അശ്ശൂറ

സൂക്തങ്ങള്‍: 19-26

വാക്കര്‍ത്ഥം

അല്ലാഹു = اللَّهُ
കനിവുള്ളവനാകുന്നു = لَطِيفٌ
തന്റെ ദാസന്മാരോട് = بِعِبَادِهِ
അവന്‍ അന്നം നല്‍കുന്നു = يَرْزُقُ
അവനിഛിക്കുന്നവര്‍ക്ക് = مَن يَشَاءُۖ
അവന്‍ = وَهُوَ
കരുത്തനാണ് = الْقَوِيُّ
അജയ്യനും = الْعَزِيزُ
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍ = مَن كَانَ يُرِيدُ
വിള = حَرْثَ
പരലോകത്തെ = الْآخِرَةِ
നാം വര്‍ദ്ധന നല്‍കും = نَزِدْ
അവന് = لَهُ
അവന്റെ വിളയില്‍ = فِي حَرْثِهِۖ
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍ = وَمَن كَانَ يُرِيدُ
വിള = حَرْثَ
ഇഹലോകത്തെ = الدُّنْيَا
നാമവന് നല്‍കും = نُؤْتِهِ
അതില്‍നിന്ന് = مِنْهَا
അവന്നില്ല = وَمَا لَهُ
പരലോകത്ത് = فِي الْآخِرَةِ
യാതൊരു വിഹിതവും = مِن نَّصِيبٍ
അതല്ല, അവര്‍ക്കുണ്ടോ = أَمْ لَهُمْ
പങ്കാളികള്‍ = شُرَكَاءُ
അവര്‍ നിയമമായി നിശ്ചയിച്ചുകൊടുത്തു = شَرَعُوا
അവര്‍ക്ക് = لَهُم
മതത്തില്‍ = مِّنَ الدِّينِ
അനുവദിച്ചിട്ടില്ലാത്ത കാര്യം = مَا لَمْ يَأْذَن بِهِ
അല്ലാഹു = اللَّهُۚ
ഇല്ലാതിരുന്നുവെങ്കില്‍ = وَلَوْلَا
തീരുമാന വചനം = كَلِمَةُ الْفَصْلِ
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു = لَقُضِيَ
അവര്‍ക്കിടയില്‍ = بَيْنَهُمْۗ
തീര്‍ച്ചയായും അക്രമികള്‍ = وَإِنَّ الظَّالِمِينَ
അവര്‍ക്കുണ്ട് = لَهُمْ
ശിക്ഷ = عَذَابٌ
നോവേറിയ = أَلِيمٌ
നീ കാണും = تَرَى
അക്രമികളെ = الظَّالِمِينَ
പേടിച്ചു വിറക്കുന്നത് = مُشْفِقِينَ
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി = مِمَّا كَسَبُوا
അത് = وَهُوَ
ഭവിക്കുന്നതാകുന്നു = وَاقِعٌ
അവരില്‍ = بِهِمْۗ
യാതൊരു കൂട്ടര്‍ = وَالَّذِينَ
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു = آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
സ്വര്‍ഗീയാരാമങ്ങളിലാണ് = فِي رَوْضَاتِ الْجَنَّاتِۖ
അവര്‍ക്കുണ്ട് = لَهُم
അവരുദ്ദേശിക്കുന്നത് = مَّا يَشَاءُونَ
തങ്ങളുടെ നാഥന്റെയടുത്ത് = عِندَ رَبِّهِمْۚ
അത് തന്നെയാണ് = ذَٰلِكَ هُوَ
അനുഗ്രഹം = الْفَضْلُ
മഹത്തായ = الْكَبِيرُ
അതാണ് = ذَٰلِكَ
ശുഭവാര്‍ത്തയായി നല്‍കുന്നത് = الَّذِي يُبَشِّرُ
അല്ലാഹു = اللَّهُ
തന്റെ ദാസന്മാര്‍ക്ക് = عِبَادَهُ
സത്യവിശ്വാസം സ്വീകരിച്ചവരായ = الَّذِينَ آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِۗ
നീ പറയുക = قُل
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല = لَّا أَسْأَلُكُمْ
ഇതിന്റെപേരില്‍ = عَلَيْهِ
ഒരു പ്രതിഫലവും = أَجْرًا
സ്നേഹമല്ലാതെ = إِلَّا الْمَوَدَّةَ
അടുത്ത ബന്ധത്തിന്റെപേരിലുള്ള = فِي الْقُرْبَىٰۗ
വല്ലവനും പ്രവര്‍ത്തിക്കുകയാണെങ്കില്‍ = وَمَن يَقْتَرِفْ
വല്ല നന്മയും = حَسَنَةً
നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും = نَّزِدْ
അവന്ന് = لَهُ
അതില്‍ = فِيهَا
ഗുണം = حُسْنًاۚ
തീര്‍ച്ചയായും അല്ലാഹു = إِنَّ اللَّهَ
ഏറെ പൊറുക്കുന്നവനാണ് = غَفُورٌ
ഏറ്റവും നന്ദിയുള്ളവനും = شَكُورٌ
അല്ല, അവര്‍ പറയുകയാണോ = أَمْ يَقُولُونَ
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന് = افْتَرَىٰ
അല്ലാഹുവിന്റെപേരില്‍ = عَلَى اللَّهِ
കള്ളം = كَذِبًاۖ
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ = فَإِن يَشَإِ اللَّهُ
അവര്‍ മുദ്രവെക്കുമായിരുന്നു = يَخْتِمْ
നിന്റെ ഹൃദയത്തിന്മല്‍ = عَلَىٰ قَلْبِكَۗ
തുടച്ചുമാറ്റുന്നു = وَيَمْحُ
അല്ലാഹു = اللَّهُ
അസത്യത്തെ = الْبَاطِلَ
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു = وَيُحِقُّ
സത്യത്തെ = الْحَقَّ
തന്റെ വചനങ്ങളിലൂടെ = بِكَلِمَاتِهِۚ
തീര്‍ച്ചയായും അവന്‍ = إِنَّهُ
നന്നായറിയുന്നവനാണ് = عَلِيمٌ
ഹൃദയങ്ങളിലുള്ളത് = بِذَاتِ الصُّدُورِ
അവന്‍ = وَهُوَ
സ്വീകരിക്കുന്നവനാണ് = الَّذِي يَقْبَلُ
പശ്ചാത്താപം = التَّوْبَةَ
തന്റെ ദാസന്മാരില്‍നിന്ന് = عَنْ عِبَادِهِ
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു = وَيَعْفُو
ദുഷ്കൃത്യങ്ങള്‍ക്ക് = عَنِ السَّيِّئَاتِ
അവന്‍ അറിയുകയും ചെയ്യുന്നു = وَيَعْلَمُ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് = مَا تَفْعَلُونَ
അവന്‍ ഉത്തരം നല്‍കുന്നു = وَيَسْتَجِيبُ
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് = الَّذِينَ آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു = وَيَزِيدُهُم
തന്റെ അനുഗ്രഹത്തില്‍നിന്ന് = مِّن فَضْلِهِۚ
സത്യനിഷേധികള്‍ = وَالْكَافِرُونَ
അവര്‍ക്കുണ്ട് = لَهُمْ
ശിക്ഷ = عَذَابٌ
കഠിനമായ = شَدِيدٌ

اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُۖ وَهُوَ الْقَوِيُّ الْعَزِيزُ ﴿١٩﴾ مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ ﴿٢٠﴾

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴿٢١﴾ تَرَى الظَّالِمِينَ مُشْفِقِينَمِمَّا كَسَبُوا وَهُوَ وَاقِعٌ بِهِمْۗ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِۖ لَهُم مَّا يَشَاءُونَ عِندَ رَبِّهِمْۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ ﴿٢٢﴾ ذَٰلِكَالَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًاۚ إِنَّ اللَّهَغَفُورٌ شَكُورٌ ﴿٢٣﴾

أَمْ يَقُولُونَ افْتَرَىٰ عَلَى اللَّهِ كَذِبًاۖ فَإِن يَشَإِ اللَّهُ يَخْتِمْ عَلَىٰ قَلْبِكَۗ وَيَمْحُ اللَّهُ الْبَاطِلَ وَيُحِقُّ الْحَقَّ بِكَلِمَاتِهِۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ﴿٢٤﴾ وَهُوَ الَّذِي يَقْبَلُالتَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ ﴿٢٥﴾ وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِۚ وَالْكَافِرُونَ لَهُمْ عَذَابٌشَدِيدٌ ﴿٢٦﴾

(19-20) അല്ലാഹു അവന്റെ ദാസന്മാരോട് വളരെ കനിവുള്ളവനാകുന്നു.34 അവനിച്ഛിക്കുന്നവര്‍ക്ക് നല്‍കുന്നു.35 അവന്‍ അതിശക്തനും അജയ്യനുമല്ലോ.36 ആര്‍ പരലോകവിള കാംക്ഷിക്കുന്നുവോ, അവന്നു നാം ആ വിള വളര്‍ത്തിക്കൊടുക്കുന്നതാകുന്നു. ഐഹികവിള കാംക്ഷിക്കുന്നവന്നോ, നാമത് ഇഹത്തില്‍നിന്നുതന്നെ നല്‍കുന്നു. പക്ഷേ, പരലോകത്തില്‍ അവന്ന് ഒരു വിഹിതവുമുണ്ടായിരിക്കുന്നതല്ല37 .

(21-23) ഈ ജനത്തിന് അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ധര്‍മമാര്‍ഗം നിയമിച്ചുകൊടുത്ത പങ്കാളികളുണ്ടെന്നോ.38 തീരുമാനവചനം ഉണ്ടായിരുന്നില്ലെങ്കില്‍ അവരുടെ വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.39 നിശ്ചയം, ഈ ധിക്കാരികള്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. ഈ ധിക്കാരികള്‍ അവരുടെ കര്‍മഫലങ്ങളില്‍ വിഹ്വലരാകുന്നത് നീ കാണാന്‍ പോകുന്നു. അത് അവരെ ബാധിക്കുകതന്നെ ചെയ്യും. നേരെമറിച്ച്, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവര്‍, സ്വര്‍ഗീയോദ്യാനങ്ങളിലായിരിക്കും. അവരുടെ റബ്ബിങ്കല്‍ അവരിച്ഛിക്കുന്നതെന്തും ലഭിക്കുന്നു. ഇതുതന്നെയാകുന്നു മഹത്തായ അനുഗ്രഹം. ഇതത്രെ, വിശ്വസിച്ചവരും സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചവരുമായ ദൈവദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന സുവിശേഷം. പ്രവാചകന്‍, ജനത്തോട് പറയുക: ഈ ദൗത്യത്തിന് ഒരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല;40 പക്ഷേ, കുടുംബസ്‌നേഹം തീര്‍ച്ചയായും കാംക്ഷിക്കുന്നു.41വല്ലവനും നന്മയാര്‍ജിക്കുകയാണെങ്കില്‍, നാം അവന്ന് ആ നന്മയില്‍ വളരെ വര്‍ധനവുണ്ടാക്കിക്കൊടുക്കുന്നു. അല്ലാഹു വളരെ മാപ്പരുളുന്നവനും മൂല്യമംഗീകരിക്കുന്നവനുമല്ലോ42 .

(24-26) ഇദ്ദേഹം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഈ ജനം പറയുന്നത്?43 അല്ലാഹുവിന്‌ വേണമെങ്കില്‍ നിന്റെ ഹൃദയത്തിനും മുദ്രവെക്കാമായിരുന്നു.44 എന്നാല്‍, അവന്‍ മിഥ്യയെ തുടച്ചുമാറ്റുകയും തന്റെ ശാസനകളാല്‍ സത്യത്തെ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുകയുമാകുന്നു.45 മാറിടങ്ങളിലൊളിച്ചിരിക്കുന്ന രഹസ്യങ്ങളറിയുന്നവനല്ലോ അവന്‍.46 ദാസന്മാരില്‍നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്.47 അവന്‍ സത്യവിശ്വാസികളും സച്ചരിതരുമായവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കുകയും അവര്‍ക്ക് തന്റെ അനുഗ്രഹം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യനിഷേധികളോ, അവര്‍ക്കുള്ളത് ഘോരമായ ശിക്ഷയാകുന്നു.

=============

34. മൂലത്തിലുപയോഗിച്ച لَطِيفٌ എന്ന പദത്തിന്റെ അര്‍ഥം മുഴുവന്‍ 'കനിവുള്ളവന്‍' എന്ന പദത്തിലൂടെ പ്രകടമാകുന്നില്ല. ഈ പദം രണ്ടര്‍ഥമുള്‍ക്കൊള്ളുന്നുണ്ട്: ഒന്ന്, അല്ലാഹുവിന് തന്റെ ദാസന്മാരോട് വലിയ കാരുണ്യവും ദാക്ഷിണ്യവുമുണ്ട്. രണ്ട്, അവന്‍ വളരെ സൂക്ഷ്മ ദൃഷ്ടിയോടെ സൃഷ്ടികളുടെ അതിസൂക്ഷ്മമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നു. അവിടെയൊന്നും മറ്റാരുടെയും കണ്ണെത്തുകയില്ല. അടിമതന്നെ അറിയാത്ത നിലയില്‍ അവന്റെ ആവശ്യങ്ങളെല്ലാം അല്ലാഹു നിര്‍വഹിച്ചുകൊടുക്കുകയും ചെയ്യുന്നു. തന്റെ ഏതാവശ്യം, എപ്പോള്‍, എങ്ങനെ നിര്‍വഹിക്കപ്പെട്ടുവെന്ന് അവന്‍ അറിയുന്നില്ല. ഇവിടെ 'ദാസന്മാര്‍' എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് വിശ്വാസികളെ മാത്രമല്ല, എല്ലാ ദൈവദാസന്മാരെയുമാണ്. അതായത്, അല്ലാഹുവിന്റെ ഈ കനിവ് എല്ലാ അടിമകളോടും പൊതുവായിട്ടുള്ളതാണ്.

