അള്ളുഹാ

സൂക്തങ്ങള്‍: 11

പ്രഥമ പദമായ الضُّحَى ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഈ സൂറ പ്രവാചകന്റെ മക്കാ ജീവിതത്തിലെ ആദ്യകാലത്ത് അവതരിച്ചതാണെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. നിവേദനങ്ങളില്‍നിന്ന് മനസ്സിലാകുന്നതിതാണ്: ആദ്യഘട്ടത്തില്‍ ഇടക്കു കുറച്ചുനാള്‍ ദിവ്യബോധന ധാര നിലച്ചുപോവുകയുണ്ടായി. അതില്‍ തിരുമേനി വളരെ അസ്വസ്ഥനായിരുന്നു. തന്നില്‍നിന്ന് വല്ല തെറ്റും സംഭവിച്ചതിന്റെ പേരില്‍ അല്ലാഹു അപ്രീതനായി തന്നെ കൈവെടിഞ്ഞിരിക്കുകയാണോ എന്ന് അവിടുന്ന് സദാ ആശങ്കിച്ചു. ഇതെക്കുറിച്ച് അദ്ദേഹത്തെ സമാധാനിപ്പിക്കുകയാണ്: ദിവ്യബോധന പരമ്പര നിര്‍ത്തിവെച്ചത് ഏതെങ്കിലും നീരസത്തിന്റെ പേരിലല്ല. മറിച്ച്, പകല്‍വെളിച്ചത്തിനുശേഷം നിശയുടെ ശാന്തിയുണ്ടാകുന്നതില്‍ പ്രവര്‍ത്തിക്കുന്ന താല്‍പര്യങ്ങള്‍തന്നെയാണതിലുള്ളത്. അതായത്, വെളിപാടിന്റെ തീക്ഷ്ണരശ്മികള്‍ നിരന്തരം പതിച്ചുകൊണ്ടിരുന്നാല്‍ അതു താങ്ങാനാവാതെ താങ്കളുടെ പേശികള്‍ തളര്‍ന്നുപോകും. അതുകൊണ്ട് താങ്കള്‍ക്ക് വിശ്രമം ലഭിക്കുന്നതിനു വേണ്ടി ഇടയ്ക്കു വിരാമം നല്‍കിയിരിക്കുകയാണ്. പ്രവാചകത്വ ലബ്ധിയുടെ ആദ്യനാളുകളിലായിരുന്നു ഈ അവസ്ഥയുണ്ടായിരുന്നത്. അന്ന് തിരുമേനി(സ) ദിവ്യബോധന സ്വീകരണത്തിന്റെ കടുത്ത ഭാരം സഹിച്ചു ശീലിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഇടവേളകള്‍ നല്‍കേണ്ടത് ആവശ്യമായിരുന്നു. സൂറ അല്‍മുദ്ദസ്സിറിന്റെ മുഖവുരയില്‍ നാം അതു വിശദീകരിച്ചിട്ടുണ്ട്. വഹ്‌യിന്റെ അവതരണം തിരുമേനി(സ)യുടെ നാഡി ഞരമ്പുകളില്‍ എന്തുമാത്രം കടുത്ത ആഘാതമാണേല്‍പിച്ചിരുന്നതെന്ന് സൂറ അല്‍മുസ്സമ്മിലിന്റെ 5-ആം നമ്പര്‍ വ്യാഖ്യാനക്കുറിപ്പിലും വിശദീകരിച്ചിരിക്കുന്നു. പില്‍ക്കാലത്ത് വഹ്‌യ് അവതരണത്തിന്റെ ഭാരം തിരുമേനിക്ക് സഹ്യമായിത്തീര്‍ന്നപ്പോള്‍ നീണ്ട ഇടവേളകള്‍ നല്‍കേണ്ട ആവശ്യമില്ലാതാവുകയായിരുന്നു.

