അല്‍ മുത്വഫ് ഫിഫീന്‍

സൂക്തങ്ങള്‍: 1-17

വാക്കര്‍ത്ഥം

നാശം = وَيْلٌ
കള്ളത്താപ്പുകാര്‍ക്ക് = لِّلْمُطَفِّفِينَ
യാതൊരുത്തര്‍ = الَّذِينَ
അവര്‍ അളന്നു വാങ്ങിയാല്‍ = إِذَا اكْتَالُوا
ജനങ്ങളില്‍നിന്ന് = عَلَى النَّاسِ
അവര്‍ തികച്ചെടുക്കുന്നു = يَسْتَوْفُونَ
അവര്‍ അവര്‍ക്ക് അളന്നുകൊടുത്താല്‍ = وَإِذَا كَالُوهُمْ
അല്ലെങ്കില്‍ = أَو
അവര്‍ അവര്‍ക്ക് തൂക്കിക്കൊടുത്താല്‍ = وَّزَنُوهُمْ
അവര്‍ കുറവ് വരുത്തുന്നു = يُخْسِرُونَ
വിചാരിക്കുന്നില്ലേ? = أَلَا يَظُنُّ
അവര്‍ = أُولَٰئِكَ
നിശ്ചയമായും അവര്‍ = أَنَّهُم
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന് = مَّبْعُوثُونَ
ഒരു ദിവസത്തില്‍ = لِيَوْمٍ
ഭീകരമായ = عَظِيمٍ
എഴുന്നേറ്റു വരുന്ന ദിവസം = يَوْمَ يَقُومُ
ജനം = النَّاسُ
നാഥങ്കലേക്ക് = لِرَبِّ
സര്‍വലോകങ്ങളുടെയും = الْعَالَمِينَ
നിസ്സംശയം = كَلَّا
തീര്‍ച്ചയായും കര്‍മരേഖ = إِنَّ كِتَابَ
കുറ്റവാളികളുടെ = الْفُجَّارِ
സിജ്ജീനില്‍തന്നെ = لَفِي سِجِّينٍ
എന്താണ്? = وَمَا
നിന്നെ അറിയിച്ചത് = أَدْرَاكَ
സിജ്ജീന്‍ എന്തെന്ന് = مَا سِجِّينٌ
പുസ്തകം = كِتَابٌ
എഴുതപ്പെട്ട = مَّرْقُومٌ
നാശം = وَيْلٌ
അന്നാളില്‍ = يَوْمَئِذٍ
സത്യനിഷേധികള്‍ക്ക് = لِّلْمُكَذِّبِينَ
യാതൊരുത്തര്‍ = الَّذِينَ
അവര്‍ കളവാക്കുന്നു = يُكَذِّبُونَ
പ്രതിഫലനാളിനെ = بِيَوْمِ الدِّينِ
തള്ളിപ്പറയുകയില്ല = وَمَا يُكَذِّبُ
അതിനെ = بِهِ
അല്ലാതെ = إِلَّا
എല്ലാ = كُلُّ
അതിക്രമിയും = مُعْتَدٍ
അപരാധിയും = أَثِيمٍ
ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ = إِذَا تُتْلَىٰ
അവന്ന് = عَلَيْهِ
നമ്മുടെ സൂക്തങ്ങള്‍ = آيَاتُنَا
അവന്‍ പറയും = قَالَ
കെട്ടുകഥകള്‍ (എന്ന്) = أَسَاطِيرُ
പൂര്‍വികരുടെ = الْأَوَّلِينَ
അല്ല = كَلَّاۖ
എന്നാല്‍ = بَلْۜ
കറയായി പറ്റിപ്പിടിച്ചിരിക്കുന്നു = رَانَ
അവരുടെ ഹൃദയങ്ങളിന്‍മേല്‍ = عَلَىٰ قُلُوبِهِم
യാതൊന്ന് = مَّا
അവരായിരുന്നു = كَانُوا
അവര്‍(അത്) ചെയ്തുകൂട്ടുന്നു(ചെയ്തുകൂട്ടുന്നവര്‍) = يَكْسِبُونَ
ഒരിക്കലുമല്ല = كَلَّا
തീര്‍ച്ചയായും അവര്‍ = إِنَّهُمْ
തങ്ങളുടെ നാഥനില്‍നിന്ന് = عَن رَّبِّهِمْ
ആ ദിനത്തില്‍ = يَوْمَئِذٍ
മറയ്ക്കപ്പെടുന്നവര്‍ = لَّمَحْجُوبُونَ
പിന്നെ = ثُمَّ
നിശ്ചയമായും അവര്‍ = إِنَّهُمْ
കടന്നെരിയുന്നവരാണ് = لَصَالُو
നരകത്തില്‍ = الْجَحِيمِ
പിന്നീട് = ثُمَّ
പറയപ്പെടും = يُقَالُ
ഇത് = هَٰذَا
യാതൊന്നാണ് = الَّذِي
നിങ്ങളായിരുന്നു = كُنتُم
അതിനെ = بِهِ
നിങ്ങള്‍ നിഷേധിക്കുന്നു(നിഷേധിക്കുന്നവര്‍) = تُكَذِّبُونَ

