അശ്ശംസ്‌

സൂക്തങ്ങള്‍: 01-10

വാക്കര്‍ത്ഥം

സൂര്യനാണ് സത്യം/സാക്ഷി = وَالشَّمْسِ
അതിന്റെ വെളിച്ചവുമാണ് = وَضُحَاهَا
ചന്ദ്രനുമാണ = وَالْقَمَرِ
അത് അതിനെ പിന്തുടരുമ്പോള്‍ = إِذَا تَلَاهَا
പകലുമാണ = وَالنَّهَارِ
അത് അതിനെ തെളിയിച്ചുകാണിക്കുമ്പോള്‍ = إِذَا جَلَّاهَا
രാവുമാണ് സത്യം = وَاللَّيْلِ
അത് അതിനെമൂടുമ്പോള്‍ = إِذَا يَغْشَاهَا
ആകാശവുമാണ = وَالسَّمَاءِ
അതിനെ നിര്‍മിച്ചതുമാണ് = وَمَا بَنَاهَا
ഭൂമിയുമാണ = وَالْأَرْضِ
അതിനെ പരത്തിയതും = وَمَا طَحَاهَا
ആത്മാവുമാണ = وَنَفْسٍ
അതിനെ ശരിയായി ക്രമപ്പെടുത്തിയതും = وَمَا سَوَّاهَا
അങ്ങനെ അതിന് ബോധനം നല്‍കി = فَأَلْهَمَهَا
അതിന്റെ അധര്‍മത്തെ = فُجُورَهَا
അതിന്റെ ധര്‍മത്തെയും = وَتَقْوَاهَا
തീര്‍ച്ചയായും വിജയം വരിച്ചു = قَدْ أَفْلَحَ
യാതൊരുവന്‍ = مَن
അതിനെ (ആത്മാവിനെ) അവന്‍ സംസ്കരിച്ചു = زَكَّاهَا
നിശ്ചയം പരാജയമടയുകയും ചെയ്തു = وَقَدْ خَابَ
യാതൊരുവന്‍ = مَن
അവന്‍ അതിനെ (ആത്മാവിനെ) മലിനമാക്കി = دَسَّاهَا

وَالشَّمْسِ وَضُحَاهَا ﴿١﴾ وَالْقَمَرِ إِذَا تَلَاهَا ﴿٢﴾ وَالنَّهَارِ إِذَا جَلَّاهَا ﴿٣﴾ وَاللَّيْلِ إِذَا يَغْشَاهَا ﴿٤﴾ وَالسَّمَاءِ وَمَا بَنَاهَا ﴿٥﴾ وَالْأَرْضِ وَمَا طَحَاهَا ﴿٦﴾ وَنَفْسٍ وَمَا سَوَّاهَا ﴿٧﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ﴿٨﴾ قَدْ أَفْلَحَ مَن زَكَّاهَا ﴿٩﴾ وَقَدْ خَابَ مَن دَسَّاهَا ﴿١٠﴾

(1-8) സൂര്യനും അതിന്റെ വെയിലുമാണ1 , സൂര്യനെ പിന്തുടരുന്ന ചന്ദ്രനാണ, അതിനെ (സൂര്യനെ) വെളിപ്പെടുത്തുന്ന പകലാണ, അതിനെ (സൂര്യനെ) മൂടിമറയ്ക്കുന്ന രാവാണ2 , ആകാശവും അതിനെ സ്ഥാപിച്ചവനുമാണ3 , ഭൂമിയും അതിനെ വിസ്തൃതമാക്കിയവനുമാണ, ആത്മാവാണ, അതിനെ സന്തുലിതമാക്കിയവനാണ4 , എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ5 , 
(9-10) നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു6 .

===============

1. സൂര്യപ്രകാശത്തെയും അതിന്റെ താപത്തെയും കുറിക്കുന്ന ضُحى എന്ന പദമാണ് മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത്, എങ്കിലും സൂര്യന്‍ ഉദിച്ചശേഷം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയം എന്നാണ് അറബിഭാഷയില്‍ അതിന്റെ സുപരിചിതമായ അര്‍ഥം. സൂര്യന്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്രകാശത്തോടൊപ്പം ചൂടുമുണ്ടായിരിക്കുമല്ലോ. അതുകൊണ്ട് ഈ പദത്തെ സൂര്യനോട് ചേര്‍ത്തുപറയുമ്പോള്‍ അതിന്റെ പൂര്‍ണമായ ആശയം, സൂര്യപ്രകാശം അല്ലെങ്കില്‍ അതുവഴി തെളിഞ്ഞുവരുന്ന പകല്‍ എന്നതിലുപരി ചൂടും വെളിച്ചവുമുള്ള വെയില്‍ എന്നാണെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

2. അതായത്, രാത്രിയുടെ വരവോടെ സൂര്യന്‍ മാഞ്ഞുപോകുന്നു. രാത്രി മുഴുവന്‍ അതിന്റെ പ്രകാശം അദൃശ്യമാകുന്നു. ഈ അവസ്ഥയെയാണ് രാത്രി സൂര്യനെ മൂടുന്നു എന്നു വിവരിക്കുന്നത്. കാരണം, സൂര്യന്‍ ചക്രവാളത്തിനു താഴേക്കിറങ്ങിപ്പോകുന്നു എന്നതാണ് രാത്രിയുടെ യാഥാര്‍ഥ്യം. അതു മൂലമാണല്ലോ സൂര്യപ്രകാശം എത്തിച്ചേരാത്ത ഭൂഭാഗത്ത് രാത്രിയുണ്ടാകുന്നത്.

