അല്‍ ഇഖ്‌ലാസ്‌

സൂക്തങ്ങള്‍: 4

الإِخْلاَص സൂറയുടെ പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാകുന്നു. തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതില്‍ പറയുന്നത്. മറ്റു ഖുര്‍ആന്‍ സൂറകള്‍ക്ക് പൊതുവില്‍ നിശ്ചയിക്കപ്പെട്ട പേരുകള്‍ അവയില്‍ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ്. എന്നാല്‍, ഇഖ്‌ലാസ്വ് എന്ന പദം ഈ സൂറയില്‍ എവിടെയും വന്നിട്ടില്ല. ഈ സൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശിര്‍ക്കില്‍നിന്ന് മുക്തരാകുന്നു എന്ന നിലക്കാണ് ഇതിന് അല്‍ഇഖ്‌ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

 കല്ല്, മരം, സ്വര്‍ണം, വെള്ളി തുടങ്ങിയ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിച്ച ദൈവങ്ങളെയാണ് വിഗ്രഹാരാധകരായ ബഹുദൈവവിശ്വാസികള്‍ ആരാധിച്ചിരുന്നത്. അവക്ക് രൂപവും ആകാരവും ജഡവുമുണ്ടായിരുന്നു. ദേവീദേവന്മാരുടെ വ്യവസ്ഥാപിതമായ വംശങ്ങള്‍ നിലനിന്നു. ദേവിമാര്‍ക്കൊക്കെ ഭര്‍ത്താക്കന്മാരുമുണ്ട്. ഇണയില്ലാത്ത ദേവന്മാരാരുമില്ല. അവര്‍ക്ക് തിന്നാനും കുടിക്കാനും വേണമായിരുന്നു. ഭക്തന്മാരാണ് അതൊക്കെ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നത്. ബഹുദൈവവിശ്വാസികളില്‍ വലിയൊരു വിഭാഗം, ദൈവം മനുഷ്യരൂപം ധരിച്ചു പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിച്ചു. ചില മനുഷ്യര്‍ ദൈവാവതാരങ്ങളായിരുന്നു. ക്രൈസ്തവര്‍ ഏകദൈവവിശ്വാസം അവകാശപ്പെട്ടിരുന്നുവെങ്കിലും അവരുടെ ദൈവത്തിന് ചുരുങ്ങിയത് ഒരു പുത്രനെങ്കിലും ഉണ്ടായിരുന്നു. പിതാവിനും പുത്രനുമൊപ്പം റൂഹുല്‍ഖുദ്‌സിനും ദിവ്യത്വത്തില്‍ പങ്കാളിത്തം ലഭിച്ചിരുന്നു. പോരാ, ദൈവത്തിന് മാതാവും അമ്മായിയും കൂടിയുണ്ടായിരുന്നു. ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ് ജൂതന്മാരും. പക്ഷേ, അവരുടെ ദൈവവും പദാര്‍ഥത്തില്‍നിന്നും ജഡത്തില്‍നിന്നും മറ്റു മാനുഷികഗുണങ്ങളില്‍നിന്നും മുക്തനായിരുന്നില്ല. അവന്‍ അലസമായി ചുറ്റിക്കറങ്ങി നടക്കുന്നു. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ ദാസനുമായി ദ്വന്ദ്വയുദ്ധം നടത്തുകപോലും ചെയ്യുന്നു. ഉസൈര്‍ എന്ന ഒരു പുത്രന്റെ പിതാവുമാണ്. ഈ മതഗ്രൂപ്പുകള്‍ക്ക് പുറമെ മജൂസികള്‍ അഗ്‌നിയെ ആരാധിച്ചു. സാബികള്‍ നക്ഷത്രങ്ങളെ ആരാധിച്ചു. ഈ പരിതഃസ്ഥിതിയില്‍ പങ്കുകാരനില്ലാത്ത ഏകദൈവത്തില്‍ വിശ്വസിക്കുക എന്നുദ്‌ബോധിപ്പിക്കപ്പെട്ടാല്‍ ജനമനസ്സില്‍ ഇത്തരം ചോദ്യം ഉയരുക സ്വാഭാവികമായിരുന്നു: മറ്റെല്ലാ റബ്ബുകളെയും ആരാധ്യരെയും കൈവെടിഞ്ഞ്, തങ്ങളോട് അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന ഈ ഒരേയൊരു ദൈവം ഏതു ജാതിയാണ്? ഏതാനും പദങ്ങളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയത് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയത്രേ. അത് ദൈവാസ്തിത്വത്തിന്റെ വ്യക്തമായ വിഭാവനമുളവാക്കുന്നു. ബഹുദൈവത്വപരമായ എല്ലാ ദൈവസങ്കല്‍പങ്ങളെയും അട്ടിമറിക്കുന്നു. ദൈവസത്തയെ സൃഷ്ടിഗുണങ്ങളിലൊരു ഗുണത്തിന്റെയും മാലിന്യം തീണ്ടാതെ സംശുദ്ധമായി, തെളിമയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.