അല്‍ ഫജ്ര്‍

സൂക്തങ്ങള്‍: 11-20

വാക്കര്‍ത്ഥം

അതിക്രമം പ്രവര്‍ത്തിച്ചവര്‍ = الَّذِينَ طَغَوْا
നാടുകളില്‍ = فِي الْبِلَادِ
അങ്ങനെ അവര്‍ പെരുപ്പിച്ചു = فَأَكْثَرُوا
അവയില്‍ = فِيهَا
കുഴപ്പം = الْفَسَادَ
അപ്പോള്‍ ചൊരിഞ്ഞു = فَصَبَّ
അവര്‍ക്കുമേല്‍ = عَلَيْهِمْ
നിന്റെ നാഥന്‍ = رَبُّكَ
ചാട്ടവാര്‍ = سَوْطَ
ശിക്ഷയുടെ = عَذَابٍ
നിശ്ചയം, നിന്റെ നാഥന്‍ = إِنَّ رَبَّكَ
പതിസ്ഥലത്തുതന്നെയുണ്ട് = لَبِالْمِرْصَادِ
എന്നാല്‍ മനുഷ്യന്‍ = فَأَمَّا الْإِنسَانُ
അവന്‍ അവനെ പരീക്ഷിച്ചാല്‍ = إِذَا مَا ابْتَلَاهُ
അവന്റെ നാഥന്‍ = رَبُّهُ
അങ്ങനെ അവനെ ആദരിച്ചു = فَأَكْرَمَهُ
അവനെ അനുഗ്രഹിക്കുകയും ചെയ്താല്‍ = وَنَعَّمَهُ
അപ്പോള്‍ അവന്‍ പറയും = فَيَقُولُ
എന്റെ നാഥന്‍ = رَبِّي
എന്നെ ആദരിച്ചിരിക്കുന്നു = أَكْرَمَنِ
എന്നാല്‍ = وَأَمَّا
അവന്‍ അവനെ പരീക്ഷിച്ചാല്‍ = إِذَا مَا ابْتَلَاهُ
അങ്ങനെ അവന്‍ പരിമിതപ്പെടുത്തി = فَقَدَرَ
അവന്ന് = عَلَيْهِ
അവന്റെ ജീവിതവിഭവം = رِزْقَهُ
അപ്പോള്‍ അവന്‍ പറയും = فَيَقُولُ
എന്റെ നാഥന്‍ = رَبِّي
എന്നെ നിന്ദിച്ചിരിക്കുന്നു = أَهَانَنِ
അല്ല = كَلَّاۖ
എന്നാല്‍ = بَل
നിങ്ങള്‍ ആദരിക്കുന്നില്ല = لَّا تُكْرِمُونَ
അനാഥയെ = الْيَتِيمَ
നിങ്ങള്‍ പ്രേരിപ്പിക്കുന്നുമില്ല = وَلَا تَحَاضُّونَ
അന്നത്തിന് = عَلَىٰ طَعَامِ
അഗതിയുടെ = الْمِسْكِينِ
നിങ്ങള്‍ തിന്നുകയും ചെയ്യുന്നു = وَتَأْكُلُونَ
പൈതൃക സ്വത്ത് = التُّرَاثَ
ഒരു തീറ്റ = أَكْلًا
വാരിക്കൂട്ടിക്കൊണ്ടുള്ള = لَّمًّا
നിങ്ങള്‍ സ്നേഹിക്കുന്നു = وَتُحِبُّونَ
ധനത്തെ = الْمَالَ
ഒരു സ്നേഹം = حُبًّا
അതിരറ്റ = جَمًّا

 الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾

فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ كَلَّاۖبَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾

(11-14) ദേശങ്ങളില്‍ കടുത്ത ധിക്കാരമനുവര്‍ത്തിക്കുകയും നാശം പെരുപ്പിക്കുകയും ചെയ്ത ജനമത്രെ അവര്‍. ഒടുവില്‍ നിന്റെ നാഥന്‍ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു. നിന്റെ റബ്ബ് തീര്‍ച്ചയായും പതിസ്ഥലത്ത് കാത്തിരിക്കുന്നുണ്ട്7 .

