അത്ത്വാരിഖ്‌

സൂക്തങ്ങള്‍: 11-17

വാക്കര്‍ത്ഥം

ആകാശമാണ് സത്യം/സാക്ഷി = وَالسَّمَاءِ
ഉള്ള = ذَاتِ
മഴ = الرَّجْعِ
ഭൂമിയുമാണ് = وَالْأَرْضِ
ഉള്ള = ذَاتِ
പിളരല്‍ = الصَّدْعِ
നിശ്ചയമായും ഇത് = إِنَّهُ
ഒരു വചനമാണ് = لَقَوْلٌ
നിര്‍ണായകമായ = فَصْلٌ
ഇതല്ല = وَمَا هُوَ
തമാശ = بِالْهَزْلِ
നിശ്ചയം, അവര്‍ = إِنَّهُمْ
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു = يَكِيدُونَ
ഒരു തന്ത്രം പ്രയോഗിക്കല്‍ = كَيْدًا
നാമും തന്ത്രം പ്രയോഗിക്കും = وَأَكِيدُ
ഒരു തന്ത്രം പ്രയോഗിക്കല്‍ = كَيْدًا
അതിനാല്‍ നീ അവധി നല്‍കുക = فَمَهِّلِ
സത്യനിഷേധികള്‍ക്ക് = الْكَافِرِينَ
അവര്‍ക്ക് നീ സമയമനുവദിക്കുക = أَمْهِلْهُمْ
അല്‍പം = رُوَيْدًا

 وَالسَّمَاءِ ذَاتِ الرَّجْعِ ﴿١١﴾ وَالْأَرْضِ ذَاتِ الصَّدْعِ ﴿١٢﴾ إِنَّهُ لَقَوْلٌ فَصْلٌ ﴿١٣﴾ وَمَا هُوَ بِالْهَزْلِ ﴿١٤﴾ إِنَّهُمْ يَكِيدُونَكَيْدًا ﴿١٥﴾ وَأَكِيدُ كَيْدًا ﴿١٦﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ﴿١٧﴾

(11-17) മഴ വര്‍ഷിക്കുന്ന ആകാശമാണ,6 (സസ്യങ്ങള്‍ മുളക്കുമ്പോള്‍) പിളരുന്ന ഭൂമിയാണ, ഇത് നിര്‍ണായക വചനമാകുന്നു. തമാശയല്ല.7 ഈ ജനം (മക്കയിലെ നിഷേധികള്‍) ചില തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്.8 ഞാനും ഒരു തന്ത്രം പ്രയോഗിക്കുന്നു.9അതിനാല്‍ പ്രവാചകരേ, ഈ നിഷേധികള്‍ക്ക് ഒരല്‍പം കൂടി സാവകാശം കൊടുത്തേക്കുക10 .

======

6. ആകാശത്തെക്കുറിച്ച് ذَاتُ الرَّجْع എന്ന വാക്കാണ് മൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. رَجْع എന്ന പദത്തിന്റെ ഭാഷാര്‍ഥം മടക്കം എന്നാകുന്നു. ആലങ്കാരികമായി ഈ പദം അറബിഭാഷയില്‍ മഴയെക്കുറിക്കാനും ഉപയോഗിക്കാറുണ്ട്. കാരണം, അത് ഒറ്റത്തവണ മാത്രമല്ലല്ലോ വര്‍ഷിക്കുന്നത്. മഴയുടെ സീസണില്‍ ആവര്‍ത്തിച്ചു മഴ പെയ്യുന്നു. ചിലപ്പോള്‍ സീസണല്ലാത്തപ്പോഴും മഴ മടങ്ങിയെത്തി ഇടക്കിടെ വര്‍ഷിക്കാറുണ്ട്. ഭൂമിയിലെ സമുദ്രങ്ങളില്‍നിന്ന് ആവിയായി ഉയര്‍ന്നുപോയ വെള്ളം പിന്നീട് തിരിച്ചുവന്ന് ഭൂമിയില്‍ത്തന്നെ വര്‍ഷിക്കുന്നു എന്നതാണ് മഴയെ رَجْع എന്നു വിളിക്കുന്നതിനുള്ള മറ്റൊരു ന്യായം.