وَيْلٌۭ لِّلْمُطَفِّفِينَ ﴿١﴾ ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ ﴿٢﴾ وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾ لِيَوْمٍ عَظِيمٍۢ ﴿٥﴾ يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ ﴿٦﴾

(1-6) കള്ളത്താപ്പുകാര്‍ക്കു മഹാനാശം!1 ആളുകളോട് അളന്നെടുക്കുമ്പോള്‍ തികച്ചു വാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറക്കുകയും ചെയ്യുകയത്രെ അവരുടെ സമ്പ്രദായം.2 ഒരു മഹാദിനത്തില്‍3 തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന് ഈ ജനം മനസ്സിലാക്കുന്നില്ലയോ? അന്നാളില്‍ മനുഷ്യരൊക്കെയും ലോകനാഥന്റെ സന്നിധിയില്‍ വന്നു നില്‍ക്കേണ്ടിവരും.

=============

1. മൂലത്തില്‍ ഉപയോഗിച്ച مُطَفِّفِين എന്ന പദം تَطْفِيف എന്ന പദത്തില്‍നിന്ന് ഉദ്ഭവിച്ചതാണ്. ചെറുതും നിസ്സാരവുമായ വസ്തുവിനെക്കുറിച്ചാണ് طَفِيف എന്നു പറയുക. അളവുതൂക്കങ്ങളില്‍ കളവും കമ്മിയും വരുത്തുന്നതിനെക്കുറിക്കുന്ന സാങ്കേതിക ശബ്ദമായും تَطْفِيف എന്ന പദം ഉപയോഗിക്കുന്നു. കാരണം, അളവുതൂക്കങ്ങളില്‍ വെട്ടിക്കുന്നവര്‍ വലിയ അളവിലൊന്നും അതു ചെയ്യുകയില്ല. കൈ ശുദ്ധമാണെന്നു കാണിച്ച്, ഓരോ ഉപഭോക്താവിന്റെയും വിഹിതത്തില്‍നിന്ന് അല്‍പാല്‍പം വെട്ടിച്ചെടുക്കുകയാണയാള്‍ ചെയ്യുന്നത്. കച്ചവടക്കാരന്‍തന്നെ എന്ത് എത്ര പറ്റിച്ചു എന്ന് പാവം ഉപഭോക്താവ് അറിയുകയില്ല.

2. വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനെ രൂക്ഷമായി ആക്ഷേപിക്കുകയും സത്യസന്ധമായി അളക്കുകയും തൂക്കുകയും ചെയ്യണമെന്ന് ശക്തിയായി താക്കീതു ചെയ്യുകയും ചെയ്തിട്ടുണ്ട്. സൂറ അല്‍അന്‍ആം 152-ആം 6:152സൂക്തത്തില്‍ പറഞ്ഞു: ''നീതിപൂര്‍വം അളക്കുകയും തൂക്കുകയും ചെയ്യുക. നാം ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ ഭാരം ചുമത്തുന്നില്ല.'' ബനൂ ഇസ്‌റാഈല്‍‍ 35-ആം 17:35സൂക്തത്തില്‍ പറയുന്നു: ''നിങ്ങള്‍ അളക്കുമ്പോള്‍ നിറച്ചളക്കണം; ശരിയായ ത്രാസുകളില്‍ തൂക്കണം.'' സൂറ അര്‍റഹ്മാന്‍ 8-9 55:8 സൂക്തങ്ങളില്‍ താക്കീതു ചെയ്യുന്നു: ''തൂക്കത്തില്‍ അതിക്രമം കാണിക്കരുത്. നീതിപൂര്‍വം തൂക്കിക്കൊടുക്കുക. ത്രാസുകളില്‍ വെട്ടിപ്പുനടത്തരുത്.'' ശുഐബി(അ)ന്റെ സമൂഹം ദൈവികശിക്ഷക്കിരയാവാന്‍ കാരണം അളവുതൂക്കങ്ങളില്‍ വഞ്ചനനടത്തുക എന്ന അധര്‍മം അവരില്‍ വ്യാപകമായി നടമാടിയതായിരുന്നു. ശുഐബ് (അ) ആവര്‍ത്തിച്ചുപദേശിച്ചിട്ടും അവര്‍ ഈ അധര്‍മത്തില്‍നിന്ന് വിരമിക്കാന്‍ കൂട്ടാക്കിയില്ല.

3. മനുഷ്യരും ജിന്നുകളുമൊന്നടങ്കം അല്ലാഹുവിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയും രക്ഷാശിക്ഷകളുടെ നിര്‍ണായകമായ വിധി പ്രസ്താവിക്കപ്പെടുകയും ചെയ്യുന്ന ദിവസമായതുകൊണ്ടാണ് അന്ത്യനാളിനെ മഹാദിനം എന്നു വിശേഷിപ്പിച്ചത്.

كَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍۢ ﴿٧﴾ وَمَآ أَدْرَىٰكَ مَا سِجِّينٌۭ ﴿٨﴾ كِتَٰبٌۭ مَّرْقُومٌۭ ﴿٩﴾ وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ ﴿١٠﴾ ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ ﴿١١﴾ وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ ﴿١٢﴾ إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ﴿١٣﴾ كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ ﴿١٤﴾ كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ ﴿١٥﴾ ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ ﴿١٦﴾ ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ ﴿١٧﴾

(7-17) ഒരിക്കലുമല്ല,4 ദുഷ്ടജനത്തിന്റെ കര്‍മപുസ്തകം തടവുകാരുടെ പട്ടികയിലാകുന്നു.5 തടവുകാരുടെ പട്ടിക എന്തെന്ന് നിനക്കെന്തറിയാം? അതൊരു എഴുതപ്പെട്ട പുസ്തകമാകുന്നു. കര്‍മഫലനാളിനെ തള്ളിപ്പറയുന്ന നിഷേധികള്‍ക്കല്ലോ അന്ന് മഹാനാശം! അതിരുവിട്ട ദുഷ്ടനല്ലാതെ അതിനെ തള്ളിപ്പറയുന്നില്ല. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുമ്പോള്‍6 അവന്‍ ഘോഷിക്കുന്നു: 'ഇതോ, പഴമക്കാരുടെ ഇതിഹാസങ്ങള്‍.' ഒരിക്കലുമല്ല. പ്രത്യുത, ആ ജനത്തിന്റെ ഹൃദയങ്ങളില്‍ സ്വന്തം കര്‍മദോഷങ്ങളുടെ കറ പിടിച്ചിരിക്കുകയാണ്.7 ഒരിക്കലുമല്ല. അന്നാളില്‍ ഇവര്‍ ഇവരുടെ റബ്ബിന്റെ കടാക്ഷത്തില്‍നിന്ന് വിലക്കപ്പെട്ടവരാകുന്നു.8 പിന്നെ ഇവര്‍ നരകത്തില്‍ ചെന്നു പതിക്കുന്നു. അപ്പോള്‍ ഇവരോട് പറയപ്പെടും: 'നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ സംഗതിയത്രെ ഇത്.'

