അല്‍ ബലദ്‌

സൂക്തങ്ങള്‍: 08-20

വാക്കര്‍ത്ഥം

നാം ഉണ്ടാക്കിക്കൊടുത്തില്ലേ = أَلَمْ نَجْعَل
അവന്ന് = لَّهُ
രണ്ടു കണ്ണുകള്‍ = عَيْنَيْنِ
ഒരു നാവും = وَلِسَانًا
രണ്ട് ചുണ്ടുകളും = وَشَفَتَيْنِ
നാം അവനു കാണിച്ചു കൊടുക്കുകയും ചെയ്തു = وَهَدَيْنَاهُ
രണ്ട് തെളിഞ്ഞ വഴികള്‍ = النَّجْدَيْنِ
എന്നിട്ടും അവന്‍ താണ്ടിയില്ല = فَلَا اقْتَحَمَ
മലമ്പാത = الْعَقَبَةَ
എന്ത് = وَمَا
നിന്നെ അറിയിച്ചു = أَدْرَاكَ
എന്താണെന്ന് = مَا
മലമ്പാത = الْعَقَبَةُ
മോചിപ്പിക്കല്‍ = فَكُّ
അടിമയെ = رَقَبَةٍ
അല്ലെങ്കില്‍ = أَوْ
അന്നം നല്‍കല്‍ = إِطْعَامٌ
നാളില്‍ = فِي يَوْمٍ
പട്ടിണിയുള്ള = ذِي مَسْغَبَةٍ
അനാഥയ്ക്ക് = يَتِيمًا
ബന്ധമുള്ള = ذَا مَقْرَبَةٍ
അല്ലെങ്കില്‍ അഗതിക്ക് = أَوْ مِسْكِينًا
മണ്ണു പുരണ്ട = ذَا مَتْرَبَةٍ
പിന്നെ = ثُمَّ
ആയി = كَانَ
യാതൊരുത്തരുടെ കൂട്ടത്തില്‍ = مِنَ الَّذِينَ
അവര്‍ വിശ്വസിച്ചു = آمَنُوا
അവര്‍ പരസ്പരം ഉപദേശിച്ചു = وَتَوَاصَوْا
ക്ഷമ കൊണ്ട് = بِالصَّبْرِ
അവര്‍ പരസ്പരം ഉപദേശിച്ചു = وَتَوَاصَوْا
കാരുണ്യം കൊണ്ട് = بِالْمَرْحَمَةِ
അവര്‍ = أُولَٰئِكَ
ആളുകളാണ് = أَصْحَابُ
വലതുപക്ഷത്തിന്റെ = الْمَيْمَنَةِ
നിഷേധിച്ചവര്‍ = وَالَّذِينَ كَفَرُوا
നമ്മുടെ സൂക്തങ്ങളെ = بِآيَاتِنَا
അവര്‍ = هُمْ
ആളുകളാണ് = أَصْحَابُ
ഇടതുപക്ഷത്തിന്റെ = الْمَشْأَمَةِ
അവര്‍ക്കു മേലുണ്ട് = عَلَيْهِمْ
നരകാഗ്നി = نَارٌ
അടച്ചുമൂടപ്പെട്ട = مُّؤْصَدَةٌ

أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ وَهَدَيْنَاهُ النَّجْدَيْنِ ﴿١٠﴾ فَلَا اقْتَحَمَ الْعَقَبَةَ ﴿١١﴾ وَمَا أَدْرَاكَ مَا الْعَقَبَةُ ﴿١٢﴾ فَكُّ رَقَبَةٍ ﴿١٣﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ﴿١٤﴾ يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾ أَوْ مِسْكِينًاذَا مَتْرَبَةٍ ﴿١٦﴾ ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ﴿١٧﴾ أُولَٰئِكَ أَصْحَابُ الْمَيْمَنَةِ ﴿١٨﴾ وَالَّذِينَ كَفَرُوا بِآيَاتِنَا هُمْأَصْحَابُ الْمَشْأَمَةِ ﴿١٩﴾ عَلَيْهِمْ نَارٌ مُّؤْصَدَةٌ ﴿٢٠﴾

( 8-20) നാം അവന്ന് രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്‍കിയില്ലയോ?9 (നന്മയുടെയും തിന്മയുടെയും) വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ?10 പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടാന്‍ തയാറായില്ല.11 ദുര്‍ഘടമായ മാര്‍ഗമെന്തെന്ന് നിനക്കെന്തറിയാം? ഒരു പിരടിയെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ വശംകെട്ട അഗതിക്കോ അന്നം കൊടുക്കുക.12 പിന്നെ (അതോടൊപ്പം) അവന്‍, വിശ്വാസം കൈക്കൊണ്ടവരും,13 ക്ഷമയും (ദൈവത്തിന്റെ സൃഷ്ടികളോടുള്ള) കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ14 ജനത്തില്‍ ഉള്‍പ്പെടുക. ഇവരത്രെ വലതുപക്ഷം. നമ്മുടെ സൂക്തങ്ങളെ നിഷേധിച്ചവരോ, ഇടതുപക്ഷമാകുന്നു.15 അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്16 .

========

9. നാം അവന്ന് ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ഉപാധികള്‍ നല്‍കിയില്ലേ എന്നാണ് താല്‍പര്യം. കണ്ണുകള്‍ എന്നതുകൊണ്ടുദ്ദേശ്യം നാല്‍ക്കാലികളുടെ കണ്ണല്ല; മനുഷ്യനെ യാഥാര്‍ഥ്യങ്ങളിലേക്ക് നയിക്കുകയും തെറ്റും ശരിയും വേര്‍തിരിച്ചുകൊടുക്കുകയും ചെയ്യുന്ന ലക്ഷണങ്ങളും അടയാളങ്ങളും തനിക്കു ചുറ്റും കാണാന്‍ കഴിയുന്ന മാനുഷിക ദൃഷ്ടികളാകുന്നു. നാവുകൊണ്ടും ചുണ്ടുകള്‍കൊണ്ടും വിവക്ഷിക്കുന്നത് ഉച്ചാരണോപാധികളെ മാത്രമല്ല, ഈ ഉപാധികളുടെ സഹായത്താല്‍ ഗ്രാഹ്യതയെ ഉപയോഗപ്പെടുത്തുകയും പിന്നെ മനസ്സാക്ഷിയിലുള്ളത് പ്രകടമാക്കുകയും ചെയ്യുന്ന ബോധമനസ്സിനെ കൂടിയാകുന്നു.

