അല്‍ മുത്വഫ് ഫിഫീന്‍

സൂക്തങ്ങള്‍: 18-36

വാക്കര്‍ത്ഥം

നിസ്സംശയം = كَلَّا
ഉറപ്പായും കര്‍മരേഖ = إِنَّ كِتَابَ
സുകര്‍മികളുടെ = الْأَبْرَارِ
ഇല്ലിയ്യിനിലാണ് = لَفِي عِلِّيِّينَ
എന്താണ് = وَمَا
നിന്നെ അറിയിച്ചത് = أَدْرَاكَ
ഇല്ലിയ്യൂന്‍ എന്താണെന്ന് = مَا عِلِّيُّونَ
പുസ്തകം = كِتَابٌ
എഴുതപ്പെട്ട = مَّرْقُومٌ
അതിനുസാക്ഷിയാകും = يَشْهَدُهُ
ദൈവസാമീപ്യം സിദ്ധിച്ചവര്‍ = الْمُقَرَّبُونَ
നിശ്ചയം, സുകര്‍മികള്‍ = إِنَّ الْأَبْرَارَ
സുഖാനുഗ്രഹത്തിലാകുന്നു = لَفِي نَعِيمٍ
ചാരുമഞ്ചങ്ങളിള്‍ (ഇരുന്നുകൊണ്ട്) = عَلَى الْأَرَائِكِ
അവര്‍ നോക്കിക്കാണും = يَنظُرُونَ
നീ അറിയും = تَعْرِفُ
അവരുടെ മുഖങ്ങളില്‍ = فِي وُجُوهِهِمْ
ശോഭ = نَضْرَةَ
സുഖാനുഗ്രഹത്തിന്റെ = النَّعِيمِ
അവര്‍ കുടിപ്പിക്കപ്പെടും = يُسْقَوْنَ
ശുദ്ധമായ മദ്യത്തില്‍നിന്ന് = مِن رَّحِيقٍ
മുദ്രവെക്കപ്പെട്ട = مَّخْتُومٍ
അതിന്റെ മുദ്ര = خِتَامُهُ
കസ്തൂരിയാണ് = مِسْكٌۚ
അതില്‍ = وَفِي ذَٰلِكَ
മത്സരിക്കട്ടെ = فَلْيَتَنَافَسِ
മത്സരിക്കുന്നവര്‍ = الْمُتَنَافِسُونَ
അതിന്റെ ചേരുവ = وَمِزَاجُهُ
തസ്നീമില്‍നിന്നുള്ളതാണ് = مِن تَسْنِيمٍ
അതായത് ഉറവയില്‍നിന്ന് = عَيْنًا
കുടിക്കും = يَشْرَبُ
അത് = بِهَا
ദൈവസാമീപ്യം സിദ്ധിച്ചവര്‍ = الْمُقَرَّبُونَ
നിശ്ചയം, കുറ്റം ചെയ്തവര്‍ = إِنَّ الَّذِينَ أَجْرَمُوا
അവരായിരുന്നു = كَانُوا
വിശ്വസിച്ചവരെപ്പറ്റി = مِنَ الَّذِينَ آمَنُوا
അവര്‍ കളിയാക്കിച്ചിരിക്കുന്നു(കളിയാക്കിച്ചിരിക്കുന്നവര്‍) = يَضْحَكُونَ
അവര്‍ നടന്നുപോകുമ്പോള്‍ = وَإِذَا مَرُّوا
അവരുടെ അരികിലൂടെ = بِهِمْ
അവര്‍ പരസ്പരം കണ്ണിറുക്കുന്നു = يَتَغَامَزُونَ
അവര്‍ തിരിച്ചുചെല്ലുമ്പോള്‍ = وَإِذَا انقَلَبُوا
തങ്ങളുടെ കുടുംബത്തിലേക്ക് = إِلَىٰ أَهْلِهِمُ
അവര്‍ തിരിച്ചുചെല്ലുന്നു = انقَلَبُوا
രസിച്ചുല്ലസിക്കുന്നവരായി = فَكِهِينَ
അവര്‍ ഇവരെ കണ്ടാല്‍ = وَإِذَا رَأَوْهُمْ
അവര്‍ പറയും = قَالُوا
നിശ്ചയമായും ഇക്കൂട്ടര്‍ = إِنَّ هَٰؤُلَاءِ
വഴിപിഴച്ചവര്‍ തന്നെ = لَضَالُّونَ
അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ല = وَمَا أُرْسِلُوا
ഇവരുടെ മേല്‍ = عَلَيْهِمْ
മേല്‍നോട്ടക്കാരായി = حَافِظِينَ
എന്നാല്‍ അന്ന് = فَالْيَوْمَ
വിശ്വസിച്ചവര്‍ = الَّذِينَ آمَنُوا
സത്യനിഷേധികളെപ്പറ്റി = مِنَ الْكُفَّارِ
കളിയാക്കിച്ചിരിക്കും = يَضْحَكُونَ
ചാരുമഞ്ചങ്ങളില്‍(ഇരുന്ന്) = عَلَى الْأَرَائِكِ
അവര്‍ (സത്യവിശ്വാസികള്‍)നോക്കും = يَنظُرُونَ
പ്രതിഫലം നല്‍കപ്പെട്ടുവോ = هَلْ ثُوِّبَ
സത്യനിഷേധികള്‍ക്ക് = الْكُفَّارُ
യാതൊന്നിന് = مَا
അവരായിരുന്നു = كَانُوا
അവര്‍ പ്രവര്‍ത്തിക്കുന്നു(പ്രവര്‍ത്തിക്കുന്നവര്‍) = يَفْعَلُونَ

كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ﴿١٨﴾ وَمَا أَدْرَاكَ مَا عِلِّيُّونَ ﴿١٩﴾ كِتَابٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ الْمُقَرَّبُونَ ﴿٢١﴾ إِنَّ الْأَبْرَارَ لَفِي نَعِيمٍ﴿٢٢﴾ عَلَى الْأَرَائِكِ يَنظُرُونَ ﴿٢٣﴾ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ﴿٢٤﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَامُهُ مِسْكٌۚ وَفِي ذَٰلِكَفَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾ وَمِزَاجُهُ مِن تَسْنِيمٍ ﴿٢٧﴾ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ﴿٢٨﴾ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ﴿٢٩﴾ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ﴿٣٠﴾ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ﴿٣١﴾ وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ ﴿٣٢﴾ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ﴿٣٣﴾ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ﴿٣٤﴾ عَلَى الْأَرَائِكِ يَنظُرُونَ ﴿٣٥﴾ هَلْ ثُوِّبَ الْكُفَّارُ مَا كَانُوايَفْعَلُونَ ﴿٣٦﴾

(18-28) ഒരിക്കലുമല്ല.9 നിസ്സംശയം, സജ്ജനത്തിന്റെ കര്‍മപുസ്തകം ഉന്നതസ്ഥാനീയരുടെ പട്ടികയിലാകുന്നു. ഉന്നതസ്ഥാനീയരുടെ പട്ടിക എന്തെന്നു നിനക്കെന്തറിയാം. അത് എഴുതപ്പെട്ട പുസ്തകമാകുന്നു. ദൈവസാമീപ്യം സിദ്ധിച്ച മലക്കുകളാണ് അത് സൂക്ഷിക്കുന്നത്. നിസ്സംശയം, സജ്ജനങ്ങള്‍ ആനന്ദത്തിലാകുന്നു. ഉയര്‍ന്ന മഞ്ചങ്ങളിലിരുന്ന് അവര്‍ നോക്കിക്കാണുന്നു. അവരുടെ വദനങ്ങളില്‍ ആനന്ദഹര്‍ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം. അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര്‍ കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര.10 കിടമത്സരം നടത്തി ജയിക്കാനാശിക്കുന്നവര്‍ ഇതു നേടുന്നതില്‍ മത്സരിക്കട്ടെ. ആ പാനീയത്തിന്റെ ചേരുവ തസ്‌നീമാകുന്നു.11 അതൊരു അരുവിയാകുന്നു. ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിലെ വെള്ളത്തോടൊപ്പം ഈ പാനീയം കുടിക്കുന്നു. 