==========

4. ഈ ലോകത്ത് ഇത്തരം പാപകൃത്യങ്ങള്‍ ചെയ്തശേഷം തങ്ങള്‍ വെറുതെയങ്ങ് വിട്ടയക്കപ്പെടുമെന്നും സമാധാനം ബോധിപ്പിക്കാന്‍ ഒരിക്കലും ദൈവത്തിന്റെ മുമ്പിലൊന്നും ഹാജരാകേണ്ടിവരുകയില്ലെന്നുമുള്ള ഇക്കൂട്ടരുടെ ധാരണ തികച്ചും അബദ്ധമാണെന്നര്‍ഥം.

5. മൂലത്തില്‍ ഉപയോഗിച്ച سِجِّين തടവറ എന്നര്‍ഥമുള്ള سِجْن എന്ന പദത്തില്‍നിന്നു നിഷ്പന്ദിച്ചതാണ്. ശിക്ഷാര്‍ഹരായ ആളുകളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള പട്ടികയാണതുകൊണ്ടുദ്ദേശ്യമെന്ന് പിറകെവരുന്ന വിശദീകരണത്തില്‍നിന്ന് മനസ്സിലാക്കാം.

6. വിചാരണനാളിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന സൂക്തങ്ങളാണുദ്ദേശ്യം.

7. അതായത്, രക്ഷാശിക്ഷകളെ പഴമ്പുരാണമെന്ന് വിധിക്കുന്നതിന് യുക്തിസഹമായ ഒരു ന്യായവുമില്ല. എന്നാല്‍, ഇക്കൂട്ടര്‍ അതിനെ കെട്ടുകഥയെന്നു ഘോഷിക്കാന്‍ കാരണം അവരുടെ മനസ്സുകളെ അവര്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ കറ മുച്ചൂടും മൂടിക്കളഞ്ഞിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തികച്ചും ബുദ്ധിപൂര്‍വമായ കാര്യങ്ങള്‍ അവര്‍ക്ക് കെട്ടുകഥയായിത്തോന്നുന്നു. ഈ കറയെ നബി(സ) ഇങ്ങനെ പരിചയപ്പെടുത്തിയിരിക്കുന്നു: ''ഒരുവന്‍ ഒരു പാപം ചെയ്താല്‍ അവന്റെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴുന്നു. അവന്‍ പശ്ചാത്തപിച്ചാല്‍ ആ പുള്ളി മാഞ്ഞുപോകും. എന്നാല്‍, അവന്‍ പാപംതന്നെ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ മുഴുവന്‍ മനസ്സിനെയും ഇതു മൂടുന്നു.'' (മുസ്‌നദ് അഹ്മദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ,, ഇബ്‌നുജരീര്‍, ഹാകിം, ഇബ്‌നു അബീഹാതിം, ഇബ്‌നു ഹിബ്ബാന്‍തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

8. സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന ദൈവദര്‍ശനം എന്ന മഹാഭാഗ്യത്തില്‍നിന്ന് അവര്‍ വിലക്കപ്പെടുമെന്നര്‍ഥം.

നാമം

وَيْلٌ لِلْمُطَفِّفين എന്ന പ്രഥമ സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം.