10. അതായത്, നാം അവന്ന് ബുദ്ധിശക്തിയും ചിന്താശക്തിയും നല്‍കിയിട്ട്, ഇനി അവന്‍ സ്വയംതന്നെ വഴി കണ്ടുപിടിച്ചുകൊള്ളട്ടെ എന്നുവെച്ച് വിട്ടയച്ചിരിക്കുകയല്ല. നാം അവനെ മാര്‍ഗദര്‍ശനം ചെയ്തിട്ടുമുണ്ട്. അവന്റെ മുമ്പില്‍ നന്മയുടെയും തിന്‍മയുടെയും രണ്ടു വഴികള്‍ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അവന്ന് നന്നായി ചിന്തിച്ച് ഗ്രഹിച്ച് അതില്‍ ബോധിച്ച വഴി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരഞ്ഞെടുക്കാം. ഇതേ ആശയംതന്നെയാണ് സൂറ അദ്ദഹ്ര്‍ 2-3  സൂക്തങ്ങളില്‍ ഇപ്രകാരം ഉണര്‍ത്തിയിട്ടുള്ളത്: ''നാം മനുഷ്യനെ ഒരു മിശ്രിത ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു--അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥമാണ് നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കി നിര്‍മിച്ചത്. നാം അവന്ന് വഴികാട്ടിക്കൊടുത്തിരിക്കുന്നു. വേണമെങ്കില്‍ അവന്ന് നന്ദിയുള്ളവനാകാം, അല്ലെങ്കില്‍ നന്ദികെട്ടവനാകാം.''

11. فَلاَ اقْتَحَمَ الْعَقَبَة എന്നാണ് മൂലവാക്യം. അധ്വാനവും ക്ലേശവുമാവശ്യമുള്ള കാര്യങ്ങളില്‍ സ്വയം ഏര്‍പ്പെടുന്നതിനാണ് الإِقْتِحَام എന്നു പറയുക. പര്‍വതങ്ങള്‍ക്കിടയിലൂടെ മുകളിലേക്കു കടന്നുപോകുന്ന ദുര്‍ഘടപാതകളാണ് الْعَقَبَة. സൂക്തത്തിന്റെ ആശയമിതാണ്: നാം അവന്ന് കാണിച്ചുകൊടുത്ത രണ്ടു വഴികളിലൊന്ന് ഉന്നതിയിലേക്കുള്ളതാണ്; പക്ഷേ, അത് ക്ലേശം ആവശ്യപ്പെടുന്നു. കഠിനമായ പ്രയാസങ്ങളനുഭവിച്ചു മാത്രമേ അതു താണ്ടാന്‍ കഴിയൂ. അതിലൂടെ സഞ്ചരിക്കുന്നവന്‍ തന്റെ മനസ്സിനോടും ദേഹേച്ഛകളോടും പൈശാചിക പ്രലോഭനങ്ങളോടും സമരം ചെയ്യേണ്ടതുണ്ട്. മറ്റേത് സുഗമമായ പാതയാണ്; ഗര്‍ത്തങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത്. അതിലൂടെ അധഃസ്ഥിതിയിലേക്കും മ്ലേച്ഛതയിലേക്കും ഇറങ്ങിപ്പോവാന്‍ ഒരു പ്രയാസവുമനുഭവിക്കേണ്ടതില്ല. തന്നെ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തനാക്കി കടിഞ്ഞാണില്ലാതെ വിടുക മാത്രമേ വേണ്ടൂ. പിന്നെ അവന്‍ പാതാളത്തിലേക്ക് ഉരുണ്ടുപോയ്‌ക്കൊള്ളും. ഇപ്പോള്‍ നാം രണ്ടു വഴികളും കാണിച്ചുകൊടുത്തിട്ടുള്ള ഈ മനുഷ്യന്‍ അതില്‍ താഴോട്ടുള്ള വഴി തിരഞ്ഞെടുക്കുകയും ക്ലേശകരമായ പ്രയത്‌നം ആവശ്യപ്പെടുന്ന മേലോട്ടുള്ള വഴി ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

