അല്‍ ഗാശിയ

സൂക്തങ്ങള്‍: 1-16

വാക്കര്‍ത്ഥം

നിനക്ക് വന്നെത്തിയോ? = هَلْ أَتَاكَ
വാര്‍ത്ത = حَدِيثُ
ആവരണം ചെയ്യുന്ന സംഭവത്തിന്റെ = الْغَاشِيَةِ
ചില മുഖങ്ങള്‍ = وُجُوهٌ
അന്ന് = يَوْمَئِذٍ
പേടിച്ചരണ്ടവയാണ് = خَاشِعَةٌ
അധ്വാനിച്ചവയും = عَامِلَةٌ
തളര്‍ന്നവയും = نَّاصِبَةٌ
അവ കടന്നെരിയും = تَصْلَىٰ
നരകത്തില്‍ = نَارًا
ചൂടേറിയ = حَامِيَةً
അവ കുടിപ്പിക്കപ്പെടും = تُسْقَىٰ
ഒരു അരുവിയില്‍നിന്ന് = مِنْ عَيْنٍ
ചുട്ടുപൊള്ളുന്ന = آنِيَةٍ
ഇല്ല = لَّيْسَ
അവര്‍ക്ക് = لَهُمْ
ഒരാഹാരവും = طَعَامٌ
കയ്പുള്ള മുള്‍ച്ചെടിയില്‍നിന്നല്ലാതെ = إِلَّا مِن ضَرِيعٍ
അത് പോഷിപ്പിക്കുകയില്ല = لَّا يُسْمِنُ
അത് പ്രയോജനം ചെയ്യുകയുമില്ല = وَلَا يُغْنِي
വിശപ്പിന് = مِن جُوعٍ
ചില മുഖങ്ങള്‍ = وُجُوهٌ
അന്ന് = يَوْمَئِذٍ
പ്രസന്നങ്ങളാണ് = نَّاعِمَةٌ
അവയുടെ പ്രയത്നത്തെക്കുറിച്ച് = لِّسَعْيِهَا
സംതൃപ്തിയുള്ളവയും = رَاضِيَةٌ
സ്വര്‍ഗത്തില്‍ = فِي جَنَّةٍ
ഉന്നതമായ = عَالِيَةٍ
അവ കേള്‍ക്കുകയില്ല = لَّا تَسْمَعُ
അതില്‍ = فِيهَا
വിടുവാക്ക് = لَاغِيَةً
അതിലുണ്ട് = فِيهَا
അരുവി = عَيْنٌ
ഒഴുകുന്ന = جَارِيَةٌ
അതിലുണ്ട് = فِيهَا
മഞ്ചങ്ങള്‍ = سُرُرٌ
ഉയര്‍ത്തിവെക്കപ്പെട്ട = مَّرْفُوعَةٌ
കോപ്പകളും = وَأَكْوَابٌ
തയ്യാറാക്കിവെക്കപ്പെട്ട = مَّوْضُوعَةٌ
തലയണകളും = وَنَمَارِقُ
നിരത്തിവെക്കപ്പെട്ട = مَصْفُوفَةٌ
പരവതാനികളും = وَزَرَابِيُّ
വിരിക്കപ്പെട്ട = مَبْثُوثَةٌ

هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ﴿١﴾ وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾ عَامِلَةٌ نَّاصِبَةٌ ﴿٣﴾ تَصْلَىٰ نَارًا حَامِيَةً ﴿٤﴾ تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾ لَّيْسَ لَهُمْطَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ ﴿٧﴾ وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴿٨﴾ لِّسَعْيِهَا رَاضِيَةٌ ﴿٩﴾ فِي جَنَّةٍ عَالِيَةٍ ﴿١٠﴾ لَّا تَسْمَعُ فِيهَا لَاغِيَةً ﴿١١﴾ فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾ فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾ وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾ وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾ وَزَرَابِيُّمَبْثُوثَةٌ ﴿١٦﴾

