അല്‍ഇന്‍ഫിത്വാര്‍

സൂക്തങ്ങള്‍: 19

നാമം

പ്രഥമ സൂക്തത്തിലെ إنْفَطَرَتْ എന്ന പദത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ പേര്. പിളരുക എന്ന അര്‍ഥത്തിലുള്ള പദമൂലമാണ് إنْفِطَار. ആകാശം പൊട്ടിപ്പിളരുന്നതിനെക്കുറിച്ചു പറയുന്ന സൂറ എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

ഈ സൂറയുടെയും സൂറ അത്തക്‌വീറിന്റെയും ഉള്ളടക്കങ്ങള്‍ തമ്മില്‍ വളരെ സാദൃശ്യമുണ്ട്. ഇവ രണ്ടും ഏതാണ്ട് ഒരേ കാലത്തുതന്നെ അവതരിച്ചതാണെന്ന് അതില്‍നിന്നു മനസ്സിലാക്കാം.

ഉള്ളടക്കം

പരലോകമാണിതിലെ പ്രമേയം. റസൂല്‍ (സ) പ്രസ്താവിച്ചതായി അഹ്മദ്, തിര്‍മിദി ,ഇബ്‌നുല്‍ മുന്‍ദിര്‍, ത്വബ്‌റാനി, ഹാകിം, ഇബ്‌നു മര്‍ദവൈഹി എന്നിവര്‍ അബ്ദുല്ലാഹിബ്‌നു ഉമറിN1344ല്‍നിന്ന് ഉദ്ധരിക്കുന്നു: مَنْ سَرَّهُ أنْ يَنْظُرَ إلَى يَوْم الْقِيَامَةِ كَأنَّهُ رَأْيُ الْعَيْن فَلْيَقْرَأْ إذَا الشَّمْسُ كُوِّرتْ، وَإذَا السَّمَاءُ انفَطَرَتْ، وإذَا السَّمَاء انشَقَّتْ (അന്ത്യനാളിനെ നേരില്‍ കാണുംവണ്ണം കാണാന്‍ സന്തോഷമുള്ളവര്‍ സൂറ അത്തക്‌വീറും സൂറ അല്‍ഇന്‍ഫിത്വാറും സൂറ അല്‍ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ). ഇതില്‍ അന്ത്യനാളിനെ വര്‍ണിച്ചുകൊണ്ട് ആദ്യമായി തെര്യപ്പെടുത്തുന്നു: ആ ദിവസം സമാഗതമാകുമ്പോള്‍ ഓരോ മനുഷ്യന്റെയും മുന്നില്‍ അയാള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം പ്രത്യക്ഷമാകും. അനന്തരം മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തുകയാണ്: നിങ്ങള്‍ക്ക് അസ്തിത്വമേകിയതാരാണോ, ആരുടെ ഔദാര്യത്തിലാണോ നിങ്ങള്‍ സൃഷ്ടികളില്‍വെച്ചേറ്റവും വിശിഷ്ടമായ ശരീരവും അവയവങ്ങളുമുള്ളവരായി വിലസുന്നത്, അവന്‍ അനുഗ്രഹദാതാവ് മാത്രമാണ്, നീതിപാലകനല്ല എന്ന വ്യാമോഹം എങ്ങനെയാണ് നിങ്ങളില്‍ കടന്നുകൂടിയത്? അവന്റെ ഉദാരതക്കര്‍ഥം, അവന്റെ നീതിപാലനത്തെക്കുറിച്ച് നിനക്ക് നിര്‍ഭയനാവാം എന്നല്ലതന്നെ. അനന്തരം മുന്നറിയിപ്പു നല്‍കുന്നു: ഒരു തെറ്റുധാരണയും വേണ്ട. നിന്റെ കര്‍മരേഖ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. അതിസമര്‍ഥനായ ഒരു ഉടമസ്ഥന്‍ സദാ നിന്റെ എല്ലാ അനക്കങ്ങളും അടക്കങ്ങളും രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ ശക്തിയായി ഊന്നിപ്പറയുന്നു: വിചാരണനാള്‍ നിലവില്‍വരുകതന്നെ ചെയ്യും. അന്ന് സജ്ജനം സ്വര്‍ഗീയ ജീവിതത്തിനും ദുര്‍ജനം നരകശിക്ഷക്കും വിധിക്കപ്പെടുകയും ചെയ്യും. അന്ന് ആരും ആര്‍ക്കും അല്‍പവും ഉപകാരപ്പെടുകയില്ല. തീരുമാനാധികാരം സമ്പൂര്‍ണമായും അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലായിരിക്കും.