അല്‍ അഅ്‌ലാ

സൂക്തങ്ങള്‍: 19

നാമം

പ്രഥമ സൂക്തമായ سَبِّحِ اسْمَ رَبِّكَ الأَعْلَى എന്ന വാക്യത്തിലെ الأَعْلَى എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

പ്രവാചകത്വത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നുണ്ട്. പ്രവാചകന്‍ ദിവ്യബോധനം സ്വീകരിക്കുന്നതില്‍ തഴക്കം നേടിയിട്ടില്ലാത്ത കാലത്താണവതരിച്ചതെന്ന് ആറാം സൂക്തത്തിലെ 'നാം നിനക്കു വായിച്ചുതരാം; പിന്നെ നീ അത് മറക്കുകയില്ല' എന്ന വാക്യവും സൂചിപ്പിക്കുന്നുണ്ട്. ദിവ്യബോധനമവതരിക്കുന്ന സന്ദര്‍ഭങ്ങളില്‍, താന്‍ അതിന്റെ വാക്കുകള്‍ മറന്നുപോയേക്കുമോ എന്ന് തിരുമേനി ആശങ്കിച്ചിരുന്നു. ഈ ആശങ്കയെ ദൂരീകരിക്കുകയാണിവിടെ. ഈ സൂക്തവും സൂറ ത്വാഹായിലെ 114-ആം 20:114 സൂക്തവും സൂറ അല്‍ഖിയാമയിലെ 16-19 75:16 സൂക്തങ്ങളും ചേര്‍ത്തു വായിക്കുകയും അവ മൂന്നിന്റെയും ശൈലിയും സന്ദര്‍ഭപശ്ചാത്തലങ്ങളും പരിശോധിക്കുകയും ചെയ്താല്‍ സംഭവങ്ങളുടെ ക്രമം ഇപ്രകാരമാണെന്നു മനസ്സിലാകും: ആദ്യമായി ഈ സൂറയില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയാണ്: താങ്കള്‍ വിഷമിക്കേണ്ട, നാം ഈ വചനം താങ്കള്‍ക്ക് വായിച്ചുതരും. താങ്കളതു മറന്നുപോവുകയില്ല. പിന്നീട് കുറെക്കാലത്തിനു ശേഷം രണ്ടാമത്തെ സന്ദര്‍ഭത്തില്‍ സൂറ അല്‍ഖിയാമ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ തിരുമേനി അനിച്ഛാപൂര്‍വം ദിവ്യസന്ദേശം ആവര്‍ത്തിച്ചുരുവിടാന്‍ തുടങ്ങി. അപ്പോള്‍ അല്ലാഹു അരുള്‍ ചെയ്തു: പ്രവാചകരേ, ഈ സന്ദേശം പെട്ടെന്ന് ഹൃദിസ്ഥമാക്കുന്നതിനു വേണ്ടി നാക്കു പിടപ്പിക്കേണ്ടതില്ല. അത് ഓര്‍മിപ്പിച്ചുതരുകയും വായിച്ചുതരുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാകുന്നു. അതുകൊണ്ട് നാം വായിച്ചുതരുമ്പോള്‍ താങ്കള്‍ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരിക്കുക. പിന്നെ അതിന്റെ താല്‍പര്യം ഗ്രഹിപ്പിച്ചുതരേണ്ടതും നമ്മുടെ ചുമതലയാകുന്നു. മൂന്നാം തവണ, സൂറ ത്വാഹാ അവതരിച്ചപ്പോഴും തിരുമേനിക്ക് മനുഷ്യസഹജമായ ആശങ്കയുണ്ടായി, ഒറ്റയടിക്ക് അവതരിച്ച ഈ 113 സൂക്തങ്ങളില്‍നിന്ന് വല്ലതും താന്‍ വിസ്മരിച്ചുപോയാലോ എന്ന്. അതുകൊണ്ട് അദ്ദേഹം അത് ഉടനെ മനഃപാഠമാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ നിര്‍ദേശിച്ചു: ''ഖുര്‍ആന്റെ ബോധനം താങ്കളിലേക്ക് പൂര്‍ണമായി എത്തിച്ചേരുന്നതുവരെ അത് വായിക്കുന്നതില്‍ ധൃതികൂട്ടരുത്.'' അതിനുശേഷം തിരുമേനി ഇങ്ങനെ ഉല്‍ക്കണ്ഠപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഈ മൂന്ന് സ്ഥലങ്ങളല്ലാതെ, ഈ വിഷയം സൂചിപ്പിക്കുന്ന നാലാമതൊരു സ്ഥലം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല.

