അല്ലൈല്‍

സൂക്തങ്ങള്‍: 12-21

വാക്കര്‍ത്ഥം

നിശ്ചയം നമ്മുടെ ബാധ്യതയാണ് = إِنَّ عَلَيْنَا
നേര്‍വഴി കാണിക്കല്‍ = لَلْهُدَىٰ
നിശ്ചയം നമ്മുടേതാണ് = وَإِنَّ لَنَا
പരലോകം = لَلْآخِرَةَ
ഈ ലോകവും = وَالْأُولَىٰ
അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു = فَأَنذَرْتُكُمْ
നരകത്തീയിനെക്കുറിച്ച് = نَارًا
കത്തിജ്ജ്വലിക്കുന്ന = تَلَظَّىٰ
അതില്‍ പ്രവേശിക്കുകയില്ല = لَا يَصْلَاهَا
പരമ നിര്‍ഭാഗ്യവാനല്ലാതെ = إِلَّا الْأَشْقَى
നിഷേധിച്ചവന്‍ = الَّذِي كَذَّبَ
പിന്തിരിയുകയും ചെയ്തവന്‍ = وَتَوَلَّىٰ
അതില്‍നിന്ന് അകറ്റപ്പെടും = وَسَيُجَنَّبُهَا
പരമഭക്തന്‍ = الْأَتْقَى
നല്‍കുന്നവനായ = الَّذِي يُؤْتِي
തന്റെ ധനം = مَالَهُ
വിശുദ്ധി വരിക്കാനായി = يَتَزَكَّىٰ
ആര്‍ക്കുമില്ല = وَمَا لِأَحَدٍ
അവന്റെ വശം = عِندَهُ
ഒരനുഗ്രഹവും = مِن نِّعْمَةٍ
പ്രത്യുപകാരം നല്‍കപ്പെടേണ്ട = تُجْزَىٰ
കാംക്ഷിക്കലല്ലാതെ = إِلَّا ابْتِغَاءَ
തന്റെ നാഥന്റെ പ്രീതി = وَجْهِ رَبِّهِ
അത്യുന്നതനായ = الْأَعْلَىٰ
വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച. = وَلَسَوْفَ يَرْضَىٰ

إِنَّ عَلَيْنَا لَلْهُدَىٰ ﴿١٢﴾ وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ﴿١٣﴾ فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴿١٤﴾ لَا يَصْلَاهَا إِلَّا الْأَشْقَى ﴿١٥﴾ الَّذِي كَذَّبَ وَتَوَلَّىٰ﴿١٦﴾ وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾ وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾وَلَسَوْفَ يَرْضَىٰ ﴿٢١﴾

(12-21) നിസ്സംശയം, നേര്‍വഴി പറഞ്ഞുതരേണ്ടത് നമ്മുടെ ചുമതലയത്രെ.7 യഥാര്‍ഥത്തില്‍ പരത്തിന്റെയും ഇഹത്തിന്റെയും ഉടമസ്ഥന്‍ നാംതന്നെയാകുന്നു.8 ആകയാല്‍ കത്തിക്കാളുന്ന നരകത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു. തള്ളിപ്പറയുകയും പിന്തിരിഞ്ഞുപോവുകയും ചെയ്ത പരമ ഭാഗ്യഹീനനല്ലാതെ അതില്‍ വെന്തെരിയുകയില്ല. വിശുദ്ധി നേടുന്നതിനുവേണ്ടി സ്വന്തം ധനം ദാനംചെയ്യുന്ന ഉത്തമ ഭക്തന്‍9 അതില്‍നിന്ന് അകറ്റപ്പെടുന്നതാകുന്നു. പ്രത്യുപകാരം ചെയ്യേണ്ട ഒരൗദാര്യവും അവന്റെ (അല്ലാഹുവിന്റെ) പേരില്‍ ആര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ മേലായ റബ്ബിന്റെ പ്രീതിക്കുവേണ്ടി മാത്രമാണിത് ചെയ്യുന്നത്.10 തീര്‍ച്ചയായും അല്ലാഹു (അവനില്‍) സംപ്രീതനാവുകയും ചെയ്യും11 