7. അതായത്, ആകാശത്തുനിന്ന് മഴ വര്‍ഷിക്കുന്ന രീതിയും ഭൂമി പിളര്‍ന്ന് സസ്യങ്ങള്‍ മുളച്ചുപൊങ്ങുന്നതും തമാശയൊന്നുമല്ല; പ്രത്യുത, ഗുരുതരമായ യാഥാര്‍ഥ്യങ്ങളാകുന്നു. അതേപ്രകാരം, മനുഷ്യന്‍ വീണ്ടും അവന്റെ ദൈവത്തിങ്കലേക്ക് മടങ്ങേണ്ടതുണ്ട് എന്ന് ഈ ഖുര്‍ആന്‍ നല്‍കുന്ന മുന്നറിയിപ്പും ഒരു ഫലിത വര്‍ത്തമാനമൊന്നുമല്ല, ഉറപ്പായ കാര്യമാണ്. ഗൗരവമുള്ള യാഥാര്‍ഥ്യമാണ്. അനിവാര്യമായും സാക്ഷാല്‍ക്കരിക്കപ്പെടുന്ന സുസ്ഥിരമായ വചനമാണ്.

8. അതായത്, ഈ ഖുര്‍ആനിക സന്ദേശം പരാജയപ്പെടുത്തുന്നതിന് അവിശ്വാസികള്‍ പലവിധ സൂത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഊത്തുകൊണ്ട് ഈ വിളക്ക് കെടുത്തിക്കളയാമെന്ന് അവര്‍ മോഹിക്കുന്നു. ജനങ്ങളില്‍ പലവക സംശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഓരോ വ്യാജാരോപണങ്ങള്‍ കെട്ടിച്ചമച്ച് ഈ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രവാചകനില്‍ ആരോപിക്കുന്നു. അതുവഴി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുടങ്ങിപ്പോകുമെന്നും അദ്ദേഹം വലിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ജാഹിലിയ്യത്താകുന്ന ഇരുട്ടിന്റെ മൂടുപടം അങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്നുമാണവരുടെ വിചാരം.

9. അതായത്, അവരുടെ സൂത്രങ്ങള്‍ വിജയിക്കാതിരിക്കാനുള്ള സൂത്രങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഒടുവില്‍ അവര്‍ കൊമ്പുകുത്തുകയും തങ്ങള്‍ ഊതിക്കെടുത്താന്‍ പാടുപെടുന്ന ഈ വെളിച്ചം പരക്കുകയുംതന്നെ ചെയ്യും.

10. അവര്‍ക്കു കുറച്ചവസരം നല്‍കുക. അവര്‍ ചെയ്യാന്‍ വിചാരിക്കുന്നതെന്തെന്നുവെച്ചാല്‍ ചെയ്യട്ടെ എന്നര്‍ഥം. അധികം വൈകാതെ ഫലം അവര്‍ക്കു മുന്നില്‍ പ്രത്യക്ഷമാകും. നമ്മുടെ ആസൂത്രണത്തിനെതിരെ അവരുടെ കുതന്ത്രങ്ങള്‍ എത്രകണ്ടു ഫലിച്ചു എന്ന് അപ്പോഴവര്‍ക്ക് മനസ്സിലാകും.

നാമം

പ്രഥമ സൂക്തത്തിലെ الطَّارِق എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഇതിലെ ഉള്ളടക്കത്തിന്റെ വിവരണശൈലി പ്രവാചകന്റെ മക്കാജീവിതത്തിലവതരിച്ച ആദ്യ സൂറകളുടേതിനു സദൃശമാണ്. എന്നാല്‍, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനെയും മുഹമ്മദീയദൗത്യത്തെയും പരാജയപ്പെടുത്താന്‍ സകലവിധ കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്താണ് ഇതവതരിച്ചത്.

