അന്നസ്വര്‍

സൂക്തങ്ങള്‍: 3

إِذَاجَاءَ نَصْرُ اللهِ എന്ന പ്രഥമ സൂക്തത്തിലെ نَصْرُ എന്ന പദം സൂക്തത്തിന്റെ നാമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയിലൂടെ അല്ലാഹു അവന്റെ അന്തിമ ദൂതനെ ഇപ്രകാരമറിയിച്ചിരിക്കുകയാണ്: അറേബ്യയില്‍ ഇസ്‌ലാമിന്റെ വിജയം പൂര്‍ണമാവുകയും ആളുകള്‍ കൂട്ടംകൂട്ടമായി ദീനിലേക്കു വന്നുതുടങ്ങുകയും ചെയ്താല്‍, അതിനര്‍ഥം താങ്കളെ ഈ ലോകത്തേക്കയച്ചത് എന്തു ദൗത്യത്തിനുവേണ്ടിയാണോ അതു പൂര്‍ത്തിയായിരിക്കുന്നു എന്നാണ്. അനന്തരം തിരുമേനിയോട് അല്ലാഹുവിനെ സ്തുതിക്കുന്നതിലും ഭജിക്കുന്നതിലും ഏര്‍പ്പെടേണമെന്ന് കല്‍പിച്ചിരിക്കുന്നു. എന്തെന്നാല്‍, അവന്റെ അനുഗ്രഹത്താലാണ് താങ്കള്‍ ഇത്രയും മഹത്തായ ദൗത്യനിര്‍വഹണത്തില്‍ വിജയം വരിച്ചത്. ഈ സേവനം നിറവേറ്റുന്നതില്‍ താങ്കള്‍ക്ക് സംഭവിച്ചിരിക്കാവുന്ന ഓര്‍മത്തെറ്റുകളും പിശകുകളും വീഴ്ചകളും പൊറുത്തുതരാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. ഈ സൂറ ആഴത്തില്‍ പരിശോധിക്കുന്നവര്‍ക്ക് ഒരു പ്രവാചകനും ഒരു സാധാരണ ഭൗതികനേതാവും തമ്മില്‍ എത്ര വമ്പിച്ച അന്തരമാണുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരു ഭൗതികനേതാവ് താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന വിപ്ലവം നടത്തുന്നതില്‍ വിജയിച്ചാല്‍ അയാള്‍ക്കത് ഉത്സവം കൊണ്ടാടാനും തന്റെ നേതൃത്വത്തില്‍ ഊറ്റംകൊള്ളാനുമുള്ള അവസരമാണ്. ഇവിടെ അല്ലാഹുവിന്റെ ദൂതനെ നാം കാണുന്നതിങ്ങനെയാണ്: ചുരുങ്ങിയ ഇരുപത്തി മൂന്നു സംവത്സരക്കാലംകൊണ്ട് അദ്ദേഹം ഒരു ജനതയുടെ വിശ്വാസസങ്കല്‍പങ്ങളെയും സ്വഭാവസമ്പ്രദായങ്ങളെയും സംസ്‌കാര നാഗരികതകളെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- സൈനിക യോഗ്യതകളെയുമെല്ലാം അടിമുടി മാറ്റിമറിക്കുകയും അജ്ഞതയിലും അവിവേകത്തിലും മുങ്ങിക്കിടന്നിരുന്ന സമൂഹത്തെ ലോകം കീഴടക്കാനും ലോകജനതകള്‍ക്കു നേതൃത്വം നല്‍കാനും യോഗ്യരാക്കി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. പക്ഷേ, അതിഗംഭീരമായ ഈ ദൗത്യം അദ്ദേഹത്തിന്റെ കൈകളാല്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹത്തോട് കല്‍പിച്ചത് ഉത്സവമാഘോഷിക്കാനല്ല; പ്രത്യുത, അല്ലാഹുവിനെ സ്തുതിക്കാനും വാഴ്ത്താനും അവനോട് പാപമോചനമര്‍ഥിക്കാനുമാണ്. അദ്ദേഹമോ തികഞ്ഞ എളിമയോടെ ആ ആജ്ഞ പ്രാവര്‍ത്തികമാക്കുന്നതിലേര്‍പ്പെടുന്നു.