=====

7. അതായത്, മനുഷ്യന്റെ സ്രഷ്ടാവെന്ന നിലയില്‍ അല്ലാഹു തന്റെ ജ്ഞാനത്തിന്റെയും നീതിയുടെയും കാരുണ്യത്തിന്റേയും അടിസ്ഥാനത്തില്‍ അവനെ പ്രജ്ഞാശൂന്യനായുപേക്ഷിക്കാതെ നേര്‍വഴിയേതാണെന്നും അബദ്ധമാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു. നന്‍മയെന്താണ്, തിന്‍മയെന്താണ്, ഹിതമെന്ത്, അഹിതമെന്ത്, ഏതു നിലപാട് സ്വീകരിച്ചാലാണ് അവന്‍ ആജ്ഞാനുവര്‍ത്തിയായ ദാസനാവുക, ഏതു നിലപാട് സ്വീകരിച്ചാലാണ് ദൈവധിക്കാരിയാവുക എന്നൊക്കെ മനുഷ്യനെ അവന്‍ ബോധനം ചെയ്യുന്നുണ്ട്. ഈ ആശയം സൂറ അന്നഹ്ല്‍ 9-ആം സൂക്തത്തില്‍ ഇപ്രകാരമാണ് പ്രസ്താവിച്ചിട്ടുള്ളത്: وَعَلَى اللهِ قَصْدُ السَّبِيلِ وَمِنْهَا جَائِر (നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക അല്ലാഹുവിന്റെ ഉത്തരവാദിത്വമാകുന്നു-- വക്രമാര്‍ഗങ്ങളും ഉണ്ടെന്നിരിക്കെ). 

8. ഈ വാക്യത്തിന് പല ആശയങ്ങളുണ്ട്, എല്ലാം സാധുവുമാകുന്നു. ഒന്ന്: ഇഹലോകത്താകട്ടെ, പരലോകത്താകട്ടെ, നിങ്ങള്‍ നമ്മുടെ പിടിത്തത്തില്‍നിന്ന് മുക്തരല്ല. കാരണം, രണ്ടു ലോകങ്ങളുടെയും ഉടമസ്ഥന്‍ നാംതന്നെയാകുന്നു. രണ്ട്: ഇഹലോകത്തും പരലോകത്തും നമ്മുടെ ഉടമസ്ഥത നിലനില്‍ക്കുന്നുണ്ട്, നിങ്ങള്‍ നാം നിര്‍ദേശിച്ച വഴിക്ക് ചരിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ദുര്‍മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ നമുക്കൊരു ദോഷവും വരാനില്ല; ദോഷം പറ്റുക നിങ്ങള്‍ക്കുതന്നെയാണ്. സന്‍മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നമുക്കതുകൊണ്ട് നേട്ടവുമുണ്ടാകുന്നില്ല; നിങ്ങള്‍ക്കുതന്നെയാണ് അതിന്റെ നേട്ടം. നിങ്ങളുടെ അനുസരണക്കേടുകൊണ്ട് നമ്മുടെ ഉടമസ്ഥതക്ക് ഒരു ഹാനിയും വരില്ല. നിങ്ങളുടെ അനുസരണംകൊണ്ട് അത് പോഷിക്കുകയുമില്ല. മൂന്ന്: രണ്ടു ലോകങ്ങളുടെയും ഉടമ നാംതന്നെയാകുന്നു. ഭൗതികലോകമാണാഗ്രഹിക്കുന്നതെങ്കില്‍ നമ്മില്‍നിന്നുതന്നെയാണ് നിങ്ങള്‍ക്കു ലഭിക്കുക. പരലോക നന്‍മയാണാഗ്രഹിക്കുന്നതെങ്കില്‍ അത് നല്‍കാനുള്ള അധികാരവും നമ്മുടെ ഹസ്തത്തില്‍ത്തന്നെയാണ്. ഇതേ ആശയം സൂറ ആലുഇംറാന്‍ 145-ആം സൂക്തത്തില്‍ ഇങ്ങനെയരുളിയിരിക്കുന്നു: وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ الآخِرَةِ نُؤْتِهِ مِنْهَا (ഭൗതിക പ്രതിഫലം കാംക്ഷിക്കുന്നവന്ന് ഇഹലോകത്തുതന്നെ അത് നല്‍കുന്നു. പാരത്രിക പ്രതിഫലം കാംക്ഷിക്കുന്നവന്ന് നാം പരലോകത്തും അത് നല്‍കുന്നു). സൂറ അശ്ശൂറാ 20-ആം സൂക്തത്തില്‍ ഇത് പറയുന്നതിങ്ങനെയാണ്: مَن كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَن كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِن نَّصِيبٍ (പാരത്രിക വിള കാംക്ഷിക്കുന്നവന്ന് നാം അതിന്റെ വിള വളര്‍ത്തിക്കൊടുക്കുന്നു. ഐഹിക വിള കാംക്ഷിക്കുന്നവന്ന് ഇഹത്തില്‍ത്തന്നെ നാമതു നല്‍കുന്നു. പക്ഷേ, പരലോകത്ത് അവന്ന് ഒരു വിഹിതവും ഉണ്ടായിരിക്കുകയില്ല).