(1-16) സര്‍വത്തെയും മൂടുന്ന ആ വിനാശത്തിന്റെ വാര്‍ത്ത നിനക്ക് ലഭിച്ചുവോ?1 അന്ന് ചില മുഖങ്ങള്‍2 ഭയാക്രാന്തമായിരിക്കും. അത്യന്തം ക്ലേശിക്കും, പരവശമാകും. അവ ചൂടേറിയ തീയില്‍ വെന്തുകൊണ്ടിരിക്കും. ചുട്ടുതിളക്കുന്ന ഒരരുവിയില്‍നിന്നാണ് അവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക. മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതെ അവര്‍ക്കാഹാരമില്ല.3 അതാകട്ടെ, പോഷിപ്പിക്കുകയോ പശിയടക്കുകയോ ചെയ്യുന്നില്ല. ചില മുഖങ്ങളോ, അന്നാളില്‍ പ്രസന്നങ്ങളായിരിക്കും. സ്വപ്രയത്‌നങ്ങളില്‍ സംപ്രീതവുമായിരിക്കും.4 ഉന്നത സ്വര്‍ഗത്തില്‍. അവിടെ അവര്‍ കെട്ട വചനങ്ങള്‍ കേള്‍ക്കുകയില്ല.5 അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളുണ്ട്. ഉയര്‍ന്ന ചാരുമഞ്ചങ്ങളുണ്ട്. ഒരുക്കിവെച്ച പാനപാത്രങ്ങളും6 നിരത്തിവെച്ച തലയണകളും വിരിച്ചിട്ട മേത്തരം പരവതാനികളുമുണ്ട്.

===============

1. ലോകത്തെ മുഴുവന്‍ ആപത്തു മൂടുന്ന അന്ത്യനാളാണ് ഉദ്ദേശ്യം. ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്: ലോകവ്യവസ്ഥ താറുമാറാകുന്നതു മുതല്‍ മാനവരഖിലം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ കോടതിയില്‍ രക്ഷാശിക്ഷകള്‍ക്കു വിധിക്കപ്പെടുകയും ചെയ്യുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഉള്‍ക്കൊള്ളുന്ന പരലോകത്തെ മൊത്തത്തില്‍ പരാമര്‍ശിക്കുകയാണിവിടെ.

2. ആളുകള്‍, വ്യക്തികള്‍ എന്ന അര്‍ഥത്തിലാണ് ഇവിടെ 'മുഖങ്ങള്‍' എന്നുപയോഗിച്ചിട്ടുള്ളത്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മുഖമാണല്ലോ. അതുവഴിയാണവന്റെ വ്യക്തിത്വം തിരിച്ചറിയപ്പെടുന്നത്. മനുഷ്യന്‍ നേരിടുന്ന നല്ലതും ചീത്തയുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതും അവന്റെ മുഖമാണ്. അതുകൊണ്ടാണ് 'ചിലയാളുകള്‍' എന്നു പ്രയോഗിക്കുന്നതിനു പകരം 'ചില മുഖങ്ങള്‍' എന്നു പ്രയോഗിച്ചത്.

3. നരകവാസികള്‍ക്കു തിന്നാനായി 'സഖൂം' നല്‍കപ്പെടുമെന്നാണ് ഖുര്‍ആന്‍ ചിലയിടത്ത് പ്രസ്താവിച്ചിട്ടുള്ളത്. ചിലയിടത്തു പറഞ്ഞിട്ടുള്ളത് അവര്‍ക്ക് غِسْلِين (വ്രണങ്ങളില്‍നിന്നുള്ള ദുര്‍നീര്) അല്ലാതെ മറ്റൊന്നും ഭുജിക്കാന്‍ കൊടുക്കില്ലെന്നാണ്. മുള്ളുള്ള ഉണക്കപ്പുല്ലല്ലാതൊന്നും അവര്‍ക്ക് ഭക്ഷിക്കാനുണ്ടാവില്ല എന്നാണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യമൊന്നുമില്ല. അതിന്റെ താല്‍പര്യം ഇതാകാം: നരകത്തില്‍ പല ക്ലാസുകളുണ്ട്. വിവിധ കുറ്റവാളികളെ അവരുടെ കുറ്റങ്ങളുടെ ഗൗരവമനുസരിച്ച് നരകത്തിന്റെ വ്യത്യസ്ത ക്ലാസുകളിലാണ് തള്ളുക. അവര്‍ക്ക് നല്‍കപ്പെടുന്നത് വ്യത്യസ്ത ദണ്ഡനങ്ങളുമായിരിക്കും. താല്‍പര്യം ഇങ്ങനെയുമാകാവുന്നതാണ്: അവര്‍ സഖൂം തീറ്റയില്‍നിന്നു രക്ഷപ്പെട്ടാല്‍ ദുര്‍നീരായിരിക്കും കിട്ടുക. അതില്‍നിന്നും രക്ഷപ്പെട്ടാല്‍ മുള്ളു നിറഞ്ഞ ഉണക്കപ്പുല്ലല്ലാതൊന്നും കിട്ടുകയില്ല. അഭിലഷണീയമായ ഒരു ഭക്ഷണവും ഏതായാലും ലഭിക്കുകയില്ല.

