അല്‍ ഗാശിയ

സൂക്തങ്ങള്‍: 26

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള الغَاشِيَة എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ആദ്യകാലത്തവതരിച്ച സൂറകളിലൊന്നാണിതും എന്ന് ഇതിന്റെ ഉള്ളടക്കം തെളിയിക്കുന്നുണ്ട്. നബി(സ) പൊതുപ്രചാരണം തുടങ്ങുകയും മക്കാവാസികള്‍ മൊത്തത്തില്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ അവഗണിച്ചുനടക്കുകയും ചെയ്ത കാലമായിരുന്നു അത്.

ഉള്ളടക്കം

ഇതിലെ ഉള്ളടക്കം ഗ്രഹിക്കുന്നതിന് ഒരു കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ആദ്യകാലത്ത് തൗഹീദ്, ആഖിറത്ത് എന്നീ രണ്ട് ആശയങ്ങള്‍ മാത്രം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രീകൃതമായിരുന്നു നബി(സ)യുടെ പ്രബോധനം. മക്കാവാസികള്‍ ഈ രണ്ടാശയങ്ങളും അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കിയ ശേഷം ഈ സൂറയുടെ വിഷയവും വിവരണരീതിയും പരിശോധിച്ചുനോക്കുക. ആദ്യമായി, പ്രജ്ഞാശൂന്യതയിലാണ്ട ജനങ്ങളെ ഉണര്‍ത്തുന്നതിനുവേണ്ടി അവരുടെ മുന്നിലേക്ക് പെട്ടെന്ന് ഒരു ചോദ്യം എടുത്തെറിഞ്ഞിരിക്കുകയാണ്: മുഴുലോകത്തെയും മൂടുന്ന ഒരു വിപത്തിറങ്ങുന്ന സമയത്തെക്കുറിച്ചു നിങ്ങള്‍ക്ക് വല്ല വിവരവുമുണ്ടോ? അനന്തരം ഉടന്‍തന്നെ അതു വര്‍ണിച്ചുതുടങ്ങുന്നു. അന്നു മര്‍ത്ത്യരാസകലം രണ്ടു വിഭാഗങ്ങളായി, വ്യത്യസ്തമായ രണ്ടു പരിണതികളെ നേരിടേണ്ടിവരും. ഒരു കൂട്ടര്‍ നരകത്തിലേക്ക് പോകും. അവര്‍ക്ക് ഇന്നയിന്ന ദണ്ഡനങ്ങളനുഭവിക്കേണ്ടിവരും. രണ്ടാമത്തെ കൂട്ടര്‍ ഉന്നതസ്ഥാനത്തുള്ള സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാകുന്നു. അവര്‍ ഇന്നയിന്ന സൗഭാഗ്യങ്ങള്‍കൊണ്ട് അനുഗൃഹീതരായിരിക്കും. ഈവിധം ജനങ്ങളെ ഉണര്‍ത്തിയ ശേഷം ഒറ്റയടിക്ക് ചര്‍ച്ചാവിഷയം മാറുന്നു. എന്നിട്ട് ചോദിക്കുകയാണ്: ഖുര്‍ആന്റെ ഏകദൈവാദര്‍ശവും പരലോക സന്ദേശവും കേട്ട് നെറ്റിചുളിക്കുന്ന ഇക്കൂട്ടര്‍ സദാ സ്വന്തം കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസങ്ങളൊന്നും കാണുന്നില്ലേ? അറബികളുടെ മുഴുജീവിതത്തിന്റെയും അവലംബമായ ഒട്ടകത്തെക്കുറിച്ച് ഒരിക്കലും അവരാലോചിച്ചിട്ടില്ലേ, തങ്ങളുടെ മരുഭൂജീവിതത്തിന് അത്യാവശ്യമായ മൃഗങ്ങളില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍ കൃത്യമായി ഒത്തിണങ്ങിയ വിധം അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? അവര്‍ തങ്ങളുടെ യാത്രകളിലായിരിക്കുമ്പോള്‍ അവയെ അല്ലെങ്കില്‍ ആകാശത്തെ അല്ലെങ്കില്‍ പര്‍വതങ്ങളെ അല്ലെങ്കില്‍ ഭൂമിയെ--ഈ പ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുനോക്കട്ടെ. ഈ ആകാശം മീതെ വിതാനിച്ചിരിക്കുന്നതെങ്ങനെയാണ്? എങ്ങനെയാണ് നിങ്ങളുടെ മുമ്പില്‍ ഗംഭീരമായ പര്‍വതങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നത്? താഴെ ഈ ഭൂമിയുടെ പ്രതലം പരന്നുകിടക്കുന്നതെങ്ങനെയാണ്? ഇതൊക്കെ പരമശക്തനും നിര്‍മാണവല്ലഭനുമായ ഒരു കര്‍ത്താവില്ലാതെ ഉണ്ടായതാണോ? ഇവയൊക്കെ അതിശക്തനും പരമവിജ്ഞനുമായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചതാണെന്നും മറ്റൊരസ്തിത്വത്തിനും അവയുടെ സൃഷ്ടിയില്‍ പങ്കില്ലെന്നും അംഗീകരിക്കുന്നുവെങ്കില്‍ അതേ പരമശക്തനെ, സര്‍വജ്ഞനെത്തന്നെ റബ്ബായും അംഗീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നതെന്തുകൊണ്ടാണ്? ഇനി ആ ദൈവം ഇതെല്ലാം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ അതേ ദൈവത്തിന് അന്ത്യനാള്‍ സമാഗതമാക്കാനും മനുഷ്യരെ പുനരുജ്ജീവിപ്പിക്കാനും സ്വര്‍ഗനരകങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കൂടി കഴിവുണ്ടെന്ന കാര്യത്തില്‍ സംശയിക്കാന്‍ ബുദ്ധിപരമായ എന്തു തെളിവാണ് ഇവരുടെ കൈവശമുള്ളത്? സംക്ഷിപ്തവും യുക്തിപരവുമായ ഈ തെളിവുകള്‍ ബോധ്യപ്പെടുത്തിയ ശേഷം അവിശ്വാസികളില്‍നിന്ന് തിരിഞ്ഞ് നബി(സ)യെ സംബോധന ചെയ്ത് പ്രസ്താവിക്കുന്നു: ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. ബലാല്‍ക്കാരം അവരെ വിശ്വസിപ്പിക്കാന്‍, നാം താങ്കളെ അവരുടെ മേല്‍ സര്‍വാധിപതിയായി വാഴിച്ചിട്ടൊന്നുമില്ല. അവരെ ഉപദേശിക്കുകയാണ് താങ്കളുടെ ദൗത്യം. താങ്കള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. ഒടുവില്‍ അവര്‍ വന്നുചേരേണ്ടത് നമ്മുടെ അടുത്തുതന്നെയാണ്. ആ സന്ദര്‍ഭത്തില്‍ നാമവരെ കണിശമായി വിചാരണ ചെയ്യുകയും സത്യത്തെ ധിക്കരിച്ചവര്‍ക്ക് ഭാരിച്ച ശിക്ഷ നല്‍കുകയും ചെയ്യും.