(15-20) 8 പക്ഷേ, മനുഷ്യന്റെ അവസ്ഥയെന്തെന്നാല്‍, നാഥന്‍ പരീക്ഷിക്കുമ്പോള്‍ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ ഘോഷിക്കും: 'എന്റെ നാഥന്‍ എന്നെ പ്രതാപിയാക്കിയല്ലോ.' എന്നാല്‍, പരീക്ഷിക്കുമ്പോള്‍ വിഭവം ചുരുക്കിയാലോ അവന്‍ വിലപിക്കും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചുകളഞ്ഞു.'9 ഒരിക്കലുമില്ല.10 പ്രത്യുത, നിങ്ങള്‍ അനാഥനെ ആദരിക്കുന്നില്ല.11 അഗതിയുടെ അന്നം കൊടുക്കാന്‍ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല.12 പൈതൃകസ്വത്തൊക്കെയും കൂട്ടിവെച്ച് തിന്നുന്നു.13 ധനത്തെ അന്ധമായി പ്രേമിക്കുകയാണ് നിങ്ങള്‍.14

=========

7. അക്രമികളുടെയും അധര്‍മികളുടെയും ചെയ്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ഥത്തിലുള്ള ആലങ്കാരിക പ്രയോഗമാണ് പതിസ്ഥലം. പ്രതിയോഗി മുന്നില്‍ വന്നുപെട്ടാല്‍ ഉടനെ അവന്റെ മേല്‍ ചാടിവീഴാന്‍ തക്കം പാര്‍ത്ത് ഒളിഞ്ഞിരിക്കുന്ന സ്ഥലത്തിനാണല്ലോ പതിസ്ഥലം എന്നുപറയുന്നത്. അയാള്‍ പ്രതീക്ഷിക്കുന്ന ഇരയ്ക്കാകട്ടെ, അങ്ങനെ ആരോ ഒരാള്‍ എവിടെയോ ഒരിടത്ത് തന്റെ കഥകഴിക്കാന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു ബോധവും ഉണ്ടായിരിക്കുകയില്ല. അപകടം ശ്രദ്ധിക്കാതെ നിശ്ചിന്തനായി അവന്‍ ആ സ്ഥലത്തെത്തിപ്പെടുകയും ആകസ്മികമായി അക്രമത്തിനിരയായിത്തീരുകയും ചെയ്യുന്നു. ഇതുതന്നെയാണ് ഈ ലോകത്ത് നാശം വിതറി വിഹരിക്കുന്ന അക്രമികളോടുള്ള അല്ലാഹുവിന്റെ സമീപനവും. തങ്ങളുടെ ചെയ്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന വിചാരം പോലും അവര്‍ക്കില്ല. അവര്‍ തികച്ചും നിര്‍ഭയരായി ദിനേന കൂടുതല്‍ കൂടുതല്‍ തിന്മകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ അവരെ ഇനിയും മുന്നോട്ടു പോകാനനുവദിച്ചുകൂടാ എന്ന് അല്ലാഹു നിശ്ചയിച്ച അതിര്‍ത്തിയിലെത്തുന്നു. അപ്പോള്‍ പെട്ടെന്നതാ അവന്റെ ശിക്ഷയുടെ ചാട്ടവാര്‍ അവരുടെ മേല്‍ പതിക്കുകയായി.

8. ഇനി മനുഷ്യന്റെ പൊതുസ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട് പറയുകയാണ്: ജീവിതത്തില്‍ ഈ നിലപാട് കൈക്കൊണ്ട മനുഷ്യന്‍ എന്നെങ്കിലുമൊരിക്കല്‍ വിചാരണ ചെയ്യപ്പെടാതിരിക്കാന്‍ എന്തു ന്യായമാണുളളത്? ഇങ്ങനെയൊക്കെ ചെയ്തുകൂട്ടി ഈ ലോകത്തോടു വിടപറഞ്ഞ മനുഷ്യന്ന് ഒരു രക്ഷാശിക്ഷയും നേരിടേണ്ടി വരാതിരിക്കുക എന്നത് ബുദ്ധിയുടെയും ധാര്‍മികതയുടെയും താല്‍പര്യമാകുന്നതെങ്ങനെയാണ്?