35. എല്ലാ ദാസന്മാര്‍ക്കും ഒരുപോലെ ലഭിക്കുകയെന്നത് ഈ പൊതുകാരുണ്യത്തിന്റെ താല്‍പര്യമല്ല; അവന്‍ തന്റെ ഖജനാവുകളില്‍നിന്ന് എല്ലാവര്‍ക്കും നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും. പക്ഷേ, ഈ നല്‍കലില്‍ സമത്വമില്ല. ഒരുവന്ന് ഒരു വസ്തു നല്‍കുമ്പോള്‍ മറ്റൊരുവന്ന് മറ്റൊരു വസ്തുവാണ് നല്‍കുക. ഒരാള്‍ക്ക് ഒരു സാധനം അധികമായി നല്‍കുമ്പോള്‍ മറ്റൊരാള്‍ക്ക് മറ്റൊരു സാധനം ധാരാളമായി നല്‍കുന്നു.

36. അവന്റെ ഔദാര്യത്തിന്റെയും ദാനത്തിന്റെയും ഈ വ്യവസ്ഥ തന്റെ സ്വന്തം ശക്തിയാല്‍ സ്ഥാപിതമായതാകുന്നു. അതില്‍ ഭേദഗതി വരുത്താനാര്‍ക്കും സാധ്യമല്ല. ബലാല്‍ക്കാരം അവനില്‍നിന്ന് വല്ലതും പിടിച്ചെടുക്കാനും ആര്‍ക്കും സാധ്യമല്ല. അവന്‍ വല്ലവര്‍ക്കും നല്‍കുന്നത് തടയാന്‍ കഴിയുന്നവരും ആരുമില്ല.

37. മുന്‍ സൂക്തത്തില്‍ നാം സദാ എങ്ങും കണ്ടുകൊണ്ടിരിക്കുന്ന രണ്ട് യാഥാര്‍ഥ്യങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, അല്ലാഹുവിന്റെ കനിവും കാരുണ്യവും എല്ലാ ദാസന്മാര്‍ക്കും പൊതുവായിട്ടുള്ളതാകുന്നു. രണ്ട്, അവന്റെ ഔദാര്യവും വിഭവദാനവും എല്ലാവര്‍ക്കും ഒരുപോലെയല്ല. അതില്‍ വ്യത്യാസങ്ങളും ഏറ്റക്കുറവുകളും കാണപ്പെടുന്നു. ഈ കനിവിന്റെയും വിഭവ ദാനത്തിന്റെയും വിശദാംശങ്ങളില്‍ എണ്ണമറ്റ ഏറ്റവ്യത്യാസങ്ങളുണ്ടെങ്കിലും അതോടൊപ്പം വളരെ വലിയ ഒരു മൗലിക വ്യത്യാസവും കൂടിയുണ്ട് എന്നാണിവിടെ പറയുന്നത്. പരലോകം തേടുന്നവര്‍ക്ക് ഒരു തരത്തിലുള്ള വിഭവവും ഇഹലോകം തേടുന്നവര്‍ക്ക് മറ്റൊരു തരത്തിലുള്ള വിഭവവും എന്നതാണത്. ഈ സംക്ഷിപ്ത വാക്കുകളിലരുളപ്പെട്ട സുപ്രധാനമായ ഒരു യാഥാര്‍ഥ്യമാണിത്. അത് വിശദമായി ഗ്രഹിച്ചിരിക്കേണ്ടതാവശ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍, അത് ഓരോ മനുഷ്യനെയും തന്റെ നിലപാട് നിര്‍ണയിക്കാന്‍ സഹായിക്കുന്നു. ഇഹം, പരം- അതു രണ്ടിനും വേണ്ടി അധ്വാന പരിശ്രമങ്ങള്‍ ചെയ്യുന്നവരെ ഈ സൂക്തം കര്‍ഷകനോടുപമിച്ചിരിക്കുന്നു. മണ്ണൊരുക്കുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ അയാള്‍ അര്‍പ്പണബോധത്തോടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നു. തന്റെ വയലില്‍ താന്‍ വിതച്ച വിള കൊയ്‌തെടുക്കുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഈ അധ്വാനങ്ങളെല്ലാം അര്‍പ്പിക്കുന്നത്. പക്ഷേ, ഉദ്ദേശ്യലക്ഷ്യങ്ങളുടെ വ്യത്യാസം പ്രവര്‍ത്തനരീതിയിലും വലിയൊരളവോളം വ്യത്യാസമുണ്ടാക്കും. പാരത്രിക വിളയിറക്കുന്ന കര്‍ഷകനും ഐഹിക വിളയിറക്കുന്ന കര്‍ഷകനും തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. അതിനാല്‍, രണ്ടുപേരുടെയും അധ്വാനഫലങ്ങളെയും അല്ലാഹു വ്യത്യസ്തമാക്കിയിരിക്കുന്നു-- രണ്ടുപേരുടെയും പ്രവര്‍ത്തനസ്ഥലം ഒന്നുതന്നെയാണെങ്കിലും. പാരത്രിക വിളയിറക്കുന്ന കര്‍ഷകന്ന് ഇഹലോകം കിട്ടുകയില്ല എന്ന് അല്ലാഹു പറയുന്നില്ല. ഏറിയോ കുറഞ്ഞോ ഇഹലോകവും അവന്നു കിട്ടുകതന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍, ഇവിടെ അല്ലാഹുവിന്റെ പൊതുവായ കാരുണ്യത്തില്‍ അവന്നും വിഹിതമുണ്ട്. നല്ലവര്‍ക്കും ചീത്തയാളുകള്‍ക്കും ഇവിടെ വിഭവം ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എങ്കിലും അല്ലാഹു അവന്ന് നല്‍കുന്ന സുവാര്‍ത്ത ഇഹലോകം ലഭിക്കുന്നതിനെക്കുറിച്ചല്ല; പ്രത്യുത, അവന്റെ പാരത്രിക വിള സമൃദ്ധമാകുമെന്നാണവനറിയിക്കുന്നത്. അവന്‍ തേടുന്നതതാണല്ലോ. അതുകൊണ്ട് അവന്റെ ചിന്തയും അതുസംബന്ധിച്ചായിരിക്കും. ഈ സമൃദ്ധിക്ക് പല രൂപങ്ങളുണ്ട്. ഒരാള്‍ എത്രത്തോളം സദുദ്ദേശ്യത്തോടെ പരലോകത്തിനുവേണ്ടി സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നുവോ അയാള്‍ക്ക് അല്ലാഹു കൂടുതല്‍ കൂടുതല്‍ നന്മകള്‍ പ്രവര്‍ത്തിക്കാന്‍ ഉതവിയേകുന്നു. അവന്റെ മനസ്സ് നന്മകള്‍ക്കായി തുറന്നുവെക്കപ്പെടുന്നു. വിശുദ്ധ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിശുദ്ധമാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ തയ്യാറാകുമ്പോള്‍ അല്ലാഹു അവന്ന് വിശുദ്ധ മാര്‍ഗങ്ങള്‍തന്നെ പെരുപ്പിച്ചുകൊടുക്കുന്നു. നന്മയുടെ കവാടങ്ങളെല്ലാം അടയ്ക്കപ്പെട്ടതും തിന്മയുടെ കവാടങ്ങള്‍ മാത്രം തുറക്കപ്പെട്ടതുമായ ഒരു സ്ഥിതിവിശേഷം അവന്നുണ്ടാവുകയില്ല. സര്‍വോപരി ഇഹലോകത്തിലെ നന്നെച്ചെറിയ ഒരു നന്മപോലും പരലോകത്ത് കുറഞ്ഞത് പത്തിരട്ടിയെങ്കിലും വളര്‍ത്തപ്പെടുന്നു. അതിന്റെ വളര്‍ച്ചയുടെ കൂടലിനാകട്ടെ ഒരതിരുമില്ല. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ആയിരക്കണക്കിനും ലക്ഷക്കണക്കിനുമിരട്ടികള്‍ വര്‍ധിപ്പിച്ചുകൊടുക്കും. ഇവിടെ പരലോകം കാംക്ഷിക്കാതെ ഈ ലോകത്തിനുവേണ്ടി കൃഷിയിറക്കുകയും എല്ലാം ഈ ലോകത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹു അവന്റെ പ്രയത്‌നത്തിന്റെ രണ്ട് അനന്തരഫലങ്ങള്‍ പറഞ്ഞുകൊടുത്തിരിക്കുന്നു. ഒന്ന്: അവന്‍ എത്ര തലതല്ലിയാലും എത്രത്തോളം ഐഹികനേട്ടങ്ങളാര്‍ജിക്കാന്‍ ശ്രമിച്ചാലും അത് മുഴുവനുമൊന്നും കിട്ടാന്‍പോകുന്നില്ല. അല്ലാഹു അവനു നിശ്ചയിച്ചിട്ടുള്ള വിഹിതം മാത്രമേ കിട്ടൂ. രണ്ട്: അവന്നു കിട്ടുന്നതെന്താവട്ടെ, അത് ഇഹലോകത്തു മാത്രമേ കിട്ടുന്നുള്ളൂ. പാരത്രിക നന്മകളില്‍ ഒരു പങ്കുമുണ്ടായിരിക്കുകയില്ല.