4. ഈ ലോകത്തു ചെയ്ത അധ്വാനപരിശ്രമങ്ങളുടെ വിശിഷ്ട ഫലങ്ങള്‍ പരലോകത്തു കാണുമ്പോള്‍ അവര്‍ സന്തുഷ്ടരാകുമെന്നര്‍ഥം. ഇഹലോകത്ത് സത്യവിശ്വാസത്തിന്റെയും സംസ്‌കരണത്തിന്റെയും ദൈവഭക്തിയുടെയും മാര്‍ഗം തെരഞ്ഞെടുത്ത് അതിനുവേണ്ടി ക്ഷുദ്രമായ ദേഹേച്ഛകളെ ബലികഴിച്ചതും ബാധ്യതകള്‍ നിറവേറ്റുന്നതിനുവേണ്ടി ഭാരങ്ങള്‍ വഹിച്ചതും ദൈവികനിയമങ്ങള്‍ പാലിക്കുന്നതിനുവേണ്ടി ക്ലേശങ്ങള്‍ സഹിച്ചതും പാപങ്ങളില്‍നിന്ന് മുക്തരാകാനുള്ള ശ്രമത്തില്‍ കഷ്ടനഷ്ടങ്ങള്‍ പേറേണ്ടിവന്നതും നേട്ടങ്ങളും രസങ്ങളും സ്വയം വിലക്കിയതും എല്ലാം യഥാര്‍ഥത്തില്‍ അങ്ങേയറ്റം ലാഭകരമായ കച്ചവടമായിരുന്നു എന്ന് അപ്പോഴവര്‍ക്കു ബോധ്യമാകുന്നു.

5. സ്വര്‍ഗീയാനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നായി ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണിത്.

6. അവരുടെ മുമ്പില്‍ നിറഞ്ഞ കപ്പുകള്‍ എപ്പോഴുമുണ്ടായിരിക്കും. അത് ആവശ്യപ്പെട്ടു വരുത്തേണ്ടതായിപ്പോലും വരില്ല എന്നര്‍ഥം.

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള الغَاشِيَة എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ആദ്യകാലത്തവതരിച്ച സൂറകളിലൊന്നാണിതും എന്ന് ഇതിന്റെ ഉള്ളടക്കം തെളിയിക്കുന്നുണ്ട്. നബി(സ) പൊതുപ്രചാരണം തുടങ്ങുകയും മക്കാവാസികള്‍ മൊത്തത്തില്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ അവഗണിച്ചുനടക്കുകയും ചെയ്ത കാലമായിരുന്നു അത്.

