അശ്ശംസ്‌

സൂക്തങ്ങള്‍: 11-15

വാക്കര്‍ത്ഥം

വ്യാജമാക്കിത്തള്ളി = كَذَّبَتْ
ഥമൂദ് ഗോത്രം = ثَمُودُ
അതിന്റെ ധിക്കാരം കൊണ്ട് = بِطَغْوَاهَا
എഴുന്നേറ്റു ചെന്നപ്പോള്‍ = إِذِ انبَعَثَ
അതിന്റെ (ആ ഗോത്രത്തിലെ)പരമദുഷ്ടന്‍ = أَشْقَاهَا
അപ്പോള്‍ പറഞ്ഞു = فَقَالَ
അവരോട് = لَهُمْ
അള്ളാഹുവിന്റെ ദൂതന്‍ = رَسُولُ اللَّهِ
അല്ലാഹുവിന്റെ ഒട്ടകത്തെ (സൂക്ഷിച്ചുകൊള്ളുക) = نَاقَةَ اللَّهِ
അതിന്റെ ജലപാനത്തെയും = وَسُقْيَاهَا
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി = فَكَذَّبُوهُ
എന്നിട്ടവര്‍ അതിനെ അറുത്തു = فَعَقَرُوهَا
അപ്പോള്‍ ഒന്നടങ്കം നശിപ്പിച്ചു = فَدَمْدَمَ
അവരെ = عَلَيْهِمْ
അവരുടെ നാഥന്‍ = رَبُّهُم
അവരുടെ പാപം കാരണം = بِذَنبِهِمْ
അങ്ങനെ അവന്‍ അതിനെ ഒരുപോലെ നല്‍കുകയും ചെയ്തു = فَسَوَّاهَا
അവന്‍ ഭയപ്പെടുന്നില്ല = وَلَا يَخَافُ
അതിന്റെ പരിണതി = عُقْبَاهَا

كَذَّبَتْ ثَمُودُ بِطَغْوَاهَا ﴿١١﴾ إِذِ انبَعَثَ أَشْقَاهَا ﴿١٢﴾ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ﴿١٣﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمبِذَنبِهِمْ فَسَوَّاهَا ﴿١٤﴾ وَلَا يَخَافُ عُقْبَاهَا ﴿١٥﴾

(11-15) 7 ഥമൂദ്‌വര്‍ഗം അവരുടെ ധിക്കാരത്താല്‍ സത്യത്തെ തള്ളിപ്പറഞ്ഞു.8 അവരിലെ പരമദുഷ്ടന്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍, ദൈവദൂതന്‍ അവരോട് പറഞ്ഞു: സൂക്ഷിച്ചുകൊള്ളുക, അല്ലാഹുവിന്റെ ഒട്ടകത്തെ (തൊട്ടുപോകരുത്), അത് വെള്ളം കുടിക്കുന്നതു (മുടക്കരുത്)9. പക്ഷേ, അവര്‍ അദ്ദേഹത്തിന്റെ വാക്ക് തള്ളിക്കളഞ്ഞു. ഒട്ടകത്തെ കൊന്നു.10 ഒടുവില്‍ അവരുടെ പാപത്തിന്‍ഫലമായി നാഥന്‍ അവരുടെ മേല്‍ കൊടിയ വിപത്തണച്ചു. അത് അവരെയൊന്നടങ്കം ഒറ്റയടിക്ക് നിരപ്പാക്കിക്കളഞ്ഞു. അവന്‍ (തന്റെ ഈ നടപടിക്ക്) വല്ല ദുഷ്ഫലവുമുണ്ടാകുമെന്ന് ഒട്ടും ഭയപ്പെടുന്നില്ല11 