3. അതായത്, ആകാശത്തെ മേല്‍പുരപോലെ ഭൂമിക്കു മുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു. ഈ സൂക്തത്തിലും തുടര്‍ന്നുള്ള രണ്ടു സൂക്തങ്ങളിലും مَابنَـها، مَاطَحَـهَا، مَاسَوَّاهَا എന്നിങ്ങനെ ما എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഈ ما എന്ന പദത്തിന് ക്രിയാനാമത്തിന്റെ അര്‍ഥമാണ് ഒരു വിഭാഗം വ്യാഖ്യാതാക്കള്‍ കല്‍പിച്ചിട്ടുള്ളത്. അതനുസരിച്ച് ആകാശവും അതിന്റെ സംസ്ഥാപനവുമാണ, ഭൂമിയും അതിന്റെ വിസ്തൃതീകരണവുമാണ, മനസ്സും അതിന്റെ സന്തുലനവുമാണ എന്നാണ് സൂക്തങ്ങളുടെ വിവക്ഷ. ഈ അര്‍ഥം അവക്കു ശേഷമുള്ള ''പിന്നെ അതിന്റെ നന്‍മയും അതിന്റെ സൂക്ഷ്മതയും അതിനെ ബോധിപ്പിച്ചു'' എന്ന വാക്യവുമായി വിഘടിക്കുന്നു എന്നതുകൊണ്ട് ശരിയല്ല. മറ്റൊരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ ما ക്ക് مَنْ (യാതൊരുത്തന്‍) എന്ന അര്‍ഥമാണ് കല്‍പിച്ചിട്ടുള്ളത്. അവരുടെ വീക്ഷണത്തില്‍ സൂക്തങ്ങളുടെ അര്‍ഥം ഇപ്രകാരമാണ്: ആകാശമാണ, അതിന്റെ സ്ഥാപകനാണ; ഭൂമിയാണ, അതിന്റെ വിസ്താരകനാണ; മനസ്സാണ, അതിന്റെ സന്തുലകനാണ എന്നാകുന്നു. ഈ അര്‍ഥമാണ് നമ്മുടെ ദൃഷ്ടിയില്‍ സാധുവായിട്ടുള്ളത്. ما എന്ന പദം അറബിഭാഷയില്‍ സചേതന വസ്തുക്കള്‍ക്ക് ഉപയോഗിക്കുകയില്ല എന്ന വിമര്‍ശനം അപ്രസക്തമാകുന്നു. ما എന്ന പദം مَنْ എന്ന പദത്തിനു പകരം ഉപയോഗിച്ച എത്രയോ സന്ദര്‍ഭങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ത്തന്നെ കാണാം. ഉദാ. وَلاَ أنْتُمْ عَابِدُونَ مَا أَعْبُد (ഞാന്‍ ആരാധിക്കുന്നവനെ ആരാധിക്കുന്നവരല്ല നിങ്ങള്‍). فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاء (സ്ത്രീകളില്‍നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ടവരെ വിവാഹം ചെയ്തുകൊളളുക). وَلاَ تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاء (നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിട്ടുള്ള സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്.)

4. സന്തുലിതമാക്കുക എന്നതുകൊണ്ടുദ്ദേശ്യമിതാണ്: മനുഷ്യന്ന് മാനുഷികജീവിതം നയിക്കാന്‍ ഏറ്റവും ഉചിതമായ ശരീരഘടനയും കൈകാലുകളും മസ്തിഷ്‌കവും നല്‍കി. അവന്റെ സവിശേഷ ഗുണങ്ങള്‍ക്കനുയോജ്യമായ ജ്ഞാനോപാധികളായിത്തീരുന്ന ദര്‍ശന- ശ്രവണാദി പഞ്ചേന്ദ്രിയങ്ങള്‍ പ്രദാനംചെയ്തു. ബുദ്ധി, ബോധം, വിചാരം, ഭാവന തുടങ്ങിയ കഴിവുകളും, കാര്യങ്ങളില്‍നിന്ന് കാരണവും ലക്ഷണങ്ങളില്‍നിന്ന് ഫലവും കണ്ടെത്താനുള്ള കഴിവുകളും, ഓര്‍മശക്തി, ഇച്ഛാശക്തി, വിവേചനശക്തി, തീരുമാനശക്തി എന്നിങ്ങനെ മറ്റനേകം മാനസിക ശക്തികളും നല്‍കി. അതുവഴിയാണ് ഈ ലോകത്ത് മനുഷ്യന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ ചെയ്യാന്‍ യോഗ്യനായിത്തീര്‍ന്നത്. കൂടാതെ മനുഷ്യനെ ജന്‍മനാ പാപേച്ഛുവും ദുഷ്ടനുമായിട്ടല്ല, പ്രത്യുത, ശുദ്ധവും ഋജുവുമായ പ്രകൃതിയായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന ആശയവും 'സന്തുലിതമാക്കുക' എന്ന വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. സന്‍മാര്‍ഗം കൈക്കൊള്ളാനാഗ്രഹിച്ചാല്‍ അതസാധ്യമാകുന്ന തരത്തിലുള്ള ഒരു സൃഷ്ടിവൈകല്യവും അവനില്‍ ഉണ്ടാക്കിയിട്ടില്ല. ഈ സംഗതിതന്നെയാണ് സൂറ അര്‍റൂം 30-ആം സൂക്തത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത്: فِطْرَةَ اللهِ الَّتِى فَطَرَ النَّاسَ عَلَيْهَا (അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ള പ്രകൃതിയേതാണോ അതില്‍ നിലകൊള്ളുക). നബി (സ) ഒരിക്കല്‍ അരുള്‍ചെയ്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''ഒരു ശിശുവും ശുദ്ധപ്രകൃതിയിലല്ലാതെ ജനിക്കുന്നില്ല. പിന്നീട് അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്‌നിപൂജകനോ ആക്കുന്നു. മൃഗങ്ങളുടെ ഉദരങ്ങളില്‍നിന്ന് കുറ്റമറ്റ കുഞ്ഞുങ്ങളായി ജനിക്കുന്ന കാലികളെ പിന്നീട് നിങ്ങള്‍ ചെവി മുറിക്കപ്പെട്ടതായി കാണുന്നില്ലേ, അതുപോലെത്തന്നെയാണിതും.'' അതായത്, ബഹുദൈവവിശ്വാസികള്‍ അന്ധവിശ്വാസങ്ങള്‍ മൂലം ചില മൃഗങ്ങളുടെ ചെവി മുറിക്കുകയാണ്. അല്ലാതെ അല്ലാഹു അവയെ മുറിച്ചെവികളായി സൃഷ്ടിക്കുകയല്ല. നബി(സ) പ്രസ്താവിച്ചതായി മുസ്‌നദ് അഹ്മദ് ഉദ്ധരിക്കുന്നു: ''എന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു: ഞാന്‍ എന്റെ എല്ലാ ദാസന്‍മാരെയും ഹനീഫ് (ഋജുവായ പ്രകൃതിയില്‍) ആയി സൃഷ്ടിച്ചിരിക്കുന്നു. പിന്നെ ചെകുത്താന്‍ വന്ന് അവരെ ദീനി(പ്രകൃതിമതം)ല്‍നിന്ന് വഴിതെറ്റിക്കുന്നു. നാം അവര്‍ക്ക് അനുവദിച്ചുകൊടുത്തതിനെ അവന്‍ നിഷിദ്ധമെന്നു കല്‍പിക്കുന്നു. നമ്മുടെ പങ്കാളിയെന്ന് ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതിനെ നമ്മുടെ പങ്കാളിയായി നിര്‍ദേശിക്കുകയും ചെയ്യുന്നു.'' ഏതാണ്ടിതേ ആശയത്തിലുള്ള വചനം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.

