അന്നാസ്‌

സൂക്തങ്ങള്‍: 6

ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി'ദലാഇലുന്നുബുവ്വതി'ല്‍ എഴുതുന്നു: ''ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.'' രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറും വെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു..

മക്കയില്‍ ഈ സൂറകള്‍ അവതീര്‍ണമായ സാഹചര്യം ഇതായിരുന്നു: ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചതോടെത്തന്നെ, പ്രവാചകന്റെ അവസ്ഥ കടന്നല്‍ക്കൂട്ടില്‍ കൈയിട്ടതുപോലെയായിത്തീര്‍ന്നു. പ്രവാചകസന്ദേശം പ്രചരിക്കുംതോറും ഖുറൈശികളുടെ എതിര്‍പ്പിന് ആക്കം കൂടിക്കൊണ്ടിരുന്നു. തിരുമേനിയോട് എങ്ങനെയെങ്കിലും വിലപേശിയിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ വല്ല കെണിയിലും കുടുക്കിയിട്ടോ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന കാലത്ത് ശത്രുതയുടെ രൂക്ഷതക്ക് അല്‍പം കുറവുണ്ടായിരുന്നു. പക്ഷേ, ദീനിന്റെ കാര്യത്തില്‍ത്തന്നെ ഏതെങ്കിലും സന്ധിക്കു സന്നദ്ധനാക്കാനുള്ള ശ്രമത്തില്‍ പ്രവാചകന്‍ (സ) അവരെ തീരെ നിരാശപ്പെടുത്തുകയും സൂറ അല്‍കാഫിറൂനിലൂടെ, നിങ്ങളുടെ ആരാധ്യരെ ആരാധിക്കുന്നവനല്ല ഞാന്‍, എന്റെ ആരാധ്യനെ ആരാധിക്കുന്നവരല്ല നിങ്ങള്‍, എന്റെ വഴിവേറെ, നിങ്ങളുടെ വഴി വേറെ എന്ന് അര്‍ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ബഹുദൈവവിശ്വാസികളുടെ ശത്രുത അതിന്റെ പരമകാഷ്ഠയിലെത്തി. ഇസ്‌ലാം സ്വീകരിച്ച അംഗങ്ങളുള്ള (സ്ത്രീയോ പുരുഷനോ യുവാവോ യുവതിയോ) കുടുംബങ്ങളുടെ മനസ്സില്‍ വിശേഷിച്ചും, തിരുമേനിയോടുള്ള വിരോധത്തിന്റെ അടുപ്പ് ആളിക്കത്തിക്കൊണ്ടിരുന്നു. വീടുകള്‍ തോറും തിരുമേനി ശപിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ക്കും കുറവുണ്ടായിരുന്നില്ല. ഒരു നാള്‍ നിശയുടെ അന്ധകാരത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വധിക്കണം. ആരാണ് ഘാതകനെന്ന് ഹാശിം കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയരുത്. അപ്പോള്‍ പിന്നെ അവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ലല്ലോ; ഇതായിരുന്നു പരിപാടി. അദ്ദേഹം തീര്‍ന്നുപോവുകയോ മാറാരോഗം ബാധിച്ച് മൂലയിലാവുകയോ അല്ലെങ്കില്‍ ഭ്രാന്തനായിത്തീരുകയോ ചെയ്യാന്‍വേണ്ടി ആഭിചാരക്രിയകളും മുറയ്ക്കു ചെയ്തുനോക്കി. തിരുമേനിക്കും അദ്ദേഹമവതരിപ്പിക്കുന്ന ദീനിനും ഖുര്‍ആനിനുമെതിരില്‍ ആളുകളില്‍ പലവക സന്ദേഹങ്ങളുയര്‍ത്തി തെറ്റിദ്ധരിപ്പിച്ച് അവരെ തിരുമേനിയില്‍നിന്ന് ഓടിയകലാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും നാലുപാടും വിഹരിക്കുന്നുണ്ടായിരുന്നു. പലരുടെയും മനസ്സുകളില്‍ കടുത്ത അസൂയ നിറഞ്ഞു. താനോ തന്റെ ഗോത്രക്കാരനോ അല്ലാതെ മറ്റൊരാളും ശോഭിക്കുന്നത് കണ്ടുകൂടാത്തവരായിരുന്നു അവര്‍.