9. ഏറ്റവും ദുര്‍ഭഗനായവനല്ലാതെ ആരും നരകത്തില്‍ പ്രവേശിക്കുകയില്ലെന്നും ഏറ്റവും മുത്തഖിയായവനല്ലാതെ ആരും അതില്‍നിന്ന് മുക്തനാവില്ല എന്നുമല്ല ഇതിനര്‍ഥം. അത്യന്തം വിരുദ്ധമായ ക്യാരക്ടറുകളെ അഭിമുഖമായി നിര്‍ത്തിയിട്ട് അവയുടെ അത്യന്തം വിരുദ്ധമായ പരിണതി വിവരിക്കുകയാണിവിടെ ഉദ്ദേശ്യം. അല്ലാഹുവിന്റെയും ദൈവദൂതന്റെയും അധ്യാപനങ്ങള്‍ തള്ളിപ്പറയുകയും അനുസരണത്തിന്റെ വഴിയില്‍നിന്നു പിന്തിരിഞ്ഞു പോവുകയും ചെയ്തവനാണ് ഒരാള്‍. മറ്റേയാള്‍ വിശ്വാസം കൈക്കൊണ്ടുവെന്നു മാത്രമല്ല; സ്തുതിക്കപ്പെടാനോ, പ്രശംസിക്കപ്പെടാനോ ആഗ്രഹിക്കാതെ തികഞ്ഞ നിഷ്‌കളങ്കതയോടെ, അല്ലാഹുവിങ്കല്‍ ശുദ്ധീകരിക്കപ്പെട്ടവനായി അംഗീകരിക്കപ്പെടാനുള്ള മോഹത്താല്‍ മാത്രം തന്റെ ധനം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുക കൂടി ചെയ്തവനാകുന്നു. ഈ രണ്ടു സ്വഭാവങ്ങളും അന്നത്തെ മക്കാ സമൂഹത്തില്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് ആരെയും പേരെടുത്തു പരാമര്‍ശിക്കാതെ ആളുകളോടു പറയുകയാണ്: രണ്ടാമത്തെ ക്യാരക്ടറല്ല, ആദ്യത്തെ ക്യാരക്ടറാണ് നരകാഗ്‌നിയില്‍ കത്തിയെരിയുക. ആദ്യത്തെ ക്യാരക്ടറല്ല, രണ്ടാമത്തെ ക്യാരക്ടറാണ് ആ അഗ്‌നിയില്‍നിന്ന് അകറ്റപ്പെടുക.

