അല്‍ അസ്വ് ര്‍ Episode- 48
1-3
Part: 48
പ്രഥമ സൂക്തത്തിലെ العَصْر എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
മുജാഹിദും ഖതാദയും മുഖാതിലും ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മുഫസ്സിറുകളില്‍ ബഹുഭൂരിപക്ഷവും ഇത് മക്കിയാണെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നതും മക്കിയാണെന്നുതന്നെയാണ്. മക്കയില്‍ത്തന്നെ, ഇസ്ലാമികാധ്യാപനങ്ങള്‍, ശ്രോതാക്കള്‍ മറക്കണമെന്ന് വിചാരിച്ചാലും മറക്കാനാവാത്തതും സ്വയമേവ അവരുടെ നാവുകളില്‍ തത്തിക്കളിക്കുന്നതും മനസ്സില്‍ ആഞ്ഞുതറയ്ക്കുന്നതുമായ കൊച്ചുവാക്യങ്ങളിലൂടെ അവതരിപ്പിച്ചിരുന്ന ആദ്യനാളുകളില്‍.
സമഗ്രവും സംക്ഷിപ്തവുമായ ഡയലോഗിന്റെ നിസ്തുല മാതൃകയാണീ സൂറ. അളന്നു മുറിച്ച പദങ്ങളില്‍ ആശയങ്ങളുടെ ഒരു ലോകംതന്നെ അവതരിപ്പിച്ചിരിക്കുകയാണിതില്‍. അതിന്റെ വിശദീകരണം ഒരു ഗ്രന്ഥത്തില്‍ പോലും ഒതുക്കുക പ്രയാസകരമാകുന്നു. മനുഷ്യന്റെ വിജയമാര്‍ഗമേതെന്നും നാശമാര്‍ഗമേതെന്നും ഇതില്‍ കുറിക്കുകൊള്ളുന്ന ശൈലിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. മനുഷ്യര്‍ ഈ സൂറ ആഴത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍ ഇതുതന്നെ മതി അവരുടെ സന്മാര്ഗപ്രാപ്തിക്ക് എന്ന് ഇമാം ശാഫിഈ ഈ പറഞ്ഞത് വളരെ ശരിയാണ്. സ്വഹാബത്തിന്റെ ദൃഷ്ടിയില് ഈ സൂറ എന്തുമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് ത്വബ്റാനി ഉദ്ധരിച്ച ഒരു നിവേദനത്തില്‍നിന്ന് വ്യക്തമാകുന്നു. അബ്ദുല്ലാഹിബ്നു ഹിസ്വ്നിദ്ദാരിമി അബൂമദീനയുടെ പ്രസ്തുത നിവേദനപ്രകാരം, രണ്ടു പ്രവാചകശിഷ്യന്മാര്‍ കണ്ടുമുട്ടിയാല്‍ ഒരാള്‍ മറ്റേയാളെ സൂറ അല്‍അസ്വ്ര്‍ കേള്‍പ്പിക്കാതെ പിരിഞ്ഞുപോകാറില്ലായിരുന്നു.