12. മുകളില്‍ പ്രതാപം പ്രകടിപ്പിക്കാനും ആളുകളോട് തന്റെ ഊറ്റം ഘോഷിക്കാനും അവന്‍ നടത്തിയ ദുര്‍വ്യയങ്ങളെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് ഇവിടെ മനുഷ്യനെ ധാര്‍മികമായ അധമത്വത്തിലേക്ക് നയിക്കുന്നതിനു പകരം ധാര്‍മികൗന്നത്യത്തിലേക്ക് നയിക്കുന്ന ധനവ്യയവും സാമ്പത്തിക പ്രവര്‍ത്തനവും എന്താണ്, എങ്ങനെയാണ് എന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആ ധനവ്യയത്തില്‍ ജഡികസുഖമൊന്നും ലഭിക്കുകയില്ല. എന്നല്ല, അതിനുവേണ്ടി സ്വമനസ്സിനെ കീഴടക്കിക്കൊണ്ട് നിസ്വാര്‍ഥതയെയും അര്‍പ്പണബോധത്തെയും വളര്‍ത്തേണ്ടിവരും. ആ വ്യയമാര്‍ഗം ഇതത്രെ: സ്വയംതന്നെ ഒരാളെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക. അല്ലെങ്കില്‍ ഒരടിമക്ക് സ്വാതന്ത്ര്യം നേടാന്‍ കൊടുക്കേണ്ടിവരുന്ന പ്രതിഫലത്തുക കൊടുത്ത് അയാളെ സ്വതന്ത്രനാവാന്‍ സഹായിക്കുക, കടംകൊണ്ട് ഗതിമുട്ടിയ നിസ്സഹായരെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്തുക, നിര്‍ധനരുടെ മേല്‍ ദുര്‍വഹമായ സാമ്പത്തിക ബാധ്യത ചുമത്തപ്പെട്ടാല്‍ അതില്‍നിന്ന് അവരെ മോചിപ്പിക്കുക. അതുപോലെ പട്ടിണിയെ നേരിടുന്ന അടുത്ത (ബന്ധുക്കളോ അയല്‍ക്കാരോ ആയ) അനാഥര്‍ക്കും പരിപാലിക്കാനാളില്ലാത്തവരും നിര്‍ഗതിയുടെ രൂക്ഷതയാല്‍ മണ്ണുപുരണ്ടവരുമായ മറ്റാവശ്യക്കാര്‍ക്കും അന്നംകൊടുക്കുക. ഇത്തരം ആളുകളെ സഹായിക്കുന്നതിലൂടെ അവന്‍ പ്രശസ്തിയുടെ ചെണ്ട കൊട്ടുകയില്ല. തിന്നു കുടിച്ചു കഴിയുന്ന ആയിരങ്ങളെ ക്ഷണിച്ചുവരുത്തി സദ്യ നല്‍കുന്നവര്‍ സൃഷ്ടിക്കുന്ന കേള്‍വിയും കേള്‍പ്പോരുമൊന്നും ഇക്കൂട്ടരെ ഊട്ടുന്നവര്‍ സൃഷ്ടിക്കുകയില്ല. എന്നാല്‍, ധാര്‍മികമായ ഉന്നതിയെ പ്രാപിക്കാനിച്ഛിക്കുന്നവര്‍ അതീവ ദുര്‍ഘടമായ ഈ മലമ്പാത താണ്ടുകതന്നെ വേണം. ഈ സൂക്തങ്ങളില്‍ പരാമര്‍ശിച്ച സല്‍ക്കര്‍മങ്ങളുടെ മഹത്ത്വം നബി (സ) തിരുവചനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി, فَكُّ رَقَبَةٍ (പിരടിയെ മോചിപ്പിക്കുക) എന്നതിനെക്കുറിച്ച് നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അതിലൊന്നില്‍ നബി (സ) പ്രസ്താവിച്ചതായി അബൂഹുറയ്‌റയില്‍നിന്ന് അഹ്മദുംബുഖാരിയും മുസ്‌ലിമും തിര്‍മിദിയും നിവേദനം ചെയ്യുന്നു: ''ഒരാള്‍ സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിച്ചാല്‍ ആ വിമുക്തന്റെ ഓരോ അവയവത്തിനും പകരമായി അല്ലാഹു അന്ത്യനാളില്‍ ആ വിമോചകന്റെ ഓരോ അവയവത്തെയും നരകാഗ്നിയില്‍നിന്ന് മോചിപ്പിക്കുന്നതാണ്. കൈക്കു പകരം കൈ, കാലിനു പകരം കാല്‍, ജനനേന്ദ്രിയങ്ങള്‍ക്കു പകരം ജനനേന്ദ്രിയങ്ങള്‍.'' അലിയ്യുബ്‌നു ഹുസൈന്‍ (ഇമാം സൈനുല്‍ ആബിദീന്‍) ഈ ഹദീസിന്റെ നിവേദകനായ സഅ്ദുബ്‌നു മര്‍ജാനയോടു ചോദിച്ചു: ''നിങ്ങളിത് അബൂഹുറയ്‌റയില്‍നിന്ന് നേരിട്ട് കേട്ടതാണോ?'' അദ്ദേഹം പറഞ്ഞു: ''അതെ.'' അതിനെത്തുടര്‍ന്ന് ഇമാം സൈനുല്‍ ആബിദീന്‍ തന്റെ ഏറ്റവും വിലപിടിപ്പുള്ള അടിമയെ വിളിച്ച് അപ്പോള്‍തന്നെ അയാളെ സ്വതന്ത്രനാക്കുകയുണ്ടായി. ഈ അടിമക്ക് അദ്ദേഹത്തിന് പതിനായിരം ദിര്‍ഹം കിട്ടുമായിരുന്നു എന്ന് ഇമാം മുസ്‌ലിം പ്രസ്താവിച്ചിട്ടുണ്ട്. ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം അബൂഹനീഫയും ഇമാം ശഅബിയുംപറയുന്നു: അടിമയെ മോചിപ്പിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ദാനം. എന്തുകൊണ്ടെന്നാല്‍, അല്ലാഹു അതാണ് ദാനത്തിനു മുമ്പായി പ്രസ്താവിച്ചിട്ടുളളത്. അഗതിസഹായത്തിന്റെ വിശിഷ്ടതകളും തിരുമേനി (സ) നിരവധി ഹദീസുകളിലൂടെ വിവരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഹ. അബൂഹുറയ്‌റ നിവേദനം ചെയ്ത ഈ നബിവചനം: السَّاعِى عَلَى الأَرْمِلَةِ وَالْمِسْكِينِ كَالسَّاعِى فِى سَبِيلِ اللهِ وَأَحْسِبُهُ قَالَ كَالْقَائِمِ لاَ يَفْتِرُ وَكَالصَّائِمِ لاَ يَفْطِرُ (വിധവയെയും അഗതിയെയും സംരക്ഷിക്കാന്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കുന്നവന്ന് തുല്യനാകുന്നു.) ഹ. അബൂഹുറയ്‌റ പറയുന്നു: ''അവന്‍ വിശ്രമമില്ലാതെ നമസ്‌കരിക്കുന്നവനെപ്പോലെയും ഒരിക്കലും നോമ്പു തുറക്കാതെ വ്രതമനുഷ്ഠിക്കുന്നവനെപ്പോലെയും ആണെ''ന്നുകൂടി തിരുമേനി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു (ബുഖാരി, മുസ്‌ലിം). അനാഥകളെസ്സംബന്ധിച്ച് നിരവധി തിരുവചനങ്ങളുണ്ട്. ഹ. സഹ്‌ലുബ്‌നു സഅ്ദില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''നബി(സ) പറഞ്ഞു: 'ഞാനും, ബന്ധുവോ അന്യനോ ആയ ഒരനാഥയെ പോറ്റുന്നവനും സ്വര്‍ഗത്തില്‍ ഇങ്ങനെയായിരിക്കും.' തുടര്‍ന്ന് അവിടുന്ന് തന്റെ ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാണിച്ചു. രണ്ടു വിരലിനുമിടക്ക് ചെറിയൊരു വിടവേ ഉണ്ടായിരുന്നുള്ളൂ.'' ഹ. അബൂഹുറയ്‌റ ഉദ്ധരിക്കുന്നു: ''ഒരു അനാഥയോട് നന്നായി വര്‍ത്തിക്കുന്ന ഗൃഹമാകുന്നു മുസ്‌ലിംഗൃഹങ്ങളില്‍ ഏറ്റവും വിശിഷ്ടമായത്. അനാഥനോട് ദുഷ്ടത കാട്ടുന്ന ഗൃഹമത്രേ ഗൃഹങ്ങളില്‍ വെച്ച് ഏറ്റവും നികൃഷ്ടമായത്'' (ഇബ്‌നുമാജ, അദബുല്‍ മുഫ്‌റദ്- ബുഖാരി). റസൂല്‍തിരുമേനി അരുള്‍ചെയ്തതായി മുസ്‌നദ് അഹ്മദും തിര്‍മിദിയും അബൂഉമാമയില്‍നിന്ന് ഉദ്ധരിക്കുന്നു: ''ഒരാള്‍ ഒരു അനാഥക്കുട്ടിയെ തലോടിയാല്‍, അല്ലാഹുവിന്റെ പേരില്‍ മാത്രമാണയാള്‍ തലോടിയതെങ്കില്‍, അയാളുടെ കരം സ്പര്‍ശിച്ച ഓരോ രോമത്തിനു പകരവും അയാളുടെ പേരില്‍ നന്മ എഴുതപ്പെടുന്നതാകുന്നു. ഒരുവന്‍ ഒരു അനാഥയോട് നന്നായി പെരുമാറിയാല്‍ അവനും ഞാനും സ്വര്‍ഗത്തില്‍ ഇങ്ങനെയായിരിക്കും.'' തിരുമേനി തന്റെ രണ്ടു വിരലുകള്‍ ചേര്‍ത്ത് ഉയര്‍ത്തിക്കാണിച്ചു. പ്രവാചകവര്യന്‍ പ്രസ്താവിച്ചതായി ശര്‍ഹുസ്സുന്ന ഇബ്‌നു അബ്ബാസില്‍നിന്നുദ്ധരിക്കുന്നു: ''വല്ലവനും ഒരു അനാഥനെ തന്റെ അന്നപാനീയങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അല്ലാഹു അവന്ന് സ്വര്‍ഗം നിര്‍ബന്ധമാക്കുന്നു--അവന്‍ പൊറുക്കാനാവാത്ത പാപമൊന്നും ചെയ്തിട്ടില്ലെങ്കില്‍.'' ഹ. അബൂഹുറയ്‌റയില്‍നിന്ന് മുസ്‌നദ് അഹ്മദ് ഉദ്ധരിക്കുന്നു: ''ഒരാള്‍ നബി(സ)യോട് ആവലാതിപ്പെട്ടു: 'എന്റെ മനസ്സ് വളരെ പരുഷമാണ്.' തിരുമേനി (സ) പറഞ്ഞു: ''നിങ്ങള്‍ അനാഥരെ തലോടുകയും അഗതികള്‍ക്ക് അന്നം കൊടുക്കുകയും ചെയ്യുക.''

