അല്‍ ഫീല്‍

സൂക്തങ്ങള്‍: 5

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ സൂറയുടെ നാമം.

ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യം ഏകകണ്ഠമാകുന്നു. ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് പരിശോധിച്ചുനോക്കിയാല്‍ മക്കയിലെ ആദ്യനാളുകളിലായിരിക്കണം ഇതിന്റെയും അവതരണമെന്ന് മനസ്സിലാകുന്നതാണ്.

അല്ലാഹു ഈ സൂറയില്‍ ഇത്ര സംക്ഷിപ്തമായി, ആനപ്പടക്കു ഭവിച്ച ദൈവശിക്ഷയെ മാത്രം പരാമര്‍ശിച്ചു മതിയാക്കിയതെന്തുകൊണ്ടാണെന്ന് നന്നായി മനസ്സിലാക്കാം. സംഭവം ഏറെ പുരാതനമായിരുന്നില്ല. മക്കയിലെ കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അറബികള്‍ക്ക് പൊതുവില്‍ അതു സുപരിചിതവുമായിരുന്നു. അബ്‌റഹത്തിന്റെ ആക്രമണത്തില്‍നിന്ന് കഅ്ബയെ രക്ഷിച്ചത് ഏതെങ്കിലും ദേവനോ ദേവിയോ അല്ലെന്നും പ്രത്യുത, അല്ലാഹു മാത്രമാണെന്നും അറബികളെല്ലാം സമ്മതിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിനോടുതന്നെയായിരുന്നു ഖുറൈശി പ്രമാണിമാര്‍ സഹായം തേടി പ്രാര്‍ഥിച്ചത്. കുറച്ചു കൊല്ലങ്ങളോളം ഈ സംഭവത്താല്‍ ഖുറൈശി പ്രമാണിമാര്‍ വല്ലാതെ സ്വാധീനിക്കപ്പെട്ടു. അവര്‍ അല്ലാഹുവല്ലാത്ത മറ്റാരെയും ആരാധിച്ചില്ല. അതുകൊണ്ട് സൂറ അല്‍ഫീലില്‍ അതിന്റെ വിശദാംശങ്ങളൊന്നും പരാമര്‍ശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ സംഭവം ഓര്‍മിപ്പിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ; മുഹമ്മദ്(സ) നല്‍കുന്ന സന്ദേശം, പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യണമെന്നും മറ്റെല്ലാ ആരാധ്യരെയും തള്ളിക്കളയണമെന്നുമല്ലാതെ മറ്റൊന്നുമല്ലെന്ന് അറബികള്‍ക്ക് പൊതുവിലും ഖുറൈശികള്‍ക്ക് പ്രത്യേകിച്ചും ബോധ്യമാകാന്‍. അതുപോലെ തങ്ങള്‍ സര്‍വശക്തിയുമുപയോഗിച്ച് ഈ സത്യസന്ദേശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആനപ്പടയെ തകര്‍ത്തു തരിപ്പണമാക്കിയ ആ ദൈവത്തിന്റെ കോപത്തിന് സ്വയം പാത്രമായിത്തീരുമെന്ന് ചിന്തിക്കാനും.