അശ്ശൂറ

സൂക്തങ്ങള്‍: 27-36

വാക്കര്‍ത്ഥം

വിപുലീകരിച്ചുകൊടുത്തിരുന്നുവെങ്കില്‍ = وَلَوْ بَسَطَ
അല്ലാഹു = اللَّهُ
വിഭവം = الرِّزْقَ
തന്റെ ദാസന്മാര്‍ക്ക് = لِعِبَادِهِ
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു = لَبَغَوْا
ഭൂമിയില്‍ = فِي الْأَرْضِ
എന്നാല്‍ = وَلَٰكِن
അവന്‍ ഇറക്കിക്കൊടുക്കുന്നു = يُنَزِّلُ
ഒരു പരിമാണമനുസരിച്ച് = بِقَدَرٍ
അവന്‍ ഉദ്ദേശിക്കുന്നത് = مَّا يَشَاءُۚ
തീര്‍ച്ചയായും അവന്‍ = إِنَّهُ
തന്റെ ദാസന്മാരെ സംബന്ധിച്ച് = بِعِبَادِهِ
സൂക്ഷ്മമായറിയുന്നവനാണ് = خَبِيرٌ
സൂക്ഷ്മദൃഷ്ടിയുള്ളവനും = بَصِيرٌ
അവന്‍ = وَهُوَ
വര്‍ഷിപ്പിക്കുന്നവനാണ് = الَّذِي يُنَزِّلُ
മഴ = الْغَيْثَ
അവര്‍ നിരാശരായ ശേഷം = مِن بَعْدِ مَا قَنَطُوا
അവന്‍ പരത്തിക്കൊടുക്കുകയും ചെയ്യുന്നു = وَيَنشُرُ
തന്റെ കാരുണ്യം = رَحْمَتَهُۚ
അവന്‍ തന്നെയാണ് = وَهُوَ
രക്ഷകന്‍ = الْوَلِيُّ
സ്തുത്യര്‍ഹനായ = الْحَمِيدُ
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് = وَمِنْ آيَاتِهِ
സൃഷ്ടി = خَلْقُ
ആകാശങ്ങളുടെ = السَّمَاوَاتِ
ഭൂമിയുടെയും = وَالْأَرْضِ
അവന്‍ വ്യാപിപ്പിച്ചതും = وَمَا بَثَّ
അവരണ്ടിലും = فِيهِمَا
ജീവജാലങ്ങളെ = مِن دَابَّةٍۚ
അവന്‍ = وَهُوَ
അവരെ ഒരുമിച്ചുകൂട്ടാന്‍ = عَلَىٰ جَمْعِهِمْ
അവനിച്ഛിക്കുമ്പോള്‍ = إِذَا يَشَاءُ
കഴിവുറ്റവനാണ് = قَدِيرٌ
നിങ്ങളെ ബാധിച്ചിട്ടുള്ളത് = وَمَا أَصَابَكُم
വല്ല വിപത്തും = مِّن مُّصِيبَةٍ
പ്രവര്‍ത്തിച്ചതിന്റെ ഫലമാകുന്നു = فَبِمَا كَسَبَتْ
നിങ്ങളുടെ കൈകള്‍ = أَيْدِيكُمْ
അവന്‍ മാപ്പാക്കുന്നു = وَيَعْفُو
പലതും = عَن كَثِيرٍ
നിങ്ങളല്ല = وَمَا أَنتُم
(അല്ലാഹുവിനെ)തോല്‍പിക്കുന്നവര്‍ = بِمُعْجِزِينَ
ഈ ഭൂമിയില്‍ = فِي الْأَرْضِۖ
നിങ്ങള്‍ക്കില്ല = وَمَا لَكُم
അല്ലാഹുവെക്കൂടാതെ = مِّن دُونِ اللَّهِ
ഒരു രക്ഷകനും = مِن وَلِيٍّ
ഒരു സഹായിയും = وَلَا نَصِيرٍ
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് = وَمِنْ آيَاتِهِ
സഞ്ചരിക്കുന്ന കപ്പലുകള്‍ = الْجَوَارِ
കടലില്‍ = فِي الْبَحْرِ
മലകള്‍ പോലെ = كَالْأَعْلَامِ
അവനിച്ഛിക്കുന്നുവെങ്കില്‍ = إِن يَشَأْ
അവന്‍ നിശ്ചലമാക്കും = يُسْكِنِ
കാറ്റിനെ = الرِّيحَ
അപ്പോള്‍ അവയാകും = فَيَظْلَلْنَ
ചലനമറ്റ് നില്‍ക്കുന്നവ = رَوَاكِدَ
അതിന്റെ മുകള്‍പ്പരപ്പില്‍ = عَلَىٰ ظَهْرِهِۚ
തീര്‍ച്ചയായും അതിലുണ്ട് = إِنَّ فِي ذَٰلِكَ
ദൃഷ്ടാന്തങ്ങള്‍ = لَآيَاتٍ
എല്ലാവര്‍ക്കും = لِّكُلِّ
ക്ഷമാശീലരായ = صَبَّارٍ
നന്ദിയുള്ളവരുമായ = شَكُورٍ
അല്ലെങ്കില്‍ അവന്‍ അവയെ നശിപ്പിക്കും = أَوْ يُوبِقْهُنَّ
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി = بِمَا كَسَبُوا
(എന്നാല്‍) അവന്‍ മാപ്പാക്കുന്നു = وَيَعْفُ
ഏറെയും = عَن كَثِيرٍ
അറിയാന്‍ വേണ്ടിയുമാണത് = وَيَعْلَمَ
തര്‍ക്കിക്കുന്നവര്‍ = الَّذِينَ يُجَادِلُونَ
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി = فِي آيَاتِنَا
തങ്ങള്‍ക്കില്ലെന്ന് = مَا لَهُم
ഒരു രക്ഷാ സങ്കേതവും = مِّن مَّحِيصٍ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും = فَمَا أُوتِيتُم مِّن شَيْءٍ
താല്‍ക്കാലിക വിഭവമാണ് = فَمَتَاعُ
ഐഹിക ജീവിതത്തിലെ = الْحَيَاةِ الدُّنْيَاۖ
അല്ലാഹുവിന്റെ അടുത്തുള്ളതാണ് = وَمَا عِندَ اللَّهِ
ഉത്തമം = خَيْرٌ
ഏറെ അവശേഷിക്കുന്നതും = وَأَبْقَىٰ
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് = لِلَّذِينَ آمَنُوا
തങ്ങളുടെ നാഥനില്‍ = وَعَلَىٰ رَبِّهِمْ
അവര്‍ ഭരമേല്‍പിക്കുന്നു = يَتَوَكَّلُونَ

وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الْأَرْضِ وَلَٰكِن يُنَزِّلُ بِقَدَرٍ مَّا يَشَاءُۚ إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ ﴿٢٧﴾ وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُواوَيَنشُرُ رَحْمَتَهُۚ وَهُوَ الْوَلِيُّ الْحَمِيدُ ﴿٢٨﴾ وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ ﴿٢٩﴾ وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾ وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِۖ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ ﴿٣١﴾وَمِنْ آيَاتِهِ الْجَوَارِ فِي الْبَحْرِ كَالْأَعْلَامِ ﴿٣٢﴾ إِن يَشَأْ يُسْكِنِ الرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ ﴿٣٣﴾ أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَن كَثِيرٍ ﴿٣٤﴾ وَيَعْلَمَ الَّذِينَ يُجَادِلُونَ فِي آيَاتِنَا مَا لَهُم مِّن مَّحِيصٍ ﴿٣٥﴾

فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَاۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٣٦﴾

(27-35) അല്ലാഹു അവന്റെ സകലമാന അടിമകള്‍ക്കും വിഭവങ്ങള്‍ വിപുലീകരിച്ചുകൊടുത്തിരുന്നുവെങ്കില്‍, അവര്‍ ഭൂമിയില്‍ ധിക്കാരത്തിന്റെ കൊടുങ്കാറ്റുയര്‍ത്തുമായിരുന്നു. എന്നാല്‍, അവന്‍ ഒരു കണക്കനുസരിച്ച്, താനിച്ഛിക്കുംവിധം ഇറക്കുന്നു. അവന്‍, സ്വന്തം അടിമകളെ സൂക്ഷ്മമായി അറിയുന്നവനും നന്നായി കണ്ടുകൊണ്ടിരിക്കുന്നവനുമല്ലോ.48 ആളുകള്‍ നിരാശരായ ശേഷം മഴ പെയ്യിക്കുകയും തന്റെ കാരുണ്യം പരത്തിക്കൊടുക്കുകയും ചെയ്യുന്നത് അവനാകുന്നു. അവന്‍ മാത്രമല്ലോ സ്തുത്യനായ രക്ഷകന്‍.49 ഈ വാന-ഭുവനങ്ങളുടെ സൃഷ്ടിയും അവ രണ്ടിലും50 പരത്തിയിട്ടുള്ള ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. ഇച്ഛിക്കുമ്പോള്‍ അവയെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍.51 നിങ്ങളെ ബാധിച്ച വിപത്തുകളെന്തും സ്വന്തം കൈകള്‍കൊണ്ട് നേടിയതാകുന്നു. വളരെ തെറ്റുകള്‍ അവന്‍ സദയം വിട്ടുകളയുന്നു.52 ഭൂമിയില്‍ നിങ്ങള്‍ അവനെ തോല്‍പിക്കുന്നവരല്ലതന്നെ-- അല്ലാഹുവിനെതിരില്‍ നിങ്ങള്‍ക്ക് രക്ഷകനായോ തുണയായോ ആരുമില്ല. സമുദ്രത്തില്‍, മലകള്‍പോലെ കാണപ്പെടുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. അല്ലാഹുവിന് വേണമെങ്കില്‍ കാറ്റിനെ നിശ്ചലമാക്കാം. അപ്പോള്‍ ആ കപ്പലുകള്‍ ആഴിയുടെ മുകള്‍പ്പരപ്പില്‍ അനക്കമറ്റ് നിന്നുപോകും-- തികഞ്ഞ ക്ഷമയും കൃതജ്ഞതയുമുള്ളവര്‍ക്കൊക്കെയും ഇതില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്53 -- അല്ലെങ്കില്‍ (അതില്‍ സഞ്ചരിക്കുന്നവരുടെ) ധാരാളം പാപങ്ങള്‍ പൊറുത്തുകൊടുത്തുകൊണ്ടുതന്നെ ചില ദുഷ്‌ചെയ്തികളുടെ പേരില്‍ അവരെ മുക്കിക്കളയാം. നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവര്‍ക്ക് ആ സന്ദര്‍ഭത്തില്‍ മനസ്സിലാകും, തങ്ങള്‍ക്ക് ഒരു രക്ഷാസങ്കേതവുമില്ലെന്ന്54 .

(36) നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്തുതന്നെയായാലും അത് കേവലം ക്ഷണികമായ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു.55അല്ലാഹുവിങ്കലുള്ളതാകുന്നു ഉല്‍കൃഷ്ടവും എന്നും നിലനില്‍ക്കുന്നതും.56 അത്, സത്യവിശ്വാസം കൈക്കൊണ്ടവരും വിധാതാവില്‍ ഭരമേല്‍പിക്കുന്നവരുമായ ആളുകള്‍ക്കുള്ളതത്രെ.57