13. ഈ സല്‍ക്കര്‍മങ്ങളോടൊപ്പം അവന്‍ വിശ്വാസി കൂടിയായിരിക്കണമെന്നര്‍ഥം. എന്തുകൊണ്ടെന്നാല്‍, സത്യവിശ്വാസമില്ലാതെ ഒരു കര്‍മവും സല്‍ക്കര്‍മമാവില്ല. അല്ലാഹുവിങ്കല്‍ അത് സ്വീകാര്യമാവുകയുമില്ല. ഈമാനോടുകൂടിയ നന്മകള്‍ മാത്രമേ സ്വീകാരയോഗ്യമാകൂ എന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി, സൂറ അന്നിസാഅ് 124-ആം  സൂക്തത്തില്‍ പറയുന്നു: ''സ്ത്രീയായാലും പുരുഷനായാലും വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നവരാരോ, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാകുന്നു.'' സൂറ അന്നഹ്ല്‍ 97-ആം 16:97 സൂക്തത്തില്‍ പറയുന്നു: ''സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നവരെ നാം വിശുദ്ധമായ ജീവിതം നയിപ്പിക്കുന്നു. അത്തരക്കാര്‍ക്ക് അവരുടെ ഏറ്റവും വിശിഷ്ടമായ കര്‍മങ്ങളനുസരിച്ച് പ്രതിഫലമരുളുകയും ചെയ്യും.'' സൂറ അല്‍മുഅ്മിന്‍ 40-ആം  സൂക്തത്തില്‍ പറഞ്ഞു: ''സത്യവിശ്വാസിയായ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവിടെ അവര്‍ക്ക് അതിരറ്റ വിഭവങ്ങള്‍ ലഭിക്കുകയും ചെയ്യും.'' വിശുദ്ധ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഏതൊരാള്‍ക്കും ഈ വേദത്തില്‍ എവിടെയെല്ലാം സല്‍ക്കര്‍മങ്ങളുടെ പുണ്യവും അതിനുള്ള വിശിഷ്ടമായ പ്രതിഫലങ്ങളും പരാമര്‍ശിച്ചിട്ടുണ്ടോ, അവിടെയെല്ലാം അതോടൊപ്പം സത്യവിശ്വാസം എന്ന ഉപാധിയും നിശ്ചയമായും ചേര്‍ത്തിട്ടുണ്ടെന്ന് കാണാം. സത്യവിശ്വാസമില്ലാത്ത കര്‍മം അല്ലാഹുവിങ്കല്‍ സ്വീകാരയോഗ്യമായി അംഗീകരിക്കപ്പെട്ടതായോ അതിന്റെ പേരില്‍ പ്രതിഫലത്തിന് പ്രതീക്ഷ നല്‍കപ്പെട്ടതായോ എവിടെയും കാണുകയില്ല. ഇവിടെ സുപ്രധാനമായ ഒരു പോയന്റു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്: 'പിന്നെ അവന്‍ വിശ്വസിക്കുകയും ചെയ്യുക' എന്നല്ല; 'പിന്നെ അവന്‍ വിശ്വസിച്ച ജനത്തില്‍ ഉള്‍പ്പെടുകയും ചെയ്യുക' എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനര്‍ഥമിതാണ്: അവന്‍ കേവലം ഒരു വ്യക്തിയായി സ്വന്തം നിലക്ക് വിശ്വാസിയായി കഴിയണം എന്നല്ല ആവശ്യപ്പെടുന്നത്; പ്രത്യുത, ഓരോ സത്യവിശ്വാസിയും സത്യവിശ്വാസികളായ മറ്റുള്ളവരോടൊപ്പം കൂടിച്ചേരുകയും അങ്ങനെ സംഘടിച്ച് വിശ്വാസികളുടെ ഒരു സമൂഹമായിത്തീരുകയും വേണമെന്നാണ്. അതുവഴി അവനില്‍ സ്ഥാപിതമാകേണ്ട സാമൂഹിക നന്‍മകള്‍ സ്ഥാപിതമാവുകയും സത്യവിശ്വാസത്തിന്റെ താല്‍പര്യമെന്ന നിലയില്‍ അവനില്‍നിന്ന് തുടച്ചുനീക്കേണ്ട തിന്‍മകള്‍ തുടച്ചുനീക്കപ്പെടുകയും വേണം.