5. വിഴുങ്ങുക എന്നര്‍ഥമുള്ള لَهم എന്ന പദത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് إِلهَام എന്ന പദം. لَهَمَ الشَّيْئَ والْتهَمَهُ എന്നാല്‍ അയാള്‍ അത് വിഴുങ്ങിക്കളഞ്ഞു എന്നാണര്‍ഥം. ألْهَمْتُهُ الشَّيْئَ എന്നാല്‍ ഞാന്‍ ആ വസ്തു അവനെക്കൊണ്ട് വിഴുങ്ങിച്ചു, അവന്റെ തൊണ്ടയിലൂടെ താഴോട്ടിറക്കിച്ചു എന്നര്‍ഥം. ഈ മൂല ആശയം പരിഗണിച്ചുകൊണ്ട്, മനുഷ്യമനസ്സിലും മസ്തിഷ്‌കത്തിലും ഒരു സങ്കല്‍പമോ വിചാരമോ അബോധപൂര്‍വം അല്ലാഹുവിനാല്‍ ഇറക്കപ്പെടുന്നതിനെ കുറിക്കുന്ന സാങ്കേതികശബ്ദമായി إلهام എന്ന പദം ഉപയോഗിക്കുന്നു. മനുഷ്യ മനസ്സിന് നന്‍മ-തിന്‍മകളും സൂക്ഷ്മതകളും അഥവാ ധര്‍മാധര്‍മങ്ങള്‍ ഇല്‍ഹാം ചെയ്യുക എന്നതിന് രണ്ടു താല്‍പര്യങ്ങളുണ്ട്. ഒന്ന്: അവനില്‍ സ്രഷ്ടാവ് ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും വാസനകളും പ്രവണതകളും നിക്ഷേപിച്ചിരിക്കുന്നു. ഏതു മനുഷ്യനും അവന്റെ അന്തരാളത്തില്‍ അനുഭവവേദ്യമാകുന്ന സംഗതിയാണത്. രണ്ട്: എല്ലാ മനുഷ്യരിലും നൈസര്‍ഗികമായിത്തന്നെ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ചില സങ്കല്‍പങ്ങളുണ്ട്. സ്വഭാവചര്യകളില്‍ ചിലത് നല്ലതാണ്, ചിലത് ചീത്തയാണ്, സല്‍സ്വഭാവങ്ങളും ധര്‍മങ്ങളും ദുഃസ്വഭാവങ്ങളും അധര്‍മങ്ങളും ഒരുപോലെയല്ല, ദുര്‍വൃത്തികള്‍ നികൃഷ്ടമാണ്, തഖ്‌വ (അധര്‍മങ്ങള്‍ വര്‍ജിക്കല്‍) നന്‍മയാകുന്നു എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ ഒരു മനുഷ്യനും അന്യമല്ല. എന്നല്ല, അവന്റെ പ്രകൃതിക്ക് തികച്ചും പരിചിതമാണത്. നന്‍മ-തിന്‍മാ വിവേചനം സ്രഷ്ടാവ് അവന്നരുളിയിട്ടുള്ള ജന്‍മവാസനയാണ്. ഇതേകാര്യം സൂറ അല്‍ബലദ് 10-ആം സൂക്തത്തില്‍ സൂചിപ്പിച്ചതിങ്ങനെയാണ്: وَهَدَيْنَاهُ النَّجْدَيْن (നാം അവന്ന് [നന്‍മ-തിന്‍മകളുടെ] രണ്ടു മാര്‍ഗം കാട്ടിക്കൊടുത്തിരിക്കുന്നു). സൂറ അദ്ദഹ്ര്‍ 3-ആം സൂക്തത്തില്‍ അതു പ്രസ്താവിച്ചതിങ്ങനെ: إنَّا هَدَيْنَاهُ السَّبِيلَ إمَّا شَاكِرًا وَإمَّا كَفُورًا (നാം അവന്ന് വഴി കാട്ടിക്കൊടുത്തു. വേണമെങ്കില്‍ അവന്ന് നന്ദിയുള്ളവനാകാം. അല്ലെങ്കില്‍ നന്ദികെട്ടവനാകാം). സൂറ അല്‍ഖിയാമ: 2-ആം സൂക്തത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതിങ്ങനെയാണ്: ''മനുഷ്യനില്‍ ഒരു ആക്ഷേപക മനസ്സ് (മനസ്സാക്ഷി) ഉണ്ട്. ദുര്‍വൃത്തിയുടെ പേരില്‍ അതവനെ ആക്ഷേപിക്കുന്നു.'' 14-15  സൂക്തങ്ങളില്‍ പറഞ്ഞു: ''ഓരോ മനുഷ്യനും എത്രയൊക്കെ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി, താന്‍ ചെയ്തിട്ടുളളതെന്താണെന്ന് അവന്ന് നന്നായിട്ടറിയാം.'' അല്ലാഹു ഓരോ സൃഷ്ടിക്കും അതിന്റെ അവസ്ഥക്കും സ്വഭാവത്തിനും അനുഗുണമായ ജന്‍മവാസനകള്‍ നല്‍കിയിട്ടുണ്ട് എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. അതെക്കുറിച്ചാണ് സൂറ ത്വാഹാ 50-ആം സൂക്തത്തില്‍ الَّذِى أعْطَى كُلَّ شَيْئٍ خَلَقَهُ ثُمَّ هَدَى (എല്ലാ വസ്തുക്കള്‍ക്കും അതിന്റെ ഘടന നല്‍കുകയും പിന്നെ മാര്‍ഗദര്‍ശനമരുളുകയും ചെയ്തവന്‍) എന്ന് പ്രസ്താവിച്ചത്. ഉദാഹരണമായി, ഓരോ ജന്തുവര്‍ഗത്തിനും അതിന്റെ ജീവിതാവശ്യങ്ങള്‍ക്കനുഗുണമായ നൈസര്‍ഗിക ജ്ഞാനം നല്‍കപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായിട്ടാണ് ആരും പഠിപ്പിക്കാതെത്തന്നെ മല്‍സ്യങ്ങള്‍ നീന്തുന്നതും പക്ഷികള്‍ പറക്കുന്നതും തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നതും തൂക്കണാം കുരുവികള്‍ കൂടുകൂട്ടുന്നതും. മനുഷ്യന്റെ വ്യത്യസ്ത അവസ്ഥകള്‍ക്കനുഗുണമായ വിവിധ നൈസര്‍ഗികവാസനകള്‍ അവന്നും ലഭിച്ചിട്ടുണ്ട്. ഒരു ജൈവ അസ്തിത്വം എന്നതാണല്ലോ മനുഷ്യന്റെ ഒരവസ്ഥ. ഈ അവസ്ഥക്കനുഗുണമായി അവന്നു ലഭിച്ച നൈസര്‍ഗികജ്ഞാനങ്ങളുടെ പ്രകടമായ ഉദാഹരണമാണ് നവജാതശിശുവിന്റെ സ്തനപാനം. ഈ അറിവ് ദൈവം നൈസര്‍ഗികമായി അവനില്‍ നിക്ഷേപിച്ചിട്ടില്ലായിരുന്നുവെങ്കില്‍ മാതാവിന്റെ സ്തന്യം ഉറുഞ്ചിക്കുടിച്ച് വിശപ്പകറ്റാന്‍ ആര്‍ക്കാണവനെ പഠിപ്പിക്കാനാവുക?! മനുഷ്യന്റെ മറ്റൊരവസ്ഥ, അവന്‍ ഒരു ബൗദ്ധികമായ അസ്തിത്വമാകുന്നു എന്നതത്രേ. ഈ നിലക്ക് സൃഷ്ടികളുടെ ആരംഭം മുതലേ ദൈവം മനുഷ്യനെ നിരന്തരം മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായിട്ടാണവന്‍ തുടര്‍ച്ചയായി പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തി നാഗരികമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഈ കണ്ടെത്തലുകളുടെയും കണ്ടുപിടിത്തങ്ങളുടെയും ചരിത്രം ശ്രദ്ധിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അവയില്‍ ഒന്നുപോലും മനുഷ്യചിന്തയുടെയും പ്രയത്‌നത്തിന്റെയും മാത്രം ഫലമായി ഉണ്ടായതല്ലെന്ന് ബോധ്യപ്പെടുന്നതാണ്. ഓരോ പുതുമയുടെയും ആരംഭം ഇങ്ങനെയാണ്: ഒരാളില്‍ ആകസ്മികമായി ഒരു ബോധോദയമുണ്ടാകുന്നു. അതുവഴി അയാള്‍ ഒരു സംഗതി കണ്ടെത്തുകയോ കണ്ടുപിടിക്കുകയോ ചെയ്യുന്നു. ഈ രണ്ടവസ്ഥകള്‍ക്കുപുറമേ ഒരു ധാര്‍മികാസ്തിത്വം എന്ന മൂന്നാമതൊരവസ്ഥകൂടി മനുഷ്യന്നുണ്ട്. ഈ മാനവികാവസ്ഥയുടെ താല്‍പര്യമായി അല്ലാഹു അവനില്‍ നന്‍മ-തിന്‍മാ വിവേചന വാസനയും, നന്‍മ നല്ലതും തിന്‍മ ചീത്തയുമാണെന്ന നൈസര്‍ഗിക ധാരണയും നിക്ഷേപിച്ചിരിക്കുന്നു. ഈ വാസനയും ധാരണയും ഒരു സാര്‍വലൗകിക യാഥാര്‍ഥ്യമാകുന്നു. അതുകൊണ്ട് തങ്ങളുടെ ജീവിതസമ്പ്രദായത്തില്‍ നന്‍മ-തിന്‍മകള്‍ക്കുള്ള രക്ഷാശിക്ഷകളുടെ ഏതെങ്കിലുമൊരു രൂപം അംഗീകരിച്ചിട്ടില്ലാത്ത ഒരു സമൂഹവും എവിടെയുമില്ല. ചരിത്രത്തിലെങ്ങും അങ്ങനെയൊരു സമൂഹം എന്നെങ്കിലുമുണ്ടായതായി കാണപ്പെട്ടിട്ടുമില്ല. ധര്‍മാധര്‍മങ്ങളുടെയും അതിന്റെ രക്ഷാശിക്ഷകളുടെയും സങ്കല്‍പം എല്ലാ കാലത്തും എല്ലാ ദേശത്തും സംസ്‌കാര നാഗരികതകളുടെ എല്ലാ ദശകളിലും കാണപ്പെടുന്നുവെന്നതുതന്നെ അത് മനുഷ്യപ്രകൃതിയില്‍ നിക്ഷിപ്തമായ ഗുണമാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു. കൂടാതെ അഭിജ്ഞനും യുക്തിമാനുമായ ഒരു സ്രഷ്ടാവാണ് ആ ഗുണം മനുഷ്യനില്‍ നിക്ഷേപിച്ചത് എന്നതിന്റെയും തെളിവാകുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യ സൃഷ്ടിയുടെ ഘടകങ്ങളിലോ, ഭൗതികലോകത്തെ പദാര്‍ഥവ്യവസ്ഥ ചലിച്ചുകൊണ്ടിരിക്കുന്നത് ഏതു നിയമങ്ങള്‍ക്കു വിധേയമായിട്ടാണോ, ആ നിയമങ്ങളിലോ എവിടെയെങ്കിലും ധാര്‍മികതയുടെ സ്രോതസ്സുള്ളതിന്റെ ഒരു ലക്ഷണവും കാണാനാവില്ല.