ഉള്ളടക്കം

ഇതിലെ ഉള്ളടക്കം ഗ്രഹിക്കുന്നതിന് ഒരു കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ആദ്യകാലത്ത് തൗഹീദ്, ആഖിറത്ത് എന്നീ രണ്ട് ആശയങ്ങള്‍ മാത്രം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രീകൃതമായിരുന്നു നബി(സ)യുടെ പ്രബോധനം. മക്കാവാസികള്‍ ഈ രണ്ടാശയങ്ങളും അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കിയ ശേഷം ഈ സൂറയുടെ വിഷയവും വിവരണരീതിയും പരിശോധിച്ചുനോക്കുക. ആദ്യമായി, പ്രജ്ഞാശൂന്യതയിലാണ്ട ജനങ്ങളെ ഉണര്‍ത്തുന്നതിനുവേണ്ടി അവരുടെ മുന്നിലേക്ക് പെട്ടെന്ന് ഒരു ചോദ്യം എടുത്തെറിഞ്ഞിരിക്കുകയാണ്: മുഴുലോകത്തെയും മൂടുന്ന ഒരു വിപത്തിറങ്ങുന്ന സമയത്തെക്കുറിച്ചു നിങ്ങള്‍ക്ക് വല്ല വിവരവുമുണ്ടോ? അനന്തരം ഉടന്‍തന്നെ അതു വര്‍ണിച്ചുതുടങ്ങുന്നു. അന്നു മര്‍ത്ത്യരാസകലം രണ്ടു വിഭാഗങ്ങളായി, വ്യത്യസ്തമായ രണ്ടു പരിണതികളെ നേരിടേണ്ടിവരും. ഒരു കൂട്ടര്‍ നരകത്തിലേക്ക് പോകും. അവര്‍ക്ക് ഇന്നയിന്ന ദണ്ഡനങ്ങളനുഭവിക്കേണ്ടിവരും. രണ്ടാമത്തെ കൂട്ടര്‍ ഉന്നതസ്ഥാനത്തുള്ള സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാകുന്നു. അവര്‍ ഇന്നയിന്ന സൗഭാഗ്യങ്ങള്‍കൊണ്ട് അനുഗൃഹീതരായിരിക്കും. ഈവിധം ജനങ്ങളെ ഉണര്‍ത്തിയ ശേഷം ഒറ്റയടിക്ക് ചര്‍ച്ചാവിഷയം മാറുന്നു. എന്നിട്ട് ചോദിക്കുകയാണ്: ഖുര്‍ആന്റെ ഏകദൈവാദര്‍ശവും പരലോക സന്ദേശവും കേട്ട് നെറ്റിചുളിക്കുന്ന ഇക്കൂട്ടര്‍ സദാ സ്വന്തം കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസങ്ങളൊന്നും കാണുന്നില്ലേ? അറബികളുടെ മുഴുജീവിതത്തിന്റെയും അവലംബമായ ഒട്ടകത്തെക്കുറിച്ച് ഒരിക്കലും അവരാലോചിച്ചിട്ടില്ലേ, തങ്ങളുടെ മരുഭൂജീവിതത്തിന് അത്യാവശ്യമായ മൃഗങ്ങളില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍ കൃത്യമായി ഒത്തിണങ്ങിയ വിധം അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? അവര്‍ തങ്ങളുടെ യാത്രകളിലായിരിക്കുമ്പോള്‍ അവയെ അല്ലെങ്കില്‍ ആകാശത്തെ അല്ലെങ്കില്‍ പര്‍വതങ്ങളെ അല്ലെങ്കില്‍ ഭൂമിയെ--ഈ പ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുനോക്കട്ടെ. ഈ ആകാശം മീതെ വിതാനിച്ചിരിക്കുന്നതെങ്ങനെയാണ്? എങ്ങനെയാണ് നിങ്ങളുടെ മുമ്പില്‍ ഗംഭീരമായ പര്‍വതങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നത്? താഴെ ഈ ഭൂമിയുടെ പ്രതലം പരന്നുകിടക്കുന്നതെങ്ങനെയാണ്? ഇതൊക്കെ പരമശക്തനും നിര്‍മാണവല്ലഭനുമായ ഒരു കര്‍ത്താവില്ലാതെ ഉണ്ടായതാണോ? ഇവയൊക്കെ അതിശക്തനും പരമവിജ്ഞനുമായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചതാണെന്നും മറ്റൊരസ്തിത്വത്തിനും അവയുടെ സൃഷ്ടിയില്‍ പങ്കില്ലെന്നും അംഗീകരിക്കുന്നുവെങ്കില്‍ അതേ പരമശക്തനെ, സര്‍വജ്ഞനെത്തന്നെ റബ്ബായും അംഗീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നതെന്തുകൊണ്ടാണ്? ഇനി ആ ദൈവം ഇതെല്ലാം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ അതേ ദൈവത്തിന് അന്ത്യനാള്‍ സമാഗതമാക്കാനും മനുഷ്യരെ പുനരുജ്ജീവിപ്പിക്കാനും സ്വര്‍ഗനരകങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കൂടി കഴിവുണ്ടെന്ന കാര്യത്തില്‍ സംശയിക്കാന്‍ ബുദ്ധിപരമായ എന്തു തെളിവാണ് ഇവരുടെ കൈവശമുള്ളത്? സംക്ഷിപ്തവും യുക്തിപരവുമായ ഈ തെളിവുകള്‍ ബോധ്യപ്പെടുത്തിയ ശേഷം അവിശ്വാസികളില്‍നിന്ന് തിരിഞ്ഞ് നബി(സ)യെ സംബോധന ചെയ്ത് പ്രസ്താവിക്കുന്നു: ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. ബലാല്‍ക്കാരം അവരെ വിശ്വസിപ്പിക്കാന്‍, നാം താങ്കളെ അവരുടെ മേല്‍ സര്‍വാധിപതിയായി വാഴിച്ചിട്ടൊന്നുമില്ല. അവരെ ഉപദേശിക്കുകയാണ് താങ്കളുടെ ദൗത്യം. താങ്കള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. ഒടുവില്‍ അവര്‍ വന്നുചേരേണ്ടത് നമ്മുടെ അടുത്തുതന്നെയാണ്. ആ സന്ദര്‍ഭത്തില്‍ നാമവരെ കണിശമായി വിചാരണ ചെയ്യുകയും സത്യത്തെ ധിക്കരിച്ചവര്‍ക്ക് ഭാരിച്ച ശിക്ഷ നല്‍കുകയും ചെയ്യും.

Facebook Comments