14. ഈ വിശ്വാസിസമാജത്തിന് സുപ്രധാനമായ രണ്ടു സവിശേഷതകളുണ്ട്. അതാണ് രണ്ടു കൊച്ചുവാക്യങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന്: അതിലെ അംഗങ്ങള്‍ പരസ്പരം ക്ഷമയും സഹനവും ഉപദേശിക്കുക. രണ്ട്: അവര്‍ പരസ്പരം സ്‌നേഹവും കാരുണ്യവും ഉപദേശിക്കുക. ക്ഷമയുടെ കാര്യം നാം നേരത്തേ പലവട്ടം വിശദീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ ആ പദത്തിന് നല്‍കിയിട്ടുള്ള ആശയവൈപുല്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍, വിശ്വാസിയുടെ ജീവിതം മുഴുവന്‍ ക്ഷമയുടെ, സഹനത്തിന്റെ ജീവിതമാണ്. വിശ്വാസത്തിന്റെ സരണിയിലേക്ക് കാലെടുത്തുവെക്കുന്നതോടെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കപ്പെട്ടുതുടങ്ങുകയായി. ദൈവം കല്‍പിച്ച ആരാധനാകര്‍മങ്ങളുടെ നിര്‍വഹണത്തില്‍ ക്ഷമയാവശ്യമാണ്. ദൈവത്തിന്റെ വിധികള്‍ അനുസരിക്കാനും അനുധാവനം ചെയ്യാനും നല്ല ക്ഷമ വേണം. അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കാനും ക്ഷമയില്ലാതെ കഴിയില്ല. തിന്‍മകള്‍ വര്‍ജിക്കാനും നന്മകളാര്‍ജിക്കാനും ക്ഷമ കൂടിയേ തീരൂ. പാപകൃത്യങ്ങള്‍ ചെയ്യാന്‍ അടിക്കടിയുണ്ടാകുന്ന പ്രലോഭനങ്ങളെ ചെറുക്കാന്‍ ക്ഷമക്കു മാത്രമേ കഴിയൂ. അല്ലാഹുവിന്റെ നിയമങ്ങളനുസരിക്കുകയാണെങ്കില്‍ നഷ്ടങ്ങളും പ്രയാസങ്ങളും വിപത്തുകളും നേരിടേണ്ടിവരുകയും മറിച്ച്, അവന്റെ നിയമങ്ങളെ തള്ളിക്കളയുകയാണെങ്കില്‍ നേട്ടങ്ങളും സുഖങ്ങളും ലഭിക്കുകയും ചെയ്യുമെന്ന് കാണപ്പെടുന്ന എണ്ണമറ്റ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകും. ക്ഷമകൊണ്ടല്ലാതെ ഒരു വിശ്വാസിക്കും അത്തരം പ്രതിസന്ധികള്‍ വിജയകരമായി തരണംചെയ്യാനാവില്ല. കൂടാതെ ഈമാനിന്റെ മാര്‍ഗം കൈക്കൊള്ളുന്നതോടെ ഒരാള്‍ക്ക് തന്റെ മനസ്സിനോടും ജഡികേച്ഛകളോടും മുതല്‍ തന്റെ ഭാര്യാസന്താനങ്ങളോടും കുടുംബക്കാരോടും സമൂഹത്തോടും ദേശത്തോടും ദേശക്കാരോടും ലോകമെങ്ങുമുള്ള പൈശാചിക മനുഷ്യരോടും പൈശാചിക ജിന്നുകളോടുമെല്ലാം സമരം ചെയ്യേണ്ടിവരുന്നു. ചിലപ്പോള്‍ ദൈവമാര്‍ഗത്തില്‍ ദേശത്യാഗവും യുദ്ധവും ചെയ്യേണ്ടിവരുന്ന സന്ദര്‍ഭവുമുണ്ടാകുന്നു. ഇത്തരം അവസരങ്ങളില്‍ ക്ഷമ എന്ന ഗുണംകൊണ്ടുമാത്രമേ അയാള്‍ക്ക് അടിയുറച്ചുനില്‍ക്കാന്‍ കഴിയൂ. ഈ കഠിന പരീക്ഷണങ്ങളെ ഓരോ വിശ്വാസിയും ഒറ്റക്കൊറ്റക്കാണ് നേരിടുന്നതെങ്കില്‍ എപ്പോഴും തോറ്റുപോകാനാണ് സാധ്യതയെന്നും വിരളമായേ വിജയിക്കാന്‍ കഴിയൂ എന്നും വ്യക്തമാണല്ലോ. മറിച്ച്, ഓരോ അംഗവും സ്വയംതന്നെ ക്ഷമാശീലനും സമഗ്രമായ ക്ഷമാപരീക്ഷണത്തില്‍ എല്ലാ അംഗങ്ങളും പരസ്പരം സഹായിക്കുന്നവരുമായ ഒരു സമൂഹമാകുകയാണെങ്കില്‍ വിജയം ആ സമൂഹത്തിന്റെ പാദം ചുംബിക്കും. തിന്‍മക്കെതിരെ അജയ്യമായ ഒരു ശക്തി ഉയര്‍ന്നുവരും. മാനവസമൂഹത്തെ നന്‍മയുടെ വഴിയിലേക്കു നയിക്കുന്ന സുശക്തമായ ഒരു സൈന്യം സജ്ജമാകും. കാരുണ്യമാകട്ടെ, വിശ്വാസികളുടെ സമാജം സങ്കുചിതമോ നിഷ്ഠുരമോ നിര്‍ദയമോ ആയ സമൂഹമായിരിക്കുകയില്ല എന്നത് അതിന്റെ സവിശേഷ ലക്ഷണംതന്നെയാകുന്നു. അത് മനുഷ്യരാശിയോട് കനിവും കാരുണ്യവും പരസ്പരം അനുകമ്പയും സഹാനുഭൂതിയുമുള്ള സമൂഹമായിരിക്കും. വ്യക്തിയെന്ന നിലയില്‍ ഒരു വിശ്വാസി അല്ലാഹുവിന്റെ കരുണാഭാവത്തിന്റെ പ്രകടനമായിരിക്കും. സമൂഹം എന്ന നിലയിലും വിശ്വാസികളുടെ കൂട്ടായ്മ ومَاأرْسَلْنَاكَ إلاَّ رَحْمَةً لِلْعَالَمِين (ലോകര്‍ക്കൊക്കെയും കാരുണ്യമായിട്ടു മാത്രമാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുളളത്) എന്നു പരിചയപ്പെടുത്തപ്പെട്ട റസൂലിന്റെ പ്രതിനിധികളായിരിക്കും. തിരുമേനി(സ) തന്റെ സമൂഹത്തില്‍ ഏറ്റവുമധികം വളര്‍ത്താന്‍ ശ്രമിച്ച ഗുണം ഈ കാരുണ്യഗുണംതന്നെയാണ്. ഉദാഹരണത്തിന്, താഴെപ്പറയുന്ന തിരുവചനങ്ങള്‍ ശ്രദ്ധിക്കുക. തിരുമേനി (സ) കാരുണ്യത്തിന് എന്തുമാത്രം പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് അതില്‍നിന്ന് വ്യക്തമാകും. ജരീറുബ്‌നു അബ്ദില്ലയില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: لاَيَرْحَمُ اللهُ مَنْ لاَ يَرْحَمُ النَّاسَ (മനുഷ്യരോട് കരുണ കാട്ടാത്തവനോട് അല്ലാഹു കരുണ കാട്ടുകയില്ല). നബി(സ) അരുള്‍ ചെയ്തതായി അബ്ദുല്ലാഹിബ്‌നു അംരിബ്‌നില്‍ ആസ്വില്‍നിന്ന് അബൂദാവൂദുംതിര്‍മിദിയും ഉദ്ധരിക്കുന്നു: الرَّاحِمُونَ يَرْحَمُهُمْ الرَّحْمَـن. ارْحَمُوا مَنْ فِى الأَرْضِ يَرْحَمْكُمْ مَنْ فِى السَّمَاء (കരുണയുള്ളവരോട് കരുണാവാരിധിയും കരുണ കാണിക്കുന്നു. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തിലുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും). അബൂസഈദില്‍ ഖുദ്‌രിയില്‍നിന്ന് ബുഖാരി തന്റെ അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിക്കുന്നു: مَنْ لاَ يَرْحَمْ لاَ يُرْحَمْ (കരുണയില്ലാത്തവന്ന് കാരുണ്യം ലഭിക്കുകയില്ല). ഇബ്‌നു അബ്ബാസില്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: لَيْسَ مِنَّامَنْ لَمْ يَرْحَمْ صَغِيرَنَا ولَمْ يُوَقِّرْ كَبِيرَنَا (ചെറിയവരോട് കരുണയില്ലാത്തവനും വലിയവരോട് ആദരവില്ലാത്തവനും നമ്മില്‍പെട്ടവനല്ല). ഈ വചനം അബ്ദുല്ലാഹിബ്‌നു അംറില്‍നിന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുള്ളതിങ്ങനെയാണ്: لَمْ يَرْحَمْ صَغِيرَنَا وَيَعْرِف حَقّ كَبِيرَنَا فَلَيْسَ مِنََا مَنْ (നമ്മുടെ ചെറിയവരോട് കരുണ കാട്ടാത്തവനും നമ്മുടെ വലിയവരെ മാനിക്കാത്തവനും നമ്മില്‍പെട്ടവനല്ല).അബൂഹുറയ്‌റN1331യില്‍നിന്ന് അഹ്മദും തിര്‍മിദിയും ഉദ്ധരിക്കുന്നു: لاَ تنْزعُ الرَّحْمَة إِلاَّ مِنْ شَقِيٍّ (ദുര്‍ഭഗനായ മനുഷ്യന്‍ മാത്രമേ കാരുണ്യഗുണത്തില്‍നിന്ന് മുക്തനാകൂ).സ്വര്‍ഗാവകാശികളാകുന്ന മൂന്നു വിഭാഗങ്ങളില്‍ ഒരു വിഭാഗത്തെ പരിചയപ്പെടുത്തിക്കൊണ്ട് നബി(സ) പ്രസ്താവിച്ചതായി ഇയാദുബ്‌നു ഹിമാറില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: رَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِى قُرْبَى وَمُسْلِمٍ (തന്റെ എല്ലാ ബന്ധുക്കളോടും മുസ്‌ലിംകളോടും കനിവുറ്റ മനസ്സുള്ള മനുഷ്യന്‍).നുഅ്മാനുബ്‌നു ബശീറില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: تَرَى الْمُؤْمِنِينَ فِي تَرَاحُمِهِمْ وَتَوادِّهِمْ وَتَعَاطُفِهِمْ كَمَثَلِ الْجَسَدِ إِذَا اشْتَكَى عُضْوٌ تَدَاعَى لَهُ سَائِر الْجَسَدِ بِالسَّهْرِ والحُمَّى (പരസ്പര കാരുണ്യത്തിന്റെയും മൈത്രിയുടെയും സഹാനുഭൂതിയുടെയും കാര്യത്തില്‍ വിശ്വാസികളെ നിനക്ക് ഒറ്റ ശരീരം പോലെ കാണാം. ഒരവയവം പീഡിതമായാല്‍ ശരീരം മുഴുവന്‍ ഉറക്കമിളച്ചും പനിച്ചും അതിനോടനുഭാവം കാട്ടുന്നു). അബൂ മൂസല്‍ അശ്അരിയില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: المُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يِشُدُّ بَعْضُهُ بَعْضًا (വിശ്വാസി മറ്റു വിശ്വാസികള്‍ക്ക്, ഓരോ ഭാഗവും ഇതര ഭാഗങ്ങളെ ശക്തിപ്പെടുത്തുന്ന ഭിത്തിപോലെയാകുന്നു). അബ്ദുല്ലാഹിബ്‌നു ഉമറില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ (മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാകുന്നു. അവന്‍ അയാളെ അക്രമിക്കുകയോ സഹായിക്കാതെ പീഡനങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയോ ഇല്ല. ഒരുവന്‍ തന്റെ സഹോദരന്റെ ഒരാവശ്യം നിവര്‍ത്തിച്ചുകൊടുക്കുന്നതിലേര്‍പ്പെടുമ്പോള്‍ അല്ലാഹു അവന്റെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുന്നതിലേര്‍പ്പെടുന്നു. ഒരുവന്‍ ഒരു മുസ്‌ലിമിന്റെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കുമ്പോള്‍ അല്ലാഹു അവന്റെ അന്ത്യനാളിലെ ക്ലേശങ്ങളിലൊന്ന് ഒഴിവാക്കിക്കൊടുക്കുന്നു. ഒരുവന്‍ ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുപിടിച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനത മറച്ചുകളയുന്നു.)സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നവര്‍ വിശ്വസിച്ച ശേഷം വിശ്വാസികളുടെ സമൂഹത്തില്‍ ഉള്‍ച്ചേരണമെന്ന് പ്രകൃത സൂക്തത്തില്‍ നല്‍കപ്പെട്ടിട്ടുള്ള നിര്‍ദേശത്തിലൂടെ എത്തരത്തിലുള്ള സമൂഹമാണ് കെട്ടിപ്പടുക്കാനുദ്ദേശിക്കുന്നതെന്ന് ഈ തിരുവചനങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്.

15. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വിശദീകരണം സൂറ അല്‍വാഖിഅയുടെ വ്യാഖ്യാനത്തില്‍ വന്നിട്ടുണ്ട്.

16. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാത്ത വിധം അഗ്നി എല്ലാ ഭാഗങ്ങളിലൂടെയും അവരെ വലയംചെയ്യുമെന്നര്‍ഥം.

لاَ أُقْسِمُ بِهـذَا الْبَلَد എന്ന പ്രഥമ സൂക്തത്തിലുള്ള الْبَلَد ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണ കാലം

ഇതിലെ ഉള്ളടക്കവും പ്രതിപാദനരീതിയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളുടേതുപോലെത്തന്നെയാണ്. എങ്കിലും മക്കയിലെ അവിശ്വാസികള്‍ക്ക് പ്രവാചകനോടുള്ള ശത്രുത മൂക്കുകയും തിരുമേനിക്കെതിരെ എന്തക്രമവും മര്‍ദനവും അനുവര്‍ത്തിക്കുന്നത് തങ്ങള്‍ക്കനുവദനീയമാണ് എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ഘട്ടത്തിലാണിതവതരിച്ചതെന്നതിലേക്കുള്ള ഒരു സൂചന ഇതില്‍ കാണാം.

ഉള്ളടക്കം

ഒരു വലിയ വിഷയം ഏതാനും സംക്ഷിപ്തവചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണീ സൂറയില്‍. വിപുലമായ വിഷയങ്ങള്‍ കുറഞ്ഞ പദങ്ങളിലവതരിപ്പിക്കുന്ന ഖുര്‍ആനിന്റെ സംഗ്രഹണക്ഷമതയുടെ മികവാണിത്. ഒരു ബൃഹദ്ഗ്രന്ഥത്തില്‍ പോലും വിവരിച്ചുതീര്‍ക്കാനാവാത്ത ഒരു ജീവിതവ്യവസ്ഥ മുഴുവന്‍ ഈ സൂറയിലെ കൊച്ചുകൊച്ചു വാക്യങ്ങളില്‍, അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്ക്കുന്ന ശൈലിയില്‍ വിവരിച്ചിരിക്കുന്നു. ഭൗതികലോകത്തെസ്സംബന്ധിച്ചിടത്തോളം മനുഷ്യന്റെയും, മനുഷ്യനെസ്സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്തിന്റെയും ശരിയായ അവസ്ഥ മനസ്സിലാക്കിത്തരുകയും ദൈവം മനുഷ്യന്നുവേണ്ടി സൗഭാഗ്യത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും രണ്ടു മാര്‍ഗങ്ങള്‍ തുറന്നുവെച്ചിട്ടുണ്ടെന്ന് അറിയിക്കുകയുമാണ് ഈ സൂറയുടെ ഉളളടക്കം. ആ രണ്ടു മാര്‍ഗങ്ങളും കണ്ടെത്താനും അതിലൂടെ പ്രയാണം ചെയ്യാനുമുള്ള ഉപാധികളും അവന്‍ സജ്ജീകരിച്ചിരിക്കുന്നു. സൗഭാഗ്യത്തിന്റെ സരണിയിലൂടെ പ്രയാണം ചെയ്ത് ശുഭപര്യവസാനത്തിലെത്തുന്നുവോ അതല്ല, ദൗര്‍ഭാഗ്യത്തിന്റെ വഴി സ്വീകരിച്ച് ദുഷിച്ച പര്യവസാനമനുഭവിക്കുന്നുവോ എന്നത് ഇനി മനുഷ്യന്റെ അധ്വാന പരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യമായി, മക്കയെയും അവിടെ നബി (സ) അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെയും മുഴുവന്‍ മനുഷ്യപുത്രന്മാരുടെ അവസ്ഥയെയും, ഭൗതികലോകമെന്നാല്‍ മനുഷ്യന്ന് വിനോദിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട വിശ്രമവാടിയല്ല എന്ന യാഥാര്‍ഥ്യത്തിനു സാക്ഷിയായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഈ ലോകത്ത് മനുഷ്യന്റെ ജനനംതന്നെ ക്ലേശകരമായിട്ടാണ് നടക്കുന്നത്. ഈ ആശയത്തെ സൂറ അന്നജ്മിലെ 39-ആം സൂക്തമായ لَيْسَ لِلإِنْسَانِ إِلاَّ مَا سَعَى എന്ന വാക്യവുമായി ചേര്‍ത്തുവായിച്ചാല്‍ സംഗതി ഇങ്ങനെയാണെന്ന് സ്പഷ്ടമാകും: ലോകമാകുന്ന ഈ തൊഴില്‍ശാലയില്‍ മനുഷ്യന്റെ ഭാവിഭാഗധേയം അവന്റെത്തന്നെ അധ്വാനപരിശ്രമങ്ങളെയും ക്ലേശസഹനത്തെയും ആശ്രയിച്ചിരിക്കുന്നു. അനന്തരം, ഈ ലോകത്ത് താന്‍ മാത്രമേയുള്ളൂവെന്നും തന്റെ കര്‍മങ്ങള്‍ നിരീക്ഷിക്കുകയും അതിന്റെ പേരില്‍ നടപടിയെടുക്കുകയും ചെയ്യുന്ന ഒരു ശക്തിയും തനിക്കു മുകളിലില്ലെന്നുമുള്ള മനുഷ്യന്റെ തെറ്റുധാരണയെ ദൂരീകരിക്കുകയാണ്. തുടര്‍ന്ന്, മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന അനേകം മൂഢമായ ധാര്‍മിക സങ്കല്‍പങ്ങളില്‍ ഒന്ന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ ലോകത്ത് മനുഷ്യന്‍ മഹത്ത്വത്തിനും ശ്രേഷ്ഠതക്കും അംഗീകരിച്ചുവെച്ചിട്ടുള്ള അബദ്ധജടിലമായ മാനദണ്ഡമാണത്. സ്വന്തം വമ്പത്തവും പണക്കൊഴുപ്പും പ്രകടിപ്പിക്കുന്നതിനുവേണ്ടി പണച്ചാക്കുകള്‍ വാരിവിതറുന്നവര്‍ തങ്ങളുടെ ആ ദുര്‍വ്യയങ്ങളില്‍ അഭിമാനംകൊള്ളുന്നു. ജനങ്ങള്‍ അവരെ ആദരിക്കുകയും ചെയ്യുന്നു. എന്നാല്‍, അവന്റെ കര്‍മങ്ങള്‍ നിരീക്ഷിക്കുന്നവന്‍, അവന്‍ ഈ ധനം സമ്പാദിച്ചതെങ്ങനെയാണെന്നും ഏതെല്ലാം വഴികളില്‍, എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണത് ചെലവഴിച്ചുകൊണ്ടിരിക്കുന്നതെന്നും കാണുന്നുണ്ട്. അനന്തരം അല്ലാഹു പറയുന്നു: മനുഷ്യന്ന് ജ്ഞാനോപാധികളും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള കഴിവും നല്‍കിയ അല്ലാഹു അവന്റെ മുമ്പില്‍ നന്മയുടെയും തിന്മയുടെയും സരണികള്‍ തുറന്നിട്ടിരിക്കുകയാണ്. ഒന്ന് ധര്‍മച്യുതിയുടേതാണ്. ആ വഴിക്ക് നടക്കാന്‍ ഒരു പ്രയാസവുമില്ല; എന്നല്ല, നല്ല രസം അനുഭവപ്പെടുകയും ചെയ്യും. രണ്ടാമത്തെ വഴി ധാര്‍മികൗന്നത്യത്തിന്റേതാണ്. അത് ദുര്‍ഘടമായ മലമ്പാതപോലെയാണ്. അതിലൂടെ നടക്കണമെങ്കില്‍ മനുഷ്യന്‍ അവന്റെ മനസ്സിനെ മെരുക്കിയെടുക്കേണ്ടിവരും. ഈ ദുര്‍ഘടമാര്‍ഗത്തെ അപേക്ഷിച്ച് അനായാസമായ സരണിക്ക് മുന്‍ഗണന നല്‍കുക എന്നത് മനുഷ്യന്റെ ദൗര്‍ബല്യമാകുന്നു. അനന്തരം, അല്ലാഹു ധാര്‍മികൗന്നത്യത്തിലെത്താന്‍ മനുഷ്യന്‍ താണ്ടേണ്ട മലമ്പാത എന്താണെന്ന് വിശദീകരിക്കുന്നു: അന്തസ്സും പണക്കൊഴുപ്പും കാണിക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്നതിനു പകരം, അഗതികളെയും അനാഥരെയും രക്ഷിക്കുന്നതിനുവേണ്ടി ചെലവഴിക്കുക. അല്ലാഹുവിന്റെ ദീനില്‍ വിശ്വസിക്കുക. വിശ്വാസികളുടെ സമൂഹത്തില്‍ ചേരുക. സത്യബോധത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പങ്കെടുക്കുക. സമസൃഷ്ടികളോട് കാരുണ്യം പുലര്‍ത്തുക. ഈ വഴിക്ക് നടക്കുന്നവരുടെ പരിണതിയത്രേ, അവര്‍ ദൈവകാരുണ്യത്തെ പ്രാപിക്കുക എന്നത്. മറിച്ച്, രണ്ടാമത്തെ സരണി സ്വീകരിക്കുന്നവരുടെ പര്യവസാനം നരകശിക്ഷയാകുന്നു. അതില്‍നിന്ന് പുറത്തുകടക്കാനുള്ള സകല വാതിലുകളും അവരുടെ മുമ്പില്‍ അടക്കപ്പെട്ടിരിക്കും.

Facebook Comments