്ത്രങ്ങള്‍കൊണ്ടൊന്നും തോല്പിക്കാനാവാത്ത നിര്‍ണായകമായ വചനമാണീ ഖുര്‍ആന്‍. ആദ്യമായി, വിധാതാവായ അസ്തിത്വത്തിന്റെ അഭാവത്തില്‍, സ്വന്തം നിലക്ക് സ്ഥാപിതമാകാനും നിലനില്ക്കാനും കഴിയുന്ന ഒരു വസ്തുവും പ്രപഞ്ചത്തില്‍ ഇല്ല എന്നതിനു സാക്ഷ്യമായി ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പിന്നെ, മനുഷ്യചിന്തയെ സ്വന്തം അസ്തിത്വത്തിനു നേരെ തിരിച്ചുവിടുകയാണ്. ഒരു ശുക്ലബീജത്തില്‍നിന്ന് അവനെ എപ്രകാരമാണ് ഉണ്മയിലേക്ക് കൊണ്ടുവന്ന് സജീവവും സചേതനവുമായ മനുഷ്യനാക്കിത്തീര്‍ത്തത്? തുടര്‍ന്നു പറയുന്നു: ദൈവം മനുഷ്യനെ എപ്രകാരം ഉണ്മയിലേക്ക് കൊണ്ടുവന്നുവോ അതേപ്രകാരംതന്നെ അവനെ രണ്ടാമത് സൃഷ്ടിക്കാനും കഴിവുള്ളവനാകുന്നു. മനുഷ്യന്റെ ഭൗതികലോകത്ത് മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളെല്ലാം പരിശോധിക്കപ്പെടുന്നതിനു വേണ്ടിയത്രേ ആ രണ്ടാം ജന്മം. ആ ജീവിതത്തില്‍ ഭൗതികലോകത്ത് അവനനുഷ്ഠിച്ച കര്‍മങ്ങളുടെ ഫലമനുഭവിക്കുന്നതില്‍നിന്ന് സ്വന്തം കഴിവുകൊണ്ട് രക്ഷപ്പെടാന്‍ അവന്നു കഴിയില്ല. ആര്‍ക്കും അവനെ സഹായിക്കാനുമാവില്ല. വചനസമാപനമായി അരുള്‍ ചെയ്യുന്നു: ആകാശത്തുനിന്ന് മഴ വര്‍ഷിക്കുക, ഭൂമിയില്‍ വൃക്ഷലതാദികള്‍ മുളച്ചുവളരുക--ഇതൊന്നും തമാശയല്ല; ഗൗരവമാര്‍ന്ന സംഗതികളാണ്. അതേപ്രകാരം, ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും ചിരിച്ചുതള്ളാനുള്ളതല്ല. സനാതനവും സ്ഥായിയുമായ പൊരുളുകളാണവ. തങ്ങളുടെ സൂത്രങ്ങള്‍കൊണ്ട് ഈ ഖുര്‍ആനെ തോല്പിച്ചുകളയാമെന്ന വ്യാമോഹത്തിലാണ് അവിശ്വാസികള്‍. എന്നാല്‍, അല്ലാഹുവിനും ഒരു സൂത്രമുണ്ടെന്ന് അവരറിയുന്നില്ല. അവന്റെ സൂത്രത്തിനു മുമ്പില്‍ അവരുടെ സൂത്രങ്ങളൊക്കെയും പൊളിഞ്ഞു പാളീസായിപ്പോകും. അനന്തരം ഒറ്റവാക്യത്തില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയും സത്യനിഷേധികള്‍ക്കു താക്കീതു നല്‍കുകയും ചെയ്തുകൊണ്ട് പ്രഭാഷണം അവസാനിപ്പിച്ചിരിക്കുകയാണ്. പ്രവാചകനെ സമാധാനിപ്പിക്കുന്നതിങ്ങനെയാണ്: താങ്കള്‍ ക്ഷമിക്കുക. അവിശ്വാസികള്‍ക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യാന്‍ കുറച്ച് അവസരം കൊടുക്കാം. അധികം വൈകാതെ അവര്‍ക്ക് സ്വയം ബോധ്യമാകും; ഖുര്‍ആനെ തോല്പിക്കാനുള്ള അവരുടെ തന്ത്രങ്ങളൊന്നും തെല്ലും ഫലിച്ചിട്ടില്ലെന്ന്. എവിടെനിന്നു ഖുര്‍ആനെ തോല്പിച്ചോടിക്കാന് തങ്ങള്‍ പാടുപെട്ടുകൊണ്ടിരുന്നുവോ, അവിടെത്തന്നെ അത് ജയിച്ചു വാഴുന്നുവെന്നും.