ഉള്ളടക്കം

അല്ലാഹു നബി(സ)യെ സമാശ്വസിപ്പിക്കുകയാണീ സൂറയില്‍. ദിവ്യബോധനം നിന്നുപോയതില്‍ തിരുമേനിക്കുണ്ടായ ഉല്‍ക്കണ്ഠ ദൂരീകരിക്കുകയാണതിന്റെ ലക്ഷ്യം. ആദ്യമായി പകല്‍വെളിച്ചത്തെയും രാത്രിയുടെ പ്രശാന്തിയെയും സാക്ഷിയായി സത്യം ചെയ്തുകൊണ്ട് അദ്ദേഹത്തെ സമാധാനിപ്പിക്കുന്നു: താങ്കളുടെ നാഥന്‍ താങ്കളെ ഒരിക്കലും കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. അനന്തരം ഇപ്രകാരം ശുഭവാര്‍ത്ത നല്‍കുന്നു: ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യദശയില്‍ താങ്കള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രയാസങ്ങളൊക്കെ കുറച്ചുനാളത്തെ കാര്യമാണ്. നാള്‍ക്കുനാള്‍ താങ്കളുടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകൊണ്ടേയിരിക്കും. അധികകാലം കഴിയേണ്ടിവരില്ല, താങ്കള്‍ സന്തുഷ്ടനാകുംവണ്ണം അല്ലാഹു താങ്കളില്‍ അവന്റെ അനുഗ്രഹവും ഔദാര്യവും വര്‍ഷിക്കാന്‍. പില്‍ക്കാലത്ത് അക്ഷരംപ്രതി പുലര്‍ന്നിട്ടുള്ള, സുവ്യക്തമായ ഖുര്‍ആനിക പ്രവചനങ്ങളിലൊന്നാണിത്. എന്നാല്‍, ഈ പ്രവചനം നടത്തുന്ന കാലത്ത് ജാഹിലിയ്യാ സമൂഹത്തോട് മുഴുവന്‍ മല്ലടിക്കുന്ന, മക്കയിലെ നിസ്സഹായനും നിരാലംബനുമായ ആ മനുഷ്യന്ന് ഇത്രമാത്രം അദ്ഭുതകരമായ വിജയങ്ങളുണ്ടാകുമെന്നതിന്റെ വിദൂര ലക്ഷണങ്ങള്‍ പോലും ദൃശ്യമായിരുന്നില്ല. അനന്തരം അല്ലാഹു തന്റെ വത്‌സലദാസനായ തിരുമേനിയോടരുളുന്നു: നാം നിന്നില്‍ അപ്രീതനായെന്നും നിന്നെ കൈവെടിഞ്ഞുവെന്നും നീ ഉല്‍ക്കണ്ഠാകുലനാകാനിടയായതെങ്ങനെ? നിന്റെ ജനനം മുതല്‍ നിന്നില്‍ കരുണ ചൊരിഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ നാം. നീ അനാഥനായി പിറന്നു. വളര്‍ത്താനും സംരക്ഷിക്കാനും മെച്ചപ്പെട്ട ഏര്‍പ്പാടുകള്‍ നാം ചെയ്തു. നീ വഴിയറിയാത്തവനായിരുന്നു. നാം നിനക്കു വഴികാണിച്ചുതന്നു. നീ നിരാലംബനായിരുന്നു. നാം നിന്നെ ധന്യനാക്കി. നീ ജനനം മുതലേ നമ്മുടെ ദാക്ഷിണ്യ ദൃഷ്ടിയിലുണ്ടെന്നും നമ്മുടെ അനുഗ്രഹവും പരിഗണനയും നിന്റെ അവസ്ഥകളെയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഈ വസ്തുതകള്‍ സ്പഷ്ടമായി തെളിയിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ സൂറ ത്വാഹായിലെ 37 മുതല്‍ 42  വരെ സൂക്തങ്ങള്‍കൂടി അനുസ്മരണീയമാകുന്നു. അതില്‍ അല്ലാഹു മൂസാ(അ)യെ അതിനിഷ്ഠുരനായ ഫറവോന്റെ അടുത്തേക്ക് നിയോഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശങ്കയകറ്റുന്നതിനുവേണ്ടി പറയുന്നു: നിന്റെ ജനനം മുതല്‍ നമ്മുടെ ദാക്ഷിണ്യം നിന്റെ എല്ലാ അവസ്ഥകളെയും ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ. അതുകൊണ്ട് നീ സമാധാനിക്കുക. ഈ ഭയങ്കരമായ ദൗത്യത്തില്‍ നീ തനിച്ചായിരിക്കുകയില്ല. നമ്മുടെ അനുഗ്രഹം നിന്നോടൊപ്പമുണ്ടായിരിക്കും. അവസാനം, അല്ലാഹു ചൊരിഞ്ഞ നന്‍മകള്‍ക്ക് മറുപടിയായി പ്രവാചകന്‍ ദൈവദാസന്‍മാരോട് വര്‍ത്തിക്കേണ്ടതെങ്ങനെയാണെന്നും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കേണ്ടതെങ്ങനെയാണെന്നും നബി(സ)യെ പഠിപ്പിച്ചിരിക്കുന്നു.