ഉള്ളടക്കം

മൂന്ന് പ്രമേയങ്ങളാണ് ഈ സൂറ ഉള്‍ക്കൊള്ളുന്നത്: ഏകദൈവത്വം, നബി(സ)യുടെ മാര്‍ഗദര്‍ശനം, പരലോകം. ആദ്യമായി ഒറ്റവാക്യത്തില്‍ തൗഹീദ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തെ വിശുദ്ധമാക്കി വാഴ്ത്തുക. അതായത്, വല്ല വിധത്തിലുമുള്ള കുറ്റമോ കുറവോ ദൗര്‍ബല്യമോ സൃഷ്ടികളോടുള്ള സാദൃശ്യമോ സൂചിപ്പിക്കുന്ന നാമംകൊണ്ട് ദൈവത്തെ സ്മരിക്കരുത്. കാരണം, ഈ ലോകത്തുണ്ടായിട്ടുള്ള എല്ലാ അന്ധവിശ്വാസങ്ങളുടെയും അബദ്ധസിദ്ധാന്തങ്ങളുടെയും അടിവേര് ദൈവത്തെ സംബന്ധിച്ച തെറ്റായ വിഭാവനയാകുന്നു. അത് ആ വിശുദ്ധ അസ്തിത്വത്തിനുള്ള ഏതെങ്കിലും അബദ്ധനാമമായിട്ടാണ് രൂപംകൊള്ളുന്നത്. അതിനാല്‍, മഹോന്നതനായ അല്ലാഹുവിനെ അവന്ന് ഉചിതവും ഭൂഷണവുമായ വിശിഷ്ടനാമങ്ങളില്‍ മാത്രം സ്മരിക്കുക എന്നത് വിശ്വാസസംസ്‌കരണത്തിന്റെ പ്രഥമപടിയാകുന്നു. അനന്തരം മൂന്നു സൂക്തങ്ങളിലായി പറയുന്നു: തന്റെ നാമം വിശുദ്ധമാക്കി വാഴ്ത്തണമെന്ന് കല്‍പിച്ചിട്ടുള്ള നിങ്ങളുടെ റബ്ബ് പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവയെ സന്തുലിതമാക്കിയതും അവയുടെ കണക്കുകള്‍ നിര്‍ണയിച്ചതും അവയുടെ സൃഷ്ടിലക്ഷ്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുകൊടുത്തതും അവന്‍തന്നെ. നിങ്ങള്‍ അവന്റെ ശക്തിയുടെ പ്രതിഭാസം ഇപ്രകാരം നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു: അവന്‍ ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിച്ചു വളര്‍ത്തുന്നു. പിന്നെ അവയെ വൈക്കോല്‍ച്ചണ്ടിയാക്കി മാറ്റുകയും ചെയ്യുന്നു. വസന്തം കൊണ്ടുവരാനോ ശിശിരത്തിന്റെ വരവ് തടയാനോ കഴിയുന്ന ഒരു ശക്തിയുമില്ല. തുടര്‍ന്ന് രണ്ടു സൂക്തങ്ങളില്‍ നബി(സ)യോട് ഉപദേശിക്കുന്നു: താങ്കള്‍ക്കവതരിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍ പദാനുപദം ഹൃദിസ്ഥമാക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ചിന്തിച്ച് ബേജാറാകേണ്ടതില്ല. അവയെ താങ്കളുടെ മനസ്സില്‍ രൂഢമാക്കുക നമ്മുടെ ചുമതലയാണ്. അത് മനസ്സില്‍ സുരക്ഷിതമാവുക താങ്കളുടെ വൈയക്തിക സാമര്‍ഥ്യത്തിന്റെ ഫലമായിട്ടല്ല, പ്രത്യുത, നമ്മുടെ അനുഗ്രഹഫലമായിട്ടാകുന്നു. നാം ഉദ്ദേശിച്ചാലേ താങ്കളതു മറന്നുപോകൂ. അനന്തരം റസൂലി(സ)നോട് പറയുന്നു: ഓരോ മനുഷ്യനെയും സന്‍മാര്‍ഗത്തിലേക്ക് പിടിച്ചുകൊണ്ടുവരാനൊന്നും താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. സത്യപ്രബോധനം മാത്രമാണ് താങ്കളുടെ ചുമതല. സത്യപ്രബോധനത്തിന്റെ ശരിയായ രീതി ഇതാണ്: ഉപദേശം കേള്‍ക്കാനും സ്വീകരിക്കാനും സന്നദ്ധതയുള്ളവരെ ഉപദേശിക്കുക. അതിനു സന്നദ്ധതയില്ലാത്തവരുടെ പിന്നാലെ നടക്കാതിരിക്കുക. ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലങ്ങളെ ഭയപ്പെടുന്നവന്‍ സത്യവചനം കേട്ട് കൈക്കൊള്ളും. അതു കേള്‍ക്കുന്നതില്‍നിന്നും കൈക്കൊള്ളുന്നതില്‍നിന്നും അകന്നുമാറുന്ന ഭാഗ്യഹീനന്‍ അതിന്റെ ദുഷ്ഫലം സ്വയം അനുഭവിക്കുകയും ചെയ്യും. ഒടുവില്‍ പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്: വിശ്വാസങ്ങളും സ്വഭാവങ്ങളും കര്‍മങ്ങളും സംസ്‌കരിച്ചവര്‍ക്കും താങ്കളുടെ നാഥന്റെ നാമം സ്മരിച്ചുകൊണ്ട് നമസ്‌കാരം നിര്‍വഹിച്ചവര്‍ക്കും മാത്രമുള്ളതാകുന്നു ജീവിതവിജയം. പക്ഷേ, ഈ ഭൗതികജീവിതത്തിലെ സുഖസൗകര്യങ്ങളെയും ആനന്ദങ്ങളെയും നേട്ടങ്ങളെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതത്രേ ആളുകളുടെ അവസ്ഥ. എന്നാല്‍, മൗലികമായി ചിന്തിക്കേണ്ടത് പരലോകത്തെക്കുറിച്ചാണ്. എന്തുകൊണ്ടെന്നാല്‍, ഭൗതികലോകം നശ്വരമാകുന്നു; പരലോകം ശാശ്വതവും. ഭൗതികാനുഗ്രഹങ്ങളെ അപേക്ഷിച്ച് എത്രയോ ഉന്നതവും വിശിഷ്ടവുമാണ് പാരത്രികാനുഗ്രഹങ്ങള്‍. ഇത് ഖുര്‍ആനില്‍ മാത്രം പ്രസ്താവിക്കപ്പെട്ട യാഥാര്‍ഥ്യമല്ല. ആദരണീയരായ ഇബ്‌റാഹീം(അ), മൂസാ(അ) തുടങ്ങിയ പ്രവാചകവര്യന്മാര്‍ക്കവതീര്‍ണമായ ഏടുകളും മനുഷ്യനെ ഉണര്‍ത്തിയിട്ടുള്ളത് ഈ യാഥാര്‍ഥ്യങ്ങള്‍തന്നെയാകുന്നു.