38. ഇവിടെ 'പങ്കാളി' എന്നതുകൊണ്ട് വിവക്ഷിച്ചത്, ആളുകള്‍ പ്രാര്‍ഥിക്കുകയോ നേര്‍ച്ചാ വഴിപാടുകളര്‍പ്പിക്കുകയോ പൂജാദി കര്‍മങ്ങളനുഷ്ഠിക്കുകയോ ചെയ്യുന്ന മൂര്‍ത്തികളെയല്ല; പ്രത്യുത, ജനങ്ങള്‍ അധികാര ഭരണങ്ങളിലെ പങ്കാളികളായി അംഗീകരിച്ചവരെയാണ്. ആരുടെ തത്ത്വശാസ്ത്രങ്ങളിലും സിദ്ധാന്തങ്ങളിലും ദര്‍ശനങ്ങളിലുമാണോ ആളുകള്‍ വിശ്വാസം കൊള്ളുന്നത്, ആരു നല്‍കിയ മൂല്യങ്ങളാണോ സ്വീകരിക്കുന്നത്, ആരവതരിപ്പിച്ച ധാര്‍മിക തത്ത്വങ്ങളും സാംസ്‌കാരിക- നാഗരിക മാനദണ്ഡങ്ങളുമാണോ അംഗീകരിക്കുന്നത്, ആരു നിശ്ചയിച്ച നിയമവ്യവസ്ഥകളും ചട്ടങ്ങളുമാണോ മതപരമായ അനുഷ്ഠാനങ്ങളിലും ആരാധനകളിലും സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഇടപാടുകളിലും കൊള്ളക്കൊടുക്കകളിലും നീതിന്യായങ്ങളിലും രാഷ്ട്രീയത്തിലും ഭരണത്തിലും തങ്ങള്‍ പിന്തുടരേണ്ട ശരീഅത്ത്-നിയമസംഹിത- അതുതന്നെയാണ് എന്ന നിലയില്‍ അനുസരിക്കുന്നത്, അവരെയാണ് ഇവിടെ 'പങ്കാളികള്‍' എന്നുപറഞ്ഞിട്ടുള്ളത്. അത്തരം പ്രമാണങ്ങളും തത്ത്വങ്ങളും മാനദണ്ഡങ്ങളും എല്ലാം അല്ലാഹുവിന്റെ അനുമതിയില്ലാതെ അവയുടെ ഉപജ്ഞാതാക്കള്‍ ആവിഷ്‌കരിച്ചതും അനുകര്‍ത്താക്കള്‍ അംഗീകരിച്ചതും സര്‍വലോകനാഥന്റെ ദീനിനു വിരുദ്ധമായതുമായ ദീനാകുന്നു. ദൈവേതരന്മാരെ പ്രണമിക്കുകയും ദൈവേതരന്മാരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് എപ്രകാരമുള്ള ശിര്‍ക്കാണോ അപ്രകാരമുള്ള ശിര്‍ക്കുതന്നെയാണതും.

39. അതായത്, അന്തിമ വിധിത്തീര്‍പ്പ് അന്ത്യനാളിലേക്ക് നീട്ടിവെച്ചിട്ടില്ലായിരുന്നുവെങ്കില്‍, അല്ലാഹുവിന്റെ അടിമയായിക്കൊണ്ട് അല്ലാഹുവിന്റെ ഭൂമിയില്‍ സ്വയം ദീന്‍ നടത്തുക എന്ന കടുത്ത ധാര്‍ഷ്ട്യം കാണിക്കുന്ന ഏവനും ഈ ലോകത്തുവെച്ചുതന്നെ കഠിനമായി ശിക്ഷിക്കപ്പെടുമായിരുന്നു. അല്ലാഹുവിന്റെ ദീന്‍ വെടിഞ്ഞ് ഇതരന്മാരാല്‍ നിര്‍മിക്കപ്പെട്ട ദീന്‍ സ്വീകരിക്കുന്ന സകല ജനവും നശിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നു.

40. ജനങ്ങളെ ദൈവിക ശിക്ഷയില്‍നിന്ന് മുക്തരാക്കാനും സ്വര്‍ഗ സുവാര്‍ത്തക്കര്‍ഹരാക്കാനും നബി(സ) നടത്തിക്കൊണ്ടിരുന്ന യത്‌നമാണ് 'ഈ ദൗത്യം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

41. اِلاَّ الْمَوَدَّةَ فِى الْقُرْبَى എന്നാണ് മൂലവാക്യം. ''പ്രതിഫലമൊന്നും വേണ്ട. 'ഖുര്‍ബാ'യോടുള്ള മൈത്രി മാത്രം മതി.'' ഇതിലെ 'ഖുര്‍ബാ' എന്ന പദത്തിന്റെ ആശയം സംബന്ധിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വമ്പിച്ച തര്‍ക്കമുണ്ട്. ഒരുകൂട്ടര്‍ അതിന് (വംശബന്ധം) എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. സൂക്തത്തിന്റെ ആശയം അവര്‍ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: ഈ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്നാല്‍, നന്നെച്ചുരുങ്ങിയത് നിങ്ങള്‍ ഖുറൈശികള്‍, ഞാനും നിങ്ങളും തമ്മിലുള്ള വംശബന്ധമെങ്കിലും പരിഗണിക്കണമെന്ന് തീര്‍ച്ചയായും ഞാനാഗ്രഹിക്കുന്നു. യഥാര്‍ഥത്തില്‍ വേണ്ടത് നിങ്ങള്‍ എന്റെ പ്രബോധനം സ്വീകരിക്കുകയാണ്. അത് നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, മറ്റ് അറബികളേക്കാള്‍ മുമ്പേ നിങ്ങള്‍ എന്നോടുള്ള ശത്രുതയാല്‍ തുള്ളാതിരിക്കുകയെങ്കിലും ചെയ്യണം.