(29-36) തെമ്മാടികളായവര്‍, ഇഹലോകത്ത്, വിശ്വാസം കൈക്കൊണ്ടവരെ പരിഹസിക്കുന്നവരായിരുന്നു. വിശ്വാസികള്‍ അവരെ കടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിറുക്കിയിരുന്നു. സ്വകുടുംബത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ രസിച്ചുകൊണ്ട് തിരിച്ചുപോയിരുന്നു.12 വിശ്വാസികളെ കാണുമ്പോള്‍ അവര്‍ പറഞ്ഞിരുന്നു: 'ഇക്കൂട്ടര്‍ പിഴച്ചവര്‍തന്നെ.'13 എന്നാല്‍, അവര്‍ വിശ്വാസികളെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടില്ലല്ലോ.14 ഇന്ന് വിശ്വാസികള്‍ നിഷേധികളെ നോക്കി ചിരിക്കുന്നു. മഞ്ചങ്ങളിലുപവിഷ്ടരായിക്കൊണ്ട് അവരുടെ അവസ്ഥ നോക്കിക്കാണുന്നു. നിഷേധികള്‍ക്ക് അവര്‍ ചെയ്തിരുന്നതിനൊക്കെയും കൂലി കിട്ടിയില്ലയോ?!15 .

============

9. രക്ഷാശിക്ഷകളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന അവരുടെ ധാരണ തെറ്റാകുന്നു എന്നര്‍ഥം.

10. خِتَامُهُ مِسْكٌ എന്നാണ് മൂലവാക്യം. ഇതിന്റെ ഒരാശയം, ആ പാനീയങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളില്‍ മണ്ണിന്റെയോ മെഴുകിന്റെയോ മുദ്രയല്ല. പ്രത്യുത, കസ്തൂരിയുടെ മുദ്രയാണ് പതിച്ചിട്ടുള്ളത് എന്നാകാം. ഈ ആശയപ്രകാരം സൂക്തത്തിന്റെ താല്‍പര്യം ഇതാകുന്നു: ഈ പാനീയത്തില്‍ ഒരിനം, നദികളില്‍ നിന്നൊഴുകുന്ന പാനീയങ്ങളെക്കാള്‍ വിശിഷ്ടവും ഉന്നതവുമായിരിക്കും. സ്വര്‍ഗപരിചാരകര്‍ അത് കസ്തൂരികൊണ്ട് മുദ്രചാര്‍ത്തിയ ഭാജനങ്ങളില്‍ കൊണ്ടുവന്ന് സ്വര്‍ഗവാസികളെ കുടിപ്പിക്കും. മറ്റൊരാശയം ഇങ്ങനെയുമാകാം: ഈ പാനീയം പാനം ചെയ്യുന്നവരുടെ തൊണ്ടയിലൂടെ ഇറങ്ങിപ്പോയാല്‍ അവര്‍ക്ക് കസ്തൂരിയുടെ സുഗന്ധമനുഭവപ്പെടുന്നതാണ്. ഭൗതിക പാനീയങ്ങളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണീ ഗുണം. കുപ്പി തുറന്നാലുടനെ രൂക്ഷഗന്ധത്തിന്റെ ആവി മൂക്കിലേക്ക് അടിച്ചുകയറുകയാണല്ലോ അതിന്റെ സ്വഭാവം. കുടിക്കുമ്പോഴും ദുര്‍ഗന്ധമനുഭവപ്പെടും. തൊണ്ടയിലൂടെ ഇറങ്ങുന്നതോടെ അതിന്റെ വികടത തലച്ചോറിലെത്തുന്നു. തുടര്‍ന്ന് മുഖത്ത് ദൗഷ്ട്യലക്ഷണങ്ങള്‍ പ്രകടമാകുന്നു.

11. تَسْنِيم എന്ന പദത്തിന്റെ ഭാഷാര്‍ഥം ഉന്നതം എന്നാകുന്നു. ഉറവയെ تَسْنِيم എന്നു പറയുന്നതിന്റെ താല്‍പര്യം ഉന്നതിയില്‍നിന്ന് താഴോട്ടൊഴുകിവരുന്നത് എന്നാണ്.