===========

7. ഉപരിസൂക്തങ്ങളില്‍ തത്ത്വങ്ങളെന്ന നിലയില്‍ പ്രസ്താവിച്ച കാര്യങ്ങള്‍തന്നെ ചരിത്രപരമായ ഒരു ഉദാഹരണത്തിലൂടെ സ്പഷ്ടമാക്കുകയാണിവിടെ. ഇത് എന്തിനുള്ള ഉദാഹരണമാണെന്നും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതുമായുള്ള ബന്ധമെന്താണെന്നും വ്യക്തമാകാന്‍ ഖുര്‍ആനിലെ മറ്റു പ്രസ്താവനകളുടെ വെളിച്ചത്തില്‍ ഈ സൂറയിലെ ഏഴു മുതല്‍ പത്തു വരെ സൂക്തങ്ങളില്‍ പറഞ്ഞ രണ്ടു മൗലിക യാഥാര്‍ഥ്യങ്ങള്‍ നന്നായി പഠിക്കേണ്ടിയിരിക്കുന്നു. അവയില്‍ ഒന്നാമതായി പറയുന്നതിതാണ്: മനുഷ്യമനസ്സിനെ ഋജുവും സന്തുലിതവുമായ പ്രകൃതിയില്‍ സൃഷ്ടിച്ചുകൊണ്ട് അല്ലാഹു അതിന് പാപ-പുണ്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നു. ഈ വസ്തുത പ്രസ്താവിക്കുന്നതോടൊപ്പം ധര്‍മാധര്‍മങ്ങളുടെ ഈ നൈസര്‍ഗിക ജ്ഞാനം ഓരോ വ്യക്തിക്കും സ്വയംതന്നെ അവയുടെ വിശദമായ മാര്‍ഗദര്‍ശനം നേടാന്‍ മതിയാവില്ല എന്ന കാര്യവും ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നല്ല, ഈ ആവശ്യാര്‍ഥം അല്ലാഹു ദിവ്യബോധനം വഴി പ്രവാചകന്‍മാര്‍ക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. പാപം എന്നാല്‍ എന്തൊക്കെയാണെന്നും വര്‍ജിക്കേണ്ട കാര്യങ്ങളേതൊക്കെയാണെന്നും തഖ്‌വയെന്നാല്‍, എന്തിന്റെ പേരാണെന്നും അതെങ്ങനെയാണ് നേടിയെടുക്കുക എന്നുമൊക്കെ അതില്‍ സ്പഷ്ടമായി വിശദീകരിച്ചിട്ടുണ്ട്. മനുഷ്യന്‍, ദിവ്യബോധനത്തിലൂടെ ലഭിക്കുന്ന ഈ സ്പഷ്ടമായ മാര്‍ഗദര്‍ശനം സ്വീകരിക്കുന്നില്ലെങ്കില്‍ അവന്ന് അധര്‍മങ്ങളില്‍നിന്ന് മുക്തനാകാനോ തഖ്‌വയുടെ സരണി പ്രാപിക്കാനോ സാധിക്കുകയില്ല. രണ്ടാമതായി ഈ സൂക്തങ്ങളില്‍ പറയുന്നത്, പുണ്യപാപങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കുന്നതിനെത്തുടര്‍ന്ന് അനിവാര്യമായി ഉളവാകുന്ന അനന്തരഫലമാകുന്നു രക്ഷാശിക്ഷകള്‍ എന്നാകുന്നു. പാപത്തില്‍നിന്ന് മുക്തനായി തഖ്‌വയില്‍ പുരോഗമിക്കുന്നതിന്റെ അനന്തരഫലമാണ് വിജയം. മനസ്സിന്റെ സദ്ഭാവങ്ങളെ അടിച്ചമര്‍ത്തി പാപങ്ങളിലാണ്ടുപോകുന്നതിന്റെ അനന്തരഫലം പരാജയവും നാശവുമാകുന്നു. ഈ സംഗതി ബോധ്യപ്പെടുത്താന്‍ ചരിത്രപരമായ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുകയാണ്. ഥമൂദ് ജനതയാണാ ഉദാഹരണം. കാരണം, നശീകൃതമായ പൂര്‍വസമൂഹങ്ങളില്‍ മക്കയുടെ ഏറ്റവും അടുത്ത പ്രദേശത്തുകാര്‍ അവരായിരുന്നു. ഉത്തര ഹിജാസില്‍ അവരുടെ ചരിത്രാവശിഷ്ടങ്ങളുണ്ട്. മക്കയിലെ വര്‍ത്തകര്‍ ശാമിലേക്കുള്ള വ്യാപാരയാത്രകളില്‍ എപ്പോഴും അതിലൂടെ കടന്നുപോകാറുണ്ടായിരുന്നു. ജാഹിലീ കവിതകളില്‍ ഥമൂദ് വര്‍ഗത്തെസ്സംബന്ധിച്ചു വന്നിട്ടുള്ള നിരവധി പരാമര്‍ശങ്ങളില്‍നിന്ന് ആ സമൂഹത്തിന്റെ വിനാശത്തെസ്സംബന്ധിച്ച ചര്‍ച്ച അറബികളില്‍ സാധാരണമായിരുന്നുവെന്ന് മനസ്സിലാക്കാം.

8. അതായത്, അവരുടെ മാര്‍ഗദര്‍ശനാര്‍ഥം നിയുക്തനായ സ്വാലിഹി(അ)ന്റെ പ്രവാചകത്വത്തെ തള്ളിക്കളഞ്ഞു. തങ്ങളകപ്പെട്ട പാപങ്ങളും പാതകങ്ങളും വര്‍ജിക്കാന്‍ തയ്യാറല്ല എന്ന ധിക്കാരമായിരുന്നു അവരുടെ ഈ നിഷേധത്തിനു കാരണം. സ്വാലിഹ്(അ) പ്രബോധനം ചെയ്ത തഖ്‌വ കൈക്കൊള്ളുക അവര്‍ക്കസഹ്യമായിരുന്നു. 