10. ആ മുത്തഖിയായ മനുഷ്യന്റെ നിഷ്‌കളങ്കത കൂടുതല്‍ സ്പഷ്ടമാക്കുകയാണിവിടെ. അയാള്‍ ആര്‍ക്കുവേണ്ടി തന്റെ ധനം ചെലവഴിക്കുന്നുവോ, അവരോട് അയാള്‍ക്ക് നേരത്തേ ഒരു കടപ്പാടുമുണ്ടായിരുന്നില്ല, അവര്‍ മുമ്പ് തന്നോട് ചെയ്തിട്ടുള്ള ഒരൗദാര്യത്തിന് പകരംവീട്ടാനോ ഭാവിയില്‍ അവരില്‍നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനോ വേണ്ടി കാഴ്ചയും സമ്മാനങ്ങളുമര്‍പ്പിക്കുകയോ അവരെ ക്ഷണിച്ച് സല്‍ക്കരിക്കുകയോ അല്ല അയാള്‍. തന്റെ നാഥന്റെ അമൂല്യമായ പ്രീതിക്കുവേണ്ടി അയാള്‍ തനിക്ക് നേരത്തേ കടപ്പാടില്ലാത്തവരും ഭാവിയില്‍ പ്രയോജനം കിട്ടുമെന്നു പ്രതീക്ഷിക്കാത്തവരുമായ ആളുകളെ സഹായിക്കുകയാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹ. അബൂബക്‌റിന്റെ നടപടി. വിശുദ്ധ മക്കയില്‍ ഇസ്‌ലാം സ്വീകരിച്ച നിസ്സഹായരായ ചില അടിമകളും അടിമസ്ത്രീകളുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ യജമാനന്‍മാര്‍ അവരുടെ നേരെ രൂക്ഷമായ മര്‍ദനപീഡനങ്ങളഴിച്ചുവിട്ടു. അബൂബക്ര്‍(റ അവരെയോരോരുത്തരെയായി വിലയ്ക്കു വാങ്ങി സ്വതന്ത്രരാക്കുകയും ആ പീഡനത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇബ്‌നു ജരീറും ഇബ്‌നു അസാകിറും ഹ. ആമിറുബ്‌നു അബ്ദില്ലാഹിബ്‌നു സുഹൈറില്‍നിന്ന് ഉദ്ധരിക്കുന്നു: ഹ. അബൂബക്ര്‍ നിസ്സഹായരായ അടിമകളെയും അടിമസ്ത്രീകളെയും മോചിപ്പിക്കുന്നതിനുവേണ്ടി ഇവ്വിധം പണം ചെലവഴിക്കുന്നതുകണ്ട് അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തോടുപദേശിച്ചു: 'മകനേ, നീ ദുര്‍ബലരായ ആളുകളെ സ്വതന്ത്രരാക്കുന്നതായി ഞാന്‍ കാണുന്നു. നീ ഈ പണം ചെലവഴിക്കുന്നത് ബലിഷ്ഠരായ യുവാക്കളെ മോചിപ്പിക്കാനാണെങ്കില്‍ അതു നിനക്ക് കൈക്കരുത്തായിത്തീരുമായിരുന്നു.' അബൂബക്ര്‍(റ) പിതാവിനോട് പറഞ്ഞ മറുപടി ഇതായിരുന്നു: أي أبه إنّما أريد ما عند الله (പ്രിയ പിതാവേ, അല്ലാഹുവിങ്കലുള്ളത് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ).

11. ഈ സൂക്തത്തിനു രണ്ടര്‍ഥമാവാം, രണ്ടും സാധുവാകുന്നു. ഒന്ന്: തീര്‍ച്ചയായും അല്ലാഹു അവനോട് സംപ്രീതനാകും. രണ്ട്: അടുത്തുതന്നെ അല്ലാഹു ആ മനുഷ്യന്ന്, അയാള്‍ സന്തുഷ്ടനാകാന്‍ വേണ്ടതു നല്‍കുന്നതാണ്.

തുടക്കവാക്കായ وَاللَّيْل തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയുടെ ഉള്ളടക്കത്തിന് സൂറ അശ്ശംസുമായി, രണ്ടു സൂറകളും പരസ്പരം വ്യാഖ്യാനിക്കുകയാണെന്നു തോന്നുമാറുള്ള സാമ്യമുണ്ട്. സൂറ അശ്ശംസില്‍ ഒരു രീതിയില്‍ ഉണര്‍ത്തിയ കാര്യങ്ങള്‍തന്നെയാണ് ഈ സൂറയില്‍ മറ്റൊരു രീതിയില്‍ മനസ്സിലാക്കിത്തരുന്നത്. ഈ രണ്ടു സൂറകളും ഒരേ കാലത്ത് അടുത്തടുത്തായി അവതരിച്ചതാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

