അല്‍ ബലദ്‌

സൂക്തങ്ങള്‍: 20

لاَ أُقْسِمُ بِهـذَا الْبَلَد എന്ന പ്രഥമ സൂക്തത്തിലുള്ള الْبَلَد ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണ കാലം

ഇതിലെ ഉള്ളടക്കവും പ്രതിപാദനരീതിയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളുടേതുപോലെത്തന്നെയാണ്. എങ്കിലും മക്കയിലെ അവിശ്വാസികള്‍ക്ക് പ്രവാചകനോടുള്ള ശത്രുത മൂക്കുകയും തിരുമേനിക്കെതിരെ എന്തക്രമവും മര്‍ദനവും അനുവര്‍ത്തിക്കുന്നത് തങ്ങള്‍ക്കനുവദനീയമാണ് എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ഘട്ടത്തിലാണിതവതരിച്ചതെന്നതിലേക്കുള്ള ഒരു സൂചന ഇതില്‍ കാണാം.

ഉള്ളടക്കം

ഒരു വലിയ വിഷയം ഏതാനും സംക്ഷിപ്തവചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണീ സൂറയില്‍. വിപുലമായ വിഷയങ്ങള്‍ കുറഞ്ഞ പദങ്ങളിലവതരിപ്പിക്കുന്ന ഖുര്‍ആനിന്റെ സംഗ്രഹണക്ഷമതയുടെ മികവാണിത്. ഒരു ബൃഹദ്ഗ്രന്ഥത്തില്‍ പോലും വിവരിച്ചുതീര്‍ക്കാനാവാത്ത ഒരു ജീവിതവ്യവസ്ഥ മുഴുവന്‍ ഈ സൂറയിലെ കൊച്ചുകൊച്ചു വാക്യങ്ങളില്‍, അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്ക്കുന്ന ശൈലിയില്‍ വിവരിച്ചിരിക്കുന്നു. ഭൗതികലോകത്തെസ്സംബന്ധിച്ചിടത്തോളം മനുഷ്യന്റെയും, മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്തിന്റെയും ശരിയായ അവസ്ഥ മനസ്സിലാക്കിത്തരുകയും ദൈവം മനുഷ്യന്നുവേണ്ടി സൗഭാഗ്യത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും രണ്ടു മാര്‍ഗങ്ങള്‍ തുറന്നുവെച്ചിട്ടുണ്ടെന്ന് അറിയിക്കുകയുമാണ് ഈ സൂറയുടെ ഉളളടക്കം. ആ രണ്ടു മാര്‍ഗങ്ങളും കണ്ടെത്താനും അതിലൂടെ പ്രയാണം ചെയ്യാനുമുള്ള ഉപാധികളും അവന്‍ സജ്ജീകരിച്ചിരിക്കുന്നു. സൗഭാഗ്യത്തിന്റെ സരണിയിലൂടെ പ്രയാണം ചെയ്ത് ശുഭപര്യവസാനത്തിലെത്തുന്നുവോ അതല്ല, ദൗര്‍ഭാഗ്യത്തിന്റെ വഴി സ്വീകരിച്ച് ദുഷിച്ച പര്യവസാനമനുഭവിക്കുന്നുവോ എന്നത് ഇനി മനുഷ്യന്റെ അധ്വാന പരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യമായി, മക്കയെയും അവിടെ നബി (സ) അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെയും മുഴുവന്‍ മനുഷ്യപുത്രന്മാരുടെ അവസ്ഥയെയും, ഭൗതികലോകമെന്നാല്‍ മനുഷ്യന്ന് വിനോദിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട വിശ്രമവാടിയല്ല എന്ന യാഥാര്‍ഥ്യത്തിനു സാക്ഷിയായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഈ ലോകത്ത് മനുഷ്യന്റെ ജനനംതന്നെ ക്ലേശകരമായിട്ടാണ് നടക്കുന്നത്. ഈ ആശയത്തെ സൂറ അന്നജ്മിലെ 39-ആം സൂക്തമായ لَيْسَ لِلإِنْسَانِ إِلاَّ مَا سَعَى എന്ന വാക്യവുമായി ചേര്‍ത്തുവായിച്ചാല്‍ സംഗതി ഇങ്ങനെയാണെന്ന് സ്പഷ്ടമാകും: ലോകമാകുന്ന ഈ തൊഴില്‍ശാലയില്‍ മനുഷ്യന്റെ ഭാവിഭാഗധേയം അവന്റെത്തന്നെ അധ്വാനപരിശ്രമങ്ങളെയും ക്ലേശസഹനത്തെയും ആശ്രയിച്ചിരിക്കുന്നു. അനന്തരം, ഈ ലോകത്ത് താന്‍ മാത്രമേയുള്ളൂവെന്നും തന്റെ കര്‍മങ്ങള്‍ നിരീക്ഷിക്കുകയും അതിന്റെ പേരില്‍ നടപടിയെടുക്കുകയും ചെയ്യുന്ന ഒരു ശക്തിയും തനിക്കു മുകളിലില്ലെന്നുമുള്ള മനുഷ്യന്റെ തെറ്റുധാരണയെ ദൂരീകരിക്കുകയാണ്. തുടര്‍ന്ന്, മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന അനേകം മൂഢമായ ധാര്‍മിക സങ്കല്‍പങ്ങളില്‍ ഒന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ ലോകത്ത് മനുഷ്യന്‍ മഹത്ത്വത്തിനും ശ്രേഷ്ഠതക്കും അംഗീകരിച്ചുവെച്ചിട്ടുള്ള അബദ്ധജടിലമായ മാനദണ്ഡമാണത്. സ്വന്തം വമ്പത്തവും പണക്കൊഴുപ്പും പ്രകടിപ്പിക്കുന്നതിനുവേണ്ടി പണച്ചാക്കുകള്‍ വാരിവിതറുന്നവര്‍ തങ്ങളുടെ ആ ദുര്‍വ്യയങ്ങളില്‍ അഭിമാനംകൊള്ളുന്നു. ജനങ്ങള്‍ അവരെ ആദരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവന്റെ കര്‍മങ്ങള്‍ നിരീക്ഷിക്കുന്നവന്‍, അവന്‍ ഈ ധനം സമ്പാദിച്ചതെങ്ങനെയാണെന്നും ഏതെല്ലാം വഴികളില്‍, എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണത് ചെലവഴിച്ചുകൊണ്ടിരിക്കുന്നതെന്നും കാണുന്നുണ്ട്. അനന്തരം അല്ലാഹു പറയുന്നു: മനുഷ്യന്ന് ജ്ഞാനോപാധികളും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള കഴിവും നല്‍കിയ അല്ലാഹു അവന്റെ മുമ്പില്‍ നന്മയുടെയും തിന്മയുടെയും സരണികള്‍ തുറന്നിട്ടിരിക്കുകയാണ്. ഒന്ന് ധര്‍മച്യുതിയുടേതാണ്. ആ വഴിക്ക് നടക്കാന്‍ ഒരു പ്രയാസവുമില്ല; എന്നല്ല, നല്ല രസം അനുഭവപ്പെടുകയും ചെയ്യും. രണ്ടാമത്തെ വഴി ധാര്‍മികൗന്നത്യത്തിന്റേതാണ്. അത് ദുര്‍ഘടമായ മലമ്പാതപോലെയാണ്. അതിലൂടെ നടക്കണമെങ്കില്‍ മനുഷ്യന്‍ അവന്റെ മനസ്സിനെ മെരുക്കിയെടുക്കേണ്ടിവരും. ഈ ദുര്‍ഘടമാര്‍ഗത്തെ അപേക്ഷിച്ച് അനായാസമായ സരണിക്ക് മുന്‍ഗണന നല്‍കുക എന്നത് മനുഷ്യന്റെ ദൗര്‍ബല്യമാകുന്നു. അനന്തരം, അല്ലാഹു ധാര്‍മികൗന്നത്യത്തിലെത്താന്‍ മനുഷ്യന്‍ താണ്ടേണ്ട മലമ്പാത എന്താണെന്ന് വിശദീകരിക്കുന്നു: അന്തസ്സും പണക്കൊഴുപ്പും കാണിക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്നതിനു പകരം, അഗതികളെയും അനാഥരെയും രക്ഷിക്കുന്നതിനുവേണ്ടി ചെലവഴിക്കുക. അല്ലാഹുവിന്റെ ദീനില്‍ വിശ്വസിക്കുക. വിശ്വാസികളുടെ സമൂഹത്തില്‍ ചേരുക. സത്യബോധത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പങ്കെടുക്കുക. സമസൃഷ്ടികളോട് കാരുണ്യം പുലര്‍ത്തുക. ഈ വഴിക്ക് നടക്കുന്നവരുടെ പരിണതിയത്രേ, അവര്‍ ദൈവകാരുണ്യത്തെ പ്രാപിക്കുക എന്നത്. മറിച്ച്, രണ്ടാമത്തെ സരണി സ്വീകരിക്കുന്നവരുടെ പര്യവസാനം നരകശിക്ഷയാകുന്നു. അതില്‍നിന്ന് പുറത്തുകടക്കാനുള്ള സകല വാതിലുകളും അവരുടെ മുമ്പില്‍ അടക്കപ്പെട്ടിരിക്കും.