42. അതായത്, മനഃപൂര്‍വം ധിക്കാരമനുവര്‍ത്തിക്കുന്നവര്‍ക്ക് വിപരീതമായി നന്മക്കുവേണ്ടി പരിശ്രമിക്കുന്ന ദാസന്മാരോടുള്ള അല്ലാഹുവിന്റെ സമീപനം ഇപ്രകാരമായിരിക്കും: 1) അവര്‍ എത്രത്തോളം നന്മക്കുവേണ്ടി പരിശ്രമിക്കുന്നുവോ, അതിലേറെ നന്മ അല്ലാഹു അവര്‍ക്കുണ്ടാക്കിക്കൊടുക്കുന്നു. 2) അവരില്‍നിന്നുണ്ടാകുന്ന വീഴ്ചകള്‍ അല്ലെങ്കില്‍ നന്മക്കുവേണ്ടി പരിശ്രമിക്കുന്നതോടൊപ്പംതന്നെ അവരില്‍നിന്ന് വല്ല കുറ്റങ്ങളും സംഭവിച്ചുപോയാല്‍ അല്ലാഹു അത് പൊറുത്തുകൊടുക്കുന്നു. 3) അവരുടെ നന്നെച്ചെറിയ നന്മകളാകുന്ന മൂലധനം പോലും അല്ലാഹു പരിഗണിക്കുകയും മൂല്യം കല്‍പിക്കുകയും ചെയ്തുകൊണ്ട് വലുതായ പ്രതിഫലമരുളുന്നു.

43. ഈ ചോദ്യവാക്യത്തില്‍ കടുത്ത ആക്ഷേപധ്വനിയാണുള്ളത്. താല്‍പര്യമിതാണ്: താങ്കളെപ്പോലൊരാള്‍ കള്ളം കെട്ടിപ്പറഞ്ഞുവെന്ന, അതും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറഞ്ഞുവെന്ന, മഹാ കുറ്റാരോപണം നടത്തിയിട്ട് ഒരു നാണക്കേടും തോന്നാതിരിക്കാന്‍ മാത്രം ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞവരോ ഇക്കൂട്ടര്‍? ഈ ഖുര്‍ആന്‍ താങ്കള്‍ സ്വയം കെട്ടിച്ചമച്ച് അല്ലാഹുവിലേക്ക് ചേര്‍ക്കുകയാണെന്നാണല്ലോ ഇവര്‍ ആരോപിക്കുന്നത്.

44. ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെട്ടവരേ ഇത്രവലിയ കള്ളം പറയൂ എന്ന് സാരം. അല്ലാഹു വിചാരിക്കുകയാണെങ്കില്‍ നിങ്ങളെയും അക്കൂട്ടത്തില്‍ പെടുത്താം. എന്നാല്‍, ആ വിഭാഗത്തില്‍നിന്ന് അകറ്റിനിര്‍ത്തിയത് അവന്റെ അനുഗ്രഹമാകുന്നു. ഈ മറുപടിയില്‍ നബി(സ)യുടെ പേരില്‍ ഈ കുറ്റാരോപണം നടത്തിയവരുടെനേരെ രൂക്ഷമായ പരിഹാസവുമുണ്ട്. വിവക്ഷയിതാണ്: പ്രവാചകരേ, ഇവര്‍ താങ്കളെയും ഇവരുടെ മട്ടിലുള്ള ഒരുവനായിട്ടാണ് കരുതിയിരിക്കുന്നത്. സ്വന്തം കാര്യലാഭങ്ങള്‍ക്കുവേണ്ടി ഏത് മഹാകളവും പറയാന്‍ ഇവര്‍ക്കശേഷം സങ്കോചമില്ല. താങ്കളും അതുപോലെ സ്വന്തം കട ചമയിക്കാന്‍ ഒരു കള്ളം തട്ടിപ്പടച്ചിരിക്കുകയാണെന്നാണ് ഇവര്‍ വിചാരിക്കുന്നത്. പക്ഷേ, ഇവരുടെ ഹൃദയം മുദ്രവെക്കപ്പെട്ടതുപോലെ, ദൈവകൃപയാല്‍ താങ്കളുടെ ഹൃദയം മുദ്രവെക്കപ്പെട്ടിട്ടില്ല.

45. അതായത്, മിഥ്യക്ക് നിലനില്‍പേകാതിരിക്കുകയും ഒടുവില്‍ സത്യത്തെത്തന്നെ സാക്ഷാത്കരിക്കുകയുമാണ് അല്ലാഹുവിന്റെ സമ്പ്രദായം. അതിനാല്‍ പ്രവാചകരേ, താങ്കള്‍ ഈ വ്യാജമായ കുറ്റാരോപണങ്ങളെയൊന്നും തരിമ്പും സാരമാക്കേണ്ടതില്ല. സ്വന്തം ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുക. ഈ വ്യാജങ്ങളെല്ലാം ധൂളികണക്കെ പാറിപ്പോകുന്ന ഒരവസരം വരുന്നുണ്ട്. താങ്കള്‍ അവതരിപ്പിക്കുന്ന ഈ സന്ദേശത്തിന്റെ യാഥാര്‍ഥ്യം അന്ന് നഗ്‌നദൃഷ്ടികള്‍ക്ക് പ്രത്യക്ഷമാകും.

46. ഇവരെന്തുകൊണ്ട് താങ്കളുടെ നേരെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നുവെന്നും താങ്കളെ പരാജയപ്പെടുത്താന്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹസങ്ങളുടെയെല്ലാം പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമാണെന്നും അവന്ന് നന്നായറിയാമെന്നര്‍ഥം.

47. കഴിഞ്ഞ സൂക്തത്തെ തുടര്‍ന്ന് ഇവിടെ പശ്ചാത്താപത്തിന് പ്രേരിപ്പിക്കുന്നതില്‍നിന്ന് വ്യക്തമാകുന്ന ആശയമിതാണ്: അധര്‍മികളേ, സത്യപ്രവാചകന്റെ പേരില്‍ കള്ളാരോപണങ്ങളുന്നയിച്ചുകൊണ്ട് കൂടുതല്‍ ദൈവശിക്ഷക്ക് അവകാശികളായിത്തീരുന്നതെന്തിന്? ഇനിയെങ്കിലും ഈ ചെയ്തി വര്‍ജിച്ച് പശ്ചാത്തപിക്കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകും. തൗബ(പശ്ചാത്താപത്തിന്റെ)യുടെ അര്‍ഥമിതാകുന്നു: താന്‍ ചെയ്തുപോയ തെറ്റില്‍ ദുഃഖിക്കുക, അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റില്‍നിന്ന് മാറിനില്‍ക്കുകയും പിന്നീട് അതില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക. നേരത്തേ ചെയ്തുപോയ പാപങ്ങളുടെ പരിഹാരാര്‍ഥം കഴിവിന്റെ പരമാവധി പരിശ്രമിക്കുകയെന്നതും സത്യസന്ധമായ പശ്ചാത്താപത്തിന്റെ അനിവാര്യ താല്‍പര്യമാകുന്നു. ഒരുവിധത്തിലും പരിഹരിക്കാനാവാത്തതാണെങ്കില്‍ അല്ലാഹുവിനോട് മാപ്പിരന്നുകൊണ്ടും കൂടുതല്‍ കൂടുതല്‍ പുണ്യങ്ങളനുഷ്ഠിച്ചുകൊണ്ടും തന്റെ തുണിയില്‍ പുരണ്ട ആ കറ മായ്ക്കാന്‍ ശ്രമിക്കുക. എന്നാല്‍, അല്ലാഹുവിനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ ഒരു പശ്ചാത്താപവും (തൗബ) യഥാര്‍ഥ പശ്ചാത്താപമാവുകയില്ല. മറ്റേതെങ്കിലും ലക്ഷ്യത്തോടെ ഒരു ദുര്‍വൃത്തി വര്‍ജിക്കുന്നത് തൗബയുടെ നിര്‍വചനത്തിലേ പെടുന്നില്ല.