അവതരണകാലം

ഇത് പ്രവാചകന്റെ മക്കാജീവിതത്തിലെ ആദ്യനാളുകളില്‍, മക്കാനിവാസികളുടെ മനസ്സില്‍ പരലോകവിശ്വാസം ഉറപ്പിക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി അവതരിച്ച സൂറകളിലൊന്നാണെന്ന് പ്രതിപാദനശൈലിയില്‍നിന്നും ഉള്ളടക്കത്തില്‍നിന്നും സ്പഷ്ടമാകുന്നു. മക്കക്കാര്‍ നിരത്തുകളിലും തെരുവുകളിലും സഭകളിലുമെല്ലാം മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കാനും അവരെ പരിഹസിക്കാനും നിന്ദിക്കാനും തുടങ്ങിയ കാലത്താണ് ഇതവതരിച്ചത്. എന്നാല്‍, അന്ന് കൈയേറ്റങ്ങളും അക്രമമര്‍ദനങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നില്ല. ചില വ്യാഖ്യാതാക്കള്‍ ഈ സൂറ മദനിയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്നുള്ള ഒരു നിവേദനമാണാ തെറ്റുധാരണക്കാധാരം. അദ്ദേഹം പ്രസ്താവിച്ചു: നബി(സ) മദീനയില്‍ ചെല്ലുമ്പോള്‍ അവിടെ അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്ന രോഗം മൂര്‍ച്ഛിച്ചിട്ടുണ്ടായിരുന്നു. പിന്നെ അല്ലാഹു وَيْلٌ لِلْمُطَفِّفين അവതരിപ്പിച്ചു. അങ്ങനെ ജനങ്ങള്‍ സത്യസന്ധമായി അളക്കാനും തൂക്കാനും തുടങ്ങി (നസാഇ, ഇബ്‌നു മാജ, ഇബ്‌നു മര്‍ദവൈഹി, ഇബ്‌നു ജരീര്‍, ബൈഹഖി- 'ശുഅ്ബുല്‍ ഈമാന്‍'). എന്നാല്‍, നാം സൂറ അദ്ദഹ്‌റിന്റെ ആമുഖത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഏതെങ്കിലും സംഭവത്തില്‍ പ്രസക്തമാകുന്ന ഒരു ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് അത് ആ സംഭവത്തില്‍ അവതരിച്ചതാണെന്നു പറയുക സ്വഹാബത്തിന്റെയും താബിഇകളുടെയും ഒരു പൊതുരീതിയായിരുന്നു. അതുകൊണ്ട് ഇബ്‌നു അബ്ബാസിന്റെ നിവേദനത്തില്‍നിന്ന് സ്ഥാപിതമാകുന്നത് ഇത്രമാത്രമാകുന്നു: ഹിജ്‌റക്കുശേഷം മദീനയില്‍ ഈ അധര്‍മം നടമാടുന്നതു കണ്ട നബി(സ) അവരെ ഈ സൂറ കേള്‍പ്പിക്കുകയും അവരുടെ നടപടി സംസ്‌കരിക്കുകയും ചെയ്തു.

