യാസീന്‍

സൂക്തങ്ങള്‍: 71-75

വാക്കര്‍ത്ഥം

അവര്‍ കാണുന്നില്ലേ = أَوَلَمْ يَرَوْا
നാം സൃഷ്ടിച്ചത് = أَنَّا خَلَقْنَا
അവര്‍ക്ക് വേണ്ടിയാണെന്ന് = لَهُم
നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍ നിന്നുള്ള = مِّمَّا عَمِلَتْ أَيْدِينَا
കന്നുകാലികളെ = أَنْعَامًا
ഇപ്പോഴവര്‍ = فَهُمْ
അവയെ = لَهَا
അധീനപ്പെടുത്തുന്നുവെന്നും = مَالِكُونَ
നാമവയെ മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു = وَذَلَّلْنَاهَا
അവര്‍ക്ക് വേണ്ടി = لَهُمْ
അവയില്‍ ചിലത് = فَمِنْهَا
അവരുടെ വാഹനമാണ് = رَكُوبُهُمْ
അവയില്‍ ചിലത് = وَمِنْهَا
അവര്‍ ആഹരിക്കുകയും ചെയ്യുന്നു = يَأْكُلُونَ
അവര്‍ക്കുണ്ട് = وَلَهُمْ
അവയില്‍ = فِيهَا
പലപ്രയോജനങ്ങളും = مَنَافِعُ
പാനീയങ്ങളും = وَمَشَارِبُۖ
എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ = أَفَلَا يَشْكُرُونَ
അവര്‍ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു = وَاتَّخَذُوا
അല്ലാഹുവെ കൂടാതെ = مِن دُونِ اللَّهِ
പല ദൈവങ്ങളേയും = آلِهَةً
തങ്ങള്‍ക്ക് സഹായം ലഭിക്കാന്‍ വേണ്ടി = لَّعَلَّهُمْ يُنصَرُونَ
അവക്ക്(ആ ദൈവങ്ങള്‍ക്ക്) സാധ്യമല്ല = لَا يَسْتَطِيعُونَ
ഇവരെ സഹായിക്കാന്‍ = نَصْرَهُمْ
യഥാര്‍ഥത്തിലിവര്‍ = وَهُمْ
അവര്‍ക്കായി(ആ ദൈവങ്ങള്‍ക്കായി) = لَهُمْ
സൈന്യമാണ് = جُندٌ
സജ്ജീകരിക്കപ്പെട്ട = مُّحْضَرُونَ

 أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ ﴿٧١﴾ وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴿٧٢﴾ وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُۖ أَفَلَا يَشْكُرُونَ ﴿٧٣﴾وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لَّعَلَّهُمْ يُنصَرُونَ ﴿٧٤﴾ لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ ﴿٧٥﴾

(71-75) അവര്‍ കാണുന്നില്ലയോ, നമ്മുടെ കരങ്ങളാല്‍60 നിര്‍മിതമായ വസ്തുക്കളില്‍നിന്ന് നാമിവര്‍ക്ക് കന്നുകാലികളെ സൃഷ്ടിച്ചുകൊടുത്തത്? ഇപ്പോഴവര്‍ അവക്കുടമസ്ഥരാണ്. നാം അവയെ ഈവിധം അവരുടെ ശക്തിയിലൊതുക്കിക്കൊടുത്തു. അവയില്‍ ചിലത് അവരുടെ വാഹനമാകുന്നു. ചിലതിനെ ഭക്ഷിക്കുന്നു. അവര്‍ക്ക് അവയില്‍ ബഹുവിധ പ്രയോജനങ്ങളും പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലെന്നോ? ഇതെല്ലാം ഉണ്ടായിട്ടും അവര്‍ അല്ലാഹുവിനെ കൂടാതെ പരദൈവങ്ങളെ സ്വീകരിച്ചുകളഞ്ഞു61--തങ്ങള്‍ തുണക്കപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ. അവര്‍ക്കോ, ഇക്കൂട്ടരെ ഒട്ടും സഹായിക്കാന്‍ കഴിയുകയില്ല. നേരെമറിച്ച്, ഈ ജനം അവര്‍ക്കുവേണ്ടി ഒരുങ്ങിനില്‍ക്കുന്ന പട്ടാളമായിരിക്കുന്നു.62