9. വിശുദ്ധ ഖുര്‍ആനില്‍ മറ്റു സ്ഥലങ്ങളില്‍ അതിങ്ങനെ വിവരിച്ചിട്ടുണ്ട്: ''നീ പറയുന്നത് സത്യമാണെങ്കില്‍ ഒരു ദൃഷ്ടാന്തം (ദിവ്യാദ്ഭുതം) കാണിക്കുക'' എന്ന് ഥമൂദ് ഗോത്രക്കാര്‍ സ്വാലിഹി(അ)നെ വെല്ലുവിളിച്ചു. സ്വാലിഹ്(അ) ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ അവരുടെ മുന്നില്‍ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: ''ഇത് അല്ലാഹുവിന്റെ ഒട്ടകമാകുന്നു. ഇത് ഭൂമിയില്‍ യഥേഷ്ടം മേഞ്ഞുനടക്കും. ഒരു ദിവസം വെള്ളമെല്ലാം അതിനുമാത്രം വേണ്ടിവരും. അടുത്തദിവസം നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും വെള്ളമെടുക്കാം. നിങ്ങള്‍ അതിനെ ഉപദ്രവിക്കുകയാണെങ്കില്‍ ഓര്‍ത്തിരിക്കുക, കടുത്ത ദൈവികശിക്ഷ ഭവിക്കും.'' ഈ താക്കീത് കുറച്ചു കാലത്തേക്ക് അവരെ ഭയപ്പെടുത്തി. പിന്നെ അവര്‍ തങ്ങളുടെ ഏറ്റവും തെമ്മാടിയും നിഷ്ഠുരനുമായ നേതാവിനെ സമീപിച്ച് ആ ഒട്ടകത്തിന്റെ കഥ കഴിച്ചുതരാന്‍ അപേക്ഷിച്ചു. അയാള്‍ അക്കാര്യം ഏറ്റെടുത്ത് ധാര്‍ഷ്ട്യത്തോടെ മുന്നോട്ടുവന്നു (അല്‍അഅ്‌റാഫ് 73  , അശ്ശുഅറാഅ് 154- 156  , അല്‍ഖമര്‍ 29 ).

10. ഒട്ടകത്തെ കൊന്നശേഷം ഥമൂദ് ഗോത്രം സ്വാലിഹിനോട്, 'ഉം! കൊണ്ടുവന്നാട്ടെ, നീ ഭീഷണിപ്പെടുത്തിയ ആ ശിക്ഷ' എന്ന് ഘോഷിച്ചതായി അല്‍അഅ്‌റാഫ് 75-ആം സൂക്തത്തില്‍ വന്നിട്ടുണ്ട്. സൂറ ഹൂദ് 65-ആം  സൂക്തത്തില്‍ പറയുന്നു: ''സ്വാലിഹ് അവരോട് പറഞ്ഞു: മൂന്നു നാള്‍ സ്വഗൃഹങ്ങളില്‍ രസിച്ചുകൊള്ളുക. അനന്തരം ശിക്ഷ സമാഗതമാകും. ഇത് കള്ളമാകാത്ത താക്കീതാകുന്നു.''

11. അല്ലാഹു ഭൗതികസര്‍ക്കാറുകളെയോ അധികാരികളെയോ പോലെയല്ല എന്നര്‍ഥം. ഏതു സമൂഹത്തിനെതിരെ എന്തു നടപടിയെടുക്കുമ്പോഴും അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് ആലോചിക്കാന്‍ നിര്‍ബന്ധിതരാണവര്‍. എന്നാല്‍, അല്ലാഹുവിന്റെ അധികാരശക്തി അത്യുന്നതമാണ്. ഥമൂദ് ഗോത്രത്തിനു വേണ്ടി പ്രതികാരംചെയ്യാന്‍ അവരുടെ രക്ഷകരാരെങ്കിലും വന്നെങ്കിലോ എന്ന ഒരീഷലും അവന്നില്ല.

 

പ്രഥമ പദമായ الشَّمْس തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.

ഉള്ളടക്കം

ഈ സൂറയും പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യ നാളുകളിലവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാക്കാം. മക്കയില്‍ നബി(സ)ക്കു നേരെയുള്ള എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞ അവസ്ഥയിലാണിതവതരിച്ചത്.

Facebook Comments