അല്‍ ഫജ്ര്‍

സൂക്തങ്ങള്‍: 30

പ്രാരംഭപദമായ الفَجْر ഈ അധ്യായത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

മക്കയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമ മര്‍ദനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഈ അധ്യായമവതരിച്ചതെന്ന് ഉളളടക്കത്തില്‍നിന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇതില്‍ ആദ്-ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മക്കാവാസികളെ താക്കീതുചെയ്യുന്നത്.

ഉള്ളടക്കം

മക്കാവാസികള്‍ നിഷേധിച്ചുകൊണ്ടിരുന്ന പാരത്രിക രക്ഷാശിക്ഷകളെ സ്ഥാപിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. അതിനുവേണ്ടി അവലംബിച്ചിട്ടുള്ള ക്രമീകരണവും ന്യായങ്ങളും അതേ ക്രമത്തില്‍ത്തന്നെ പരിശോധിച്ചു നോക്കാം. ആദ്യമായി പ്രഭാതം, പത്തുരാവുകള്‍, ഇരട്ട, ഒറ്റ, പിന്‍വാങ്ങുന്ന രാവ് എന്നിവയെ സാക്ഷികളാക്കി ആണയിട്ട് ശ്രോതാക്കളോട് ചോദിക്കുന്നു: നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ഈ സംഗതികള്‍ നല്‍കുന്ന സാക്ഷ്യം മതിയായതല്ലേ? ഈ നാലു സംഗതികളെയും അവയുടെ സ്ഥാനത്ത് നാം വിശദീകരിക്കുന്നുണ്ട്. ഈ സംഗതികള്‍ രാപ്പകല്‍ ക്രമത്തില്‍ കാണപ്പെടുന്ന വ്യവസ്ഥാപിതത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് അതില്‍നിന്ന് വ്യക്തമാകും. അവയെ സാക്ഷികളാക്കി ആണയിടുന്നതിനര്‍ഥമിതാണ്: ദൈവം സ്ഥാപിച്ച യുക്തിബദ്ധമായ വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയുടെ സ്ഥാപകനായ ദൈവത്തിന്റെ ശക്തിക്ക് പരലോകം സംജാതമാക്കാന്‍ ഒരു പ്രയാസവുമില്ല എന്നു ബോധ്യപ്പെടാന്‍ ആ ദൃഷ്ടാന്തങ്ങള്‍ കണ്ടവര്‍ക്കു പിന്നെ മറ്റൊരു സാക്ഷ്യത്തിന്റെയും ആവശ്യമില്ല. മനുഷ്യനെ അവന്റെ കര്‍മങ്ങളെപ്പറ്റി വിചാരണ ചെയ്യുകയെന്നത് ആ ദൈവത്തിന്റെ യുക്തിജ്ഞാനത്തിന്റെ താല്‍പര്യമാണെന്നും അതുവഴി ബോധ്യപ്പെടും. അനന്തരം മാനവചരിത്രത്തില്‍നിന്നുള്ള തെളിവുകളുന്നയിച്ചുകൊണ്ട് ആദ്- ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരൊക്കെ അതിരു ലംഘിക്കുകയും ഭൂമിയെ നാശമുഖരിതമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ചാട്ടവാര്‍ അവരുടെ മേല്‍ വര്‍ഷിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ നിയന്ത്രണം ഏതോ അന്ധവും ബധിരവുമായ ശക്തികളാലല്ല നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ലക്ഷണമാണത്. ഈ ഭൗതികലോകം ഏതെങ്കിലും മുടിഞ്ഞ രാജാവിന്റെ നിയമമില്ലാ രാജ്യവുമല്ല. യുക്തിമാനും അഭിജ്ഞനുമായ ഒരു വിധാതാവ് അതിനെ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിയും ധാര്‍മിക ബോധവും കൈകാര്യ സ്വാതന്ത്ര്യവും നല്‍കിക്കൊണ്ട് താന്‍ സൃഷ്ടിച്ചയച്ച സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണചെയ്ത് രക്ഷാ ശിക്ഷകള്‍ നല്‍കുകയെന്ന അവന്റെ യുക്തിയുടെയും നീതിയുടെയും താല്‍പര്യം ഈ ഭൗതികലോകത്തുതന്നെ മനുഷ്യ ചരിത്രത്തില്‍ നിരന്തരം പുലരുന്നതായി കാണാം. തുടര്‍ന്ന് മാനവസമൂഹത്തിന്റെ പൊതുവായ ധാര്‍മികാവസ്ഥ വിശകലനം ചെയ്യുന്നു. അക്കാലത്തെ ജാഹിലീ അറബികളുടെ ജീവിതത്തില്‍ അത് ഏവര്‍ക്കും പ്രായോഗികമായിത്തന്നെ ദൃശ്യമായിരുന്നു. അതിന്റെ രണ്ടു വശങ്ങളെ പ്രത്യേകം എടുത്തുവിമര്‍ശിച്ചിട്ടുണ്ട്. ഒന്ന്, ആളുകളുടെ ഭൗതികപ്രമത്തമായ ജീവിത വീക്ഷണം, അതിന്റെ പേരില്‍ ധാര്‍മികമായ നന്മതിന്മകളെ അവര്‍ അവഗണിച്ചുതള്ളി. ഭൗതികമായ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നേട്ടത്തെയും നഷ്ടത്തെയും ഔന്നത്യത്തിന്റെയും അധമത്വത്തിന്റെയും മാനദണ്ഡമായി അംഗീകരിച്ചു. സമ്പന്നതമാത്രം ഒരനുഗ്രഹമാകുന്നില്ലെന്നും ദാരിദ്ര്യം ഒരു ശിക്ഷയല്ലെന്നും മറിച്ച്, അല്ലാഹു ഈ രണ്ടവസ്ഥകള്‍കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണെന്നും അവര്‍ ഓര്‍ത്തതേയില്ല. സമ്പത്ത് കൈവന്നവന്‍ അതിനോടെന്തു സമീപനം സ്വീകരിക്കുന്നുവെന്നും ദാരിദ്ര്യത്തിലകപ്പെട്ടവന്‍ എന്തു നിലപാട് കൈക്കൊളളുന്നുവെന്നും അല്ലാഹു കാണുന്നുണ്ടെന്ന കാര്യം അവര്‍ മറന്നുകളഞ്ഞു. രണ്ട്, പിതാക്കള്‍ മരിച്ചുപോയ അനാഥരോടുള്ള അവരുടെ നിഷ്ഠുരമായ സമീപനം. പാവങ്ങളെക്കുറിച്ച് അവര്‍ക്കൊരു ചിന്തയുമുണ്ടായിരുന്നില്ല. മരിച്ചുപോകുന്നവരുടെ അനന്തര സ്വത്തുക്കളെല്ലാം വാരിയെടുക്കും. ദുര്‍ബലരായ അവകാശികള്‍ക്ക് ഒന്നും കൊടുക്കില്ല. ധനത്തോടുള്ള ആര്‍ത്തി അവര്‍ക്ക് ഒരിക്കലും തീരാത്തദാഹം പോലെയായിരുന്നു. എത്രതന്നെ സമ്പത്തുകിട്ടിയാലും അവരുടെ മനം നിറയുകയില്ല. ഭൗതിക ജീവിതത്തില്‍ ഈ നിലപാട് സ്വീകരിക്കുന്നവര്‍ പരലോകത്ത് എന്തുതരം വിചാരണയെയാണ് നേരിടേണ്ടിവരുക എന്നു ചിന്തിപ്പിക്കുകയാണ് ഈ വിമര്‍ശനത്തിന്റെ ഉദ്ദേശ്യം. ഒടുവില്‍ പ്രഭാഷണം ഇങ്ങനെ സമാപിക്കുന്നു: വിചാരണ ഉണ്ടാകും. അതനിവാര്യമാണ്. അല്ലാഹുവിന്റെ കോടതി നിലവില്‍വരുന്ന ദിവസമാണതു നടക്കുക. ഇന്ന് രക്ഷാശിക്ഷകളെ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് അന്നത് ബോധ്യപ്പെടുകതന്നെ ചെയ്യും. പക്ഷേ, അന്നതു ബോധ്യപ്പെട്ടതുകൊണ്ട് ഒരു ഫലവുമില്ല. നിഷേധിച്ചവര്‍ അന്ന് കൈകള്‍ കൂട്ടിത്തിരുമ്മി വിലപിക്കും: ഈ നാളിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ! എന്നാല്‍, ആ വിലാപം അവരെ ദൈവശിക്ഷയില്‍നിന്ന് രക്ഷിക്കുകയില്ല. വേദപുസ്തകങ്ങളും ദൈവദൂതന്മാരും അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളെ പൂര്‍ണമനസ്സോടെ സ്വീകരിച്ചവരില്‍ മാത്രമേ ദൈവപ്രീതിയുണ്ടാകൂ. അല്ലാഹു അരുളുന്ന സമ്മാനങ്ങളാല്‍ അവര്‍ സംതൃപ്തരാകും. അല്ലാഹുവിന്റെ പ്രീതിഭാജനങ്ങളായ ദാസന്മാരില്‍ ഉള്‍പ്പെടാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ക്ഷണിക്കപ്പെടുന്നത് അവരായിരിക്കും.