-----------------

48. ഈ വാക്യം അരുളപ്പെട്ട വചനശൃംഖല പരിശോധിച്ചുനോക്കിയാല്‍, മക്കാ മുശ്‌രിക്കുകള്‍ ധിക്കാരത്തോടെ വര്‍ത്തിക്കുന്നതിന്റെ അടിസ്ഥാന കാരണത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവിടെ അല്ലാഹു എന്ന് വ്യക്തമായി മനസ്സിലാകുന്നതാണ്. റോമക്കാരെയും പേര്‍ഷ്യക്കാരെയും അപേക്ഷിച്ച് ഖുറൈശികള്‍ ഒന്നുമായിരുന്നില്ല. ചുറ്റുമുള്ള സമൂഹങ്ങള്‍ക്കിടയിലെ ഒരു പ്രാകൃത സമൂഹത്തിലെ വര്‍ത്തക ഗോത്രമായിരുന്നു അവര്‍. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ചുമട്ടുകാരില്‍ കവിഞ്ഞ നിലപാടൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ കൊച്ചു ലോകത്ത് മറ്ററബികളെ അപേക്ഷിച്ച് അവര്‍ക്കുണ്ടായിരുന്ന സുഭിക്ഷതയും യശസ്സും അവരെ ദൈവദൂതന്റെ സന്ദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സന്നദ്ധരാവാത്തവിധം അഹങ്കാരികളും വഞ്ചിതരുമാക്കിയിരുന്നു. മുഹമ്മദ് നബി(സ) തങ്ങളുടെ ഗുരുവും തങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാകുന്നത് തങ്ങളുടെ അവസ്ഥക്ക് കുറച്ചിലായിട്ടാണ് അവര്‍ കണ്ടത്. അതെക്കുറിച്ച് പറയുകയാണ്: ഈ അല്‍പന്മാര്‍ക്ക് നാം യഥാര്‍ഥ വിഭവങ്ങളുടെ കവാടം തുറന്നുകൊടുത്തിരുന്നുവെങ്കില്‍ അവര്‍ ആകെ പൊളിച്ചിടുമായിരുന്നു. പക്ഷേ, നാമവരെ നോട്ടമിട്ടുതന്നെയാണ് വെച്ചിട്ടുള്ളത്. അവര്‍ നിലവിട്ട് ചാടാതിരിക്കാന്‍ മതിയാകുന്നത്ര മാത്രം, അളന്നുമുറിച്ചേ അവര്‍ക്ക് നല്‍കിയിട്ടുള്ളൂ.

49. ഇവിടെ വലിയ്യ് (രക്ഷകന്‍) എന്നതുകൊണ്ട് വിവക്ഷ താന്‍ സൃഷ്ടിച്ച സകല സൃഷ്ടികളുടെയും രക്ഷാധികാരി എന്നാണ്. അടിമകളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും നിറവേറ്റിക്കൊടുക്കാനുള്ള ഉത്തരവാദിത്വം അവനില്‍ നിക്ഷിപ്തമായിരിക്കുന്നു.

50. ഭൂമിയിലും വാനലോകങ്ങളിലും എന്നര്‍ഥം. ജീവിതമുള്ളത് ഭൂമിയില്‍ മാത്രമല്ല, ഇതര ഗോളങ്ങളിലും ജീവനുള്ള സൃഷ്ടികളുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

51. അവയെ വ്യാപിപ്പിക്കാന്‍ അവന്‍ എപ്രകാരം കഴിവുള്ളവനാണോ അപ്രകാരംതന്നെ അവയെ ഒരുമിച്ചുകൂട്ടാനും കഴിവുള്ളവനാണവന്‍. അതിനാല്‍, ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ ഉണ്ടാവില്ലെന്നും ആദിമരും അന്തിമരുമായ സകലരും ഒരേസമയത്ത് ഒരുമിച്ചുകൂട്ടപ്പെടുക സാധ്യമല്ലെന്നും കരുതുന്നത് മഹാ അബദ്ധമാകുന്നു.

52. ഇവിടെ എല്ലാ മാനുഷിക വിപത്തുകളുടെയും കാരണം വിശദീകരിക്കുകയല്ല എന്ന കാര്യം ശ്രദ്ധേയമാകുന്നു. അക്കാലത്ത് പരിശുദ്ധ മക്കയില്‍ സത്യനിഷേധവും അക്രമവുമനുവര്‍ത്തിച്ചിരുന്ന ആളുകളാണ് പ്രഭാഷണത്തിന്റെ ഉന്നം. അവരോട് പറയുകയാണ്: എല്ലാ തെറ്റുകള്‍ക്കും അല്ലാഹു ശിക്ഷാനടപടി കൈക്കൊള്ളുകയാണെങ്കില്‍ നിങ്ങളെ ജീവിക്കാനേ വിടില്ല. എങ്കിലും നിങ്ങള്‍ക്ക് നേരിട്ട ഈ വിപത്ത് (സൂചന മിക്കവാറും മക്കയിലെ ക്ഷാമത്തിലേക്കായിരിക്കണം) ഒരു ഉണര്‍ത്തല്‍ മാത്രമാണ്; ബോധവാന്മാരായി സ്വന്തം കര്‍മങ്ങള്‍ പരിശോധിച്ചുനോക്കാന്‍. നിങ്ങളുടെ രക്ഷിതാവിനോട് എന്ത് നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആലോചിച്ചുനോക്കുക. നിങ്ങള്‍ അതിക്രമിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ അപേക്ഷിച്ച് എന്തുമാത്രം അശക്തരും നിസ്സഹായരുമാണ് നിങ്ങളെന്ന് ചിന്തിക്കുക. രക്ഷകരും കൈകാര്യക്കാരുമായി ഭരമേല്‍പിക്കുന്നത് ഏത് ശക്തികളിലാണോ അവക്കൊന്നും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്നതില്‍ ഒരു സഹായവും ചെയ്യാന്‍ കഴിയില്ല. കൂടുതല്‍ വ്യക്തമാകാന്‍ ഇതുകൂടി പറയേണ്ടതുണ്ട്: ഒരാള്‍ എത്രത്തോളം നിഷ്‌കളങ്കനായ വിശ്വാസിയാണോ അയാളെ സംബന്ധിച്ച് അത്രത്തോളം അല്ലാഹുവിന്റെ നിയമം ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കും. അയാള്‍ക്ക് നേരിടേണ്ടിവരുന്ന ക്ലേശങ്ങളും വിപത്തുകളുമെല്ലാം അയാളില്‍ സംഭവിച്ച കുറ്റങ്ങളുടെയും കുറവുകളുടെയും പ്രായശ്ചിത്തമായിത്തീരുന്നു. സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ما يصيب المسلم من نصب ولا وصب ولا هم ولا حزن ولا اذًى ولا غمّ حتى الشوكة يشاكها الا كفر الله بها من خطاياه - بخارى، مسلم (മുസ്‌ലിം അനുഭവിക്കുന്ന വേദനയും ദുഃഖവും ആധിയും വ്യഥയും പീഡയും പരവശതയും എന്നുവേണ്ട അവന്ന് ഒരു മുള്ളുകൊള്ളുന്നതുപോലും അല്ലാഹു അവന്റെ ഏതെങ്കിലുമൊരു തെറ്റിനുള്ള പ്രായശ്ചിത്തമാക്കുന്നു.) എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അവന്റെ വചനം ഉയര്‍ത്തുന്നതിനുവേണ്ടി ഒരു വിശ്വാസി അനുഭവിക്കേണ്ടിവരുന്ന വിപത്തുകള്‍, അവന്റെ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തം മാത്രമല്ല ആയിത്തീരുക. പ്രത്യുത, അവ അല്ലാഹുവിങ്കല്‍ അവന്റെ പദവി ഉയരുന്നതിനുള്ള മാധ്യമവും കൂടി ആയിത്തീരും. അത്തരം വിപത്തുകളെ സംബന്ധിച്ചിടത്തോളം അവ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി ഇറങ്ങിയതാണെന്ന് കരുതാന്‍ ഒരു പഴുതുമില്ല.

53. 'ക്ഷമയുള്ളവര്‍' എന്നതുകൊണ്ടുദ്ദേശ്യം ആത്മനിയന്ത്രണമുള്ളവരും നല്ലകാലത്തും ചീത്തകാലത്തും അടിമയുടെ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നവരുമാണ്. നല്ലകാലത്ത് മതിമറന്ന് ദൈവത്തെ ധിക്കരിക്കുകയോ സമസൃഷ്ടികളോട് അക്രമം കാണിക്കുകയോ ഇല്ല. ചീത്തകാലം വന്നാല്‍ മനംചത്ത് ഏത് അധമകൃത്യവും ചെയ്യാന്‍ ഒരുമ്പെടുകയുമില്ല. കൃതജ്ഞതയുള്ളവര്‍ എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ വിധി തങ്ങളെ എത്രയേറെ ഉന്നതരാക്കിയാലും അത് സ്വന്തം മഹിമയായി ഗണിക്കാതെ അല്ലാഹുവിന്റെ ഔദാര്യമായി ഗണിക്കുന്നവരാണ്. അതുപോലെ വിധിവശാല്‍ എത്രതന്നെ താഴ്ത്തപ്പെട്ടാലും ശരി അവന്‍ ദൃഷ്ടിയൂന്നുക, തന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലുമല്ല, ഏത് കടുത്ത ദുരവസ്ഥയിലും മനുഷ്യന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങളില്‍ത്തന്നെയായിരിക്കും. സൗഭാഗ്യവേളയിലും ദൗര്‍ഭാഗ്യവേളയിലും അവന്റെ നാവും മനസ്സും തന്റെ റബ്ബിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും.

54. ഖുറൈശികള്‍ തങ്ങളുടെ വ്യാപാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി അബിസീനിയന്‍-ആഫ്രിക്കന്‍ തീരദേശങ്ങളിലും പോകാറുണ്ടായിരുന്നു. യാത്രകളില്‍ കപ്പലുകളിലും ഉരുക്കളിലുമായി അവര്‍ ചെങ്കടല്‍ തരണംചെയ്തിരുന്നു. ചെങ്കടല്‍ ആപത്കരമായ ഒരു സമുദ്രമാണ്. അതില്‍ കടല്‍ക്ഷോപം ധാരാളമായുണ്ടാകും. ജലത്തിനടിയില്‍ ധാരാളം പാറകളുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട കപ്പലുകള്‍ അതില്‍ ചെന്നിടിക്കുമോ എന്ന് എപ്പോഴും ഭയപ്പെടേണ്ടിയിരുന്നു. അതിനാല്‍, അല്ലാഹു ഇവിടെ വരച്ചുകാണിക്കുന്ന ചിത്രം ഖുറൈശികള്‍ക്ക് സ്വാനുഭവങ്ങളിലൂടെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

55. നിങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങളെത്രതന്നെ വലുതായിരുന്നാലുംശരി, അത് നിങ്ങളെ മതിമറക്കാന്‍ പ്രേരിപ്പിച്ചുകൂടായെന്നര്‍ഥം. ഈ ലോകത്ത് ഒരുവന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്തുപോലും ചെറിയൊരു കാലയളവിലേക്ക് മാത്രമുള്ളതാകുന്നു. ഏതാനും കൊല്ലങ്ങള്‍ അതവനനുഭവിക്കുന്നു. പിന്നെ എല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഈ ലോകത്തുനിന്ന് യാത്രയാകുന്നു. കൂടാതെ ഈ സമ്പത്ത് അതിന്റെ ഇനത്തില്‍ എത്രതന്നെ വിപുലമായതായാലും ശരി, അതിന്റെ ചെറിയൊരംശം മാത്രമേ അവന്ന് ഫലത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയൂ. ആ സമ്പത്തിനെ സര്‍വസ്വമായി കരുതുക സമ്പത്തിന്റെയും ഇഹലോകത്തിന്റെയും തന്റെത്തന്നെയും യാഥാര്‍ഥ്യം മനസ്സിലാക്കുന്നവന്റെ സ്വഭാവമേയല്ല.

56. പാരത്രികനേട്ടം അതിന്റെ ഇനത്തിലും സ്വഭാവത്തിലും എല്ലാം ഉന്നതമായിരിക്കുമെന്നര്‍ഥം. അത് ക്ഷണികമോ താല്‍ക്കാലികമോ അല്ല; അക്ഷയവും അനന്തവുമായിരിക്കും.

57. അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നത് ഇവിടെ വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യവും പാരത്രിക വിജയത്തിന്റെ അവശ്യോപാധിയുമായിട്ടാണ് പറഞ്ഞിരിക്കുന്നത്. تَوَكّل ഭരമേല്‍പിക്കലിന്റെ അര്‍ഥമിതാകുന്നു: ഒന്നാമതായി, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തെ പൂര്‍ണമായി അവലംബിക്കുക, അത് നല്‍കുന്ന യാഥാര്‍ഥ്യജ്ഞാനവും ധാര്‍മിക തത്ത്വങ്ങളും വിധിവിലക്കുകളും ഐഹികജീവിതത്തിനുവേണ്ടിയുള്ള വ്യവസ്ഥകളും ചട്ടങ്ങളും മാത്രമാണ് സത്യമെന്നും, അവയെ പിന്‍പറ്റുന്നതിലാണ് മനുഷ്യന്റെ നന്മയെന്നും മനസ്സിലാക്കുക. രണ്ടാമതായി, മനുഷ്യന്‍ ഭരമേല്‍പിക്കുന്നത് സ്വന്തം ശക്തിയിലും യോഗ്യതയിലും സാധനസാമഗ്രികളിലും അല്ലാഹുവല്ലാത്തവരുടെ സഹായത്തിലും കാരുണ്യത്തിലും ആവാതിരിക്കുക. ഇഹത്തിലും പരത്തിലും തന്റെ എല്ലാ കാര്യങ്ങളിലുമുള്ള വിജയം അല്ലാഹുവിന്റെ ഉതവിയെയും സഹായത്തെയും ആശ്രയിച്ചിരിക്കുന്നു എന്നും അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് അവന്‍ നിശ്ചയിച്ച നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അവന്റെ ഉതവിക്കും സഹായത്തിനും താന്‍ അര്‍ഹനാവുകയുള്ളൂ എന്നും, സദാ ബോധവാനായിരിക്കുക. മൂന്നാമതായി, ഈമാനിന്റെയും സല്‍ക്കര്‍മത്തിന്റെയും സരണി സ്വീകരിക്കുകയും മിഥ്യ വെടിഞ്ഞ് സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദാസന്മാരോടുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. അതിനെ അവലംബമാക്കിക്കൊണ്ട് അസത്യമാര്‍ഗങ്ങളിലൂടെ ലഭിക്കാവുന്ന നേട്ടങ്ങളെയും സുഖസൗഭാഗ്യങ്ങളെയും ബലികഴിക്കുകയും സത്യത്തിലുറച്ചുനില്‍ക്കുകമൂലം നേരിടേണ്ടിവരുന്ന സകല നാശനഷ്ടങ്ങളും ക്ലേശങ്ങളും സഹിക്കുകയും ചെയ്യുക. തവക്കുലിന്റെ ഈ അര്‍ഥവിശകലനത്തില്‍നിന്ന്, അതും ഈമാനും തമ്മില്‍ എത്ര അഗാധമായ ബന്ധമാണുള്ളതെന്നും വ്യക്തമാണ്. അതില്ലാത്ത ഈമാന്‍ വെറും സമ്മതവും അംഗീകരണവുമാണ്. അതിനെങ്ങനെയാണ്, ഈമാന്‍ കൈക്കൊണ്ട് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരോടുള്ള വാഗ്ദാനങ്ങളുടെ മഹദ്ഫലങ്ങള്‍ സിദ്ധിക്കുക?

നാമം

'ശൂറാ' എന്ന നാമം അധ്യായത്തിലെ 38-ആം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

പ്രബലമായ നിവേദനങ്ങളിലൂടെ വ്യക്തമാകുന്നില്ലെങ്കിലും ഉള്ളടക്കത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ അധ്യായം സൂറ ഹാമീം അസ്സജദയുടെ അവതരണത്തിന് തൊട്ടുടനെ അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഒരുവശത്ത് പ്രസ്തുത സൂറയുടെ ഒരു പൂരകമാണിതെന്നു തോന്നും. ആദ്യം ഹാമീം അസ്സജദ ശ്രദ്ധാപൂര്‍വം വായിക്കുകയും തുടര്‍ന്ന് ഈ സൂറ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ ആദ്യ സൂറയില്‍ കാണുന്നതിതാണ്: ഖുറൈശി നേതാക്കളുടെ അന്ധവും ബധിരവുമായ സത്യനിഷേധത്തിന് കനത്ത ആഘാതമേല്‍പിക്കുന്നു. മക്കയിലും പരിസരത്തും ധര്‍മബോധവും മാന്യതയും യുക്തിവിചാരവും അല്‍പമെങ്കിലും അവശേഷിച്ചിട്ടുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതുവഴി സമുദായ നേതാക്കള്‍ മുഹമ്മദ് നബി (സ)യെ എതിര്‍ക്കുന്നതില്‍ എന്തുമാത്രം നീചവും നികൃഷ്ടവുമായ ചെയ്തികളാണവലംബിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനെതിരെ നബി(സ) സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം മാന്യവും സംസ്‌കാരസമ്പന്നവും ബുദ്ധിപൂര്‍വവുമാണ്. ഈ ഉണര്‍ത്തലിന്റെ ഉടനെ ഈ സൂറയില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കപ്പെടുന്നു. ഹൃദയാവര്‍ജകമായ രീതിയില്‍ മുഹമ്മദീയ ദൗത്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നു. ഹൃദയാന്തരാളത്തില്‍ അല്‍പമെങ്കിലും സത്യത്തോടുള്ള താല്‍പര്യം നിലനില്‍ക്കുന്നവരും ജാഹിലിയ്യത്തിനോടുള്ള പ്രേമത്താല്‍ തികച്ചും അന്ധരായിത്തീരാത്തവരുമായ ആര്‍ക്കും അതിന്റെ സ്വാധീനം സ്വീകരിക്കാതിരിക്കാനാവില്ല.

ഉള്ളടക്കം

തുടങ്ങുന്നതിങ്ങനെയാണ്: നമ്മുടെ ദൂതന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ നിങ്ങള്‍ എന്തെല്ലാം വിതണ്ഡവാദങ്ങളാണുന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സന്ദേശം പുതിയതോ വിചിത്രമായതോ അല്ല. ഒരു മനുഷ്യന്ന് ദിവ്യബോധനം ലഭിക്കുക, അദ്ദേഹം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശകനാക്കപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ചരിത്രത്തില്‍ ആദ്യമായുണ്ടാകുന്ന അപൂര്‍വ സംഭവവുമല്ല. ഇതേ ദിവ്യസന്ദേശങ്ങളും ഇതേ രീതിയിലുള്ള മാര്‍ഗദര്‍ശനങ്ങളുമായി അല്ലാഹു ഇദ്ദേഹത്തിനു മുമ്പും തുടര്‍ച്ചയായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആകാശഭൂമികളുടെ ഉടമയും അധിപനുമായവന്‍ ആരാധ്യനായ ദൈവമായി അംഗീകരിക്കപ്പെടുക എന്നതല്ല അദ്ഭുതാവഹമായ പുതുമ. മറിച്ച്, ആകാശഭൂമികള്‍ക്കുടയവന്റെ അടിമകളായിക്കൊണ്ട്, അവന്റെ ദിവ്യത്വത്തിന്‍ കീഴില്‍ വാണുകൊണ്ട് മറ്റുള്ളവര്‍ക്ക് ആരാധ്യതയും ദിവ്യത്വവും അംഗീകരിച്ചുകൊടുക്കുക എന്നതത്രേ വിചിത്രമായ സംഗതി. ഏകദൈവത്വം പ്രചരിപ്പിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുന്നു. എന്നാല്‍, ദൈവത്തിന് പങ്കാളികളെ ആരോപിക്കുക വഴി നിങ്ങള്‍ ചെയ്യുന്നത് ആകാശം ഇടിഞ്ഞുവീഴത്തക്ക ഭയങ്കരമായ പാപമാകുന്നു. നിങ്ങളുടെ ഈ ധാര്‍ഷ്ട്യത്തില്‍ മലക്കുകള്‍ വിഹ്വലരാകുന്നു. എപ്പോഴാണ് നിങ്ങളുടെ മേല്‍ ദൈവകോപം പൊട്ടിവീഴുന്നതെന്ന് ഭയന്നുകൊണ്ടിരിക്കുകയാണവര്‍. അനന്തരം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഒരാള്‍ പ്രവാചകനായി നിയുക്തനാവുകയും അയാള്‍ നബി എന്ന നിലയില്‍ രംഗത്തുവരുകയും ചെയ്യുന്നതിന്, അയാള്‍ ദൈവദാസന്മാരുടെ ഭാഗധേയങ്ങള്‍ക്കുടയവനാക്കപ്പെട്ടിരിക്കുന്നുവെന്നോ അങ്ങനെയൊരു വാദവുമായാണയാള്‍ രംഗത്തുവരുന്നതെന്നോ അര്‍ഥമില്ല. ഭാഗധേയങ്ങളൊക്കെ അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. പ്രജ്ഞാശൂന്യരെ ഉണര്‍ത്താനും വഴിപിഴച്ചവരെ നേര്‍വഴിയിലേക്ക് നയിക്കാനും മാത്രമാകുന്നു പ്രവാചകന്മാര്‍ ആഗതരാകുന്നത്. അദ്ദേഹത്തിന്റെ സന്ദേശം തിരസ്‌കരിച്ചവരെ വിചാരണ ചെയ്യുക, അനന്തരം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക എന്നതൊക്കെ അല്ലാഹുവിന്റെ സ്വന്തം ചുമതലകളില്‍പെട്ട കാര്യമാകുന്നു. അത്തരം കാര്യങ്ങളൊന്നും പ്രവാചകന്മാരില്‍ ഏല്‍പിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിങ്ങളുടെ കൃത്രിമ മതാചാര്യന്മാരും സിദ്ധന്മാരും മറ്റും തങ്ങളുടെ വാക്ക് സ്വീകരിക്കാതിരിക്കുകയോ മഹത്ത്വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ കരിച്ചു ഭസ്മമാക്കിക്കളയും എന്നും മറ്റും ജല്‍പിക്കുന്നതുപോലെയുള്ള വാദങ്ങളുമായി വരുന്ന ഒരാളാണ് പ്രവാചകന്‍ എന്ന തെറ്റിദ്ധാരണ മസ്തിഷ്‌കത്തില്‍നിന്ന് തുടച്ചുനീക്കണം. നിങ്ങള്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ഗം നാശത്തിലേക്കുള്ളതാണ് എന്ന് മുന്നറിയിപ്പു നല്‍കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ തിന്മയല്ല കാംക്ഷിക്കുന്നത്, അദ്ദേഹം നിങ്ങളുടെ ഗുണകാംക്ഷി മാത്രമാകുന്നു എന്നും ഇക്കൂട്ടത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. തുടര്‍ന്ന്, അല്ലാഹു എല്ലാ മനുഷ്യരെയും ജന്മനാതന്നെ സന്മാര്‍ഗ ബദ്ധരാക്കാതെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ഭിന്നിക്കുന്ന പ്രവണതയുള്ളവരാക്കിയതിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുകൊടുക്കുന്നു. ഈ പ്രകൃതിയുടെ ഫലമായിട്ടാണല്ലോ ജനം പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിശദീകരണമിതാണ്: ഈ പ്രകൃതിവിശേഷത്തിന്റെ ഫലമായിട്ടാണ് മനുഷ്യന്ന് തന്റെ അബോധമായ ജന്മവാസന എന്ന നിലയ്ക്കല്ലാതെ ബോധപൂര്‍വം അല്ലാഹുവിനെ തന്റെ രക്ഷിതാവായി വരിക്കാന്‍ കഴിയുന്നത്. ഇത് അവന്റെ ബോധശൂന്യമായ സൃഷ്ടികള്‍ക്കൊന്നുമില്ലാത്ത ഇച്ഛയും സ്വാതന്ത്ര്യവുമുള്ളവര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക അനുഗ്രഹമാകുന്നു. ഈ നിലപാട് സ്വീകരിക്കുന്നവരെ അല്ലാഹു സഹായിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു. അവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ക്കുതവിയേകി തന്റെ സവിശേഷ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ഏത് മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ രക്ഷകരല്ലാത്തവരെ, രക്ഷകരായിരിക്കുക സാധ്യമല്ലാത്തവരെ തന്റെ രക്ഷകരായി വരിക്കുന്നുവോ അവന്ന് ഈ കാരുണ്യം വിലക്കപ്പെടുന്നു. ഇവ്വിഷയകമായി ഇതുകൂടി വിശദീകരിക്കുന്നുണ്ട്; മനുഷ്യന്റെയും മറ്റെല്ലാ സൃഷ്ടികളുടെയും യഥാര്‍ഥ രക്ഷകന്‍ അല്ലാഹു മാത്രമാകുന്നു. രക്ഷകനായി മറ്റാരുമില്ല. രക്ഷകന്റെ ചുമതല നിര്‍വഹിക്കാനുള്ള ശക്തിയും മറ്റാര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യമുപയോഗിച്ച് രക്ഷിതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കുക എന്നതാണ് മനുഷ്യവിജയത്തിന്റെ അച്ചുതണ്ട്. അവന്‍ തന്റെ രക്ഷകനായി വരിക്കുന്നത് യഥാര്‍ഥ രക്ഷകനെത്തന്നെ ആയിരിക്കണം. തുടര്‍ന്ന്, മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന ദീനിന്റെ യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കുന്നു. ഒന്നാമത്തെ അടിസ്ഥാനതത്ത്വമിതാണ്: അല്ലാഹു പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും ഉടമസ്ഥനും യഥാര്‍ഥ രക്ഷിതാവുമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശാസനാധികാരിയും അവന്‍ മാത്രമാകുന്നു. മനുഷ്യന്ന് ദീനും ശരീഅത്തും (പ്രമാണവും കര്‍മവ്യവസ്ഥയും) നിര്‍ദേശിക്കാനും മനുഷ്യര്‍ തമ്മിലുള്ള ഭിന്നിപ്പുകളില്‍ സത്യമേത്, അസത്യമേത് എന്നു വിധിക്കാനുമുള്ള അധികാരവും അവന്നു മാത്രമേയുള്ളൂ. മറ്റു യാതൊരസ്തിത്വത്തിനും മനുഷ്യന്റെ നിയമദാതാവായിരിക്കാനുള്ള അവകാശമില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയിലുള്ള വിധികര്‍ത്തൃത്വമെന്ന പോലെ നിയമനിര്‍ദേശങ്ങളിലുള്ള വിധികര്‍ത്തൃത്വവും അവന്ന് മാത്രമുള്ളതാണ്. മനുഷ്യന്നോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലുമോ ഈ വിധികര്‍ത്തൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. വല്ലവരും അല്ലാഹുവിന്റെ ഈ വിധികര്‍ത്തൃത്വം മാത്രം അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ല. ഈയടിസ്ഥാനത്തില്‍ അല്ലാഹു ആദിമുതലേ മനുഷ്യന്ന് ഒരു ദീന്‍ നിശ്ചയിച്ചിട്ടുണ്ട്. ആ ദീന്‍തന്നെയാണ് എല്ലാ കാലത്തും എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിപ്പോന്നിട്ടുള്ളത്. ഒരു പ്രവാചകനും വ്യതിരിക്തമായ ഏതെങ്കിലും മതത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല. മനുഷ്യാരംഭം മുതല്‍ അല്ലാഹു അവര്‍ക്കായി നിശ്ചയിച്ച ദീന്‍ ഏതാണോ ആ ദീനിന്റെത്തന്നെ അനുകര്‍ത്താക്കളും പ്രചാരകരുമായിരുന്നു സകല പ്രവാചകവര്യന്മാരും. ആ ദീന്‍ അയച്ചിട്ടുള്ളത്, അത് വിശ്വസിച്ചിട്ട് മനുഷ്യന്‍ വെറുതെ കുത്തിയിരിക്കാനല്ല. മറിച്ച്, എക്കാലത്തും ആ ദീനിനെ ഈ ഭൂമിയില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രായോഗികമാക്കാനുമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനല്ലാതെ മറ്റൊരു ഘടനയും വ്യവസ്ഥയും നടക്കാവതല്ല. പ്രവാചകന്മാര്‍ നിയുക്തരായിട്ടുള്ളത് ഈ ദീന്‍ പ്രബോധനം ചെയ്യാന്‍ മാത്രമല്ല, അതിനെ സംസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സേവനത്തിനു കൂടിയാകുന്നു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ സാക്ഷാല്‍ മതം. പക്ഷേ, പ്രവാചകന്മാര്‍ക്കുശേഷം എന്നും സംഭവിച്ചിട്ടുള്ളതിതാണ്: സ്വാര്‍ഥികളും തന്നിഷ്ടക്കാരും സ്വാഭിപ്രായക്കാരുമായ ആളുകള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭിന്നിപ്പുകളുണ്ടാക്കി. പുതിയ പുതിയ മതങ്ങളുണ്ടാക്കി. ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ മതങ്ങളും ആ ഏകമതം വികൃതമാക്കി നിര്‍മിക്കപ്പെട്ടതാണ്. ഇപ്പോള്‍, മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യമിതാണ്: ഈ വ്യത്യസ്ത മാര്‍ഗങ്ങളുടെയും കൃത്രിമ മതങ്ങളുടെയും മനുഷ്യനിര്‍മിത ദീനുകളുടെയും സ്ഥാനത്ത് സാക്ഷാല്‍ ദീനിനെ ജനസമക്ഷം അവതരിപ്പിക്കുക, അത് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിന്റെ പേരില്‍ ദൈവത്തോട് നന്ദിയുള്ളവരാകുന്നതിനു പകരം അതിനെ താറുമാറാക്കാനും അതിനെതിരില്‍ പോരാടാനുമാണ് ഒരുമ്പെടുന്നതെങ്കില്‍ അത് നിങ്ങളുടെ അവിവേകവും മൗഢ്യവുമാകുന്നു. ഈ മൂഢത കണ്ട് പ്രവാചകന്‍ അദ്ദേഹത്തിന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിയാന്‍ പോവുന്നില്ല. സ്വന്തം നിലപാടില്‍ അചഞ്ചലനായി ഉറച്ചുനില്‍ക്കാനും നിശ്ചിത ദൗത്യം പൂര്‍ത്തീകരിക്കാനും കല്‍പിക്കപ്പെട്ടവനാണദ്ദേഹം. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പണ്ട് ദൈവിക ദീനിനെ ദുഷിപ്പിച്ച ഊഹാപോഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അരുനില്‍ക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹുവിന്റെ ദീന്‍ തള്ളിക്കളഞ്ഞ് ഇതരന്മാരുടെ കൃത്രിമ ദീനും പ്രമാണവും കൈക്കൊള്ളുക എന്നത് അല്ലാഹുവിനെതിരിലുള്ള എത്ര വലിയ ധിക്കാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അതൊരു സാധാരണ സംഗതിയായാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അതില്‍ ഒരു ദൗഷ്ട്യവും നിങ്ങള്‍ കാണുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ ഭൂമിയില്‍ സ്വന്തം വക ദീന്‍ നടത്തുകയും അതിനെ അനുസരിക്കുകയും ചെയ്യുക എന്നത് അവന്റെ ദൃഷ്ടിയില്‍ കഠിനശിക്ഷയര്‍ഹിക്കുന്ന ഏറ്റവും ദുഷിച്ച ശിര്‍ക്കും ഏറ്റവും വഷളായ കുറ്റവുമാകുന്നു. ഇപ്രകാരം ദീനിന്റെ വ്യക്തവും സ്പഷ്ടവുമായ ഒരു വിഭാവനം അവതരിപ്പിച്ചശേഷം അരുളുന്നു: നിങ്ങള്‍ക്ക് നേര്‍മാര്‍ഗം മനസ്സിലാക്കിത്തരാന്‍ സാധ്യമായതില്‍വെച്ച് ഏറ്റവും വിശിഷ്ടമായ മാര്‍ഗം ഏതാണോ അത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുവശത്ത്, അല്ലാഹു അവന്റെ വേദം ഇറക്കിത്തന്നു. അത് ഹൃദയഹാരിയായ ശൈലിയില്‍ നിങ്ങളുടെ ഭാഷയില്‍ യാഥാര്‍ഥ്യം വിവരിച്ചുതരുന്നു. മറുവശത്ത്, മുഹമ്മദ് നബിയുടെയും ശിഷ്യന്മാരുടെയും ജീവിതം നിങ്ങളുടെ കണ്‍മുമ്പില്‍തന്നെയുണ്ട്. ഈ വേദം എങ്ങനെയുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് അവരെ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും സന്മാര്‍ഗം പ്രാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് യാതൊന്നിനും നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ നൂറ്റാണ്ടുകളായി അകപ്പെട്ടിരിക്കുന്ന അപഭ്രംശത്തില്‍ത്തന്നെ തുടരുകയായിരിക്കും അതിന്റെ ഫലം. എങ്കില്‍ അത്തരം ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ദുഷ്പരിണതി തന്നെ നിങ്ങളും അനുഭവിക്കേണ്ടിവരുകയും ചെയ്യും. ഈ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടക്കിടക്ക് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകളും ചൂണ്ടിക്കാണിക്കുന്നു. ഭൗതികപൂജയുടെ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. പാരത്രിക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നു. നിഷേധികള്‍ സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നതിന്റെ യഥാര്‍ഥ കാരണമായ ധാര്‍മിക ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന കാര്യങ്ങള്‍ പറയുന്നു: ഒന്ന്: മുഹമ്മദ് നബി(സ)ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല്‍പതാണ്ടുകളില്‍ വേദത്തെക്കുറിച്ചോ വിശ്വാസപ്രശ്‌നങ്ങളെക്കുറിച്ചോ ഒരറിവും സങ്കല്‍പവുമുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം പെട്ടെന്ന് ഈ രണ്ടു കാര്യങ്ങളുമായി ജനമധ്യത്തിലേക്ക് വരുന്നു. ഇതുതന്നെ അദ്ദേഹം പ്രവാചകനാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. രണ്ട്: അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങള്‍ ദൈവിക പാഠങ്ങളാണ് എന്നതിന് അദ്ദേഹം നിരന്തരമായി അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നതായി അര്‍ഥമില്ല. മറ്റെല്ലാ പ്രവാചകന്മാര്‍ക്കുമെന്നപോലെ ദൈവം ഈ പ്രവാചകന്നും പാഠങ്ങള്‍ നല്‍കിയിട്ടുള്ളത് മൂന്നു മാര്‍ഗങ്ങളിലൂടെയാകുന്നു. ഒന്ന്: ദിവ്യബോധനം, രണ്ട്: മറയ്ക്കുപിന്നില്‍നിന്നുള്ള ശബ്ദം, മൂന്ന്: മലക്കുകള്‍ മുഖേനയുള്ള സന്ദേശം. നബി അല്ലാഹുവുമായി നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നതായി പ്രതിയോഗികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കിട്ടാതിരിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാഹു പ്രവാചകത്വ പദവിയില്‍ അവരോധിക്കുന്നവര്‍ക്ക് അവന്‍ ഏതെല്ലാം രൂപത്തിലാണ് മാര്‍ഗദര്‍ശനമരുളുന്നതെന്നു സത്യാന്വേഷികളായ ആളുകള്‍ അറിഞ്ഞിരിക്കേണ്ടതിനു വേണ്ടിയും.

Facebook Comments