അല്‍ ഇന്‍ശിഖാഖ്

സൂക്തങ്ങള്‍: 25

നാമം

പ്രഥമ സൂക്തത്തിലെ إنشَقَّتْ എന്ന പദത്തില്‍ നിന്നുള്ളതാണീ നാമം. إنشِقَاق പദമൂലമാകുന്നു. 'പിളരല്‍' എന്നര്‍ഥം. ആകാശം പിളരുന്നതിനെ പരാമര്‍ശിക്കുന്ന സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

ഇതും പ്രവാചകന്റെ മക്കാകാലഘട്ടത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാകുന്നു. ഈ സൂറ അവതരിക്കുമ്പോഴും അവിശ്വാസികള്‍ പ്രവാചകനെതിരെ മര്‍ദനപീഡനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനികാശയങ്ങളെ മക്കാവാസികള്‍ അടച്ചുനിഷേധിക്കുന്നുവെന്നു മാത്രം. ഒരിക്കല്‍ ഈ ലോകം അവസാനിച്ചുപോകുമെന്നും തങ്ങള്‍ ദൈവത്തിനു മുമ്പില്‍ വിചാരണക്ക് ഹാജരാകേണ്ടിവരുമെന്നും അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

ഉളളടക്കം

അന്ത്യനാളും പരലോകവുമാണിതിലെ പ്രമേയങ്ങള്‍. ആദ്യത്തെ അഞ്ചു സൂക്തങ്ങളില്‍ അന്ത്യനാളില്‍ സംജാതമാകുന്ന അവസ്ഥാവിശേഷങ്ങള്‍ വിവരിച്ചതോടൊപ്പം അത് യാഥാര്‍ഥ്യമാണെന്നതിനുള്ള തെളിവുനല്‍കുകയും ചെയ്തിരിക്കുന്നു. അന്ത്യനാളില്‍ ആകാശം പൊട്ടിപ്പിളരും. ഭൂമി നിമ്‌നോന്നതങ്ങളില്ലാത്ത നിരന്ന മൈതാനമായി പരന്നുകിടക്കും. ഭൂമിക്കകത്തുള്ളതെല്ലാം (മണ്‍മറഞ്ഞ മനുഷ്യരുടെ ശരീരഘടകങ്ങളും അവരുടെ കര്‍മങ്ങളുടെ സാക്ഷ്യങ്ങളും) അതു പുറത്തേക്കെറിയും. അതിനകത്ത് യാതൊന്നും അവശേഷിക്കുകയില്ല. അതുതന്നെയായിരിക്കും ആകാശത്തോടും ഭൂമിയോടും അവയുടെ നാഥന്‍ കല്‍പിക്കുക എന്നാണതിനു തെളിവായി പറയുന്നത്. രണ്ടും അവന്റെ സൃഷ്ടികളാകയാല്‍ അവയ്ക്കവന്റെ ആജ്ഞയെ ധിക്കരിക്കാനാവില്ല. തങ്ങളുടെ സ്രഷ്ടാവിന്റെ ആജ്ഞകളനുസരിക്കുക അവയുടെ കടമതന്നെയാണ്. അനന്തരം 6 മുതല്‍ 19 വരെ സൂക്തങ്ങളില്‍ പറയുന്നു: മനുഷ്യന്ന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും തന്റെ റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ട സ്ഥലത്തേക്ക് ഇച്ഛാപൂര്‍വമോ അനിച്ഛാപൂര്‍വമോ ചെല്ലേണ്ടി വരുകതന്നെ ചെയ്യും. പിന്നെ മര്‍ത്ത്യര്‍ രണ്ടു വിഭാഗമായി വേര്‍തിരിക്കപ്പെടുന്നു. കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കുന്നവരാണൊരു വിഭാഗം. അവര്‍ രൂക്ഷമായ വിചാരണക്ക് വിധേയരാകാതെ മാപ്പു നല്‍കപ്പെടുന്നു. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. തങ്ങള്‍ എങ്ങനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നവര്‍ക്കു തോന്നും. പക്ഷേ, അവര്‍ മരിക്കുകയില്ല; നരകത്തില്‍ എറിയപ്പെടുകയായിരിക്കും ചെയ്യുക. അല്ലാഹുവിന്റെ മുന്നില്‍ ഒരിക്കലും ഹാജരാകേണ്ടിവരില്ല എന്ന തെറ്റുധാരണയില്‍ ആണ്ടുപോയതാണ് അവരുടെ ദുരന്തത്തിന് കാരണം. അവരുടെ റബ്ബ് അവരുടെ എല്ലാ കര്‍മങ്ങളും കാണുന്നുണ്ടായിരുന്നു. സ്വകര്‍മങ്ങള്‍ വിചാരണാവിധേയമാകുന്നതില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അവര്‍ ഭൗതികജീവിതത്തില്‍നിന്ന് പടിപടിയായി പാരത്രിക രക്ഷാശിക്ഷകളിലേക്കെത്തുക എന്നത് അസ്തമയാനന്തരം അന്തിച്ചെമപ്പ് പ്രത്യക്ഷപ്പെടുന്നതുപോലെ, പകലിനുശേഷം രാവെത്തുകയും അതില്‍ മനുഷ്യനും ജന്തുക്കളും അവയുടെ പാര്‍പ്പിടങ്ങളിലേക്കണയുകയും ചെയ്യുന്നതുപോലെ, ബാലചന്ദ്രന്‍ വളര്‍ന്നു പൗര്‍ണമിയായിത്തീരുന്നതുപോലെ ഉറപ്പുള്ള കാര്യമാകുന്നു. അവസാനമായി, ഖുര്‍ആന്‍ കേട്ടിട്ട് അതിനു മുമ്പില്‍ തലകുനിക്കുന്നതിനു പകരം അതിനെ തള്ളിപ്പറയാന്‍ ധൃഷ്ടരാകുന്ന അവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പും വിശ്വാസം കൈക്കൊണ്ട് സച്ചരിതരാകുന്നവര്‍ക്ക് അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന ശുഭവാര്‍ത്തയും നല്‍കിയിരിക്കുന്നു.