9. ഭൗതിക പൂജാപരമായ ജീവിത വീക്ഷണമാണുദ്ദേശ്യം. മനുഷ്യന്‍ ഭൗതിക ജീവിതത്തില്‍ സമ്പത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും സര്‍വസ്വമായി കരുതുന്നു. അതു ലഭിക്കുമ്പോള്‍ അവന്‍ ആഹ്ലാദത്തോടാഘോഷിക്കുകയായി: 'ദൈവം എന്നെ പ്രതാപിയാക്കിയല്ലോ.' അതു ലഭിച്ചില്ലെങ്കിലോ വിലപിക്കുകയായി: 'ദൈവം എന്നെ പതിതനാക്കിക്കളഞ്ഞല്ലോ!' അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡം സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും ലഭ്യതയോ അലഭ്യതയോ ആണെന്നാണവന്റെ മട്ട്. അല്ലാഹു ഈ ലോകത്ത് ആര്‍ക്ക് എന്തു നല്‍കുകയാണെങ്കിലും അതു നല്‍കുക പരീക്ഷണമായിട്ടാണെന്ന യാഥാര്‍ഥ്യം അവന്‍ ഗ്രഹിക്കുന്നേയില്ല. ഒരുവന്ന് സമ്പത്തും ശക്തിയും നല്‍കുന്നുവെങ്കില്‍, ആ ശക്തിയും സമ്പത്തും നേടിയിട്ട് അവന്‍ നന്ദിയുളളവനാകുന്നുവോ അല്ല നന്ദികെട്ടവനാകുന്നുവോ എന്ന് പരീക്ഷിക്കുകയാണത്. ഒരുവനെ അവശനാക്കിത്തീര്‍ക്കുന്നുവെങ്കില്‍ അതും പരീക്ഷണംതന്നെ. ആ അവസ്ഥയില്‍ അവന്‍ ഉളളതനുഭവിച്ച് സഹനത്തോടെ സംതൃപ്തനായി ജീവിക്കുകയും അനുവദനീയതയുടെ അതിരുകള്‍ ഭേദിക്കാതെ തന്റെ പ്രശ്‌നങ്ങളെ നേരിടുകയും ചെയ്യുന്നുവോ അതല്ല, ധാര്‍മികതയുടെയും ഭക്തിയുടെയും അതിരുകളെല്ലാം ഭേദിക്കാന്‍ തയ്യാറാവുകയും തന്റെ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുവോ എന്ന് പരിശോധിക്കുകയാണല്ലാഹു.

10. ഇതൊരിക്കലും അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡമല്ല എന്നര്‍ഥം. ധാര്‍മികമായ നന്മതിന്മകള്‍ക്കു പകരം അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡമായി അതിനെ നിശ്ചയിച്ച നിങ്ങള്‍ കടുത്ത തെറ്റുധാരണയിലാണകപ്പെട്ടിരിക്കുന്നത്.

11. അതായത്, അവന്റെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവനോടുള്ള സമീപനം ഒരുതരത്തിലാകുന്നു. പിതാവ് മരിച്ചുപോയാലോ, അപ്പോള്‍ അയല്‍ക്കാരും അകന്ന ബന്ധുക്കളുമിരിക്കട്ടെ, പിതൃസഹോദരന്‍മാരും മാതൃസഹോദരന്‍മാരും മുതിര്‍ന്ന സഹോദരന്‍ പോലും അവന്നു നേരെ കണ്ണടയ്ക്കുന്നു.

