അന്നാസിആത്ത്‌

സൂക്തങ്ങള്‍: 46

        നാമം

പ്രാരംഭ പദമായ النَّازِعَات തന്നെ ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.     

അവതരണകാലം

അബ്ദുല്ലാഹിബ്‌നു അബ്ബാസ് പ്രസ്താവിക്കുന്നു: 'സൂറ അന്നബഇനു ശേഷമാണ് സൂറ അന്നാസിആത് അവതരിച്ചത്.' പ്രവാചകത്വ ലബ്ധിയുടെ ആദ്യനാളുകളിലവതരിച്ച സൂറകളിലെ വിഷയംതന്നെയാണ് ഇതിലും പ്രതിപാദിക്കുന്നത്.

ഉള്ളടക്കം

അന്ത്യനാളും മരണാനന്തര ജീവിതവും സ്ഥിരീകരിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. ഒപ്പം ദൈവദൂതനെ തള്ളിക്കളയുന്നതിന്റെ അനന്തരഫലത്തെക്കുറിച്ചു താക്കീതുനല്‍കുകയും ചെയ്യുന്നു.

        പ്രഭാഷണത്തില്‍ മരണവേളയില്‍ ജീവനെ പിടിച്ചെടുക്കുന്നവര്‍, ദൈവാജ്ഞകള്‍ തല്‍ക്ഷണം നടപ്പാക്കുന്നവര്‍, ദൈവാജ്ഞപ്രകാരം പ്രപഞ്ചസാകല്യത്തെ സംവിധാനിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയുള്ള വിവിധ വിഭാഗം മലക്കുകളെ പിടിച്ച് ആണയിട്ടുകൊണ്ട് ബോധ്യപ്പെടുത്തുന്നു: പുനരുത്ഥാനം സംഭവിക്കുക അനിവാര്യമാകുന്നു. മരണാനന്തര ജീവിതത്തെയും തീര്‍ച്ചയായും നേരിടേണ്ടിവരുകതന്നെ ചെയ്യും. ഇന്ന് നിങ്ങളുടെ ജീവനെ പിടികൂടുന്നത് ഏതു മലക്കുകളുടെ കൈകളാണോ, നിങ്ങള്‍ക്ക് വീണ്ടും ജീവന്‍ ഇട്ടുതരാനും അവരുടെ കൈകള്‍ക്ക് കഴിയും. ഇന്ന് അല്ലാഹുവിന്റെ ആജ്ഞകള്‍ തല്‍ക്ഷണം പ്രാവര്‍ത്തികമാക്കുകയും പ്രാപഞ്ചിക  വ്യവസ്ഥകള്‍ പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇതേ മലക്കുകള്‍ക്ക് നാളെ ദൈവാജ്ഞയനുസരിച്ച് ഈ വ്യവസ്ഥ താറുമാറാക്കാനും മറ്റൊരു വ്യവസ്ഥ സ്ഥാപിക്കാനും സാധിക്കും.

        തുടര്‍ന്ന് മനുഷ്യരോട് പറയുന്നു: ''നിങ്ങള്‍ അസംഭവ്യമായിക്കരുതുന്ന ഇക്കാര്യം അല്ലാഹുവിന് ഒട്ടുംതന്നെ ദുഷ്‌കരമല്ല. അവനെ സംബന്ധിച്ചിടത്തോളം അതിന്  വിപുലമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല. ഒന്നു കുടയുകയേ വേണ്ടൂ, ഈ ലോകവ്യവസ്ഥയാകെ താറുമാറായിപ്പോകാന്‍. മറ്റൊരു ലോകത്ത് നിങ്ങള്‍ സ്വയം ജീവിച്ച് ഉയര്‍ന്നുവരാന്‍ മറ്റൊരു കുടച്ചില്‍ കൂടി ധാരാളം മതിയാകും. അന്നേരം, അതിനെ നിഷേധിച്ചിരുന്നവര്‍ ഭയംകൊണ്ട് വിറകൊള്ളും. തങ്ങള്‍ അസംഭവ്യമെന്ന് കരുതിയിരുന്നതൊക്കെയും സംഭവിച്ചുകൊണ്ടിരിക്കുന്നതുകണ്ട് അവരുടെ കണ്ണുകള്‍ തള്ളിപ്പോകും.

        അനന്തരം മൂസാ(അ)യുടെയും ഫറവോന്റെയും ചരിത്രം സംക്ഷിപ്തമായി പ്രസ്താവിച്ച് ജനങ്ങളെ താക്കീതുചെയ്യുകയാണ്: ദൈവദൂതനെ വ്യാജനെന്നു തള്ളിപ്പറയുക, അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം തള്ളിക്കളയുക, കുതന്ത്രങ്ങളിലൂടെ അദ്ദേഹത്തെ തോല്‍പിക്കാന്‍ നോക്കുക-- ഇതിന്റെയൊക്കെ ഫലമായി ഫറവോന്നുണ്ടായ പര്യവസാനത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ആ നിലപാടില്‍നിന്ന് പിന്മാറുന്നില്ലെങ്കില്‍ അതേ പര്യവസാനം നിങ്ങള്‍ക്കും നേരിടേണ്ടിവരും.

        അതിനുശേഷം 27 മുതല്‍ 30 വരെ സൂക്തങ്ങളില്‍ പരലോകത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും തെളിവുകള്‍ പറയുന്നു: ഈ പ്രകൃതത്തില്‍ ഒന്നാമതായി പരലോക നിഷേധികളോടു ചോദിക്കുന്നു, നിങ്ങളെ സൃഷ്ടിക്കുന്നതാണോ അതല്ല, എണ്ണമറ്റ നക്ഷത്രങ്ങളും ഗോളങ്ങളുമായി ഉപരിലോകത്ത് പരന്നുകിടക്കുന്ന ഈ മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുന്നതാണോ ഏറെ പ്രയാസകരം? ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ പ്രയാസമുണ്ടായിട്ടില്ലാത്തവന്ന് നിങ്ങളെ രണ്ടാമതും സൃഷ്ടിക്കുക പ്രയാസകരമായിത്തീരുന്നതെങ്ങനെയാണ്? ഒറ്റവാക്യത്തില്‍, പരലോകസാധ്യതക്കുള്ള അനിഷേധ്യമായ ഈ ന്യായമുന്നയിച്ച ശേഷം ഭൂമിയില്‍ മനുഷ്യരുടെയും ഇതര ജന്തുജാലങ്ങളുടെയും നിലനില്‍പിനുവേണ്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള സാധനസാമഗ്രികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. അതിലെ ഓരോ വസ്തുവും അത്, ഏതോ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി തികഞ്ഞ ആസൂത്രണത്തോടെ നിര്‍മിക്കപ്പെട്ടതാണെന്ന് അസന്ദിഗ്ധമായി സാക്ഷ്യം വഹിക്കുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മനുഷ്യബുദ്ധിയിലേക്ക് ഒരു ചോദ്യം ഇട്ടുതന്നിരിക്കുകയാണ്, അവര്‍ സ്വയം ചിന്തിച്ച് അഭിപ്രായം രൂപവത്കരിക്കാന്‍. യുക്തിയുക്തമായ ഈ വ്യവസ്ഥയില്‍ മനുഷ്യനെപ്പോലൊരു സൃഷ്ടിയില്‍ അധികാര-സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്വങ്ങളും നിക്ഷേപിച്ചിട്ട് അതേപ്പറ്റി അവന്‍ വിചാരണ ചെയ്യപ്പെടുക എന്നതാണ് ഏറെ യുക്തിസഹമായിട്ടുള്ളതെന്നു തോന്നുന്നുണ്ടോ, അതോ, ഈ അധികാര-സ്വാതന്ത്ര്യങ്ങള്‍ എങ്ങനെ ഉപയോഗിച്ചുവെന്നും ഉത്തരവാദിത്വങ്ങള്‍ എപ്രകാരം നിര്‍വഹിച്ചുവെന്നും ഒരിക്കലും വിചാരണ ചെയ്യപ്പെടാതെ മനുഷ്യന്‍ മണ്ണടിഞ്ഞു നിശ്ശൂന്യനായിപ്പോകണം എന്നാണോ സാമാന്യബുദ്ധി താല്‍പര്യപ്പെടുന്നത്? ഈ ചോദ്യം ചര്‍ച്ചചെയ്യാതെ 34-41 സൂക്തങ്ങളില്‍ പറയുന്നതിതാണ്: പരലോകം നിലവില്‍വരുമ്പോള്‍ മനുഷ്യന്റെ അനന്തമായ ഭാവിയുടെ ഭാഗധേയം തീരുമാനിക്കപ്പെടുന്നതിനുള്ള മാനദണ്ഡം ഇതായിരിക്കും: അവന്‍ ഭൗതികജീവിതത്തില്‍ ദൈവത്തോടുള്ള അടിമത്തത്തിന്റെ പരിധി ലംഘിച്ചിട്ടുണ്ടോ? ദൈവധിക്കാരമനുവര്‍ത്തിച്ചിട്ടുണ്ടോ? ഭൗതികനേട്ടങ്ങളെയും സുഖങ്ങളെയുമാണോ അവന്‍ ജീവിതലക്ഷ്യമായി വരിച്ചത്? അതല്ല, അവന്‍ തന്റെ റബ്ബിനോട് മറുത്തുനില്‍ക്കാന്‍ ഭയന്നവനാണോ? അവിഹിതമായ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍നിന്ന് സ്വയം മാറിനിന്നവനാണോ? ഈ വചനങ്ങള്‍ ധാര്‍ഷ്ട്യവും ധിക്കാരവുമില്ലാതെ സത്യസന്ധമായി ചിന്തിക്കുന്ന ആര്‍ക്കും മേല്‍പറഞ്ഞ ചോദ്യത്തിന്റെ ശരിയായ ഉത്തരം വിശദീകരിച്ചുകൊടുക്കുന്നു. കാരണം, മനുഷ്യന്ന് ഭൗതികലോകത്ത് അധികാര-സ്വാതന്ത്ര്യങ്ങളും ഉത്തരവാദിത്വങ്ങളും അര്‍പ്പിക്കപ്പെടുന്നതിന്റെ യുക്തിപരവും നൈയാമികവും ധാര്‍മികവുമായ താല്‍പര്യം, അതിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ അവന്ന് വിചാരണാവിധേയനാവുകയും രക്ഷാശിക്ഷകള്‍ നല്‍കപ്പെടുകയും ചെയ്യുക എന്നതുതന്നെയാകുന്നു.

        അവസാനമായി, മക്കയിലെ അവിശ്വാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന, 'ഉയിര്‍ത്തെഴുന്നേല്‍പ് എന്നാണ് നടക്കുക' എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുന്നു. ഈ ചോദ്യം റസൂല്‍(സ) തിരുമേനിയോട് അവര്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നതാണ്. അതിന്റെ സമയം അല്ലാഹുവല്ലാതെ ആരും അറിയുന്നില്ല എന്നാണ് മറുപടിയരുളിയിരിക്കുന്നത്. അങ്ങനെയൊരു സമയം അനിവാര്യമായും വന്നെത്തുമെന്ന് മുന്നറിയിപ്പു നല്‍കുക മാത്രമാകുന്നു പ്രവാചകന്റെ ദൗത്യം. ഇനി ഇഷ്ടമുള്ളവന്‍ അതിന്റെ ആഗമനത്തെ ഭയപ്പെട്ട് സ്വന്തം നടപടി നന്നാക്കിക്കൊള്ളട്ടെ. അല്ലാത്തവന്‍ നിര്‍ഭയനായി കയറില്ലാക്കാളയെപ്പോലെ ചരിക്കട്ടെ. ആ നാള്‍ വന്നണയുമ്പോള്‍, ഈ ലോകത്ത് ജീവിച്ചു മണ്ണടിഞ്ഞുപോവുകയും ആകക്കൂടി സംഭവിക്കാനുള്ളത് അത്രയേയുള്ളൂ എന്നു കരുതുകയും ചെയ്തിരുന്നവര്‍ക്കു തോന്നും, ഭൗതികലോകത്ത് തങ്ങള്‍ ഒരു നാഴിക നേരമേ വസിച്ചിട്ടുള്ളൂ എന്ന്. ഏതാനും നാളത്തെ ഈ ഭൗതികജീവിതത്തിനുവേണ്ടി അനന്തമായ സ്വന്തം ഭാവിയെ തങ്ങള്‍ എവ്വിധമാണ് നശിപ്പിച്ചുകളഞ്ഞതെന്ന് അപ്പോള്‍ അവര്‍ക്കു മനസ്സിലാകും.