അല്‍ കാഫിറൂന്‍

സൂക്തങ്ങള്‍: 6

قُلْ يَا أَيُّهَا الْكَافِرُون എന്ന പ്രഥമ വാക്യത്തിലെ الكَافِرُون എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

മേല്‍പറഞ്ഞ പശ്ചാത്തലം മുമ്പില്‍വെച്ച് പരിശോധിച്ചാല്‍ ഇന്നു പലരും വിചാരിക്കുന്നതുപോലെ ഈ സൂറയുടെ അവതരണലക്ഷ്യം വിശ്വാസികള്‍ അവിശ്വാസികളുടെ മതത്തില്‍നിന്നും ദൈവങ്ങളില്‍നിന്നും ആരാധനകളില്‍നിന്നും ഖണ്ഡിതമായ മുക്തിയും ബന്ധവിച്ഛേദനവും പ്രഖ്യാപിക്കുകയാണെന്ന് മനസ്സിലാകും. അവിശ്വാസികളോട് സൂറ പറയുന്നതിതാണ്: ഇസ്‌ലാമും അവരുടെ മതവും തികച്ചും വ്യത്യസ്തമാണ്. അവ തമ്മില്‍ കൂടിച്ചേരുന്ന പ്രശ്‌നമേയില്ല. ഇത് ആദ്യം ഖുറൈശികളെ സംബോധന ചെയ്തുകൊണ്ടും അവരുടെ സന്ധിനിര്‍ദേശങ്ങളോടുള്ള പ്രതികരണമായിക്കൊണ്ടും അവതരിച്ചതാണെങ്കിലും അവരില്‍ മാത്രം പരിമിതമല്ല. അതിനെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അന്ത്യനാള്‍ വരെയുള്ള എല്ലാ മുസ്‌ലിംകളോടും കല്‍പിച്ചിരിക്കുകയാണ്: സത്യനിഷേധത്തിന്റെ മതം എവിടെ ഏതു രൂപത്തിലായിരുന്നാലും അതിനോട് വാചാകര്‍മണാ വിമുക്തി പ്രകടിപ്പിക്കേണ്ടതാണ്. ദീനീകാര്യത്തില്‍ നിങ്ങള്‍ക്ക് സത്യനിഷേധികളുമായി ഒരു തരത്തിലുള്ള സന്ധിയും സാധ്യമല്ല. അതുകൊണ്ടാണ് ഈ സൂറ ആര്‍ക്ക് മറുപടിയായി അവതരിച്ചുവോ അവര്‍ മരിച്ചു മണ്ണടിഞ്ഞുപോയിട്ടും പാരായണം ചെയ്യപ്പെട്ടത്; ഇത് അവതരിച്ച കാലത്ത് കാഫിറുകളും മുശ്‌രിക്കുകളും ആയിരുന്നവര്‍ മുസ്‌ലിംകളായിത്തീര്‍ന്നിട്ടും പാരായണം ചെയ്യപ്പെട്ടിരുന്നതും. അവര്‍ കടന്നുപോയി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇന്നത്തെ മുസ്‌ലിംകളും പാരായണം ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. കാരണം, സത്യനിഷേധത്തില്‍നിന്നും സത്യനിഷേധികളില്‍നിന്നുമുള്ള വിമുക്തി സത്യവിശ്വാസത്തിന്റെ സ്ഥിരമായ താല്‍പര്യമാകുന്നു. റസൂല്‍ (സ) തിരുമേനിയുടെ ദൃഷ്ടിയില്‍ ഈ സൂറക്ക് എന്തുമാത്രം പ്രാധാന്യമുണ്ടായിരുന്നുവെന്ന്, താഴെ കൊടുക്കുന്ന ഹദീസുകളില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്.