അല്‍ഫാതിഹ

സൂക്തങ്ങള്‍: 5-7

വാക്കര്‍ത്ഥംإِيَّاكَ = നിനക്കുമാത്രം
نَعْبُدُ = ഞങ്ങള്‍ വഴിപ്പെടുന്നു
وَإِيَّاكَ = നിന്നോടു മാത്രം
نَسْتَعِينُ = ഞങ്ങള്‍ സഹായം തേടുന്നു
===============

اهْدِنَا = നീ ഞങ്ങളെ നയിക്കേണമേ
الصِّرَاطَ = വഴിയില്‍
الْمُسْتَقِيمَ = നേരായ
===============

صِرَاطَ = വഴിയില്‍
الَّذِينَ = യാതൊരുത്തരുടെ
أَنْعَمْتَ = നീ അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِمْ = അവരെ
غَيْرِ الْمَغْضُوبِ عَلَيْهِمْ = കോപത്തിനിരയായവരുടേതല്ല
وَلَا الضَّالِّينَ = പിഴച്ചവരുടേതുമല്ല


إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

1 : 5 - നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.

'നഅ്ബുദു' എന്ന വാക്കിന് ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു എന്നാണര്‍ത്ഥം.  'ഇബാദത്ത്' അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം ഞങ്ങള്‍ നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ ഒരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു 'മഅ്ബൂദ്' അഥവാ ഇബാദത്ത് ചെയ്യപ്പെടുന്നവന്‍ ഇല്ലതന്നെ.

===========

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

1 : 6 - നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ!

അതായത്, ജീവിതത്തിന്റെ നാനാതുറകളിലും ആദര്‍ശത്തിന്റേയും കര്‍മചര്യകളുടെയും ശരിയായ മാര്‍ഗം ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ! അബദ്ധവീക്ഷണത്തിന്റെയും അപഥസഞ്ചാരത്തിന്റെയും ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതമായ വിജയസൗഭാഗ്യങ്ങള്‍ കരസ്ഥമാക്കാനുതകുന്ന ആ സന്‍മാര്‍ഗം ഞങ്ങള്‍ക്കു കാണിച്ചുതരേണമേ! വിശുദ്ധ ഖുര്‍ആന്‍ പാരായണമാരംഭിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷയത്രെ ഇത്. അവന്‍ പ്രാര്‍ഥിക്കുന്നു: നാഥാ! ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും! ഊഹാധിഷ്ഠിതമായ തത്ത്വശാസ്ത്രങ്ങളുടെ ഊരാക്കുടുക്കുകള്‍ക്കിടയില്‍ എന്താണ് സത്യമെന്ന് ഞങ്ങള്‍ക്ക്  കാണിച്ചുതരേണമേ! ഭിന്നവിരുദ്ധങ്ങളായ  സിദ്ധാന്തങ്ങള്‍ക്കുമധ്യേ ശരിയായ ധാര്‍മിക വ്യവസ്ഥയെന്തെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശിച്ചുതരേണമേ! ജീവിതത്തിന്റെ ഊടുവഴികള്‍ക്കിടയില്‍ ചിന്തയുടേയും കര്‍മ്മങ്ങളുടെയും രാജപാത ഏതെന്ന് ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ!

=========

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

1 : 7 - നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല.

അല്ലാഹുവോട് നാം ചോദിക്കുന്ന നേര്‍മാര്‍ഗത്തിന്റെ നിര്‍വചനമാണിത്. അതായത്, അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗം; പുരാതന കാലം മുതല്‍ ഇന്നോളവും അവന്റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായ വ്യക്തികളും സമൂഹങ്ങളും സഞ്ചരിച്ചുവന്ന മാര്‍ഗം. 