ഉള്ളടക്കം

പരലോകമാണ് ഈ സൂറയുടെ പ്രമേയം. ആദ്യത്തെ ആറു സൂക്തങ്ങളില്‍, വ്യാപാരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആളുകളില്‍ ധാരാളമായി നടമാടിയിരുന്ന കാപട്യത്തെ വിമര്‍ശിക്കുകയാണ്. അവര്‍ മറ്റുള്ളവരില്‍നിന്നു സ്വീകരിക്കുമ്പോള്‍ കൃത്യമായി അളന്നും തൂക്കിയും സ്വീകരിക്കുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ അളവുതൂക്കങ്ങളില്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കമ്മി ചെയ്‌തേ കൊടുക്കൂ. സമൂഹത്തില്‍ നടമാടിയിരുന്ന അനേകം ജീര്‍ണതകളിലൊന്നാണിത്. അതിന്റെ നികൃഷ്ടത ആര്‍ക്കും നിഷേധിക്കാനാവില്ലായിരുന്നു. ഒരു ഉദാഹരണമെന്ന നിലയില്‍ ഖുര്‍ആന്‍ പറയുകയാണ്: പരലോകബോധമില്ലാത്തതിന്റെ ഫലമാണിത്. ഒരുനാള്‍ ദൈവത്തിന്റെ മുമ്പില്‍ ചെന്നുനില്‍ക്കേണ്ടതുണ്ടെന്നും അവിടെ അണപൈ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള ബോധമില്ലാത്തേടത്തോളം കാലം ആളുകള്‍ക്ക് ഇടപാടുകളില്‍ തികഞ്ഞ സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. ഒരുവന്‍ സത്യസന്ധതയാണ് 'നല്ല നയം' എന്ന് കരുതി ചില ചെറിയ ചെറിയ ഇടപാടുകളില്‍ വിശ്വസ്തതയും നീതിയും പാലിച്ചാല്‍ത്തന്നെ, കാപട്യവും വഞ്ചനയുമനുവര്‍ത്തിക്കലാണ് 'പ്രയോജനകരമായ നയം' എന്നു തെളിയുന്നേടത്ത് അവന്ന് സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. മനുഷ്യനില്‍ സത്യവും സ്ഥായിയുമായ വിശ്വസ്തതയും നീതിബോധവും ഉളവാകുന്നുവെങ്കില്‍ അത് ദൈവവിശ്വാസത്തില്‍നിന്നും രൂഢമായ പരലോകബോധത്തില്‍നിന്നും മാത്രമേ ഉളവാകൂ. എന്തുകൊണ്ടെന്നാല്‍, ഈ അവസ്ഥയില്‍ വിശ്വസ്തത അയാള്‍ക്ക് ഒരു 'പോളിസി'യല്ല, 'കടമ'യാണ്. അയാള്‍ അതില്‍ നിലകൊള്ളുക എന്നത് അത് ഭൗതികജീവിതത്തില്‍ പ്രയോജനപ്രദമാണോ പ്രയോജനരഹിതമാണോ എന്നതിനെ ആശ്രയിച്ചുനില്‍ക്കുന്ന പ്രശ്‌നമല്ല. ധര്‍മങ്ങളും പരലോകവിശ്വാസവും തമ്മിലുള്ള ബന്ധം ഈവിധം മനസ്സില്‍ തറയ്ക്കുന്ന രീതിയില്‍ വ്യക്തമാക്കിയ ശേഷം 7 മുതല്‍ 17 വരെ സൂക്തങ്ങളില്‍ പറയുന്നു: ദുര്‍വൃത്തരുടെ കര്‍മാവലി നേരത്തേതന്നെ കേഡികളുടെ പട്ടികയില്‍ (Black List) ഉള്‍പ്പെടുത്തുന്നുണ്ട്. പരലോകത്ത് അവര്‍ ഭയങ്കരനാശം നേരിടേണ്ടിവരും. തുടര്‍ന്ന് 18 മുതല്‍ 28 വരെ സൂക്തങ്ങളില്‍ സജ്ജനങ്ങളുടെ ശുഭപരിണതി വിശദീകരിക്കുന്നു. അവരുടെ കര്‍മാവലി വിശിഷ്ട ജനങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കുന്നതെന്നും അതിനുവേണ്ടി ദൈവസാമീപ്യം സിദ്ധിച്ച മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരിക്കുന്നു. അവസാനമായി, വിശ്വാസികളെ സമാശ്വസിപ്പിക്കുകയാണ്. അതോടൊപ്പം ധിക്കാരികളെ ഇപ്രകാരം താക്കീതുചെയ്യുകയും ചെയ്തിരിക്കുന്നു: ഇന്നു വിശ്വാസികളെ നിന്ദിച്ചുകൊണ്ടിരിക്കുന്നവര്‍ അന്ത്യനാളില്‍ സ്വന്തം നടപടിയുടെ കടുത്ത ദുഷ്ഫലം അനുഭവിക്കേണ്ടിവരും. അന്ന് ഈ വിശ്വാസികള്‍ ആ പാപികളുടെ ദുരന്തം നേരില്‍ക്കണ്ട് കണ്‍കുളിര്‍ക്കും.

Facebook Comments