12. അതായത്, അവര്‍ ഇപ്രകാരം ഭാവിച്ചുകൊണ്ട് തിരിച്ചുപോകുന്നു: നല്ല രസം, ഇന്നു ഞാന്‍ ഇന്നവനെ നന്നായി കളിയാക്കിവിട്ടുവല്ലോ. അയാളെ അപഹസിക്കാന്‍ നല്ല ഹരമായിരുന്നു. ജനത്തിനിടയില്‍ അയാള്‍ അറുവഷളനായി ചിത്രീകരിക്കപ്പെട്ടില്ലേ!

13. അതായത്, അവരുടെ ബുദ്ധി നശിച്ചുപോയിരിക്കുന്നുവെന്നര്‍ഥം. അവര്‍ക്ക് ഭൗതിക നേട്ടങ്ങളും രസങ്ങളും വിലക്കപ്പെടുന്നതും സകലവിധ ആപത്തുകളും സഹിക്കുന്നതും മുഹമ്മദ് (സ) അവരെ അകപ്പെടുത്തിയ സ്വര്‍ഗ-നരകഭ്രമത്തിന്റെ വിലയായിട്ടു മാത്രമാണല്ലോ. മരണാനന്തരം ഏതോ സ്വര്‍ഗം ലഭിക്കാനുണ്ടെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഊഹത്തെപ്രതി അവര്‍ തങ്ങളുടെ മുമ്പിലുള്ള സുഖങ്ങളെയൊക്കെ ത്യജിക്കുകയാണ്. അവര്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്കൊക്കെ കാരണം മറുലോകത്ത് ഒരു നരകശിക്ഷയുണ്ടെന്ന അയാളുടെ താക്കീതില്‍ അന്ധമായി വിരണ്ടുപോയതാണ്.

14. ഈ കൊച്ചുവാക്യത്തിലൂടെ ആ പരിഹാസക്കാര്‍ക്ക് സാരഗര്‍ഭമായ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. താല്‍പര്യമിതാണ്: ഇനി, മുസ്‌ലിംകള്‍ വിശ്വസിക്കുന്നതൊക്കെ അബദ്ധമാണെന്നു സങ്കല്‍പിക്കുക: എങ്കില്‍ത്തന്നെ നിങ്ങള്‍ക്ക് അതൊരു കുഴപ്പവും വരുത്തുന്നില്ല. സത്യമെന്നു മനസ്സിലാക്കുന്ന സംഗതികള്‍ക്കനുഗുണമായി അവര്‍ സ്വന്തം നിലയില്‍ സവിശേഷമായ ഒരു ധാര്‍മിക നിലപാട് കൈക്കൊണ്ടിരിക്കുകയാണ്. എന്താ, നിങ്ങളെ പീഡിപ്പിക്കാത്തവരെ നിങ്ങള്‍ പീഡിപ്പിച്ചുകൊള്ളണമെന്നും നിങ്ങളെ ബുദ്ധിമുട്ടിക്കാത്തവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കണമെന്നും കല്‍പിച്ചുകൊണ്ട് ദൈവം നിങ്ങളെ വല്ല പട്ടാളക്കാരനായോ മറ്റോ നിയോഗിച്ചിട്ടുണ്ടോ?

15. ഈ വാക്യത്തില്‍ സൂക്ഷ്മമായ ഒരു ഹാസ്യമുണ്ട്: ആ അവിശ്വാസികള്‍ കര്‍മഫലമെന്നു കരുതി വിശ്വാസികളെ പീഡിപ്പിക്കുകയായിരുന്നുവല്ലോ. അതേപ്പറ്റി പറയുകയാണ്: പരലോകത്ത് വിശ്വാസികള്‍ സ്വര്‍ഗത്തില്‍ രസിച്ചിരുന്ന്, നരകത്തില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ഈ അവിശ്വാസികളുടെ അവസ്ഥ കാണും. അപ്പോള്‍ അവര്‍ ആത്മഗതം ചെയ്യുന്നു: ഇക്കൂട്ടര്‍ക്ക് അവരുടെ കര്‍മത്തിന് മതിയായ പ്രതിഫലം ലഭിച്ചിരിക്കുന്നു.

നാമം

وَيْلٌ لِلْمُطَفِّفين എന്ന പ്രഥമ സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം.