========

60. 'കരങ്ങള്‍' എന്ന പദം അല്ലാഹുവിനെ സംബന്ധിച്ച് ആലങ്കാരികമായുപയോഗിച്ചതാണ്. വിശുദ്ധമായ ആ അസ്തിത്വത്തിന് ശരീരമുണ്ടെന്നോ (മആദല്ലാഹ്) മനുഷ്യരെപ്പോലെ കൈകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നുവെന്നോ അതിനര്‍ഥമില്ല. നേരെമറിച്ച്, മേല്‍പറഞ്ഞ വസ്തുക്കളെ അല്ലാഹു സ്വയം സൃഷ്ടിച്ചതാണെന്നും അവയുടെ സൃഷ്ടിയില്‍ മറ്റാര്‍ക്കുംതന്നെ അല്‍പംപോലും പങ്കില്ലെന്നുമുള്ള ബോധമുണ്ടാക്കുകയാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം.

61. അനുഗ്രഹദാതാവിനെ വിട്ട്, അനുഗ്രഹങ്ങള്‍ മറ്റാരുടെയെങ്കിലും ദാനമാണെന്ന് ധരിക്കുന്നതും മറ്റാരോടെങ്കിലും കൃതജ്ഞത കാണിക്കുന്നതും മറ്റാരില്‍നിന്നെങ്കിലും അനുഗ്രഹം പ്രതീക്ഷിക്കുന്നതും തേടുന്നതുമെല്ലാം കൃതഘ്‌നതയാണ്. അതുപോലെ, അനുഗ്രഹം നല്‍കിയവന്റെ തൃപ്തിക്ക് വിരുദ്ധമായി അവ ഉപയോഗിക്കുന്നതും കൃതഘ്‌നതതന്നെ. അതിനാല്‍, ബഹുദൈവവിശ്വാസിയോ സത്യനിഷേധിയോ കപടവിശ്വാസിയോ അധര്‍മിയോ ആയ ഒരു മനുഷ്യന്‍ നാവില്‍ കൃതജ്ഞതയുടെ പദങ്ങള്‍ ഉരുവിട്ടതുകൊണ്ടു മാത്രം ദൈവത്തിന്റെ നന്ദിയുള്ള അടിമയായി അംഗീകരിക്കാവതല്ല. മേല്‍പറഞ്ഞ മൃഗങ്ങളെയെല്ലാം അല്ലാഹുവാണ് സൃഷ്ടിച്ചതെന്ന കാര്യം മക്കയിലെ സത്യനിഷേധികള്‍ നിഷേധിച്ചിരുന്നില്ല. അവയുടെ സൃഷ്ടിയില്‍ മറ്റ് ആരാധ്യര്‍ക്ക് വല്ല പങ്കുമുണ്ടെന്നും അവരില്‍ ആരും വാദിച്ചിരുന്നില്ല. എന്നാല്‍, ഇതെല്ലാം അംഗീകരിക്കുന്നതോടൊപ്പം, ദൈവദത്തമായ അനുഗ്രഹങ്ങളുടെ പേരില്‍ അവര്‍ തങ്ങളുടെ മറ്റാരാധ്യന്മാര്‍ക്ക് നന്ദികാണിക്കുകയും നേര്‍ച്ചയും വഴിപാടും സമര്‍പ്പിക്കുകയും അവരോട് കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട്, നാവുകൊണ്ടവര്‍ അല്ലാഹുവിനോട് പ്രകടിപ്പിച്ചിരുന്ന നന്ദി തികച്ചും നിരര്‍ഥമായിരുന്നു. ഇതേ അടിസ്ഥാനത്തില്‍ അല്ലാഹു അവരെ നന്ദികെട്ടവരും കൂറില്ലാത്തവരുമായി പരിഗണിക്കുകയും ചെയ്യുന്നു.

62. അതായത്, നിസ്സഹായരായ ആ വ്യാജദൈവങ്ങള്‍ സ്വന്തം സുരക്ഷിതത്വത്തിനും നിലനില്‍പിനും അത്യാവശ്യങ്ങള്‍ക്കും ഈ ആരാധകരെയാണാശ്രയിക്കുന്നത്. ആരാധകവൃന്ദം ഇല്ലായിരുന്നെങ്കില്‍ ആ പാവങ്ങളുടെ ദിവ്യത്വം ഒരു ദിവസംപോലും നിലനില്‍ക്കുമായിരുന്നില്ല. അവര്‍ ആ ദൈവങ്ങളുടെ സന്നദ്ധസേവകരായ അടിമകളായി നിലകൊള്ളുകയാണ്. അവരവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി അലങ്കരിക്കുന്നു. അവര്‍ക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ട് ഓടിനടക്കുന്നു. ദൈവസൃഷ്ടികളെ അവരുടെ ആരാധകരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ സംരക്ഷണത്തിനായി പടപൊരുതുന്നു. അതുകൊണ്ട് മാത്രമാണ് ആ വ്യാജദൈവങ്ങളുടെ ദിവ്യത്വം നിലനില്‍ക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ അവരെക്കുറിച്ച് ചോദിക്കാന്‍പോലും ആരുമുണ്ടാകുമായിരുന്നില്ല. അംഗീകരിച്ചാലും ഇല്ലെങ്കിലും സ്വന്തം ശക്തികൊണ്ട് മുഴുവന്‍ പ്രപഞ്ചത്തിലും ആധിപത്യം വാഴുന്ന സാക്ഷാല്‍ ദൈവമല്ല അവരെന്നര്‍ഥം.

നാമം

തുടക്കത്തിലുള്ള രണ്ട് അക്ഷരങ്ങളാല്‍ ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

അവതരണം

അധ്യായത്തിന്റെ അവതരണം നബി(സ)യുടെ മക്കാ ജീവിതത്തിന്റെ മധ്യഘട്ടത്തിന്റെ അവസാനത്തിലോ മക്കാജീവിതം അവസാനിക്കുന്ന ഘട്ടത്തിലോ ആയിരിക്കുമെന്നാണ് പ്രതിപാദന ശൈലി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