നാമം

'ശൂറാ' എന്ന നാമം അധ്യായത്തിലെ 38-ആം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

പ്രബലമായ നിവേദനങ്ങളിലൂടെ വ്യക്തമാകുന്നില്ലെങ്കിലും ഉള്ളടക്കത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ അധ്യായം സൂറ ഹാമീം അസ്സജദയുടെ അവതരണത്തിന് തൊട്ടുടനെ അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഒരുവശത്ത് പ്രസ്തുത സൂറയുടെ ഒരു പൂരകമാണിതെന്നു തോന്നും. ആദ്യം ഹാമീം അസ്സജദ ശ്രദ്ധാപൂര്‍വം വായിക്കുകയും തുടര്‍ന്ന് ഈ സൂറ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ ആദ്യ സൂറയില്‍ കാണുന്നതിതാണ്: ഖുറൈശി നേതാക്കളുടെ അന്ധവും ബധിരവുമായ സത്യനിഷേധത്തിന് കനത്ത ആഘാതമേല്‍പിക്കുന്നു. മക്കയിലും പരിസരത്തും ധര്‍മബോധവും മാന്യതയും യുക്തിവിചാരവും അല്‍പമെങ്കിലും അവശേഷിച്ചിട്ടുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതുവഴി സമുദായ നേതാക്കള്‍ മുഹമ്മദ് നബി (സ)യെ എതിര്‍ക്കുന്നതില്‍ എന്തുമാത്രം നീചവും നികൃഷ്ടവുമായ ചെയ്തികളാണവലംബിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനെതിരെ നബി(സ) സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം മാന്യവും സംസ്‌കാരസമ്പന്നവും ബുദ്ധിപൂര്‍വവുമാണ്. ഈ ഉണര്‍ത്തലിന്റെ ഉടനെ ഈ സൂറയില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കപ്പെടുന്നു. ഹൃദയാവര്‍ജകമായ രീതിയില്‍ മുഹമ്മദീയ ദൗത്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നു. ഹൃദയാന്തരാളത്തില്‍ അല്‍പമെങ്കിലും സത്യത്തോടുള്ള താല്‍പര്യം നിലനില്‍ക്കുന്നവരും ജാഹിലിയ്യത്തിനോടുള്ള പ്രേമത്താല്‍ തികച്ചും അന്ധരായിത്തീരാത്തവരുമായ ആര്‍ക്കും അതിന്റെ സ്വാധീനം സ്വീകരിക്കാതിരിക്കാനാവില്ല.

