ഖുറൈശ്‌

സൂക്തങ്ങള്‍: 4

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള قُرَيْش എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ദഹ്ഹാകും കല്‍ബിയും ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഖുര്‍ആന്‍വ്യാഖ്യാതാക്കളും ഇത് മക്കിയാണെന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു. ഈ സൂറയില്‍ത്തന്നെയുള്ള 'ഈ മന്ദിരത്തിന്റെ നാഥന്‍' എന്ന പ്രയോഗം ഇതു മക്കിയാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു. സൂറ മദീനയിലാണവതരിച്ചതെങ്കില്‍ കഅ്ബയെക്കുറിച്ച് 'ഈ മന്ദിരം' എന്നു പറയുന്നതെങ്ങനെയാണ് യോജിക്കുക? കൂടാതെ ഇതിന്റെ ഉള്ളടക്കം സൂറ അല്‍ഫീലിന്റെ ഉള്ളടക്കത്തോട് അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നു. അതു പരിഗണിച്ചാല്‍ ഈ സൂറ മിക്കവാറും സൂറ അല്‍ഫീലിന് തൊട്ടുടനെയായി അവതരിച്ചതായിരിക്കാനാണ് സാധ്യത. രണ്ടു സൂറകളും തമ്മിലുള്ള ചേര്‍ച്ചയെ ആധാരമാക്കി ചില പൂര്‍വസൂരികള്‍ ഇവ രണ്ടും യഥാര്‍ഥത്തില്‍ ഒറ്റ സൂറതന്നെയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹ. ഉബയ്യുബ്‌നു കഅ്ബിന്റെN1511 മുസ്ഹഫില്‍ രണ്ടു സൂറകളും ഇടക്ക് ബിസ്മികൊണ്ട് വേര്‍പെടുത്താതെ ഒന്നിച്ചാണെഴുതിയിരുന്നത് എന്ന നിവേദനം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അതുപോലെ, ഉമര്‍(റ) ഒരിക്കല്‍ ഈ രണ്ടു സൂറയെയും കൂട്ടിച്ചേര്‍ത്തു നമസ്‌കാരത്തില്‍ പാരായണം ചെയ്തതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉസ്മാന്‍(റ) സകല സ്വഹാബികളുടെയും സഹായത്തോടെ ഔദ്യോഗികമായി എഴുതിച്ച് ഇസ്‌ലാമികനാടിന്റെ എല്ലാ കേന്ദ്രങ്ങളിലേക്കും കൊടുത്തയച്ച മുസ്ഹഫില്‍ ഇവ രണ്ടിനെയും ബിസ്മികൊണ്ട് വേര്‍തിരിച്ചിട്ടുണ്ടായിരുന്നു എന്ന വസ്തുത ഈ അഭിപ്രായത്തെ അസ്വീകാര്യമാക്കുന്നു. അന്നുമുതല്‍ ഇന്നുവരെ ലോകമെങ്ങും ഈ സൂറകളെ വെവ്വേറെ സൂറകളായിട്ടാണ് എഴുതിവരുന്നത്. അതിനും പുറമെ, രണ്ടു സൂറയുടെയും ശൈലി പ്രത്യക്ഷത്തില്‍ രണ്ടും വെവ്വേറെയാണെന്ന് തോന്നുംവണ്ണം വ്യത്യസ്തവുമാണ്.