    നീ 'അനുഗ്രഹിച്ചവര്‍' എന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയാണ് 'വ്യതിചലിച്ചവരുടെ മാര്‍ഗമല്ല' എന്ന വാക്യം. പ്രത്യക്ഷത്തില്‍ നിന്റെ ഭൗതികാനുഗ്രഹങ്ങള്‍ ലഭിച്ചെങ്കിലും യഥാര്‍ഥത്തില്‍ നിന്റെ കോപശാപത്തിന് വിധേയരാവുകയും വിജയ സൗഭാഗ്യത്തില്‍നിന്ന് വഴിതെറ്റിപ്പോവുകയും ചെയ്തവരുടെ മാര്‍ഗമല്ല അത് എന്നര്‍ത്ഥം. നിഷേധാത്മകമായ ഈ വിശദീകരണത്തില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നുണ്ട്: അനുഗ്രഹമെന്നാല്‍ ക്ഷണികവും പ്രകടനാത്മകവുമായ അനുഗ്രഹങ്ങളല്ല- അത്തരം 'അനുഗ്രഹങ്ങള്‍' ഫിര്‍ഔന്‍മാര്‍ക്കും നംറൂദുമാര്‍ക്കും ഖാറൂന്‍മാര്‍ക്കും കിട്ടിയിട്ടുണ്ട്. വലിയ വലിയ അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും ഇന്നും അവ കിട്ടുന്നുണ്ട് - നേരെമറിച്ച്, സന്‍മാര്‍ഗനിഷ്ഠയുടെയും ദൈവപ്രീതിയുടെയും ഫലമായി ലഭിക്കുന്ന സുസ്ഥിരവും ശാശ്വതവുമായ യഥാര്‍ഥ അനുഗ്രഹങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

    നിനക്ക് ഇബാദത്ത് ചെയ്യുന്ന ഞങ്ങള്‍ സഹായാര്‍ഥന നടത്തുന്നതും നിന്നോട് മാത്രമാണ്. അഖില പ്രപഞ്ചത്തിന്റെ രക്ഷകന്‍ നീ മാത്രമാണെന്ന് ഞങ്ങള്‍ക്കറിയാം. സമസ്ത ശക്തികളും നിന്റെ അധീനത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. എല്ലാ അനുഗ്രഹങ്ങള്‍ക്കും ഏക ഉടമസ്ഥനായുള്ളവന്‍ നീയാണ്. അതിനാല്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിന്റെ സന്നിധിയിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങുന്നു; തിരുമുമ്പിലേക്ക് ഞങ്ങള്‍ കൈ നീട്ടുന്നു; നിന്റെ സഹായത്തിലേ ഞങ്ങള്‍ക്ക് വിശ്വാസമുള്ളൂ. അതുകൊണ്ട് ഞങ്ങളിതാ ഈ അപേക്ഷയുമായി നിന്റെ സന്നിധാനത്തില്‍ ഹാജരായിരിക്കയാണ്.

നാമം

ഈ അധ്യായത്തിന് 'അല്‍ഫാതിഹ' എന്നു നാമം ലഭിച്ചത് ഇതിലെ വിഷയം പരിഗണിച്ചാണ്. ഒരു ലേഖനമോ ഗ്രന്ഥമോ മറ്റേതെങ്കിലും കാര്യമോ ആരംഭിക്കുന്നതെന്തുകൊണ്ടാണോ അതിനു 'ഫാതിഹ' എന്നു പറയുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ ആമുഖം, മുഖവുര എന്നിവയുടെ പര്യായമാണ് ഫാതിഹ.    

അവതരണ കാലം

മുഹമ്മദ് നബി(സ)യുടെ ദൗത്യത്തിന്റെ ഏറ്റവും ആദ്യകാലത്ത് അവതരിച്ചതാണ് ഈ അധ്യായം. എന്നല്ല, ഒരു പൂര്‍ണ അധ്യായമെന്ന നിലയില്‍ നബി (സ) തിരുമേനിക്ക് ആദ്യമായി അവതരിച്ചത് ഈ അധ്യായമാണെന്നു വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുണ്ട്. 'അല്‍അലഖ്', 'അല്‍മുസ്സമ്മില്‍', 'അല്‍മുദ്ദസ്സിര്‍' മുതലായ അധ്യായങ്ങളില്‍പെട്ട ഏതാനും സൂക്തങ്ങളേ ഇതിനു മുമ്പ് അവതരിച്ചിരുന്നുള്ളൂ.     *

ഉള്ളടക്കം

തന്റെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യന്നും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയാണ് ഈ അധ്യായം. ഇത് ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ വിശുദ്ധഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്.
മനുഷ്യന്‍ ഒരു വസ്തുവിനുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം. പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം. അതിനാല്‍, വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭത്തില്‍ തന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയാണ്, ഈ ഗ്രന്ഥം സന്മാര്‍ഗം കണ്ടെത്താനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്ന്; ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍, അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്ന്.
ഇത്രയും ഗ്രഹിക്കുന്നതുകൊണ്ട് ഒരു കാര്യം വ്യക്തമായി: ഖുര്‍ആനും 'സൂറതുല്‍ ഫാതിഹ'യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. 'സൂറതുല്‍ ഫാതിഹ' അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. 'നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും' എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിനുത്തരമായി 'നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ' എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു.    

 

 

Facebook Comments