അല്‍ ഫജ്ര്‍

സൂക്തങ്ങള്‍: 21-30

വാക്കര്‍ത്ഥം

അല്ല = كَلَّا
ഇടിച്ചു നിരപ്പാക്കപ്പെട്ടാല്‍ = إِذَا دُكَّتِ
ഭൂമി = الْأَرْضُ
ഒരു ഇടിച്ചുനിരപ്പാക്കല്‍ = دَكًّا
ഒരു ഇടിച്ചുനിരപ്പാക്കല്‍ = دَكًّا
വരികയും (ചെയ്താല്‍) = وَجَاءَ
നിന്റെ നാഥന്‍ = رَبُّكَ
മലക്കുകളും = وَالْمَلَكُ
അണിയണിയായി = صَفًّا صَفًّا
കൊണ്ടുവരപ്പെടുകയും (ചെയ്താല്‍) = وَجِيءَ
അന്ന് = يَوْمَئِذٍ
നരകത്തെ = بِجَهَنَّمَۚ
അന്ന് = يَوْمَئِذٍ
ഓര്‍ക്കും = يَتَذَكَّرُ
മനുഷ്യന്‍ = الْإِنسَانُ
എങ്ങനെ = وَأَنَّىٰ
അവന്ന് (ഉപകരിക്കും) = لَهُ
ആ ഓര്‍മ = الذِّكْرَىٰ
അവന്‍ പറയും = يَقُولُ
ഞാനായിരുന്നെങ്കില്‍ = يَا لَيْتَنِي
ഞാന്‍ നേരത്തെ ചെയ്തുവെച്ചു = قَدَّمْتُ
എന്റെ ജീവിതത്തിനായി = لِحَيَاتِي
അന്നാളില്‍ = فَيَوْمَئِذٍ
ശിക്ഷിക്കുകയില്ല = لَّا يُعَذِّبُ
അവന്റെ ശിക്ഷ = عَذَابَهُ
ഒരാളും = أَحَدٌ
പിടിച്ചുകെട്ടുകയുമില്ല = وَلَا يُوثِقُ
അവന്റെ പിടിച്ചുകെട്ടല്‍ = وَثَاقَهُ
ഒരാളും = أَحَدٌ
അല്ലയോ ആത്മാവേ = يَا أَيَّتُهَا النَّفْسُ
ശാന്തി നേടിയ = الْمُطْمَئِنَّةُ
നീ മടങ്ങിക്കൊള്ളുക = ارْجِعِي
നിന്റെ നാഥങ്കലേക്ക് = إِلَىٰ رَبِّكِ
തൃപ്തിപ്പെട്ടവനായി = رَاضِيَةً
തൃപ്തിനേടിയവനായും = مَّرْضِيَّةً
അങ്ങനെ നീ പ്രവേശിച്ചുകൊള്ളുക = فَادْخُلِي
എന്റെ ദാസന്മാരുടെ കൂട്ടത്തില്‍ = فِي عِبَادِي
നീ പ്രവേശിച്ചു കൊള്ളുക = وَادْخُلِي
എന്റെ സ്വര്‍ഗത്തില്‍ = جَنَّتِي


كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ يَقُولُيَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾

(21-30) ഒരിക്കലുമല്ല.15 ഭൂമി ഇടിച്ചുടച്ച് ധൂളിയാക്കപ്പെടുകയും മലക്കുകള്‍ അണിയണിയായി നില്‍ക്കേ വിധാതാവ് എഴുന്നള്ളുകയും ചെയ്യുമ്പോള്‍,16 അന്നാളില്‍ നരകം മുന്നില്‍ കൊണ്ടുവരപ്പെടും. അന്ന് മനുഷ്യന്ന് ബോധമുദിക്കും. ആ സമയത്തെ ബോധോദയംകൊണ്ടെന്ത് ഫലം!17 അവന്‍ വിലപിക്കുന്നു: ഹാ കഷ്ടം! എന്റെ ഈ ജീവിതത്തിനായി ഞാന്‍ വല്ല മുന്നൊരുക്കവും ചെയ്തിരുന്നെങ്കില്‍! അന്നാളില്‍ അല്ലാഹു ശിക്ഷിക്കുന്നതുപോലെ ശിക്ഷിക്കുന്നവനാരുമില്ല. അവന്‍ പിടിച്ചുകെട്ടുന്നതുപോലെ പിടിച്ചുകെട്ടുന്നവനും ആരുമില്ല. 
(27-30) (മറുവശത്ത് അരുള്‍ ചെയ്യുന്നു:) സമാധാനം പ്രാപിച്ച ആത്മാവേ,18 (ശുഭപര്യവസാനത്താല്‍) നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക.19 സംപ്രീതനും (റബ്ബിങ്കല്‍) പ്രീതിപ്പെട്ടവനുമായിക്കൊണ്ട്. എന്റെ (ഉത്തമ) ദാസന്മാരില്‍ ചേര്‍ന്നുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക!