പ്രതിപാദ്യവിഷയം

മുഹമ്മദീയ പ്രവാചകത്വത്തെ നിഷേധിക്കുകയും അക്രമവും പരിഹാസവും മുഖേന എതിര്‍ക്കുകയും ചെയ്യുന്നതിന്റെ പരിണാമത്തെക്കുറിച്ച് ഖുറൈശികളെ താക്കീതു ചെയ്യുകയാണ് പ്രഭാഷണ ലക്ഷ്യം. അതില്‍ ഭീഷണിയുടെ സ്വരം പ്രകടമായും മികച്ചുനില്‍ക്കുന്നു. എങ്കിലും അടിക്കടി തെളിവുകള്‍ നിരത്തിവെച്ച് യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. മൂന്ന് കാര്യങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ അധ്യായത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഏകദൈവത്വത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും ചൂണ്ടിക്കാണിക്കുന്നു. പാരത്രിക ജീവിതത്തിന് തെളിവായി പ്രാപഞ്ചിക പ്രതിഭാസങ്ങളും സാമാന്യബുദ്ധിയും മനുഷ്യന്റെത്തന്നെ അസ്തിത്വവും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് (സ) പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും മനുഷ്യബുദ്ധിക്കിണങ്ങുന്നതാണ്. അവയെ അംഗീകരിക്കുന്നതിലാണ് ജനങ്ങളുടെ നന്മയെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. സ്വന്തം ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ എണ്ണമറ്റ ക്ലേശങ്ങള്‍ നിസ്വാര്‍ഥമായി സഹിച്ചുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ തെളിവുകളായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളുടെ ബലത്തില്‍ അതിശക്തമായി അടിക്കടി ഉന്നയിക്കപ്പെടുന്ന മുന്നറിയിപ്പുകളും ഭീഷണികളും അധിക്ഷേപങ്ങളും ഉദ്‌ബോധനങ്ങളും ഹൃദയങ്ങളുടെ താഴുകള്‍ തകര്‍ക്കാന്‍ പര്യാപ്തങ്ങളാകുന്നു. സത്യത്തോട് ചെറിയൊരു ചായ്‌വെങ്കിലുമുള്ള മനസ്സുകളെ അവ സ്വാധീനിക്കാതിരിക്കുകയില്ല. യാസീന്‍ ഖുര്‍ആനിന്റെ ഹൃദയം-ഖല്‍ബുല്‍ ഖുര്‍ആന്‍-ആണെന്ന് നബി(സ) പ്രസ്താവിച്ചതായി മഅ്ഖലുബ്‌നു യസാറിN823ല്‍നിന്ന് ഇമാം അഹ്മദ്N1509, അബൂദാവൂദ്N1393, നസാഇN1478, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്H522. സൂറതുല്‍ ഫാതിഹയെ 'ഖുര്‍ആന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ചതുപോലുള്ള ഒരു പ്രയോഗമാണിത്. ഫാതിഹയില്‍, മുഴുവന്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും സാരാംശം അടങ്ങിയിരിക്കുന്നുവെന്നാണതിനര്‍ഥം. യാസീന്‍ ഖുര്‍ആന്റെ തുടിക്കുന്ന ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ടത്, അത് ഖുര്‍ആനിക സന്ദേശത്തെ അതിശക്തിയായി അവതരിപ്പിക്കുക വഴി ബോധമണ്ഡലത്തിന്റെ മരവിപ്പ് അവസാനിപ്പിക്കുകയും ആത്മാവില്‍ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടത്രെ. മഅ്ഖലുബ്‌നു യസാറില്‍നിന്നുതന്നെ ഇമാം അഹ്മദ്, അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ إقرؤا سورة يس على موتاكم (നിങ്ങളില്‍ ആസന്നമരണരായവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍) എന്ന് തിരുമേനി അരുളിയതായി കാണാം. മരണവേളയില്‍ ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഇസ്‌ലാമിക വിശ്വാസങ്ങളെല്ലാം മങ്ങാതെ നില്‍ക്കുമെന്നതു മാത്രമല്ല, അതുകൊണ്ടുള്ള നേട്ടം. പാരത്രിക ജീവിതത്തിന്റെ പൂര്‍ണചിത്രം അവന്റെ മുമ്പില്‍ പ്രത്യേകമായി പ്രത്യക്ഷപ്പെടുമെന്നതും തന്മൂലം ഐഹികജീവിതമെന്ന താവളം പിന്നിട്ടുകഴിഞ്ഞശേഷം ഏതെല്ലാം ഘട്ടങ്ങളാണ് തനിക്ക് അഭിമുഖീകരിക്കാനുള്ളതെന്ന് മനസ്സിലാകുമെന്നതും അതിന്റെ ഫലമത്രെ. അറബിഭാഷ വശമില്ലാത്തവര്‍ക്ക് സൂറതു യാസീന്‍ ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം അതിന്റെ പരിഭാഷകൂടി കേള്‍പ്പിക്കുന്നതാണ് ഈ ലക്ഷ്യം സാധിക്കാന്‍ കൂടുതല്‍ യുക്തമെന്ന് തോന്നുന്നു. എങ്കില്‍ ഉദ്‌ബോധനമെന്ന ദൗത്യം കൂടുതല്‍ നന്നായി നിറവേറുമല്ലോ.

Facebook Comments