12. നിങ്ങളുടെ സമൂഹത്തില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഒരു ചിന്താവിഷയമല്ലെന്നര്‍ഥം. ഏതെങ്കിലും പട്ടിണിക്കാരന്റെ വിശപ്പകറ്റാന്‍ ഒരു സമ്പന്നനും തയ്യാറാകുന്നില്ല. പാവങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുകയും അതിനുവേണ്ടി പരസ്പരം പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വികാരമേ നിങ്ങളില്‍ കാണുന്നില്ല.

13. അറബികള്‍ക്കിടയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദായധനം വിലക്കപ്പെട്ടിരുന്നു. അവരുടെ വീക്ഷണത്തില്‍, യുദ്ധം ചെയ്യാനും കുടുംബത്തെ സംരക്ഷിക്കാനും യോഗ്യരായ പുരുഷന്‍മാര്‍ക്കു മാത്രമേ അനന്തരസ്വത്തില്‍ അവകാശമുണ്ടായിരുന്നുള്ളൂ. അതിനുപുറമേ അനന്തരാവകാശികളില്‍ താരതമ്യേന കൂടുതല്‍ കൈക്കരുത്തും സ്വാധീനവുമുളളവര്‍ ദുര്‍ബലരായ മറ്റവകാശികള്‍ക്ക് ഒന്നും നല്‍കാതെ ദായധനം മുഴുവന്‍ കൈവശപ്പെടുത്തുന്ന സമ്പ്രദായവുമുണ്ടായിരുന്നു. അവകാശത്തിനും ബാധ്യതക്കും അവരുടെ ദൃഷ്ടിയില്‍ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവഭയത്തോടെ സ്വന്തം ഉത്തരവാദിത്വം മനസ്സിലാക്കി, മറ്റവകാശികള്‍ക്ക് അവരുടെ അവകാശം--അവര്‍ക്കതു പിടിച്ചുവാങ്ങാന്‍ ശക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും--വകവെച്ചുകൊടുക്കുന്ന സമ്പ്രദായം അവര്‍ക്കപരിചിതമായിരുന്നു.

14. അനുവദനീയതയെയും നിഷിദ്ധതയെയും കുറിച്ച് നിങ്ങള്‍ക്ക് ഒരു വിചാരവുമില്ല എന്നര്‍ഥം. ഏതു വഴിക്കൊക്കെ പണമുണ്ടാക്കാമോ, ആ വഴിക്കൊക്കെ പണമുണ്ടാക്കാന്‍ നിങ്ങള്‍ നിസ്സങ്കോചം ഉത്സുകരാകുന്നു. എത്ര സമ്പത്ത് നേടിക്കഴിഞ്ഞാലും നിങ്ങളുടെ അത്യാര്‍ത്തിയുടെ അടുപ്പ് ആളിക്കത്തിക്കൊണ്ടുതന്നെയിരിക്കും.

പ്രാരംഭപദമായ الفَجْر ഈ അധ്യായത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

മക്കയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമ മര്‍ദനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഈ അധ്യായമവതരിച്ചതെന്ന് ഉളളടക്കത്തില്‍നിന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇതില്‍ ആദ്-ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മക്കാവാസികളെ താക്കീതുചെയ്യുന്നത്.