===============

15. ഭൗതിക ജീവിതത്തില്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ചിട്ട് ഒരിക്കലും ഒരു വിചാരണയും നേരിടാന്‍ പോകുന്നില്ല എന്ന നിങ്ങളുടെ വിചാരം തെറ്റാണ് എന്നര്‍ഥം. ഏതൊരു രക്ഷാശിക്ഷകളെ നിഷേധിച്ചുകൊണ്ടാണോ നിങ്ങള്‍ ഈ വളഞ്ഞ വഴി തെരഞ്ഞെടുത്തിട്ടുളളത്, ആ രക്ഷാശിക്ഷകള്‍ വെറും ഭാവനയോ അസംഭവ്യമോ അല്ല. അതു വന്നുഭവിക്കുകതന്നെ ചെയ്യും. അതു സംഭവിക്കുന്നതെപ്പോഴായിരിക്കുമെന്നാണ് തുടര്‍ന്നു പറയുന്നത്.

16. മൂലത്തിലുള്ള جَاءَ رَبُّكَ എന്ന വാക്യത്തിന്റെ പദാനുപദ തര്‍ജമ 'നിന്റെ നാഥന്‍ വന്നു' എന്നാണ്. പക്ഷേ, ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുക എന്ന സംഗതി അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇല്ലല്ലോ. അതുകൊണ്ട് ഇതിനെ ഒരു സദൃശ ശൈലിയിലുള്ള പ്രസ്താവനയായി മാത്രമേ മനസ്സിലാക്കാവൂ. അനുവാചകരെ ഇപ്രകാരം ഗ്രഹിപ്പിക്കലാണ് അതിന്റെ ലക്ഷ്യം: അന്ന് അല്ലാഹുവിന്റെ ശക്തിയുടെയും ഭരണത്തിന്റെയും സര്‍വാധിപത്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടമാകും. ഭൗതികലോകത്തെ ചക്രവര്‍ത്തി തിരുമനസ്സ് കേസുകള്‍ വിചാരണചെയ്യാന്‍, സൈനികദളങ്ങളാലും ഉദ്യോഗസ്ഥവ്യൂഹത്താലും പരിസേവിതനായി ദര്‍ബാറില്‍ നേരിട്ടെഴുന്നളളുമ്പോഴുണ്ടാകുന്ന ഭയവും ഭീതിയും ഉണ്ടാവുകയില്ലല്ലോ, അദ്ദേഹം തനിയെ രാജധാനിയിലാഗതനാകുമ്പോള്‍.

17. يَومَئِذٍ يَتَذَكَّرُ الإنْسَانُ وَأَنَّى لَهُ الذِّكْرَى എന്നാണ് മൂലവചനം. ഇതിന് രണ്ടര്‍ഥങ്ങളാവാം. ഒന്ന്, ഭൗതിക ജീവിതത്തില്‍ എന്തെല്ലാം പ്രവര്‍ത്തിച്ചിട്ടാണ് താന്‍ ഇങ്ങോട്ട് പോന്നതെന്ന് അന്ന് മനുഷ്യന്‍ ഓര്‍ക്കുകയും അതില്‍ ദുഃഖിക്കുകയും ചെയ്യും. പക്ഷേ, ആ ദിവസം വന്ന ശേഷം ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ല. രണ്ട്, അന്ന് അവന്ന് ബോധമുദിക്കും. അവന്‍ ഉദ്ബുദ്ധനാകും. പ്രവാചകന്‍മാര്‍ തന്നോട് പറഞ്ഞതൊക്കെ സത്യംതന്നെയായിരുന്നുവെന്നും താനത് തളളിക്കളഞ്ഞത് മഹാ വിഡ്ഢിത്തമായെന്നും ബോധ്യപ്പെടും. പക്ഷേ, അന്നേരം ബോധമുദിച്ചതുകൊണ്ടോ ഉദ്ബുദ്ധനായതുകൊണ്ടോ തെറ്റുസമ്മതിച്ചതുകൊണ്ടോ ഒരു ഗുണവുമില്ല.

18. ശങ്കയോ സന്ദേഹമോ തെല്ലുമില്ലാതെ പൂര്‍ണബോധ്യത്തോടെ, സന്‍മനസ്സോടെ, പങ്കാളിയില്ലാത്ത ഏകദൈവത്തെ തന്റെ നാഥനായും പ്രവാചകവര്യന്‍മാര്‍ കൊണ്ടുവന്ന ദീനിനെ തന്റെ ദീനായും അംഗീകരിച്ച മനുഷ്യനാണ് نَفْسٌ مُطْمَئِنَّة എന്നതുകൊണ്ടുദ്ദേശ്യം. അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും ലഭിച്ച പ്രമാണങ്ങളെയും നിയമങ്ങളെയും തികഞ്ഞ സത്യങ്ങളായി വിശ്വസിച്ച്, അല്ലാഹുവിന്റെ ദീന്‍ വിലക്കിയ കാര്യത്തില്‍നിന്ന്, അര്‍ധമനസ്സായിട്ടല്ലാതെ, യഥാര്‍ഥത്തില്‍ അത് തിന്‍മയാണെന്ന ഉറപ്പോടെത്തന്നെ അകന്നുമാറിയ, സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നതിനായി അനുഷ്ഠിക്കേണ്ടതാവശ്യമായിവന്ന ഏതു ത്യാഗവും നിസ്സങ്കോചം അനുഷ്ഠിച്ച, ആ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും ആപത്തുകളെയും ശാന്തമനസ്സോടെ സഹിച്ച, ഇതര മാര്‍ഗങ്ങളില്‍ ചരിച്ചവര്‍ക്ക് ഈ ലോകത്തുണ്ടായ നേട്ടങ്ങളും പ്രയോജനങ്ങളും സുഖങ്ങളും സ്വയം വര്‍ജിച്ചതില്‍ ഒരു ദുഃഖവും തോന്നിയിട്ടില്ലാത്ത, എന്നല്ല സത്യദീനിനെ പിന്തുടര്‍ന്നതുമൂലം ആ മാലിന്യങ്ങളില്‍നിന്നെല്ലാം സുരക്ഷിതനായി എന്നതില്‍ പൂര്‍ണ സംതൃപ്തിയുള്ള മനുഷ്യനാണത്. ഈ അവസ്ഥയെ സൂറ അല്‍അന്‍ആം 125-ആം6:125 സൂക്തത്തില്‍ شَرْحُ صَدْر (മനോവിശാലത) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

19. ഇക്കാര്യം മരണവേളയിലും അവനോടു പറയപ്പെടും. അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് വിചാരണസഭയിലേക്ക് ഗമിക്കുമ്പോഴും പറയപ്പെടും. അല്ലാഹുവിന്റെ കോടതിയെ നേരിടുന്ന സന്ദര്‍ഭത്തിലും പറയപ്പെടും. ഓരോ ഘട്ടത്തിലും താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അവന്ന് ഉറപ്പുകൊടുക്കുകയും ചെയ്യും.

പ്രാരംഭപദമായ الفَجْر ഈ അധ്യായത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

മക്കയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമ മര്‍ദനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഈ അധ്യായമവതരിച്ചതെന്ന് ഉളളടക്കത്തില്‍നിന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇതില്‍ ആദ്-ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മക്കാവാസികളെ താക്കീതുചെയ്യുന്നത്.

ഉള്ളടക്കം

മക്കാവാസികള്‍ നിഷേധിച്ചുകൊണ്ടിരുന്ന പാരത്രിക രക്ഷാശിക്ഷകളെ സ്ഥാപിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. അതിനുവേണ്ടി അവലംബിച്ചിട്ടുള്ള ക്രമീകരണവും ന്യായങ്ങളും അതേ ക്രമത്തില്‍ത്തന്നെ പരിശോധിച്ചു നോക്കാം. ആദ്യമായി പ്രഭാതം, പത്തുരാവുകള്‍, ഇരട്ട, ഒറ്റ, പിന്‍വാങ്ങുന്ന രാവ് എന്നിവയെ സാക്ഷികളാക്കി ആണയിട്ട് ശ്രോതാക്കളോട് ചോദിക്കുന്നു: നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ഈ സംഗതികള്‍ നല്‍കുന്ന സാക്ഷ്യം മതിയായതല്ലേ? ഈ നാലു സംഗതികളെയും അവയുടെ സ്ഥാനത്ത് നാം വിശദീകരിക്കുന്നുണ്ട്. ഈ സംഗതികള്‍ രാപ്പകല്‍ ക്രമത്തില്‍ കാണപ്പെടുന്ന വ്യവസ്ഥാപിതത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് അതില്‍നിന്ന് വ്യക്തമാകും. അവയെ സാക്ഷികളാക്കി ആണയിടുന്നതിനര്‍ഥമിതാണ്: ദൈവം സ്ഥാപിച്ച യുക്തിബദ്ധമായ വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയുടെ സ്ഥാപകനായ ദൈവത്തിന്റെ ശക്തിക്ക് പരലോകം സംജാതമാക്കാന്‍ ഒരു പ്രയാസവുമില്ല എന്നു ബോധ്യപ്പെടാന്‍ ആ ദൃഷ്ടാന്തങ്ങള്‍ കണ്ടവര്‍ക്കു പിന്നെ മറ്റൊരു സാക്ഷ്യത്തിന്റെയും ആവശ്യമില്ല. മനുഷ്യനെ അവന്റെ കര്‍മങ്ങളെപ്പറ്റി വിചാരണ ചെയ്യുകയെന്നത് ആ ദൈവത്തിന്റെ യുക്തിജ്ഞാനത്തിന്റെ താല്‍പര്യമാണെന്നും അതുവഴി ബോധ്യപ്പെടും. അനന്തരം മാനവചരിത്രത്തില്‍നിന്നുള്ള തെളിവുകളുന്നയിച്ചുകൊണ്ട് ആദ്- ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരൊക്കെ അതിരു ലംഘിക്കുകയും ഭൂമിയെ നാശമുഖരിതമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ചാട്ടവാര്‍ അവരുടെ മേല്‍ വര്‍ഷിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ നിയന്ത്രണം ഏതോ അന്ധവും ബധിരവുമായ ശക്തികളാലല്ല നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ലക്ഷണമാണത്. ഈ ഭൗതികലോകം ഏതെങ്കിലും മുടിഞ്ഞ രാജാവിന്റെ നിയമമില്ലാ രാജ്യവുമല്ല. യുക്തിമാനും അഭിജ്ഞനുമായ ഒരു വിധാതാവ് അതിനെ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിയും ധാര്‍മിക ബോധവും കൈകാര്യ സ്വാതന്ത്ര്യവും നല്‍കിക്കൊണ്ട് താന്‍ സൃഷ്ടിച്ചയച്ച സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണചെയ്ത് രക്ഷാ ശിക്ഷകള്‍ നല്‍കുകയെന്ന അവന്റെ യുക്തിയുടെയും നീതിയുടെയും താല്‍പര്യം ഈ ഭൗതികലോകത്തുതന്നെ മനുഷ്യ ചരിത്രത്തില്‍ നിരന്തരം പുലരുന്നതായി കാണാം. തുടര്‍ന്ന് മാനവസമൂഹത്തിന്റെ പൊതുവായ ധാര്‍മികാവസ്ഥ വിശകലനം ചെയ്യുന്നു. അക്കാലത്തെ ജാഹിലീ അറബികളുടെ ജീവിതത്തില്‍ അത് ഏവര്‍ക്കും പ്രായോഗികമായിത്തന്നെ ദൃശ്യമായിരുന്നു. അതിന്റെ രണ്ടു വശങ്ങളെ പ്രത്യേകം എടുത്തുവിമര്‍ശിച്ചിട്ടുണ്ട്. ഒന്ന്, ആളുകളുടെ ഭൗതികപ്രമത്തമായ ജീവിത വീക്ഷണം, അതിന്റെ പേരില്‍ ധാര്‍മികമായ നന്മതിന്മകളെ അവര്‍ അവഗണിച്ചുതള്ളി. ഭൗതികമായ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നേട്ടത്തെയും നഷ്ടത്തെയും ഔന്നത്യത്തിന്റെയും അധമത്വത്തിന്റെയും മാനദണ്ഡമായി അംഗീകരിച്ചു. സമ്പന്നതമാത്രം ഒരനുഗ്രഹമാകുന്നില്ലെന്നും ദാരിദ്ര്യം ഒരു ശിക്ഷയല്ലെന്നും മറിച്ച്, അല്ലാഹു ഈ രണ്ടവസ്ഥകള്‍കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണെന്നും അവര്‍ ഓര്‍ത്തതേയില്ല. സമ്പത്ത് കൈവന്നവന്‍ അതിനോടെന്തു സമീപനം സ്വീകരിക്കുന്നുവെന്നും ദാരിദ്ര്യത്തിലകപ്പെട്ടവന്‍ എന്തു നിലപാട് കൈക്കൊളളുന്നുവെന്നും അല്ലാഹു കാണുന്നുണ്ടെന്ന കാര്യം അവര്‍ മറന്നുകളഞ്ഞു. രണ്ട്, പിതാക്കള്‍ മരിച്ചുപോയ അനാഥരോടുള്ള അവരുടെ നിഷ്ഠുരമായ സമീപനം. പാവങ്ങളെക്കുറിച്ച് അവര്‍ക്കൊരു ചിന്തയുമുണ്ടായിരുന്നില്ല. മരിച്ചുപോകുന്നവരുടെ അനന്തര സ്വത്തുക്കളെല്ലാം വാരിയെടുക്കും. ദുര്‍ബലരായ അവകാശികള്‍ക്ക് ഒന്നും കൊടുക്കില്ല. ധനത്തോടുള്ള ആര്‍ത്തി അവര്‍ക്ക് ഒരിക്കലും തീരാത്തദാഹം പോലെയായിരുന്നു. എത്രതന്നെ സമ്പത്തുകിട്ടിയാലും അവരുടെ മനം നിറയുകയില്ല. ഭൗതിക ജീവിതത്തില്‍ ഈ നിലപാട് സ്വീകരിക്കുന്നവര്‍ പരലോകത്ത് എന്തുതരം വിചാരണയെയാണ് നേരിടേണ്ടിവരുക എന്നു ചിന്തിപ്പിക്കുകയാണ് ഈ വിമര്‍ശനത്തിന്റെ ഉദ്ദേശ്യം. ഒടുവില്‍ പ്രഭാഷണം ഇങ്ങനെ സമാപിക്കുന്നു: വിചാരണ ഉണ്ടാകും. അതനിവാര്യമാണ്. അല്ലാഹുവിന്റെ കോടതി നിലവില്‍വരുന്ന ദിവസമാണതു നടക്കുക. ഇന്ന് രക്ഷാശിക്ഷകളെ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് അന്നത് ബോധ്യപ്പെടുകതന്നെ ചെയ്യും. പക്ഷേ, അന്നതു ബോധ്യപ്പെട്ടതുകൊണ്ട് ഒരു ഫലവുമില്ല. നിഷേധിച്ചവര്‍ അന്ന് കൈകള്‍ കൂട്ടിത്തിരുമ്മി വിലപിക്കും: ഈ നാളിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ! എന്നാല്‍, ആ വിലാപം അവരെ ദൈവശിക്ഷയില്‍നിന്ന് രക്ഷിക്കുകയില്ല. വേദപുസ്തകങ്ങളും ദൈവദൂതന്മാരും അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളെ പൂര്‍ണമനസ്സോടെ സ്വീകരിച്ചവരില്‍ മാത്രമേ ദൈവപ്രീതിയുണ്ടാകൂ. അല്ലാഹു അരുളുന്ന സമ്മാനങ്ങളാല്‍ അവര്‍ സംതൃപ്തരാകും. അല്ലാഹുവിന്റെ പ്രീതിഭാജനങ്ങളായ ദാസന്മാരില്‍ ഉള്‍പ്പെടാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ക്ഷണിക്കപ്പെടുന്നത് അവരായിരിക്കും.

Facebook Comments