6. ഉപരിസൂചിത വസ്തുക്കളെപ്പിടിച്ചാണയിട്ടു പ്രസ്താവിക്കുന്ന സംഗതിയാണിത്. ആ വസ്തുക്കള്‍ ഈ സംഗതിയെ എങ്ങനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ചിന്തിച്ചുനോക്കുക. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സ്വീകരിച്ച ഒരു സ്ഥിരം സമ്പ്രദായമുണ്ട്. അവന്‍ മനുഷ്യനെ ബോധ്യപ്പെടുത്താനുദ്ദേശിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു സാക്ഷ്യമായി മനുഷ്യന്റെ മുമ്പില്‍ സുവ്യക്തമായ ചില സംഗതികളവതരിപ്പിക്കുന്നു. ആ സംഗതികള്‍ ഈ ലോകത്ത് അവന്റെ ചുറ്റുപാടുമുള്ളതായിരിക്കും. അല്ലെങ്കില്‍ മനുഷ്യനില്‍ത്തന്നെ കാണപ്പെടുന്നതായിരിക്കും. ഈ സമ്പ്രദായപ്രകാരം ഇവിടെ ഒന്നിനു വിപരീതമായ ഒന്നായി രണ്ടു സംഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ്. പരസ്പര വിരുദ്ധമാകയാല്‍ അവയുടെ സ്വാധീനങ്ങളും അനന്തരഫലങ്ങളും ഒന്നല്ല; അനിവാര്യമായും ഒന്നിനൊന്നു വ്യത്യസ്തമാകുന്നു. ഒരുവശത്ത് സൂര്യനും മറുവശത്ത് ചന്ദ്രനും. സൂര്യപ്രകാശം അതിതീക്ഷ്ണമാണ്. അതിന് താപമുണ്ട്. മറുവശത്ത് ചന്ദ്രന്‍ പ്രകാശരഹിതമാണ്. സൗരസാന്നിധ്യത്തില്‍ അത് ആകാശത്തുണ്ടായാല്‍ത്തന്നെ പ്രകാശശൂന്യമായിട്ടാണുണ്ടാവുക. സൂര്യന്‍ അപ്രത്യക്ഷമാകുമ്പോഴാണത് പ്രകാശിതമാകുന്നത്. അപ്പോഴും അതിന്റെ പ്രകാശം രാവിനെ പകലാക്കാന്‍ പര്യാപ്തമായവണ്ണം തീക്ഷ്ണമല്ല. സൂര്യതാപം പോലെ പ്രയോജനപ്പെടുത്താവുന്ന താപവും അതിനുണ്ടായിരിക്കുകയില്ല. എങ്കിലും സൂര്യസ്വാധീനത്തില്‍നിന്ന് ഭിന്നമായ ചില സ്വാധീനങ്ങള്‍ അതിനുമുണ്ട്. ഇതേപ്രകാരം, ഒരുവശത്ത് പകലും മറുവശത്ത് രാവും. രണ്ടും പരസ്പര വിരുദ്ധമാണ്. ആര്‍ക്കും ഒന്നാണെന്നു പറയാന്‍ കഴിയാത്തവിധം അവയുടെ സ്വാധീനങ്ങളും ഫലങ്ങളും വ്യത്യസ്തവുമാകുന്നു. രാവായാലെന്ത്, പകലായാലെന്ത്, രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ഒരു മണ്ടശിരോമണിക്കു പോലും പറയാന്‍ കഴിയില്ലല്ലോ. ഇതേപോലെ ഒരുവശത്ത്, സ്രഷ്ടാവ് ഉയര്‍ത്തിനിര്‍ത്തിയ ആകാശം. മറുവശത്ത്, നിര്‍മാതാവ് ആകാശത്തിനുകീഴെ മെത്തയെന്നോണം വിരിച്ചിട്ട ഭൂമി. രണ്ടും ഒരേ പ്രപഞ്ചത്തിന്റെ വ്യവസ്ഥയെയും താല്‍പര്യങ്ങളെയും സേവിച്ചുകൊണ്ടിരിക്കുന്നവയാണെങ്കിലും സ്വാധീനങ്ങളിലും ഫലങ്ങളിലും രണ്ടും തമ്മില്‍ ആകാശഭൂമികളുടെ അന്തരമുണ്ട്. ഈ പ്രാപഞ്ചിക സാക്ഷ്യങ്ങളവതരിപ്പിച്ച ശേഷം മനുഷ്യനെത്തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുകയാണ്: അവന്റെ അവയവങ്ങളും ഇന്ദ്രിയങ്ങളും മാനസിക യോഗ്യതകളും സമഞ്ജസമായി സമ്മിശ്രമാക്കി സന്തുലിതപ്പെടുത്തിക്കൊണ്ട് സ്രഷ്ടാവ് അവനില്‍ നന്‍മയുടെയും തിന്‍മയുടെയും പരസ്പര വിരുദ്ധമായ ആഭിമുഖ്യവും പ്രേരകങ്ങളും നിക്ഷേപിച്ചിരിക്കുന്നു. ഒന്ന് തെറ്റും ചീത്തയും മറ്റേത് നല്ലതും തഖ്‌വയുമാണെന്ന് നൈസര്‍ഗികജ്ഞാനത്തിലൂടെ അവന്നു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, ദിനരാത്രങ്ങളും സൂര്യചന്ദ്രന്‍മാരും ആകാശഭൂമികളും തുല്യമല്ലെങ്കില്‍, അവയുടെ സ്വാധീനങ്ങളും ഫലങ്ങളും തീര്‍ച്ചയായും വിഭിന്നമാണെങ്കില്‍, മനുഷ്യന്റെ പരസ്പരവിരുദ്ധമായ പാപപുണ്യങ്ങള്‍ തുല്യമാകുന്നതെങ്ങനെയാണ്? മനുഷ്യന്‍ ഈ ലോകത്തു പോലും നന്‍മ-തിന്‍മകളെ തുല്യമായി ഗണിക്കുന്നില്ല; അംഗീകരിക്കുന്നുമില്ല. അവന്‍ സ്വയം ആവിഷ്‌കരിച്ച തത്ത്വശാസ്ത്രങ്ങളുടെ ദൃഷ്ടിയില്‍ നന്‍മ-തിന്‍മകള്‍ക്ക് നിര്‍ദേശിക്കപ്പെട്ട മാനദണ്ഡമെന്തായിരുന്നാലും ശരി, താന്‍ നന്‍മയായി ഗണിക്കുന്ന എന്തിനെസ്സംബന്ധിച്ചിടത്തോളവും അത് മൂല്യവത്തും പ്രശംസനീയവും പ്രതിഫലാര്‍ഹവും സമ്മാനാര്‍ഹവുമാണെന്നായിരിക്കും അവന്റെ അഭിപ്രായം. നേരെമറിച്ച്, താന്‍ തിന്‍മയായി ഗണിക്കുന്ന ഏതു സംഗതിയെയും നിഷ്പക്ഷമായി അവന്‍ വീക്ഷിക്കുക ആക്ഷേപകരവും ശിക്ഷാര്‍ഹവുമായിട്ടായിരിക്കും. പക്ഷേ, യഥാര്‍ഥ വിധി മനുഷ്യഹസ്തത്തിലല്ല, സ്രഷ്ടാവിന്റെ ഹസ്തത്തിലാകുന്നു. പാപപുണ്യബോധങ്ങള്‍ അവനില്‍ നിക്ഷേപിച്ചതവനാണല്ലോ. അവന്റെ ദൃഷ്ടിയില്‍ അധര്‍മമായതെന്തോ അതാണ് പാപം. അവന്റെ ദൃഷ്ടിയില്‍ ധര്‍മമായതെന്തോ അതാണ് പുണ്യം. സ്രഷ്ടാവിങ്കല്‍ ഇവ രണ്ടിനും വെവ്വേറെ ഫലങ്ങളാണുള്ളത്. ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം നേടുന്നുവെന്നതാണ് ഒന്നിന്റെ ഫലം; ആത്മാവിനെ മലിനമാക്കിയവന്‍ പരാജയമടയുന്നു എന്നത് രണ്ടാമത്തേതിന്റെ ഫലവും. تَزْكِيَة എന്നാല്‍ ശുദ്ധീകരിക്കുക, സംസ്‌കരിക്കുക, വളര്‍ത്തുക, ഉന്‍മിഷത്താക്കുക എന്നൊക്കെയാണര്‍ഥം. പശ്ചാത്തലം അതിന്റെ താല്‍പര്യം ഇപ്രകാരമാണെന്ന് വ്യക്തമാക്കുന്നു: ആര്‍ പാപങ്ങളില്‍നിന്ന് സ്വയം ശുദ്ധീകരിച്ച് മനസ്സിനെ വളര്‍ത്തി തഖ്‌വയുടെ തലത്തിലേക്ക് ഉയര്‍ത്തുകയും അതിലെ നന്‍മകള്‍ ഉന്‍മിഷത്താക്കുകയും ചെയ്യുന്നുവോ അവന്‍ വിജയം വരിക്കും. ഇതിന്റെ വിപരീതമായി دَسَّـاهَا എന്നാണുപയോഗിച്ചിരിക്കുന്നത്. تَدْسِيَة എന്നാണതിന്റെ മൂലരൂപം. അമര്‍ത്തുക, മറയ്ക്കുക, പ്രലോഭിപ്പിക്കുക, വഴിതെറ്റിക്കുക എന്നൊക്കെയാണര്‍ഥം. സന്ദര്‍ഭത്തില്‍നിന്ന് അതിന്റെ ആശയം സ്പഷ്ടമാകുന്നു. സ്വന്തം മനസ്സില്‍ നിക്ഷിപ്തമായ സദ്ഭാവങ്ങളെ വളര്‍ത്തി ഉന്‍മിഷത്തും സക്രിയവുമാക്കാതെ, അതിനെ ചവിട്ടിത്താഴ്ത്തി നിഷ്പ്രഭമാക്കുകയും ദുഷ്ടഭാവങ്ങളെ വളര്‍ത്തുകയും തഖ്‌വാബോധം അതിനടിയില്‍ ഖബറടക്കം ചെയ്യപ്പെട്ട മൃതദേഹം പോലെ അപ്രത്യക്ഷമാകുമാറ് മനസ്സിന്റെ പാപവാസന അതിജയിക്കുകയും ചെയ്തവന്‍ പരാജിതനായിത്തീരും. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തെ വ്യാഖ്യാനിച്ചിട്ടുള്ളത് ഇങ്ങനെയാണ്: قَدْ أَفْلَحَ مَنْ زَكَى اللهُ نَفْسَهُ وَقَدْ خَابَ مَنْ دَسَى اللهُ نَفْسَهُ (ആരുടെ മനസ്സിനെ അല്ലാഹു സംസ്‌കരിച്ചുവോ അവന്‍ വിജയിച്ചു. ആരുടെ മനസ്സിനെ അല്ലാഹു അമര്‍ത്തിക്കളഞ്ഞുവോ അവന്‍ പരാജിതനായി). ഈ വ്യാഖ്യാനം ഒന്നാമതായി ഭാഷാപരമായ വീക്ഷണത്തില്‍ ഖുര്‍ആനിന്റെ വിവരണശൈലിക്കെതിരാകുന്നു. കാരണം, അല്ലാഹു അതുതന്നെയാണ് പറയാനുദ്ദേശിക്കുന്നതെങ്കില്‍ പറയുമായിരുന്നത് قَدْ أَفْلَحَتْ مَنْ زَكَّاها اللهُ نَفْسَهُ وَقَدْ خَابَتْ مَنْ دَسَّاهَا اللهُ نَفْسَهُ (ഏതൊരു മനസ്സിനെ അല്ലാഹു സംസ്‌കരിച്ചുവോ അത് വിജയം പ്രാപിച്ചു. ഏതൊരു മനസ്സിനെ അവന്‍ അമര്‍ത്തിക്കളഞ്ഞുവോ അതു പരാജിതമായി) എന്നായിരുന്നു. രണ്ടാമതായി, ഈ വ്യാഖ്യാനം ഇവ്വിഷയകമായുള്ള മറ്റു ഖുര്‍ആനിക പ്രസ്താവനകളുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. സൂറ അല്‍അഅ്‌ലാ 14-ആം സൂക്തത്തില്‍ അല്ലാഹു പറയുന്നു: قَدْ أَفْلَحَ مَنْ تَزَكَّى (സംസ്‌കരണം കൈക്കൊണ്ടവനാരോ അവന്‍ വിജയം പ്രാപിച്ചു). സൂറ അബസയില്‍ പ്രവാചക(സ)നെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു ചോദിച്ചു: وَمَا عَلَيْكَ أَلاَّ يَزَّكَّى (അവന്‍ സംസ്‌കരണം കൈക്കൊണ്ടില്ലെങ്കില്‍ നിനക്കെന്ത്?) രണ്ടു സൂക്തങ്ങളിലും സംസ്‌കാര സ്വീകരണത്തെ മനുഷ്യകര്‍മമായിട്ടാണ് പറഞ്ഞിരിക്കുന്നത്. അതുകൂടാതെ മനുഷ്യന്‍ ഈ ലോകത്ത്, പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുതയും ഖുര്‍ആന്‍ പലയിടത്തും ഉണര്‍ത്തിയിട്ടുണ്ട്. ഉദാഹരണമായി, സൂറ അദ്ദഹ്ര്‍ രണ്ടാം 76:2 സൂക്തത്തില്‍ പ്രസ്താവിച്ചു: ''മനുഷ്യനെ നാം മിശ്രിതമായ ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കാന്‍. അതുകൊണ്ട് അവനെ നാം കാണുന്നവനും കേള്‍ക്കുന്നവനുമാക്കി.'' സൂറ അല്‍മുല്‍ക് രണ്ടാം 67:2 സൂക്തത്തില്‍ പറഞ്ഞു: ''നിങ്ങളില്‍ ഏറ്റവും വിശിഷ്ടമായി കര്‍മമനുഷ്ഠിക്കുന്നവരാരെന്നു പരീക്ഷിക്കുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രേ അവന്‍.'' പരീക്ഷകന്‍ നേരത്തേതന്നെ ഒരാളെ പൊക്കിവളര്‍ത്തുകയും മറ്റേയാളെ ചവിട്ടിയമര്‍ത്തുകയുമാണെങ്കില്‍ പിന്നെ പരീക്ഷതന്നെ അര്‍ഥശൂന്യമായിത്തീരുമല്ലോ. അതിനാല്‍, زَكَّاهَا، دَسَّاهَا എന്നിവയുടെ കര്‍ത്താവ് അല്ലാഹുവല്ല; അടിമകളാണ് എന്ന് ഖതാദ, ഇക്‌രിമ, മുജാഹിദ്, സഈദുബ്‌നു ജുബൈര്‍‍ തുടങ്ങിയവര്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനമാകുന്നു ശരിയായിട്ടുളളത്. എന്നാല്‍, ജുവൈബിറുബ്‌നു സഈദ്, ദഹ്ഹാക്, ഇബ്‌നു അബ്ബാസ് എന്നിവരിലൂടെ ഇബ്‌നു അബീഹാതിം ഉദ്ധരിച്ച ഒരു നിവേദനത്തില്‍ നബി(സ)തന്നെ ഈ സൂക്തത്തെ أَفْلَحَتْ نَفْسٌ زَكَّاهَا اللهُ عزَّوجَلّ (സര്‍വപ്രതാപിയായ അല്ലാഹു സംസ്‌കരിച്ച ആത്മാവ് വിജയം വരിച്ചു)H930 എന്ന് വ്യാഖ്യാനിച്ചതായി വന്നിട്ടുണ്ട്. പക്ഷേ, ഈ നിവേദനം നബി(സ)യില്‍ നിന്നുതന്നെ ഉള്ളതാണെന്ന് സ്ഥിരപ്പെട്ടിട്ടില്ല. കാരണം, ഇതിന്റെ നിവേദകപരമ്പരയിലെ ജുവൈബിര്‍ ഹദീസ് പണ്ഡിതന്‍മാരാല്‍ ബഹിഷ്‌കൃതനാണ്. ദഹ്ഹാക് ആവട്ടെ, ഇബ്‌നു അബ്ബാസിനെ നേരില്‍ കണ്ടിട്ടുമില്ല. ഈ വിഷയത്തില്‍ മുസ്‌ലിമും നസാഇയും ഇമാം അഹ്മദും ഇബ്‌നു അബീശൈബയും സൈദുബ്‌നു അര്‍ഖമില്‍‍ നിന്നുദ്ധരിച്ച ഹദീസാണ് സാധുവായിട്ടുള്ളത്. നബി(സ) اللهُمَّ آتِ نَفْسِى تَقْوَاهَا وَزَكِّهَا أنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا (അല്ലാഹുവേ, എന്റെ ആത്മാവിനു നീ അതിന്റെ വിശുദ്ധിയും തഖ്‌വയും പ്രദാനം ചെയ്യേണമേ. നീയാണ് അതിനെ ശുദ്ധീകരിക്കുന്ന ഏറ്റവും ഉത്തമന്‍. നീതന്നെയാണ് അതിന്റെ രക്ഷകനും യജമാനനും) എന്നു പ്രാര്‍ഥിച്ചതായാണ് അതിലുള്ളത്. ഏതാണ്ടിതേ വചനങ്ങളിലുള്ള പ്രാര്‍ഥന അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് ത്വബ്‌റാനിയുംഇബ്‌നു മര്‍ദവൈഹിയും ഇബ്‌നുല്‍ മുന്‍ദിറുംഹ. ആഇശയില്‍നിന്ന് ഇമാം അഹ്മദും ഉദ്ധരിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അതിന്റെ താല്‍പര്യം ഇതാണ്: തഖ്‌വയും തസ്‌കിയത്തും (ഭക്തിയും സംസ്‌കാരവും) ആഗ്രഹിക്കാനും തേടാനും മാത്രമേ അടിമക്കു കഴിയൂ. അതിനു സൗഭാഗ്യം ലഭിക്കുക എന്നത് അല്ലാഹുവിങ്കല്‍നിന്നുള്ള ഉതവിയെ ആശ്രയിച്ചിരിക്കുന്നു. ഇതുതന്നെയാണ് തദ്‌സിയ(മലിനീകരണ)ത്തിന്റെയും അവസ്ഥ. അല്ലാഹു ബലാല്‍ക്കാരം ഒരാത്മാവിനെയും മലിനപ്പെടുത്തുന്നില്ല. ഒരുവന്‍ അതിലേക്ക് തുനിഞ്ഞിറങ്ങുമ്പോള്‍ അല്ലാഹു അവന് തഖ്‌വയുടെയും തസ്‌കിയത്തിന്റെയും തൗഫീഖ് (ഉതവി) വിലക്കുന്നു. അവന്‍ സ്വന്തം ആത്മാവിനെ ചളിയില്‍ പൂഴ്ത്താന്‍ ഇച്ഛിക്കുകയാണെങ്കില്‍ അവന്‍ ആഗ്രഹിക്കുന്ന കുപ്പക്കുഴിയിലേക്കുതന്നെ അവനെ വിട്ടയക്കുകയും ചെയ്യുന്നു.

പ്രഥമ പദമായ الشَّمْس തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.

ഉള്ളടക്കം

ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.

Facebook Comments