അവതരണകാലം

ഇത് പ്രവാചകന്റെ മക്കാജീവിതത്തിലെ ആദ്യനാളുകളില്‍, മക്കാനിവാസികളുടെ മനസ്സില്‍ പരലോകവിശ്വാസം ഉറപ്പിക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി അവതരിച്ച സൂറകളിലൊന്നാണെന്ന് പ്രതിപാദനശൈലിയില്‍നിന്നും ഉള്ളടക്കത്തില്‍നിന്നും സ്പഷ്ടമാകുന്നു. മക്കക്കാര്‍ നിരത്തുകളിലും തെരുവുകളിലും സഭകളിലുമെല്ലാം മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കാനും അവരെ പരിഹസിക്കാനും നിന്ദിക്കാനും തുടങ്ങിയ കാലത്താണ് ഇതവതരിച്ചത്. എന്നാല്‍, അന്ന് കൈയേറ്റങ്ങളും അക്രമമര്‍ദനങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നില്ല. ചില വ്യാഖ്യാതാക്കള്‍ ഈ സൂറ മദനിയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്നുള്ള ഒരു നിവേദനമാണാ തെറ്റുധാരണക്കാധാരം. അദ്ദേഹം പ്രസ്താവിച്ചു: നബി(സ) മദീനയില്‍ ചെല്ലുമ്പോള്‍ അവിടെ അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്ന രോഗം മൂര്‍ച്ഛിച്ചിട്ടുണ്ടായിരുന്നു. പിന്നെ അല്ലാഹു وَيْلٌ لِلْمُطَفِّفين അവതരിപ്പിച്ചു. അങ്ങനെ ജനങ്ങള്‍ സത്യസന്ധമായി അളക്കാനും തൂക്കാനും തുടങ്ങി (നസാഇ, ഇബ്‌നു മാജ, ഇബ്‌നു മര്‍ദവൈഹി, ഇബ്‌നു ജരീര്‍, ബൈഹഖി- 'ശുഅ്ബുല്‍ ഈമാന്‍'). എന്നാല്‍, നാം സൂറ അദ്ദഹ്‌റിന്റെ ആമുഖത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഏതെങ്കിലും സംഭവത്തില്‍ പ്രസക്തമാകുന്ന ഒരു ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് അത് ആ സംഭവത്തില്‍ അവതരിച്ചതാണെന്നു പറയുക സ്വഹാബത്തിന്റെയും താബിഇകളുടെയും ഒരു പൊതുരീതിയായിരുന്നു. അതുകൊണ്ട് ഇബ്‌നു അബ്ബാസിന്റെ നിവേദനത്തില്‍നിന്ന് സ്ഥാപിതമാകുന്നത് ഇത്രമാത്രമാകുന്നു: ഹിജ്‌റക്കുശേഷം മദീനയില്‍ ഈ അധര്‍മം നടമാടുന്നതു കണ്ട നബി(സ) അവരെ ഈ സൂറ കേള്‍പ്പിക്കുകയും അവരുടെ നടപടി സംസ്‌കരിക്കുകയും ചെയ്തു.

