അല്‍ മാഊന്‍

സൂക്തങ്ങള്‍: 7

സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടത് അവസാന സൂക്തത്തിലെ അവസാന പദമായ المَاعُون ആകുന്നു.

പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തള്ളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്‌ലിമും എന്നാല്‍, മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച ഒരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടുതരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ച് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല.