അബസ

സൂക്തങ്ങള്‍: 17-32

വാക്കര്‍ത്ഥം

നാശമടയട്ടെ = قُتِلَ
മനുഷ്യന്‍ = الْإِنسَانُ
എന്താണ് അവനെ നന്ദിയില്ലാത്തവനാക്കിയത് = مَا أَكْفَرَهُ
ഏതൊരു വസ്തുവില്‍നിന്ന് = مِنْ أَيِّ شَيْءٍ
അവന്‍ അവനെ സൃഷ്ടിച്ചു = خَلَقَهُ
ഒരു ബീജകണത്തില്‍നിന്ന് = مِن نُّطْفَةٍ
അവന്‍ അവനെ സൃഷ്ടിച്ചു = خَلَقَهُ
അങ്ങനെ അവന്‍ അവനെ ക്രമാനുസൃതം രൂപപ്പെടുത്തി = فَقَدَّرَهُ
പിന്നെ = ثُمَّ
വഴി = السَّبِيلَ
അവന്‍ അവന്ന് എളുപ്പമാക്കിക്കൊടുത്തു = يَسَّرَهُ
പിന്നീട് = ثُمَّ
അവന്‍ അവനെ മരിപ്പിച്ചു = أَمَاتَهُ
എന്നിട്ട് അവനെ മറമാടുകയും ചെയ്തു = فَأَقْبَرَهُ
പിന്നീട് = ثُمَّ
അവന്‍ ഇഛിക്കുമ്പോള്‍ = إِذَا شَاءَ
അവന്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു = أَنشَرَهُ
അല്ല = كَلَّا
അവന്‍ നിര്‍വഹിച്ചിട്ടില്ല = لَمَّا يَقْضِ
അവന്‍ അവനോട് കല്‍പിച്ചത് = مَا أَمَرَهُ
എന്നാല്‍ ആലോചിച്ചു നോക്കട്ടെ = فَلْيَنظُرِ
മനുഷ്യന്‍ = الْإِنسَانُ
തന്റെ ആഹാരത്തെ സംബന്ധിച്ച് = إِلَىٰ طَعَامِهِ
നിശ്ചയം നാം = أَنَّا
നാം ചൊരിഞ്ഞു = صَبَبْنَا
വെള്ളം = الْمَاءَ
ഒരു ചൊരിയല്‍ = صَبًّا
പിന്നെ = ثُمَّ
നാം പിളര്‍ത്തി = شَقَقْنَا
ഭൂമിയെ = الْأَرْضَ
ഒരു പിളര്‍ത്തല്‍ = شَقًّا
അങ്ങനെ നാം മുളപ്പിച്ചു = فَأَنبَتْنَا
അതില്‍ = فِيهَا
ധാന്യം = حَبًّا
മുന്തിരിയും = وَعِنَبًا
പച്ചക്കറിയും = وَقَضْبًا
ഒലീവും = وَزَيْتُونًا
ഈത്തപ്പനയും = وَنَخْلًا
തോട്ടങ്ങളും = وَحَدَائِقَ
ഇടതൂര്‍ന്ന = غُلْبًا
പഴവും = وَفَاكِهَةً
പുല്ലും = وَأَبًّا
വിഭവമായിട്ട് = مَّتَاعًا
നിങ്ങള്‍ക്ക് = لَّكُمْ
നിങ്ങളുടെ കന്നുകാലികള്‍ക്കും = وَلِأَنْعَامِكُمْ

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ﴿١٧﴾ مِنْ أَىِّ شَىْءٍ خَلَقَهُۥ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿١٩﴾ ثُمَّ ٱلسَّبِيلَ يَسَّرَهُۥ ﴿٢٠﴾ ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ ﴿٢١﴾ ثُمَّ إِذَا شَآءَ أَنشَرَهُۥ ﴿٢٢﴾ كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ ﴿٢٣﴾ فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴿٢٤﴾ أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا ﴿٢٥﴾ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا ﴿٢٦﴾ فَأَنۢبَتْنَا فِيهَا حَبًّۭا ﴿٢٧﴾ وَعِنَبًۭا وَقَضْبًۭا ﴿٢٨﴾ وَزَيْتُونًۭا وَنَخْلًۭا ﴿٢٩﴾ وَحَدَآئِقَ غُلْبًۭا ﴿٣٠﴾ وَفَٰكِهَةًۭ وَأَبًّۭا ﴿٣١﴾ مَّتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ ﴿٣٢﴾

 

80 : 17 - മനുഷ്യന് നാശം! എത്ര കടുത്ത നിഷേധിയാണവന്‍!

ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ഖുര്‍ആന്‍ 'മനുഷ്യന്‍' എന്നതുകൊണ്ട് മനുഷ്യവംശത്തിലെ എല്ലാ അംഗങ്ങളെയും ഉദ്ദേശിക്കുന്നില്ല; മറിച്ച്, അനാശാസ്യ ഗുണങ്ങളാല്‍ ആക്ഷേപിക്കപ്പെടുന്നവരാണ് ഉദ്ദേശ്യം. മിക്ക മനുഷ്യരിലും ആ ചീത്ത ഗുണങ്ങള്‍ കാണപ്പെടുന്നതുകൊണ്ടാണ് ചിലേടത്ത് 'മനുഷ്യന്‍' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ആളുകളെ പ്രത്യേകം നിര്‍ണയിച്ച് ആക്ഷേപിക്കുന്നത് അവരില്‍ വിദ്വേഷമുളവാക്കുമെന്നതുകൊണ്ടാണ് ചിലേടത്ത് 'മനുഷ്യന്‍' എന്നു പറയുന്നത്. അതിനാല്‍ മനുഷ്യരെ മൊത്തത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഉപദേശരീതിയാണ് കൂടുതല്‍ ഫലപ്രദമായിട്ടുള്ളത്. (കൂടുതല്‍ വിശദീകരണത്തിന് സൂറ ഹാമീം അസ്സജദ 49, അശ്ശൂറ 48 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക).
         ഈ സൂക്തം മുതല്‍ ആക്ഷേപം സത്യത്തോട് മുഖം തിരിച്ച അവിശ്വാസികളിലേക്ക് നേരിട്ടുതിരിഞ്ഞിരിക്കുകയാണ്. ഇതിനു മുമ്പ് 16-ആം സൂക്തം വരെ അഭിസംബോധിതന്‍ നബി(സ) ആയിരുന്നു. വിമര്‍ശനം പരോക്ഷമായി അവിശ്വാസികളുടെ നേരെയും. അതിന്റെ സാരം ഇതാണ്: പ്രവാചകരേ, ഒരു സത്യാന്വേഷിയെ അവഗണിച്ച് താങ്കള്‍ ഏതു തരക്കാരെയാണിങ്ങനെ അമിതമായി പരിഗണിക്കുന്നത്? സത്യപ്രബോധനത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാല്‍ അവര്‍ തീരെ വിലകെട്ടവരാകുന്നു. താങ്കളെപ്പോലെ മഹത്ത്വമുള്ള ഒരു പ്രവാചകനാല്‍, ഖുര്‍ആന്‍ പോലെ അത്യുന്നതമായ സന്ദേശം സമര്‍പ്പിക്കപ്പെടാന്‍ അര്‍ഹതയുള്ളവരൊന്നുമല്ല അവര്‍.
     എത്ര കടുത്ത നിഷേധിയാണവന്‍ എന്നതിന്റെ മറ്റൊരാശയം ''എന്തു സംഗതിയാണ് അവനെ നിഷേധത്തിന് സന്നദ്ധനാക്കിയത്'' എന്നുമാകാം. ഇവിടെ കുഫ്‌റിന്റെ വിവക്ഷയില്‍ സത്യത്തെ തള്ളിക്കളയലും തന്റെ ഗുണകാംക്ഷിയുടെ നന്മകളോട് നന്ദികേട് കാണിക്കലും തന്റെ സ്രഷ്ടാവും അന്നദാതാവും ഉടമയുമായവനോട് ധിക്കാരപരമായ സമീപനം സ്വീകരിക്കലും ഉള്‍പ്പെടുന്നു.

 

80 : 18 - ഏതൊരു വസ്തുവില്‍നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചതെന്നോ?

80 : 19 - ഒരു ശുക്ല കണത്തില്‍നിന്നാണവന്‍ മനുഷ്യനെ സൃഷ്ടിച്ചത്. എന്നിട്ടവന്റെ ഭാഗധേയം നിര്‍ണയിച്ചു.

ശുക്ലത്തില്‍ നിന്നാണ് അവനെ പടച്ചത് എന്നതിന്റെ താല്‍പര്യമിതാണ്. ആദ്യം നീ നിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. ഏതു വസ്തുവില്‍നിന്നാണ് നീ ഉരുത്തിരിഞ്ഞുവന്നത്? എവിടെയാണത് പരിപാലിക്കപ്പെട്ടത്? ഏതു മാര്‍ഗേണയാണീ ലോകത്ത് ആഗതനായത്? എന്തുമാത്രം അവശമായ അവസ്ഥയിലായിരുന്നു നിന്റെ ജീവിതം ആരംഭിച്ചത്? എങ്ങനെയാണിവര്‍ സ്വന്തം അടിസ്ഥാനം മറന്നുകൊണ്ട് തെറ്റിദ്ധാരണകളിലകപ്പെടുന്നത്? സ്വന്തം സ്രഷ്ടാവിനെ എതിര്‍ക്കുക എന്ന ഭ്രാന്ത് എങ്ങനെയാണിവരില്‍ കടന്നുകൂടിയത്?      ദൈവം അവന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയും ചെയ്തു എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. അവന്‍ മാതാവിന്റെ ഉദരത്തില്‍ രൂപംകൊള്ളുമ്പോള്‍തന്നെ അവന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. അവന്റെ ലിംഗമേത്, നിറമേത്, അവന്റെ നീളമെത്ര, വണ്ണമെത്ര, അവയവങ്ങള്‍ എത്രത്തോളം നന്നായിരിക്കണം, എത്രത്തോളം വികലമായിരിക്കണം, അവന്റെ രൂപമേത്, ആകാരമെന്ത്, ശബ്ദമെങ്ങനെ, ശരീരത്തിന്റെ ബലമെത്ര, മാനസിക യോഗ്യതകളെന്തെല്ലാം, ഏത് പ്രദേശത്ത്, ഏത് കുടുംബത്തില്‍, ഏത് ചുറ്റുപാടില്‍ ജനിക്കും, എന്തെല്ലാം പരിശീലനങ്ങളും ശിക്ഷണങ്ങളും ലഭിക്കും, എങ്ങനെ വളര്‍ന്നു വലുതാകും, അവന്റെ വ്യക്തിത്വ രൂപവത്കരണത്തില്‍ പാരമ്പര്യത്തിനും ചുറ്റുപാടുകള്‍ക്കും അവന്റെ സ്വത്വത്തിനും ഉണ്ടാകുന്ന സ്വാധീനം എത്രയൊക്കെയായിരിക്കും, ഭൗതികലോകത്ത് അവന്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെന്തൊക്കെ, ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ എത്ര സമയം ലഭിക്കും എന്നിങ്ങനെയുള്ള കണക്കുകള്‍ ഒരിക്കലും ലംഘിക്കാനാവില്ല. അതില്‍ അണുഅളവ് മാറ്റം വരുത്താനുമാവില്ല. സ്രഷ്ടാവ് നിര്‍മിച്ചുവെച്ച കണക്കുകള്‍ക്ക് മുന്നില്‍ ഇത്രമാത്രം അശക്തരായ അവര്‍, അവനോട് നിഷേധം കൈക്കൊള്ളുമെന്നത് എന്തുമാത്രം വിചിത്രമായ ധാര്‍ഷ്ട്യമാണ്!

80 : 20 - പിന്നെ അവന്റെ ജീവിതസരണി സരളമാക്കിക്കൊടുത്തു.

ഇതൊക്കെ ചെയ്യാന്‍ പറ്റിയ ഉപാധികളും ഉപകരണങ്ങളും അവന്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ, നന്മയുടെയും തിന്മയുടെയും രണ്ടു വഴികളില്‍ ഇഷ്ടമുള്ള ഏതും സ്വീകരിക്കാനുള്ള അവസരവും മനുഷ്യന് അവന്‍ നല്‍കിയിരിക്കുന്നു. രണ്ടു വഴികളില്‍ ഇഷ്ടമുള്ളതിലൂടെ നടക്കാന്‍ അവന് സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു.

80 : 21 - പിന്നെ അവനെ മരിപ്പിച്ചു ശവക്കുഴിയിലെത്തിച്ചു.

ജനനത്തിന്റെയും വിധിയുടെയും കാര്യത്തില്‍ മാത്രമല്ല, സ്വന്തം മരണത്തിന്റെ കാര്യത്തിലും അവന്‍ സ്രഷ്ടാവിന്റെ മുമ്പില്‍ നിസ്സഹായനാകുന്നു. ആര്‍ക്കും ഇഷ്ടാനുസാരം ജനിക്കാനാവില്ല. ഇഷ്ടാനുസാരം മരിക്കാനുമാവില്ല. മരണത്തെ ഒരു നിമിഷത്തേക്കുപോലും നീട്ടിവയ്ക്കാനുമാവുന്നില്ല. അവന്‍ ഏതു നേരത്ത്, എവിടെവെച്ച്, ഏതവസ്ഥയില്‍ മരിക്കണമെന്ന് വിധിക്കപ്പെട്ടിരിക്കുന്നുവോ അതേ നേരത്ത്, അതേ സ്ഥലത്ത്, അതേ അവസ്ഥയില്‍ത്തന്നെ മരിച്ചിരിക്കും. ഏതു തരത്തിലുള്ള ശവമടക്കലാണോ അവന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, അതേതരത്തില്‍ത്തന്നെ അവന്‍ അടക്കപ്പെടുന്നു. അത് മണ്ണിനകത്താകാം, സമുദ്രത്തിന്റെ ആഴങ്ങളിലാകാം, അഗ്നിജ്വാലകളിലാകാം, ജന്തുക്കളുടെ ആമാശയത്തിലാകാം. സ്രഷ്ടാവിന്റെ ഈ വക വിധികളൊന്നും ലോകം മുഴുവന്‍ വിചാരിച്ചാലും ആരുടെ കാര്യത്തിലും അല്‍പം പോലും ഭേദഗതി ചെയ്യാനാവില്ല.

80 : 22 - പിന്നീട് അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

മരണാനന്തരം അവനെ സ്രഷ്ടാവ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനെ വിസമ്മതിക്കാനും അവന് സാധിക്കുകയില്ല. നീ ജനിക്കാനാഗ്രഹിക്കുന്നുണ്ടോ ഇല്ലേ എന്ന് സമ്മതം ചോദിച്ചിട്ടല്ലല്ലോ നേരത്തേ അവനെ സൃഷ്ടിച്ചത്. അവന്റെ സമ്മതമില്ലെങ്കിലും ജനിക്കുകതന്നെ ചെയ്യുന്നു. അതേപോലെ പുനരുജ്ജീവിതവും അവന്റെ സമ്മതത്തെ ആശ്രയിച്ചുള്ളതല്ല. അതായത്, അവന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കുക, ഉയിര്‍ത്തെഴുന്നേല്‍ക്കാനിഷ്ടമില്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കുക എന്ന അവസ്ഥയില്ല. ഇക്കാര്യത്തിലും, അല്ലാഹുവിന്റെ ഇഷ്ടത്തിന് മുമ്പില്‍ അവന്‍ തികച്ചും നിസ്സഹായനാകുന്നു. സ്രഷ്ടാവ് ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന്‍ എഴുന്നേല്‍ക്കുകയും ചെയ്യും-- അവനത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

80 : 23 - ഒരിക്കലുമല്ല, അല്ലാഹു കല്‍പിച്ചത് അവന്‍ നിറവേറ്റിയില്ല.

അല്ലാഹു ജന്മവാസനയുടെ രൂപത്തില്‍ ഓരോ മനുഷ്യനിലും നിക്ഷേപിച്ചിട്ടുള്ള മാര്‍ഗബോധമാണ് ആജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, മനുഷ്യന്റെത്തന്നെ അസ്തിത്വവും ഭൂമി തൊട്ട് ആകാശം വരെയുള്ള പ്രപഞ്ചത്തിന്റെ ഓരോ കണികയും ദൈവികപ്രഭാവത്തിന്റെ ഓരോ പ്രകടനവും സൂചിപ്പിക്കുന്ന ശാസനയുമാകുന്നു. കൂടാതെ, ഓരോ കാലഘട്ടത്തിലും അല്ലാഹു അവന്റെ പ്രവാചകന്‍മാരിലൂടെയും തന്റെ വേദങ്ങളിലൂടെയും അയച്ചുതന്നിട്ടുള്ളതും, കാലാകാലങ്ങളില്‍ സജ്ജനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതുമായ വിധികളും അതിന്റെ വിവക്ഷയില്‍ പെടുന്നുണ്ട്. (കൂടുതല്‍ വിശദീകരണത്തിന് സൂറ അദ്ദഹ്ര്‍ 3-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക). ഈ സന്ദര്‍ഭത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചതിന്റെ താല്‍പര്യം ഇതാണ്: മുന്‍സൂക്തങ്ങളില്‍ പറഞ്ഞ യാഥാര്‍ഥ്യങ്ങളെ ആധാരമാക്കി ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിന്റെ ശാസനകളനുസരിക്കുന്നില്ല എന്ന് കാണാം. അവന്‍ ദൈവധിക്കാരത്തിന്റെ നിലപാട് സ്വീകരിക്കുകയും ദൈവദാസനായ സൃഷ്ടിയായിരിക്കുന്നതിന്റെ പ്രകൃതിതാല്‍പര്യങ്ങള്‍ അവനിലൂടെ പൂര്‍ത്തീകരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.

80 : 24 - മനുഷ്യന്‍ തന്റെ അന്നത്തിലേക്കൊന്നു നോക്കട്ടെ.

അവന്‍ വെറുമൊരു സാധാരണ കാര്യമായി കാണുന്ന ഭക്ഷണത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കട്ടെ--അതെങ്ങനെ ഉണ്ടാകുന്നു? ദൈവം അതിനുള്ള ഉപാധികള്‍ ഉളവാക്കിയിരുന്നില്ലെങ്കില്‍ ഭൂമിയില്‍നിന്ന് സ്വയം ഭക്ഷണമുല്‍പാദിപ്പിക്കുക അവന്റെ കഴിവില്‍ പെട്ടതാണോ?

80 : 25 - നാം നന്നായി വെള്ളമൊഴിച്ചു.

ഇവിടെ ജലസേചനംകൊണ്ടുദ്ദേശ്യം മഴയാകുന്നു. സൂര്യതാപത്താല്‍ സമുദ്രത്തില്‍നിന്ന് കണക്കില്ലാത്ത അളവില്‍ ജലം ആവിയായി മേലോട്ടുയര്‍ന്നു പോകുന്നു. പിന്നീട് അത് കാര്‍മേഘങ്ങളായി കനക്കുന്നു. കാറ്റ് അതിനെ ഭൂമിയുടെ നാനാഭാഗങ്ങളിലേക്കും ഒഴുക്കിയെത്തിക്കുന്നു. പിന്നീട് അന്തരീക്ഷത്തിന്റെ ഉപരിഭാഗത്തെ തണുപ്പുമൂലം ആ മേഘം വീണ്ടും ജലരൂപം പ്രാപിക്കുകയും എല്ലാ സ്ഥലങ്ങളിലും നിശ്ചിത കണക്കനുസരിച്ച് വര്‍ഷിക്കുകയും ചെയ്യുന്നു. പിന്നെ ആ ജലം നേരിട്ട് ഭൂമിയില്‍ പരക്കുന്നു. കിണറുകളും ഉറവകളുമുണ്ടാകുന്നു. അരുവികളായും തോടുകളായും നദികളായും ഒഴുകുന്നു. മലകളില്‍ മഞ്ഞായി ഉറയ്ക്കുന്നു. പിന്നെ ഉരുകിയൊലിക്കുന്നു. മഴയില്ലാത്ത സീസണുകളില്‍ നദികളിലൂടെ ഒഴുകിയെത്തുന്നു. ഇതൊക്കെ മനുഷ്യര്‍തന്നെ ചെയ്തുവെച്ച ഏര്‍പ്പാടുകളാണോ? അവന്റെ സ്രഷ്ടാവ് ഭക്ഷണം ലഭിക്കാനുള്ള ഈ സംവിധാനങ്ങളൊന്നും ചെയ്തില്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് മനുഷ്യന് ഈ ഭൂമിയില്‍ ജീവിതം സാധ്യമാവുക?

80 : 26 - പിന്നെ അദ്ഭുതകരമായി ഭൂമിയെ പിളര്‍ന്നു.

'ഭൂമിയെ പിളരുക' എന്നതുകൊണ്ടുദ്ദേശ്യം മുളച്ചുവരാന്‍ പാകത്തില്‍ വിത്തുകളോ കമ്പുകളോ മനുഷ്യന്‍ അതിനകത്തു നടുക. അല്ലെങ്കില്‍ കാറ്റുമുഖേനയോ പക്ഷികള്‍ മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ മണ്ണില്‍ വിത്തു വീഴുക എന്നതാകുന്നു. ദൈവം സൃഷ്ടിച്ച വിത്തുകള്‍, ഭൂമിയില്‍ കുഴിതോണ്ടിയോ ഉഴുതുമറിച്ചോ നടുക എന്നതു മാത്രമേ മനുഷ്യന് ചെയ്യാന്‍ കഴിയൂ. ബാക്കിയെല്ലാം അല്ലാഹുവിന്റെ കാര്യമാണ്. എണ്ണമില്ലാത്ത വിത്തിനങ്ങളുണ്ടാക്കിയതവനാണ്. മണ്ണിലെത്തിയാല്‍ പൊട്ടിമുളയ്ക്കാനും ഓരോ ഇനത്തില്‍നിന്നും അതേ ഇനത്തില്‍പ്പെട്ട ചെടികളെ വളര്‍ത്താനുമുള്ള സവിശേഷഗുണം ഈ വിത്തുകളില്‍ നിക്ഷേപിച്ചതും അല്ലാഹുതന്നെയാണ്. വെള്ളവുമായി ചേര്‍ന്ന് മണ്ണിന് വിത്തുകളെ തുറക്കാനും, ഓരോ ഇനം ചെടികളെയും അനുയോജ്യമായ പോഷകമെത്തിച്ച് വളര്‍ത്താനുമുള്ള യോഗ്യത നല്‍കിയതും അവന്‍ത്തന്നെ. അല്ലാഹു വിത്തുകളെ ഈ യോഗ്യതയോടെ, ഭൂമിയുടെ മേല്‍ത്തട്ടിനെ ഈ ഗുണങ്ങളോടെ സൃഷ്ടിച്ചിരുന്നില്ലെങ്കില്‍ മനുഷ്യനിവിടെ ആഹാരം വല്ലതും കണ്ടെത്താന്‍ കഴിയുമോ?

80 : 27 - അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.

80 : 28 - മുന്തിരിയും പച്ചക്കറികളും

80 : 29 - ഒലീവും ഈന്തപ്പനയും

80 : 30 - ഇടതിങ്ങിയ തോട്ടങ്ങളും

80 : 31 - പലതരം പഴങ്ങളും പുല്‍ചെടികളും

80 : 32 - നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവിതവിഭവമായിക്കൊണ്ട്.

നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങള്‍ക്ക് മാംസം, കൊഴുപ്പ്, പാല്‍, വെണ്ണ തുടങ്ങിയ ആഹാരവസ്തുക്കള്‍ ലഭ്യമാക്കുകയും നിങ്ങളുടെ ഭൗതികജീവിതത്തിന് നിരവധി സേവനങ്ങള്‍ ചെയ്തുതരികയും ചെയ്യുന്ന മൃഗങ്ങള്‍ക്കും അവ വിഭവമാകുന്നു. ഏതൊരു ദൈവത്തിന്റെ ആഹാരംകൊണ്ടാണോ നിങ്ങള്‍ പരിപാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, അവന്റെ വിഭവങ്ങളെല്ലാം അനുഭവിച്ചുകൊണ്ട് നിങ്ങള്‍ അവനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുകയാണോ?

    പ്രാരംഭപദമായ عَبَسَ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.  

 അവതരണ കാലം

ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഏകകണ്ഠമായി ഈ സൂറയുടെ അവതരണനിമിത്തം ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: ഒരിക്കല്‍ നബി(സ)യുടെ സന്നിധിയില്‍ മക്കയിലെ ചില പ്രമാണിമാര്‍ സന്നിഹിതരായിരുന്നു. അവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാനും അവരെക്കൊണ്ട് അത് സ്വീകരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു തിരുമേനി. ഈ സന്ദര്‍ഭത്തില്‍ ഇബ്‌നു ഉമ്മിമക്തൂം* എന്നുപേരായ ഒരു അന്ധന്‍ തിരുമേനിയെ സമീപിച്ചു. അദ്ദേഹത്തിന് ഇസ്‌ലാമിനെക്കുറിച്ച് ചില കാര്യങ്ങള്‍ തിരുമേനിയോട് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. ഈ ഇടപെടല്‍ അരോചകമായിത്തോന്നിയ തിരുമേനി ആഗതനെ അവഗണിച്ചു. ഈ സംഭവത്തെ സ്പര്‍ശിച്ചാണ് ഈ സൂറ അവതരിച്ചത്. ഉപര്യുക്ത ചരിത്രസംഭവത്തിലൂടെ ഈ സൂറയുടെ അവതരണകാലം അനായാസം നിര്‍ണിതമാകുന്നു.

        ഒന്നാമതായി, ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചവരിലൊരാളാണ് ഇബ്‌നു ഉമ്മിമക്തൂം എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. 'അദ്ദേഹം മക്കയില്‍ പണ്ടേ ഇസ്‌ലാം സ്വീകരിച്ചിരുന്നു,' 'പണ്ടേ ഇസ്‌ലാം സ്വീകരിച്ചവരിലൊരാളാണ് അദ്ദേഹം' എന്നിങ്ങനെ ഹാഫിള് ഇബ്‌നു ഹജറും* ഹാഫിള് ഇബ്‌നു കസീറും* അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്.

        രണ്ടാമതായി, സംഭവം നിവേദനം ചെയ്യുന്ന ഹദീസുകളില്‍ ചിലതില്‍നിന്നു മനസ്സിലാകുന്നത് അതു നടക്കുന്ന കാലത്തുതന്നെ അദ്ദേഹം മുസ്‌ലിമായിക്കഴിഞ്ഞിരുന്നുവെന്നാണ്. ചിലതില്‍നിന്ന് മനസ്സിലാകുന്നത് അന്നദ്ദേഹത്തിന് ഇസ്‌ലാമിനോട് അനുഭാവം ഉണ്ടായിരുന്നുവെന്നും സത്യാന്വേഷണാര്‍ഥം തിരുമേനിയെ സമീപിച്ചതാണെന്നുമാണ്. അദ്ദേഹം തിരുമേനിയെ സമീപിച്ച് ''അല്ലാഹുവിന്റെ ദൂതരേ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കണം'' എന്നപേക്ഷിച്ചതായി ആഇശ(റ)*യില്‍നിന്ന് തിര്‍മിദി*യും ഹാകിമും* ഇബ്‌നു ഹിബ്ബാനും* ഇബ്‌നു ജരീറും* അബൂയഅ്‌ലായും* നിവേദനം ചെയ്തിരിക്കുന്നു. അദ്ദേഹം വന്ന് ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യമാരാഞ്ഞുകൊണ്ട്, ''അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു അങ്ങയെ പഠിപ്പിച്ചത് എനിക്ക് പഠിപ്പിച്ചു തരുക'' എന്നഭ്യര്‍ഥിച്ചതായാണ് ഇബ്‌നു അബ്ബാസില്‍നിന്ന് ഇബ്‌നു ജരീറും ഇബ്‌നു അബീഹാതിമും ഉദ്ധരിച്ച നിവേദനത്തിലുള്ളത്. സംഭവം നടക്കുന്ന കാലത്ത് അദ്ദേഹം മുഹമ്മദി(സ)നെ അല്ലാഹുവിന്റെ ദൂതനായും ഖുര്‍ആനെ വേദമായും അംഗീകരിച്ചു കഴിഞ്ഞിരുന്നുവെന്നാണല്ലോ ഇതില്‍നിന്നു വ്യക്തമാകുന്നത്. മറുവശത്ത്, സൂറയിലെ മൂന്നാം സൂക്തമായ لَعَلَّهُ يَزَّكَّى എന്നതിന് ഇബ്‌നു സൈദ് لَعَلَّهُ يُسْلِمُ (അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചേക്കാം) എന്ന് അര്‍ഥം നല്‍കിയതായി ഇബ്‌നു ജരീര്‍ ഉദ്ധരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള വാക്യങ്ങള്‍ ഈ അര്‍ഥകല്‍പനയെ സാധൂകരിക്കുന്നുമുണ്ട്: ''നിനക്കെന്തറിയാം, അയാള്‍ വിശുദ്ധി കൈക്കൊണ്ടേക്കാം. അല്ലെങ്കില്‍ ഉപദേശം ശ്രദ്ധിക്കുകയും അതയാള്‍ക്കു പ്രയോജനപ്പെടുകയും ചെയ്‌തേക്കാം.'' അന്ന് ഇബ്‌നു ഉമ്മിമക്തൂമിന് ഉദാത്തമായ സത്യാന്വേഷണവാഞ്ഛയുണ്ടായിരുന്നുവെന്നാണ് ഈ വാക്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. പ്രവാചകനെത്തന്നെ മാര്‍ഗദര്‍ശന സ്രോതസ്സായി  മനസ്സിലാക്കി അദ്ദേഹം തിരുസന്നിധിയിലെത്തിയിരിക്കുകയാണ്. തിരുമേനിയില്‍നിന്നു മാത്രമേ തനിക്ക് ശരിയായ മാര്‍ഗദര്‍ശനം ലഭിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇത്, മാര്‍ഗദര്‍ശനം ലഭിക്കുകയാണെങ്കില്‍ പ്രയോജനപ്പെടുന്ന അവസ്ഥയിലായിരുന്നു അന്ന് ഇബ്‌നു ഉമ്മിമക്തൂം എന്നാണ് സൂചിപ്പിക്കുന്നത്.

        തിരുമേനിയുടെ സദസ്സില്‍ അന്ന് ഉപവിഷ്ടരായിരുന്ന ആളുകളുടെ പേരുകള്‍ വിവിധ നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ ബദ്ധവൈരികളായിരുന്ന ഉത്ബ, ശൈബ, അബൂജഹ്ല്‍ ‌, ഉമയ്യതുബ്‌നു ഖലഫ്, ഉബയ്യുബ്‌നു ഖലഫ് തുടങ്ങിയവരെ ആ പട്ടികയില്‍ കാണാം. അതില്‍നിന്നു മനസ്സിലാകുന്നതിങ്ങനെയാണ്: സംഭവം നടക്കുമ്പോള്‍ ഇപ്പറഞ്ഞവരും നബി(സ)യും തമ്മിലുള്ള പരസ്പരബന്ധവും പെരുമാറ്റവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള സംഘര്‍ഷം, അവര്‍ നബിയെ സന്ദര്‍ശിക്കുന്നതോ കൂടിക്കാഴ്ചകള്‍ നടത്തുന്നതോ അവസാനിക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല. ഈ സൂറ വളരെ ആദ്യകാലത്ത് അവതരിച്ച സൂറകളില്‍ പെട്ടതാണെന്നാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.     

ഉള്ളടക്കം

പ്രഭാഷണാരംഭത്തിന്റെ ശൈലി കാണുമ്പോള്‍ അനുവാചകന് ഇങ്ങനെയാണു തോന്നുക: അന്ധനെ അവഗണിച്ച് ഖുറൈശി പ്രമാണിമാരെ പരിഗണിച്ചതിന്റെ പേരില്‍ അല്ലാഹു പ്രവാചകനെ ആക്ഷേപിച്ചിരിക്കുകയാണീ സൂറയിലൂടെ. പക്ഷേ, സൂറ മൊത്തത്തില്‍ എടുത്തു പഠിച്ചുനോക്കിയാല്‍ ആക്ഷേപം യഥാര്‍ഥത്തില്‍ ഖുറൈശി പ്രമാണിമാരുടെ നേരെയാണെന്ന് മനസ്സിലാകും. അവര്‍ അഹന്തയും ധിക്കാരവും സത്യനിഷേധവും മൂലം പ്രവാചകന്റെ സത്യപ്രബോധനത്തെ നിസ്സാരമാക്കി തള്ളിക്കളയുന്നതിന്റെ പേരില്‍ തിരുമേനിക്ക് സത്യപ്രബോധനത്തിന്റെ ശരിയായ രീതി പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം ദൗത്യനിര്‍വഹണത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം അവലംബിച്ചിരുന്ന രീതി തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നുമുണ്ട്. പ്രമാണിമാരെ വിശിഷ്ടരും അന്ധനെ അധമനും ആയി കരുതിയതുകൊണ്ടല്ല തിരുമേനി ഖുറൈശിനേതാക്കളെ പരിഗണിച്ചിരുന്നത്. മആദല്ലാഹ്-- അല്ലാഹു ആക്ഷേപിച്ച ഈ നിലപാട് ഒരു വികലമനസ്‌കനില്‍ മാത്രമേ കാണൂ. കാര്യത്തിന്റെ കാതല്‍ ഇതാണ്: 'ഒരു പ്രബോധകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സ്വാഭാവികമായും സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നു. മേലേക്കിടയിലുള്ളവര്‍ തന്റെ ആശയം സ്വീകരിക്കുകയാണെങ്കില്‍ പിന്നെ ബാക്കി കാര്യം എളുപ്പമാകുമല്ലോ. സ്വാധീനശക്തിയില്ലാത്ത ദുര്‍ബലരും നിരാലംബരുമായ സാധാരണക്കാരില്‍ സന്ദേശം പ്രചരിച്ചതുകൊണ്ട് സമൂഹത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല'--ഏതാണ്ട് ഈയൊരു നിലപാടാണ് ആദ്യകാലത്ത് പ്രബോധന പ്രവര്‍ത്തനത്തില്‍ നബി(സ)യും അവലംബിച്ചിരുന്നത്. ഇതിന്റെ പ്രചോദനം തികഞ്ഞ ആത്മാര്‍ഥതയും സത്യപ്രബോധന വികാരവുമായിരുന്നു; അല്ലാതെ നേതൃപ്രമാണിമാരൊക്കെ വിശിഷ്ടരും പാവപ്പെട്ടവരൊക്കെ അധമരും ആണെന്ന സങ്കല്‍പം പുലര്‍ത്തിയിരുന്നതുകൊണ്ടല്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു: ഇതല്ല ശരിയായ പ്രബോധനരീതി. ഈ പ്രബോധനത്തിന്റെ വീക്ഷണത്തില്‍ സത്യാന്വേഷകനായ ഏതു മനുഷ്യനും പ്രാധാന്യമുള്ളവനാകുന്നു. അവന്‍ അവശനാണോ സ്വാധീനമില്ലാത്തവനാണോ ആര്‍ത്തനാണോ എന്നതൊന്നും പ്രസക്തമല്ല. സത്യത്തെ വിലമതിക്കാത്തവരാകട്ടെ, അവര്‍ ആരായാലും അപ്രധാനരാണ്--സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ എത്ര വലുതായാലും ശരി. അതുകൊണ്ട് താങ്കള്‍ ഇസ്‌ലാമികാദര്‍ശങ്ങള്‍ എല്ലാവരെയും ഉറക്കെ കേള്‍പ്പിക്കുക. എങ്കിലും സത്യം സ്വീകരിക്കാനുള്ള സന്നദ്ധത ആരില്‍ കാണപ്പെടുന്നുവോ, അവരാണ് യഥാര്‍ഥത്തില്‍ താങ്കളുടെ ശ്രദ്ധയര്‍ഹിക്കുന്നവര്‍. സ്വന്തം വമ്പില്‍ നിഗളിച്ചുകൊണ്ട് അവര്‍ക്ക് താങ്കളെയല്ല, പ്രത്യുത, താങ്കള്‍ക്ക് അവരെയാണ് ആവശ്യം എന്നു കരുതുന്ന ആത്മവഞ്ചിതരുടെ മുമ്പില്‍ സന്ദേശം സമര്‍പ്പിക്കരുത്. അത് താങ്കളുടെ പ്രബോധനത്തിന്റെ ഉന്നതമായ നിലവാരത്തിന് ചേര്‍ന്നതല്ല. ഇതാണ് സൂറയുടെ തുടക്കം മുതല്‍ 16-ആം  സൂക്തം വരെയുള്ള വചനങ്ങളുടെ പ്രമേയം.

        അനന്തരം, 17-ആം  സൂക്തം മുതല്‍ ആക്ഷേപത്തിന്റെ മുഖം പ്രവാചക സന്ദേശത്തെ തള്ളിക്കളഞ്ഞ സത്യനിഷേധികളിലേക്ക് നേരിട്ട് തിരിയുന്നു. അതില്‍ ആദ്യമായി, സ്രഷ്ടാവും പരിപാലകനും അന്നദാതാവുമായ റബ്ബിനോട് അവര്‍ അനുവര്‍ത്തിക്കുന്ന സമീപനത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഒടുവില്‍ അവര്‍ താക്കീതു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അന്ത്യനാളില്‍ എന്തുമാത്രം ഭയാനകമായ പരിണതിയാണവര്‍ക്കു നേരിടേണ്ടിവരുക എന്നു താക്കീതു ചെയ്തിരിക്കുകയാണ്.

Facebook Comments