അല്ലൈല്‍

സൂക്തങ്ങള്‍: 21

തുടക്കവാക്കായ وَاللَّيْل തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയുടെ ഉള്ളടക്കത്തിന് സൂറ അശ്ശംസുമായി, രണ്ടു സൂറകളും പരസ്പരം വ്യാഖ്യാനിക്കുകയാണെന്നു തോന്നുമാറുള്ള സാമ്യമുണ്ട്. സൂറ അശ്ശംസില്‍ ഒരു രീതിയില്‍ ഉണര്‍ത്തിയ കാര്യങ്ങള്‍തന്നെയാണ് ഈ സൂറയില്‍ മറ്റൊരു രീതിയില്‍ മനസ്സിലാക്കിത്തരുന്നത്. ഈ രണ്ടു സൂറകളും ഒരേ കാലത്ത് അടുത്തടുത്തായി അവതരിച്ചതാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

ഉള്ളടക്കം

ജീവിതത്തിന്റെ രണ്ടു സരണികള്‍ തമ്മിലുള്ള വ്യത്യാസവും രണ്ടിന്റെയും അനന്തരഫലങ്ങളിലും പരിണതികളിലുമുള്ള അന്തരവുമാണ് ഈ സൂറയുടെ പ്രമേയം. ഉള്ളടക്കം പരിഗണിക്കുമ്പോള്‍ സൂറക്ക് രണ്ടു ഖണ്ഡങ്ങളുണ്ട്: തുടക്കം മുതല്‍ 11-ആം സൂക്തംവരെ ഒന്നാം ഖണ്ഡം; 12 മുതല്‍ ഒടുക്കം വരെ രണ്ടാം ഖണ്ഡവും. ഒന്നാം ഖണ്ഡത്തില്‍ പറയുന്നതിതാണ്: മനുഷ്യരാശിയിലെ വ്യക്തികളും സമുദായങ്ങളും ഗ്രൂപ്പുകളും ഈ ലോകത്തു നടത്തുന്ന ഏതു പ്രയത്‌നവും കര്‍മവും അവയുടെ ധാര്‍മിക സ്വഭാവം പരിഗണിക്കുമ്പോള്‍ രാപ്പകലുകള്‍ പോലെ, ആണും പെണ്ണും പോലെ വ്യത്യസ്തങ്ങളാകുന്നു. അനന്തരം ഖുര്‍ആനിലെ ചെറിയ സൂറകളുടെ പ്രതിപാദനശൈലിയനുസരിച്ച് മൂന്നു ധാര്‍മിക സവിശേഷതകളെ ഒരു സ്വഭാവത്തിന്റെയും, മൂന്നു ധാര്‍മിക സവിശേഷതകളെ മറ്റൊരു സ്വഭാവത്തിന്റെയും പ്രയത്‌നപ്രവര്‍ത്തനങ്ങളുടെ വിശാലമായ ഒരു സമുച്ചയത്തില്‍നിന്നുള്ള മാതൃകകളായി അവതരിപ്പിച്ചിരിക്കുകയാണ്. അതു വായിക്കുന്ന ആര്‍ക്കും ഒരിനം സവിശേഷതകള്‍ ഏതുതരം ജീവിതരീതിയെ പ്രതിനിധാനംചെയ്യുന്നുവെന്നും മറ്റേയിനം സവിശേഷതകള്‍ അതിനു വിപരീതമായ ഏതു ജീവിതരീതിയുടെ ലക്ഷണങ്ങളാണെന്നും അനായാസം മനസ്സിലാകും. ഈ രണ്ടു മാതൃകകളും അളന്നുമുറിച്ച സുന്ദരമായ കൊച്ചുവാക്യങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവ മനസ്സിലേക്കിറങ്ങുകയും നാവില്‍ തത്തിക്കളിക്കുകയും ചെയ്യും. പ്രഥമഗണത്തില്‍പ്പെട്ട സവിശേഷതകളിവയാണ്: മനുഷ്യന്‍ ദാനശീലനാവുക, ദൈവഭയവും സൂക്ഷ്മതയും കൈക്കൊള്ളുക, നല്ലതിനെ നല്ലതെന്നംഗീകരിക്കുക. രണ്ടാമത്തെയിനം സവിശേഷതകള്‍ ഇവയാണ്: അവന്‍ ലുബ്ധനാവുക, ദൈവത്തിന്റെ പ്രീതിയെയും അപ്രീതിയെയും സംബന്ധിച്ച് ചിന്തയില്ലാത്തവനാവുക, സദുപദേശങ്ങളെ തള്ളിക്കളയുക-- ഈ രണ്ടു തരം കര്‍മരീതികള്‍ സ്പഷ്ടമായും പരസ്പരവിരുദ്ധവും ഫലഭാഗംകൊണ്ട് ഒരിക്കലും തുല്യമാകാത്തതും ആണെന്നാണ് തുടര്‍ന്നു പറയുന്നത്. അവയുടെ സ്വഭാവം തമ്മില്‍ എത്രത്തോളം വൈരുധ്യമുണ്ടോ അത്രത്തോളംതന്നെ വൈരുധ്യമുണ്ട് അനന്തരഫലങ്ങള്‍ക്കും. ഒന്നാമത്തെ കര്‍മരീതി സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹു ശുദ്ധവും ഋജുവുമായ ജീവിതസരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് സല്‍ക്കര്‍മം എളുപ്പവും ദുഷ്‌കര്‍മം പ്രയാസകരവുമായിത്തീരുന്നു. രണ്ടാമത്തെ കര്‍മരീതി കൈക്കൊള്ളുന്ന ആര്‍ക്കും അല്ലാഹു ജീവിതത്തിന്റെ വികടവും ദുഷ്ടവുമായ സരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് തിന്‍മ എളുപ്പവും നന്‍മ ക്ലേശകരവുമായിത്തീരുന്നു. അസ്ത്രംപോലെ മനസ്സില്‍ തറച്ചുകയറുന്ന സ്വാധീനശക്തിയുള്ള ഒരു വാക്യത്തോടെയാണ് ഈ വിവരണം അവസാനിക്കുന്നത്. ഏതൊരു ധനത്തിന്റെ പിന്നാലെയാണോ മനുഷ്യന്‍ ജീവന്‍ കളഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്നത്, ആ ധനം അവനോടൊപ്പം ഖബ്‌റിലേക്ക് പോകുന്നില്ല. മരിച്ചുകഴിഞ്ഞാല്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമാണവനുള്ളത്? രണ്ടാം ഖണ്ഡത്തിലും ഇതേപ്രകാരം മൂന്നു യാഥാര്‍ഥ്യങ്ങള്‍ സംഗ്രഹിച്ചിരിക്കുകയാണ്. ഒന്ന്: അല്ലാഹു മനുഷ്യനെ പ്രജ്ഞാശൂന്യനായി ഈ പരീക്ഷാലയത്തിലേക്ക് തള്ളിവിട്ടിരിക്കുകയല്ല; വിവിധ ജീവിതസരണികളില്‍ ഏതാണ് ശരിയായ സരണിയെന്ന് അവന്ന് പറഞ്ഞുകൊടുക്കുക അല്ലാഹു സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തിട്ടുണ്ട്. ദൈവദൂതനെ നിയോഗിച്ചും വേദമവതരിപ്പിച്ചും അവന്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് മനുഷ്യനോട് പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ദൈവദൂതനും ഖുര്‍ആനും സന്‍മാര്‍ഗദര്‍ശകമായി അവന്റെ മുമ്പില്‍ത്തന്നെയുണ്ട്. രണ്ടാമത്തെ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹുതന്നെയാകുന്നു. ഇഹലോകമാണാവശ്യമെങ്കില്‍ അതും അവനില്‍നിന്നേ കിട്ടൂ. പരലോകമാണ് തേടുന്നതെങ്കില്‍ അത് നല്‍കുന്നതും അല്ലാഹുതന്നെയാണ്. അവനോട് എന്താണാവശ്യപ്പെടേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. മൂന്നാമത്തെ യാഥാര്‍ഥ്യം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ദൈവദൂതനും വേദവും മുഖേന അല്ലാഹു അവതരിപ്പിച്ച നന്‍മകളെ തള്ളിപ്പറയുകയും അതില്‍നിന്നു പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്കായി ആളിക്കത്തുന്ന നരകം തയ്യാറായിരിക്കുന്നു. തന്റെ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിസ്വാര്‍ഥമായി സത്കാര്യങ്ങളില്‍ ധനം ചെലവഴിക്കുന്ന ദൈവഭക്തരില്‍ റബ്ബ് സംപ്രീതനാകുന്നതാണ്. അവര്‍ക്ക് അവര്‍ സന്തുഷ്ടരാകുംവണ്ണമുള്ള കര്‍മഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.