ഉള്ളടക്കം

പരലോകമാണ് ഈ സൂറയുടെ പ്രമേയം. ആദ്യത്തെ ആറു സൂക്തങ്ങളില്‍, വ്യാപാരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആളുകളില്‍ ധാരാളമായി നടമാടിയിരുന്ന കാപട്യത്തെ വിമര്‍ശിക്കുകയാണ്. അവര്‍ മറ്റുള്ളവരില്‍നിന്നു സ്വീകരിക്കുമ്പോള്‍ കൃത്യമായി അളന്നും തൂക്കിയും സ്വീകരിക്കുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ അളവുതൂക്കങ്ങളില്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കമ്മി ചെയ്‌തേ കൊടുക്കൂ. സമൂഹത്തില്‍ നടമാടിയിരുന്ന അനേകം ജീര്‍ണതകളിലൊന്നാണിത്. അതിന്റെ നികൃഷ്ടത ആര്‍ക്കും നിഷേധിക്കാനാവില്ലായിരുന്നു. ഒരു ഉദാഹരണമെന്ന നിലയില്‍ ഖുര്‍ആന്‍ പറയുകയാണ്: പരലോകബോധമില്ലാത്തതിന്റെ ഫലമാണിത്. ഒരുനാള്‍ ദൈവത്തിന്റെ മുമ്പില്‍ ചെന്നുനില്‍ക്കേണ്ടതുണ്ടെന്നും അവിടെ അണപൈ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള ബോധമില്ലാത്തേടത്തോളം കാലം ആളുകള്‍ക്ക് ഇടപാടുകളില്‍ തികഞ്ഞ സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. ഒരുവന്‍ സത്യസന്ധതയാണ് 'നല്ല നയം' എന്ന് കരുതി ചില ചെറിയ ചെറിയ ഇടപാടുകളില്‍ വിശ്വസ്തതയും നീതിയും പാലിച്ചാല്‍ത്തന്നെ, കാപട്യവും വഞ്ചനയുമനുവര്‍ത്തിക്കലാണ് 'പ്രയോജനകരമായ നയം' എന്നു തെളിയുന്നേടത്ത് അവന്ന് സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. മനുഷ്യനില്‍ സത്യവും സ്ഥായിയുമായ വിശ്വസ്തതയും നീതിബോധവും ഉളവാകുന്നുവെങ്കില്‍ അത് ദൈവവിശ്വാസത്തില്‍നിന്നും രൂഢമായ പരലോകബോധത്തില്‍നിന്നും മാത്രമേ ഉളവാകൂ. എന്തുകൊണ്ടെന്നാല്‍, ഈ അവസ്ഥയില്‍ വിശ്വസ്തത അയാള്‍ക്ക് ഒരു 'പോളിസി'യല്ല, 'കടമ'യാണ്. അയാള്‍ അതില്‍ നിലകൊള്ളുക എന്നത് അത് ഭൗതികജീവിതത്തില്‍ പ്രയോജനപ്രദമാണോ പ്രയോജനരഹിതമാണോ എന്നതിനെ ആശ്രയിച്ചുനില്‍ക്കുന്ന പ്രശ്‌നമല്ല. ധര്‍മങ്ങളും പരലോകവിശ്വാസവും തമ്മിലുള്ള ബന്ധം ഈവിധം മനസ്സില്‍ തറയ്ക്കുന്ന രീതിയില്‍ വ്യക്തമാക്കിയ ശേഷം 7 മുതല്‍ 17 വരെ സൂക്തങ്ങളില്‍ പറയുന്നു: ദുര്‍വൃത്തരുടെ കര്‍മാവലി നേരത്തേതന്നെ കേഡികളുടെ പട്ടികയില്‍ (Black List) ഉള്‍പ്പെടുത്തുന്നുണ്ട്. പരലോകത്ത് അവര്‍ ഭയങ്കരനാശം നേരിടേണ്ടിവരും. തുടര്‍ന്ന് 18 മുതല്‍ 28 വരെ സൂക്തങ്ങളില്‍ സജ്ജനങ്ങളുടെ ശുഭപരിണതി വിശദീകരിക്കുന്നു. അവരുടെ കര്‍മാവലി വിശിഷ്ട ജനങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കുന്നതെന്നും അതിനുവേണ്ടി ദൈവസാമീപ്യം സിദ്ധിച്ച മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരിക്കുന്നു. അവസാനമായി, വിശ്വാസികളെ സമാശ്വസിപ്പിക്കുകയാണ്. അതോടൊപ്പം ധിക്കാരികളെ ഇപ്രകാരം താക്കീതുചെയ്യുകയും ചെയ്തിരിക്കുന്നു: ഇന്നു വിശ്വാസികളെ നിന്ദിച്ചുകൊണ്ടിരിക്കുന്നവര്‍ അന്ത്യനാളില്‍ സ്വന്തം നടപടിയുടെ കടുത്ത ദുഷ്ഫലം അനുഭവിക്കേണ്ടിവരും. അന്ന് ഈ വിശ്വാസികള്‍ ആ പാപികളുടെ ദുരന്തം നേരില്‍ക്കണ്ട് കണ്‍കുളിര്‍ക്കും.

Facebook Comments