ഉള്ളടക്കം

മക്കാവാസികള്‍ നിഷേധിച്ചുകൊണ്ടിരുന്ന പാരത്രിക രക്ഷാശിക്ഷകളെ സ്ഥാപിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. അതിനുവേണ്ടി അവലംബിച്ചിട്ടുള്ള ക്രമീകരണവും ന്യായങ്ങളും അതേ ക്രമത്തില്‍ത്തന്നെ പരിശോധിച്ചു നോക്കാം. ആദ്യമായി പ്രഭാതം, പത്തുരാവുകള്‍, ഇരട്ട, ഒറ്റ, പിന്‍വാങ്ങുന്ന രാവ് എന്നിവയെ സാക്ഷികളാക്കി ആണയിട്ട് ശ്രോതാക്കളോട് ചോദിക്കുന്നു: നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ഈ സംഗതികള്‍ നല്‍കുന്ന സാക്ഷ്യം മതിയായതല്ലേ? ഈ നാലു സംഗതികളെയും അവയുടെ സ്ഥാനത്ത് നാം വിശദീകരിക്കുന്നുണ്ട്. ഈ സംഗതികള്‍ രാപ്പകല്‍ ക്രമത്തില്‍ കാണപ്പെടുന്ന വ്യവസ്ഥാപിതത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് അതില്‍നിന്ന് വ്യക്തമാകും. അവയെ സാക്ഷികളാക്കി ആണയിടുന്നതിനര്‍ഥമിതാണ്: ദൈവം സ്ഥാപിച്ച യുക്തിബദ്ധമായ വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയുടെ സ്ഥാപകനായ ദൈവത്തിന്റെ ശക്തിക്ക് പരലോകം സംജാതമാക്കാന്‍ ഒരു പ്രയാസവുമില്ല എന്നു ബോധ്യപ്പെടാന്‍ ആ ദൃഷ്ടാന്തങ്ങള്‍ കണ്ടവര്‍ക്കു പിന്നെ മറ്റൊരു സാക്ഷ്യത്തിന്റെയും ആവശ്യമില്ല. മനുഷ്യനെ അവന്റെ കര്‍മങ്ങളെപ്പറ്റി വിചാരണ ചെയ്യുകയെന്നത് ആ ദൈവത്തിന്റെ യുക്തിജ്ഞാനത്തിന്റെ താല്‍പര്യമാണെന്നും അതുവഴി ബോധ്യപ്പെടും. അനന്തരം മാനവചരിത്രത്തില്‍നിന്നുള്ള തെളിവുകളുന്നയിച്ചുകൊണ്ട് ആദ്- ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരൊക്കെ അതിരു ലംഘിക്കുകയും ഭൂമിയെ നാശമുഖരിതമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ചാട്ടവാര്‍ അവരുടെ മേല്‍ വര്‍ഷിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ നിയന്ത്രണം ഏതോ അന്ധവും ബധിരവുമായ ശക്തികളാലല്ല നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ലക്ഷണമാണത്. ഈ ഭൗതികലോകം ഏതെങ്കിലും മുടിഞ്ഞ രാജാവിന്റെ നിയമമില്ലാ രാജ്യവുമല്ല. യുക്തിമാനും അഭിജ്ഞനുമായ ഒരു വിധാതാവ് അതിനെ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിയും ധാര്‍മിക ബോധവും കൈകാര്യ സ്വാതന്ത്ര്യവും നല്‍കിക്കൊണ്ട് താന്‍ സൃഷ്ടിച്ചയച്ച സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണചെയ്ത് രക്ഷാ ശിക്ഷകള്‍ നല്‍കുകയെന്ന അവന്റെ യുക്തിയുടെയും നീതിയുടെയും താല്‍പര്യം ഈ ഭൗതികലോകത്തുതന്നെ മനുഷ്യ ചരിത്രത്തില്‍ നിരന്തരം പുലരുന്നതായി കാണാം. തുടര്‍ന്ന് മാനവസമൂഹത്തിന്റെ പൊതുവായ ധാര്‍മികാവസ്ഥ വിശകലനം ചെയ്യുന്നു. അക്കാലത്തെ ജാഹിലീ അറബികളുടെ ജീവിതത്തില്‍ അത് ഏവര്‍ക്കും പ്രായോഗികമായിത്തന്നെ ദൃശ്യമായിരുന്നു. അതിന്റെ രണ്ടു വശങ്ങളെ പ്രത്യേകം എടുത്തുവിമര്‍ശിച്ചിട്ടുണ്ട്. ഒന്ന്, ആളുകളുടെ ഭൗതികപ്രമത്തമായ ജീവിത വീക്ഷണം, അതിന്റെ പേരില്‍ ധാര്‍മികമായ നന്മതിന്മകളെ അവര്‍ അവഗണിച്ചുതള്ളി. ഭൗതികമായ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നേട്ടത്തെയും നഷ്ടത്തെയും ഔന്നത്യത്തിന്റെയും അധമത്വത്തിന്റെയും മാനദണ്ഡമായി അംഗീകരിച്ചു. സമ്പന്നതമാത്രം ഒരനുഗ്രഹമാകുന്നില്ലെന്നും ദാരിദ്ര്യം ഒരു ശിക്ഷയല്ലെന്നും മറിച്ച്, അല്ലാഹു ഈ രണ്ടവസ്ഥകള്‍കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണെന്നും അവര്‍ ഓര്‍ത്തതേയില്ല. സമ്പത്ത് കൈവന്നവന്‍ അതിനോടെന്തു സമീപനം സ്വീകരിക്കുന്നുവെന്നും ദാരിദ്ര്യത്തിലകപ്പെട്ടവന്‍ എന്തു നിലപാട് കൈക്കൊളളുന്നുവെന്നും അല്ലാഹു കാണുന്നുണ്ടെന്ന കാര്യം അവര്‍ മറന്നുകളഞ്ഞു. രണ്ട്, പിതാക്കള്‍ മരിച്ചുപോയ അനാഥരോടുള്ള അവരുടെ നിഷ്ഠുരമായ സമീപനം. പാവങ്ങളെക്കുറിച്ച് അവര്‍ക്കൊരു ചിന്തയുമുണ്ടായിരുന്നില്ല. മരിച്ചുപോകുന്നവരുടെ അനന്തര സ്വത്തുക്കളെല്ലാം വാരിയെടുക്കും. ദുര്‍ബലരായ അവകാശികള്‍ക്ക് ഒന്നും കൊടുക്കില്ല. ധനത്തോടുള്ള ആര്‍ത്തി അവര്‍ക്ക് ഒരിക്കലും തീരാത്തദാഹം പോലെയായിരുന്നു. എത്രതന്നെ സമ്പത്തുകിട്ടിയാലും അവരുടെ മനം നിറയുകയില്ല. ഭൗതിക ജീവിതത്തില്‍ ഈ നിലപാട് സ്വീകരിക്കുന്നവര്‍ പരലോകത്ത് എന്തുതരം വിചാരണയെയാണ് നേരിടേണ്ടിവരുക എന്നു ചിന്തിപ്പിക്കുകയാണ് ഈ വിമര്‍ശനത്തിന്റെ ഉദ്ദേശ്യം. ഒടുവില്‍ പ്രഭാഷണം ഇങ്ങനെ സമാപിക്കുന്നു: വിചാരണ ഉണ്ടാകും. അതനിവാര്യമാണ്. അല്ലാഹുവിന്റെ കോടതി നിലവില്‍വരുന്ന ദിവസമാണതു നടക്കുക. ഇന്ന് രക്ഷാശിക്ഷകളെ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് അന്നത് ബോധ്യപ്പെടുകതന്നെ ചെയ്യും. പക്ഷേ, അന്നതു ബോധ്യപ്പെട്ടതുകൊണ്ട് ഒരു ഫലവുമില്ല. നിഷേധിച്ചവര്‍ അന്ന് കൈകള്‍ കൂട്ടിത്തിരുമ്മി വിലപിക്കും: ഈ നാളിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ! എന്നാല്‍, ആ വിലാപം അവരെ ദൈവശിക്ഷയില്‍നിന്ന് രക്ഷിക്കുകയില്ല. വേദപുസ്തകങ്ങളും ദൈവദൂതന്മാരും അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളെ പൂര്‍ണമനസ്സോടെ സ്വീകരിച്ചവരില്‍ മാത്രമേ ദൈവപ്രീതിയുണ്ടാകൂ. അല്ലാഹു അരുളുന്ന സമ്മാനങ്ങളാല്‍ അവര്‍ സംതൃപ്തരാകും. അല്ലാഹുവിന്റെ പ്രീതിഭാജനങ്ങളായ ദാസന്മാരില്‍ ഉള്‍പ്പെടാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ക്ഷണിക്കപ്പെടുന്നത് അവരായിരിക്കും.

Facebook Comments