ഉള്ളടക്കം

തുടങ്ങുന്നതിങ്ങനെയാണ്: നമ്മുടെ ദൂതന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ നിങ്ങള്‍ എന്തെല്ലാം വിതണ്ഡവാദങ്ങളാണുന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സന്ദേശം പുതിയതോ വിചിത്രമായതോ അല്ല. ഒരു മനുഷ്യന്ന് ദിവ്യബോധനം ലഭിക്കുക, അദ്ദേഹം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശകനാക്കപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ചരിത്രത്തില്‍ ആദ്യമായുണ്ടാകുന്ന അപൂര്‍വ സംഭവവുമല്ല. ഇതേ ദിവ്യസന്ദേശങ്ങളും ഇതേ രീതിയിലുള്ള മാര്‍ഗദര്‍ശനങ്ങളുമായി അല്ലാഹു ഇദ്ദേഹത്തിനു മുമ്പും തുടര്‍ച്ചയായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആകാശഭൂമികളുടെ ഉടമയും അധിപനുമായവന്‍ ആരാധ്യനായ ദൈവമായി അംഗീകരിക്കപ്പെടുക എന്നതല്ല അദ്ഭുതാവഹമായ പുതുമ. മറിച്ച്, ആകാശഭൂമികള്‍ക്കുടയവന്റെ അടിമകളായിക്കൊണ്ട്, അവന്റെ ദിവ്യത്വത്തിന്‍ കീഴില്‍ വാണുകൊണ്ട് മറ്റുള്ളവര്‍ക്ക് ആരാധ്യതയും ദിവ്യത്വവും അംഗീകരിച്ചുകൊടുക്കുക എന്നതത്രേ വിചിത്രമായ സംഗതി. ഏകദൈവത്വം പ്രചരിപ്പിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുന്നു. എന്നാല്‍, ദൈവത്തിന് പങ്കാളികളെ ആരോപിക്കുക വഴി നിങ്ങള്‍ ചെയ്യുന്നത് ആകാശം ഇടിഞ്ഞുവീഴത്തക്ക ഭയങ്കരമായ പാപമാകുന്നു. നിങ്ങളുടെ ഈ ധാര്‍ഷ്ട്യത്തില്‍ മലക്കുകള്‍ വിഹ്വലരാകുന്നു. എപ്പോഴാണ് നിങ്ങളുടെ മേല്‍ ദൈവകോപം പൊട്ടിവീഴുന്നതെന്ന് ഭയന്നുകൊണ്ടിരിക്കുകയാണവര്‍. അനന്തരം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഒരാള്‍ പ്രവാചകനായി നിയുക്തനാവുകയും അയാള്‍ നബി എന്ന നിലയില്‍ രംഗത്തുവരുകയും ചെയ്യുന്നതിന്, അയാള്‍ ദൈവദാസന്മാരുടെ ഭാഗധേയങ്ങള്‍ക്കുടയവനാക്കപ്പെട്ടിരിക്കുന്നുവെന്നോ അങ്ങനെയൊരു വാദവുമായാണയാള്‍ രംഗത്തുവരുന്നതെന്നോ അര്‍ഥമില്ല. ഭാഗധേയങ്ങളൊക്കെ അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. പ്രജ്ഞാശൂന്യരെ ഉണര്‍ത്താനും വഴിപിഴച്ചവരെ നേര്‍വഴിയിലേക്ക് നയിക്കാനും മാത്രമാകുന്നു പ്രവാചകന്മാര്‍ ആഗതരാകുന്നത്. അദ്ദേഹത്തിന്റെ സന്ദേശം തിരസ്‌കരിച്ചവരെ വിചാരണ ചെയ്യുക, അനന്തരം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക എന്നതൊക്കെ അല്ലാഹുവിന്റെ സ്വന്തം ചുമതലകളില്‍പെട്ട കാര്യമാകുന്നു. അത്തരം കാര്യങ്ങളൊന്നും പ്രവാചകന്മാരില്‍ ഏല്‍പിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിങ്ങളുടെ കൃത്രിമ മതാചാര്യന്മാരും സിദ്ധന്മാരും മറ്റും തങ്ങളുടെ വാക്ക് സ്വീകരിക്കാതിരിക്കുകയോ മഹത്ത്വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ കരിച്ചു ഭസ്മമാക്കിക്കളയും എന്നും മറ്റും ജല്‍പിക്കുന്നതുപോലെയുള്ള വാദങ്ങളുമായി വരുന്ന ഒരാളാണ് പ്രവാചകന്‍ എന്ന തെറ്റിദ്ധാരണ മസ്തിഷ്‌കത്തില്‍നിന്ന് തുടച്ചുനീക്കണം. നിങ്ങള്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ഗം നാശത്തിലേക്കുള്ളതാണ് എന്ന് മുന്നറിയിപ്പു നല്‍കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ തിന്മയല്ല കാംക്ഷിക്കുന്നത്, അദ്ദേഹം നിങ്ങളുടെ ഗുണകാംക്ഷി മാത്രമാകുന്നു എന്നും ഇക്കൂട്ടത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. തുടര്‍ന്ന്, അല്ലാഹു എല്ലാ മനുഷ്യരെയും ജന്മനാതന്നെ സന്മാര്‍ഗ ബദ്ധരാക്കാതെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ഭിന്നിക്കുന്ന പ്രവണതയുള്ളവരാക്കിയതിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുകൊടുക്കുന്നു. ഈ പ്രകൃതിയുടെ ഫലമായിട്ടാണല്ലോ ജനം പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിശദീകരണമിതാണ്: ഈ പ്രകൃതിവിശേഷത്തിന്റെ ഫലമായിട്ടാണ് മനുഷ്യന്ന് തന്റെ അബോധമായ ജന്മവാസന എന്ന നിലയ്ക്കല്ലാതെ ബോധപൂര്‍വം അല്ലാഹുവിനെ തന്റെ രക്ഷിതാവായി വരിക്കാന്‍ കഴിയുന്നത്. ഇത് അവന്റെ ബോധശൂന്യമായ സൃഷ്ടികള്‍ക്കൊന്നുമില്ലാത്ത ഇച്ഛയും സ്വാതന്ത്ര്യവുമുള്ളവര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക അനുഗ്രഹമാകുന്നു. ഈ നിലപാട് സ്വീകരിക്കുന്നവരെ അല്ലാഹു സഹായിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു. അവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ക്കുതവിയേകി തന്റെ സവിശേഷ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ഏത് മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ രക്ഷകരല്ലാത്തവരെ, രക്ഷകരായിരിക്കുക സാധ്യമല്ലാത്തവരെ തന്റെ രക്ഷകരായി വരിക്കുന്നുവോ അവന്ന് ഈ കാരുണ്യം വിലക്കപ്പെടുന്നു. ഇവ്വിഷയകമായി ഇതുകൂടി വിശദീകരിക്കുന്നുണ്ട്; മനുഷ്യന്റെയും മറ്റെല്ലാ സൃഷ്ടികളുടെയും യഥാര്‍ഥ രക്ഷകന്‍ അല്ലാഹു മാത്രമാകുന്നു. രക്ഷകനായി മറ്റാരുമില്ല. രക്ഷകന്റെ ചുമതല നിര്‍വഹിക്കാനുള്ള ശക്തിയും മറ്റാര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യമുപയോഗിച്ച് രക്ഷിതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കുക എന്നതാണ് മനുഷ്യവിജയത്തിന്റെ അച്ചുതണ്ട്. അവന്‍ തന്റെ രക്ഷകനായി വരിക്കുന്നത് യഥാര്‍ഥ രക്ഷകനെത്തന്നെ ആയിരിക്കണം. തുടര്‍ന്ന്, മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന ദീനിന്റെ യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കുന്നു. ഒന്നാമത്തെ അടിസ്ഥാനതത്ത്വമിതാണ്: അല്ലാഹു പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും ഉടമസ്ഥനും യഥാര്‍ഥ രക്ഷിതാവുമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശാസനാധികാരിയും അവന്‍ മാത്രമാകുന്നു. മനുഷ്യന്ന് ദീനും ശരീഅത്തും (പ്രമാണവും കര്‍മവ്യവസ്ഥയും) നിര്‍ദേശിക്കാനും മനുഷ്യര്‍ തമ്മിലുള്ള ഭിന്നിപ്പുകളില്‍ സത്യമേത്, അസത്യമേത് എന്നു വിധിക്കാനുമുള്ള അധികാരവും അവന്നു മാത്രമേയുള്ളൂ. മറ്റു യാതൊരസ്തിത്വത്തിനും മനുഷ്യന്റെ നിയമദാതാവായിരിക്കാനുള്ള അവകാശമില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയിലുള്ള വിധികര്‍ത്തൃത്വമെന്ന പോലെ നിയമനിര്‍ദേശങ്ങളിലുള്ള വിധികര്‍ത്തൃത്വവും അവന്ന് മാത്രമുള്ളതാണ്. മനുഷ്യന്നോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലുമോ ഈ വിധികര്‍ത്തൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. വല്ലവരും അല്ലാഹുവിന്റെ ഈ വിധികര്‍ത്തൃത്വം മാത്രം അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ല. ഈയടിസ്ഥാനത്തില്‍ അല്ലാഹു ആദിമുതലേ മനുഷ്യന്ന് ഒരു