ഉള്ളടക്കം

ഇതില്‍ രണ്ടു പ്രമേയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന്: മനുഷ്യന്‍ മരണാനന്തരം ദൈവസന്നിധിയില്‍ ഹാജരാകേണ്ടതുണ്ട്. രണ്ട്: അവിശ്വാസികളുടെ തന്ത്രങ്ങള്‍കൊണ്ടൊന്നും തോല്‍പിക്കാനാവാത്ത നിര്‍ണായകമായ വചനമാണീ ഖുര്‍ആന്‍. ആദ്യമായി, വിധാതാവായ അസ്തിത്വത്തിന്റെ അഭാവത്തില്‍, സ്വന്തം നിലക്ക് സ്ഥാപിതമാകാനും നിലനില്‍ക്കാനും കഴിയുന്ന ഒരു വസ്തുവും പ്രപഞ്ചത്തില്‍ ഇല്ല എന്നതിനു സാക്ഷ്യമായി ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പിന്നെ, മനുഷ്യചിന്തയെ സ്വന്തം അസ്തിത്വത്തിനു നേരെ തിരിച്ചുവിടുകയാണ്. ഒരു ശുക്ലബീജത്തില്‍നിന്ന് അവനെ എപ്രകാരമാണ് ഉണ്‍മയിലേക്ക് കൊണ്ടുവന്ന് സജീവവും സചേതനവുമായ മനുഷ്യനാക്കിത്തീര്‍ത്തത്? തുടര്‍ന്നു പറയുന്നു: ദൈവം മനുഷ്യനെ എപ്രകാരം ഉണ്‍മയിലേക്ക് കൊണ്ടുവന്നുവോ അതേപ്രകാരംതന്നെ അവനെ രണ്ടാമത് സൃഷ്ടിക്കാനും കഴിവുള്ളവനാകുന്നു. മനുഷ്യന്റെ ഭൗതികലോകത്ത് മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളെല്ലാം പരിശോധിക്കപ്പെടുന്നതിനു വേണ്ടിയത്രേ ആ രണ്ടാം ജന്‍മം. ആ ജീവിതത്തില്‍ ഭൗതികലോകത്ത് അവനനുഷ്ഠിച്ച കര്‍മങ്ങളുടെ ഫലമനുഭവിക്കുന്നതില്‍നിന്ന് സ്വന്തം കഴിവുകൊണ്ട് രക്ഷപ്പെടാന്‍ അവന്നു കഴിയില്ല. ആര്‍ക്കും അവനെ സഹായിക്കാനുമാവില്ല. വചനസമാപനമായി അരുള്‍ ചെയ്യുന്നു: ആകാശത്തുനിന്ന് മഴ വര്‍ഷിക്കുക, ഭൂമിയില്‍ വൃക്ഷലതാദികള്‍ മുളച്ചുവളരുക--ഇതൊന്നും തമാശയല്ല; ഗൗരവമാര്‍ന്ന സംഗതികളാണ്. അതേപ്രകാരം, ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും ചിരിച്ചുതള്ളാനുള്ളതല്ല. സനാതനവും സ്ഥായിയുമായ പൊരുളുകളാണവ. തങ്ങളുടെ സൂത്രങ്ങള്‍കൊണ്ട് ഈ ഖുര്‍ആനെ തോല്‍പിച്ചുകളയാമെന്ന വ്യാമോഹത്തിലാണ് അവിശ്വാസികള്‍. എന്നാല്‍, അല്ലാഹുവിനും ഒരു സൂത്രമുണ്ടെന്ന് അവരറിയുന്നില്ല. അവന്റെ സൂത്രത്തിനു മുമ്പില്‍ അവരുടെ സൂത്രങ്ങളൊക്കെയും പൊളിഞ്ഞു പാളീസായിപ്പോകും. അനന്തരം ഒറ്റവാക്യത്തില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയും സത്യനിഷേധികള്‍ക്കു താക്കീതു നല്‍കുകയും ചെയ്തുകൊണ്ട് പ്രഭാഷണം അവസാനിപ്പിച്ചിരിക്കുകയാണ്. പ്രവാചകനെ സമാധാനിപ്പിക്കുന്നതിങ്ങനെയാണ്: താങ്കള്‍ ക്ഷമിക്കുക. അവിശ്വാസികള്‍ക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യാന്‍ കുറച്ച് അവസരം കൊടുക്കാം. അധികം വൈകാതെ അവര്‍ക്ക് സ്വയം ബോധ്യമാകും; ഖുര്‍ആനെ തോല്‍പിക്കാനുള്ള അവരുടെ തന്ത്രങ്ങളൊന്നും തെല്ലും ഫലിച്ചിട്ടില്ലെന്ന്. എവിടെനിന്നു ഖുര്‍ആനെ തോല്‍പിച്ചോടിക്കാന്‍ തങ്ങള്‍ പാടുപെട്ടുകൊണ്ടിരുന്നുവോ, അവിടെത്തന്നെ അത് ജയിച്ചു വാഴുന്നുവെന്നും.

Facebook Comments