അല്‍ ഖദ് ര്‍

സൂക്തങ്ങള്‍: 5

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള القَدْر എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറ മക്കിയാണോ മദനിയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നിരവധി പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ഈ സൂറ മദനിയാണെന്ന് അബൂഹയ്യാന്‍ 'അല്‍ബഹ്‌റുല്‍മുഹീത്വി'ല്‍ വാദിച്ചിരിക്കുന്നു. മദീനയില്‍ അവതരിച്ച പ്രഥമ സൂറയാണിതെന്നത്രേ അലിയ്യുബ്‌നു അഹ്മദല്‍ വാഹിദ തന്റെ തഫ്‌സീറില്‍ പറഞ്ഞത്. നേരെ വിപരീതമായി മാവര്‍ദി വാദിക്കുന്നത്, അധിക പണ്ഡിതന്‍മാരുടെയും ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്നത്രേ. അതുതന്നെയാണ് ഇമാം സുയൂത്വി തന്റെ 'അല്‍ഇത്ഖാനി' ല്‍ രേഖപ്പെടുത്തിയത്. ഇബ്‌നു മര്‍ദവൈഹി ഈ സൂറ മക്കിയാണെന്ന പ്രസ്താവന ഹ. ഇബ്‌നു അബ്ബാസില്‍നിന്നും ഇബ്‌നുസ്സുബൈറില്‍നിന്നും ആഇശ(റ)യില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. നാം തുടര്‍ന്നു വിശദീകരിക്കുന്നതു പോലെ, ഈ സൂറ മക്കിയായിരിക്കണമെന്നാണ് ഉള്ളടക്കം പരിശോധിക്കുമ്പോഴും മനസ്സിലാകുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ മൂല്യവും മഹത്ത്വവും ഗാംഭീര്യവും ജനങ്ങളെ ഉണര്‍ത്തുകയാണീ സൂറയുടെ ഉള്ളടക്കം. സൂറ അല്‍അലഖിനുശേഷം ഈ സൂറ ചേര്‍ത്തുകൊണ്ടുള്ള ഖുര്‍ആനിക ക്രോഡീകരണത്തില്‍നിന്ന് സ്വയം വെളിവാകുന്നതിതാണ്: സൂറ അല്‍അലഖിലെ പ്രഥമ പഞ്ചസൂക്തങ്ങളിലൂടെ അവതരണത്തിന് ആരംഭം കുറിച്ച ഈ വേദഗ്രന്ഥം എന്തുമാത്രം വിധിനിര്‍ണായകമായ രാവിലാണവതരിച്ചതെന്നും അതെന്തുമാത്രം ഗാംഭീര്യമാര്‍ന്നതാണെന്നും അതിന്റെ അവതരണത്തിനര്‍ഥമെന്താണെന്നും ജനങ്ങളെ ഉണര്‍ത്തുകയാണ് ഈ സൂറയിലൂടെ. ഇതില്‍ ആദ്യമായി അല്ലാഹു പറയുന്നത്, അത് അവതരിപ്പിച്ചത് നാമാണെന്നാകുന്നു. അതായത്, ഈ വേദം മുഹമ്മദ്(സ) കെട്ടിച്ചമയ്ക്കുന്നതല്ല; മറിച്ച്, നാംതന്നെ അവതരിപ്പിക്കുന്നതാണ്. അനന്തരം അരുള്‍ ചെയ്യുന്നു: നമ്മില്‍നിന്ന് വിധിനിര്‍ണയ രാവിലാണ് അതിന്റെ അവതരണം സംഭവിച്ചത്. വിധിനിര്‍ണയരാവിന് രണ്ടര്‍ഥമുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യമാകുന്നു: ഭാഗധേയങ്ങള്‍ തീരുമാനിക്കുന്ന രാത്രി. മറ്റു വാക്കുകളില്‍, അത് സാധാരണ രാത്രിയല്ല; മറിച്ച്, സൃഷ്ടികളുടെ സൗഭാഗ്യ ദൗര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന രാത്രിയാണ്. ആ രാവില്‍ ഈ വേദത്തിന്റെ അവതരണം വെറുമൊരു വേദാവതരണമല്ല; പ്രത്യുത, ഖുറൈശികളുടെയും അറബികളുടെയും മാത്രമല്ല, ഭൗതികലോകത്തിന്റെ മുഴുവന്‍ ഭാഗധേയം മാറ്റിമറിക്കപ്പെടുകയാണ്. ഇക്കാര്യം സൂറ അദ്ദുഖാനിലും പ്രസ്താവിച്ചിട്ടുണ്ട്.  രണ്ടാമത്തെ അര്‍ഥമിതാണ്: വളരെ മൂല്യവും മഹത്ത്വവും വിശുദ്ധിയുമുള്ള രാത്രി. ആയിരം മാസങ്ങളെക്കാള്‍ വിശിഷ്ടമായത് എന്ന് തുടര്‍ന്നതു വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതുവഴി മക്കയിലെ അവിശ്വാസികളെ ഉണര്‍ത്തുകയാണ്: മുഹമ്മദി(സ)ലൂടെ അവതീര്‍ണമായ ഈ വേദം നിങ്ങള്‍ ഒരു വിപത്തായി കരുതുകയും നിങ്ങള്‍ക്കേല്‍ക്കേണ്ടിവന്ന ഒരു ശല്യമെന്നോണം അതിനെ ശപിക്കുകയും ചെയ്യുന്നു. എന്നാലോ, അത് അവതരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ട രാവ് അത്യധികം വിശിഷ്ടവും അനുഗൃഹീതവുമാകുന്നു. മാനവചരിത്രത്തിലൊരിക്കലും ആയിരം മാസങ്ങള്‍കൊണ്ടുപോലും മനുഷ്യനന്‍മയ്ക്കുവേണ്ടി ആ രാത്രി നിര്‍വഹിക്കപ്പെട്ട മഹത്തായ കാര്യം ഉണ്ടായിട്ടില്ല. ഇക്കാര്യവും സൂറ അദ്ദുഖാന്‍ 3-ആം സൂക്തത്തില്‍ മറ്റൊരു രീതിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ആ സൂറയുടെ ആമുഖത്തില്‍ നാമതു വിശദീകരിച്ചിട്ടുണ്ട്. ഒടുവില്‍ പറയുന്നു: ആ രാവില്‍ മലക്കുകളും ജിബ്‌രീലും അവരുടെ നാഥന്റെ അനുമതിയോടെ എല്ലാ വിധികളുമായി  ഇറങ്ങിവരുന്നു. അത് പ്രദോഷം മുതല്‍ പ്രഭാതം വരെ തികച്ചും പ്രശാന്തമായ രാവാകുന്നു. അതായത്, അതില്‍ തിന്‍മകളൊന്നും കടന്നുകൂടുകയില്ല. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെ തീരുമാനങ്ങളെല്ലാം നന്‍മയ്ക്കുവേണ്ടിയുള്ളതാകുന്നു; അവയില്‍ ഒന്നുംതന്നെ തിന്‍മയുദ്ദേശിച്ചുള്ളതായിരിക്കുകയില്ല. എത്രത്തോളമെന്നാല്‍, ഒരു ജനതയെ നശിപ്പിക്കാനാണ് തീരുമാനമുണ്ടാകുന്നതെങ്കില്‍ അതുപോലും നന്‍മയുദ്ദേശിച്ചായിരിക്കും; തിന്‍മക്കു വേണ്ടിയാവില്ല.