ദീന്‍ നിശ്ചയിച്ചിട്ടുണ്ട്. ആ ദീന്‍തന്നെയാണ് എല്ലാ കാലത്തും എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിപ്പോന്നിട്ടുള്ളത്. ഒരു പ്രവാചകനും വ്യതിരിക്തമായ ഏതെങ്കിലും മതത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല. മനുഷ്യാരംഭം മുതല്‍ അല്ലാഹു അവര്‍ക്കായി നിശ്ചയിച്ച ദീന്‍ ഏതാണോ ആ ദീനിന്റെത്തന്നെ അനുകര്‍ത്താക്കളും പ്രചാരകരുമായിരുന്നു സകല പ്രവാചകവര്യന്മാരും. ആ ദീന്‍ അയച്ചിട്ടുള്ളത്, അത് വിശ്വസിച്ചിട്ട് മനുഷ്യന്‍ വെറുതെ കുത്തിയിരിക്കാനല്ല. മറിച്ച്, എക്കാലത്തും ആ ദീനിനെ ഈ ഭൂമിയില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രായോഗികമാക്കാനുമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനല്ലാതെ മറ്റൊരു ഘടനയും വ്യവസ്ഥയും നടക്കാവതല്ല. പ്രവാചകന്മാര്‍ നിയുക്തരായിട്ടുള്ളത് ഈ ദീന്‍ പ്രബോധനം ചെയ്യാന്‍ മാത്രമല്ല, അതിനെ സംസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സേവനത്തിനു കൂടിയാകുന്നു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ സാക്ഷാല്‍ മതം. പക്ഷേ, പ്രവാചകന്മാര്‍ക്കുശേഷം എന്നും സംഭവിച്ചിട്ടുള്ളതിതാണ്: സ്വാര്‍ഥികളും തന്നിഷ്ടക്കാരും സ്വാഭിപ്രായക്കാരുമായ ആളുകള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭിന്നിപ്പുകളുണ്ടാക്കി. പുതിയ പുതിയ മതങ്ങളുണ്ടാക്കി. ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ മതങ്ങളും ആ ഏകമതം വികൃതമാക്കി നിര്‍മിക്കപ്പെട്ടതാണ്. ഇപ്പോള്‍, മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യമിതാണ്: ഈ വ്യത്യസ്ത മാര്‍ഗങ്ങളുടെയും കൃത്രിമ മതങ്ങളുടെയും മനുഷ്യനിര്‍മിത ദീനുകളുടെയും സ്ഥാനത്ത് സാക്ഷാല്‍ ദീനിനെ ജനസമക്ഷം അവതരിപ്പിക്കുക, അത് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിന്റെ പേരില്‍ ദൈവത്തോട് നന്ദിയുള്ളവരാകുന്നതിനു പകരം അതിനെ താറുമാറാക്കാനും അതിനെതിരില്‍ പോരാടാനുമാണ് ഒരുമ്പെടുന്നതെങ്കില്‍ അത് നിങ്ങളുടെ അവിവേകവും മൗഢ്യവുമാകുന്നു. ഈ മൂഢത കണ്ട് പ്രവാചകന്‍ അദ്ദേഹത്തിന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിയാന്‍ പോവുന്നില്ല. സ്വന്തം നിലപാടില്‍ അചഞ്ചലനായി ഉറച്ചുനില്‍ക്കാനും നിശ്ചിത ദൗത്യം പൂര്‍ത്തീകരിക്കാനും കല്‍പിക്കപ്പെട്ടവനാണദ്ദേഹം. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പണ്ട് ദൈവിക ദീനിനെ ദുഷിപ്പിച്ച ഊഹാപോഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അരുനില്‍ക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹുവിന്റെ ദീന്‍ തള്ളിക്കളഞ്ഞ് ഇതരന്മാരുടെ കൃത്രിമ ദീനും പ്രമാണവും കൈക്കൊള്ളുക എന്നത് അല്ലാഹുവിനെതിരിലുള്ള എത്ര വലിയ ധിക്കാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അതൊരു സാധാരണ സംഗതിയായാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അതില്‍ ഒരു ദൗഷ്ട്യവും നിങ്ങള്‍ കാണുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ ഭൂമിയില്‍ സ്വന്തം വക ദീന്‍ നടത്തുകയും അതിനെ അനുസരിക്കുകയും ചെയ്യുക എന്നത് അവന്റെ ദൃഷ്ടിയില്‍ കഠിനശിക്ഷയര്‍ഹിക്കുന്ന ഏറ്റവും ദുഷിച്ച ശിര്‍ക്കും ഏറ്റവും വഷളായ കുറ്റവുമാകുന്നു. ഇപ്രകാരം ദീനിന്റെ വ്യക്തവും സ്പഷ്ടവുമായ ഒരു വിഭാവനം അവതരിപ്പിച്ചശേഷം അരുളുന്നു: നിങ്ങള്‍ക്ക് നേര്‍മാര്‍ഗം മനസ്സിലാക്കിത്തരാന്‍ സാധ്യമായതില്‍വെച്ച് ഏറ്റവും വിശിഷ്ടമായ മാര്‍ഗം ഏതാണോ അത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുവശത്ത്, അല്ലാഹു അവന്റെ വേദം ഇറക്കിത്തന്നു. അത് ഹൃദയഹാരിയായ ശൈലിയില്‍ നിങ്ങളുടെ ഭാഷയില്‍ യാഥാര്‍ഥ്യം വിവരിച്ചുതരുന്നു. മറുവശത്ത്, മുഹമ്മദ് നബിയുടെയും ശിഷ്യന്മാരുടെയും ജീവിതം നിങ്ങളുടെ കണ്‍മുമ്പില്‍തന്നെയുണ്ട്. ഈ വേദം എങ്ങനെയുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് അവരെ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും സന്മാര്‍ഗം പ്രാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് യാതൊന്നിനും നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ നൂറ്റാണ്ടുകളായി അകപ്പെട്ടിരിക്കുന്ന അപഭ്രംശത്തില്‍ത്തന്നെ തുടരുകയായിരിക്കും അതിന്റെ ഫലം. എങ്കില്‍ അത്തരം ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ദുഷ്പരിണതി തന്നെ നിങ്ങളും അനുഭവിക്കേണ്ടിവരുകയും ചെയ്യും. ഈ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടക്കിടക്ക് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകളും ചൂണ്ടിക്കാണിക്കുന്നു. ഭൗതികപൂജയുടെ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. പാരത്രിക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നു. നിഷേധികള്‍ സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നതിന്റെ യഥാര്‍ഥ കാരണമായ ധാര്‍മിക ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന കാര്യങ്ങള്‍ പറയുന്നു: ഒന്ന്: മുഹമ്മദ് നബി(സ)ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല്‍പതാണ്ടുകളില്‍ വേദത്തെക്കുറിച്ചോ വിശ്വാസപ്രശ്‌നങ്ങളെക്കുറിച്ചോ ഒരറിവും സങ്കല്‍പവുമുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം പെട്ടെന്ന് ഈ രണ്ടു കാര്യങ്ങളുമായി ജനമധ്യത്തിലേക്ക് വരുന്നു. ഇതുതന്നെ അദ്ദേഹം പ്രവാചകനാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. രണ്ട്: അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങള്‍ ദൈവിക പാഠങ്ങളാണ് എന്നതിന് അദ്ദേഹം നിരന്തരമായി അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നതായി അര്‍ഥമില്ല. മറ്റെല്ലാ പ്രവാചകന്മാര്‍ക്കുമെന്നപോലെ ദൈവം ഈ പ്രവാചകന്നും പാഠങ്ങള്‍ നല്‍കിയിട്ടുള്ളത് മൂന്നു മാര്‍ഗങ്ങളിലൂടെയാകുന്നു. ഒന്ന്: ദിവ്യബോധനം, രണ്ട്: മറയ്ക്കുപിന്നില്‍നിന്നുള്ള ശബ്ദം, മൂന്ന്: മലക്കുകള്‍ മുഖേനയുള്ള സന്ദേശം. നബി അല്ലാഹുവുമായി നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നതായി പ്രതിയോഗികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കിട്ടാതിരിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാഹു പ്രവാചകത്വ പദവിയില്‍ അവരോധിക്കുന്നവര്‍ക്ക് അവന്‍ ഏതെല്ലാം രൂപത്തിലാണ് മാര്‍ഗദര്‍ശനമരുളുന്നതെന്നു സത്യാന്വേഷികളായ ആളുകള്‍ അറിഞ്ഞിരിക്കേണ്ടതിനു വേണ്ടിയും.

Facebook Comments