അല്‍ മസദ്‌

സൂക്തങ്ങള്‍: 5

പ്രഥമ സൂക്തത്തിലെ لَهَب എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍, പ്രവാചകന്റെ മക്കാജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് ഇതവതരിച്ചതെന്ന് നിര്‍ണയിക്കുക എളുപ്പവുമല്ല. റസൂല്‍ തിരുമേനിക്കും ഇസ്‌ലാമിക സന്ദേശത്തിനും എതിരായി അബൂലഹബ് അനുവര്‍ത്തിച്ച ചെയ്തികള്‍ വീക്ഷിച്ചുകൊണ്ട് ഇങ്ങനെ അനുമാനിക്കാമെന്നു മാത്രം: അയാള്‍ പ്രവാചകനോടുള്ള വിരോധത്തിന്റെ എല്ലാ അതിരുകളും മറികടക്കുകയും അയാളുടെ നിലപാട് ഇസ്‌ലാമിന്റെ മുന്നോട്ടുള്ള പാതയില്‍ ഒരു വലിയ പ്രതിബന്ധമായിത്തീരുകയും ചെയ്ത അവസരത്തിലാണ് ഈ സൂറ അവതരിച്ചത്. ഖുറൈശികള്‍ പ്രവാചകന്നും കുടുംബത്തിനും ഊരുവിലക്ക് കല്‍പിച്ച് അവരെ ശിഅ്ബു അബീത്വാലിബില്‍‍ ഉപരോധിച്ച കാലത്തായിരിക്കാം ഇതിന്റെ അവതരണം. അന്ന് സ്വന്തം കുടുംബത്തെ തള്ളിപ്പറഞ്ഞ് ശത്രുക്കളെ പിന്തുണച്ചയാളാണ് അബൂലഹബ്. അയാള്‍ തിരുമേനിയുടെ പിതൃവ്യനാണ് എന്നതാണ് നമ്മുടെ അനുമാനത്തിനാസ്പദം. അയാളുടെ അതിരുകവിഞ്ഞ അതിക്രമങ്ങള്‍ ജനസമക്ഷം പരസ്യമായിത്തീരുന്നതുവരെ സഹോദരപുത്രന്റെ നാവിലൂടെ പിതൃവ്യന്‍ ആക്ഷേപിക്കപ്പെടുന്നത് ഉചിതമാകുമായിരുന്നില്ലല്ലോ. അതിനു മുമ്പ് ആദ്യനാളുകളില്‍ത്തന്നെ ഈ സൂറ അവതരിച്ചിരുന്നുവെങ്കില്‍, സഹോദരപുത്രന്‍ പിതൃവ്യനെ ഇവ്വിധം ശകാരിക്കുന്നത് അമാന്യമായി ആളുകള്‍ക്ക് തോന്നാം.

വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്നാല്‍, മക്കയിലും ഹിജ്‌റക്കുശേഷം മദീനയിലും, പ്രവാചകനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ ഒട്ടും പിന്നിലല്ലാത്ത വളരെയാളുകളുണ്ടായിരുന്നു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാചീനകാലത്ത് അറബ്‌ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരന്റിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുംബസ്‌നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു. പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍ത്തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങളും അവരുടെ കാരണവന്മാരും അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്‌വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. നബിക്ക് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍ നല്‍കിയ ഈ സംരക്ഷണത്തെ അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിന് തികച്ചും ഇണങ്ങുന്നതായി മറ്റു ഖുറൈശികുടുംബങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന്ന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവര്‍ അവരുടെ ഉറ്റവരെ പിന്തുണക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന്ന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച്, സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, ഇസ്‌ലാമിനോടുള്ള വിരോധവും കുഫ്‌റിനോടുള്ള പ്രേമവും മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവദ്ഗണിച്ചു കളഞ്ഞു.