ഉള്ളടക്കം

ജീവിതത്തിന്റെ രണ്ടു സരണികള്‍ തമ്മിലുള്ള വ്യത്യാസവും രണ്ടിന്റെയും അനന്തരഫലങ്ങളിലും പരിണതികളിലുമുള്ള അന്തരവുമാണ് ഈ സൂറയുടെ പ്രമേയം. ഉള്ളടക്കം പരിഗണിക്കുമ്പോള്‍ സൂറക്ക് രണ്ടു ഖണ്ഡങ്ങളുണ്ട്: തുടക്കം മുതല്‍ 11-ആം സൂക്തംവരെ ഒന്നാം ഖണ്ഡം; 12 മുതല്‍ ഒടുക്കം വരെ രണ്ടാം ഖണ്ഡവും. ഒന്നാം ഖണ്ഡത്തില്‍ പറയുന്നതിതാണ്: മനുഷ്യരാശിയിലെ വ്യക്തികളും സമുദായങ്ങളും ഗ്രൂപ്പുകളും ഈ ലോകത്തു നടത്തുന്ന ഏതു പ്രയത്‌നവും കര്‍മവും അവയുടെ ധാര്‍മിക സ്വഭാവം പരിഗണിക്കുമ്പോള്‍ രാപ്പകലുകള്‍ പോലെ, ആണും പെണ്ണും പോലെ വ്യത്യസ്തങ്ങളാകുന്നു. അനന്തരം ഖുര്‍ആനിലെ ചെറിയ സൂറകളുടെ പ്രതിപാദനശൈലിയനുസരിച്ച് മൂന്നു ധാര്‍മിക സവിശേഷതകളെ ഒരു സ്വഭാവത്തിന്റെയും, മൂന്നു ധാര്‍മിക സവിശേഷതകളെ മറ്റൊരു സ്വഭാവത്തിന്റെയും പ്രയത്‌നപ്രവര്‍ത്തനങ്ങളുടെ വിശാലമായ ഒരു സമുച്ചയത്തില്‍നിന്നുള്ള മാതൃകകളായി അവതരിപ്പിച്ചിരിക്കുകയാണ്. അതു വായിക്കുന്ന ആര്‍ക്കും ഒരിനം സവിശേഷതകള്‍ ഏതുതരം ജീവിതരീതിയെ പ്രതിനിധാനംചെയ്യുന്നുവെന്നും മറ്റേയിനം സവിശേഷതകള്‍ അതിനു വിപരീതമായ ഏതു ജീവിതരീതിയുടെ ലക്ഷണങ്ങളാണെന്നും അനായാസം മനസ്സിലാകും. ഈ രണ്ടു മാതൃകകളും അളന്നുമുറിച്ച സുന്ദരമായ കൊച്ചുവാക്യങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവ മനസ്സിലേക്കിറങ്ങുകയും നാവില്‍ തത്തിക്കളിക്കുകയും ചെയ്യും. പ്രഥമഗണത്തില്‍പ്പെട്ട സവിശേഷതകളിവയാണ്: മനുഷ്യന്‍ ദാനശീലനാവുക, ദൈവഭയവും സൂക്ഷ്മതയും കൈക്കൊള്ളുക, നല്ലതിനെ നല്ലതെന്നംഗീകരിക്കുക. രണ്ടാമത്തെയിനം സവിശേഷതകള്‍ ഇവയാണ്: അവന്‍ ലുബ്ധനാവുക, ദൈവത്തിന്റെ പ്രീതിയെയും അപ്രീതിയെയും സംബന്ധിച്ച് ചിന്തയില്ലാത്തവനാവുക, സദുപദേശങ്ങളെ തള്ളിക്കളയുക-- ഈ രണ്ടു തരം കര്‍മരീതികള്‍ സ്പഷ്ടമായും പരസ്പരവിരുദ്ധവും ഫലഭാഗംകൊണ്ട് ഒരിക്കലും തുല്യമാകാത്തതും ആണെന്നാണ് തുടര്‍ന്നു പറയുന്നത്. അവയുടെ സ്വഭാവം തമ്മില്‍ എത്രത്തോളം വൈരുധ്യമുണ്ടോ അത്രത്തോളംതന്നെ വൈരുധ്യമുണ്ട് അനന്തരഫലങ്ങള്‍ക്കും. ഒന്നാമത്തെ കര്‍മരീതി സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹു ശുദ്ധവും ഋജുവുമായ ജീവിതസരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് സല്‍ക്കര്‍മം എളുപ്പവും ദുഷ്‌കര്‍മം പ്രയാസകരവുമായിത്തീരുന്നു. രണ്ടാമത്തെ കര്‍മരീതി കൈക്കൊള്ളുന്ന ആര്‍ക്കും അല്ലാഹു ജീവിതത്തിന്റെ വികടവും ദുഷ്ടവുമായ സരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് തിന്‍മ എളുപ്പവും നന്‍മ ക്ലേശകരവുമായിത്തീരുന്നു. അസ്ത്രംപോലെ മനസ്സില്‍ തറച്ചുകയറുന്ന സ്വാധീനശക്തിയുള്ള ഒരു വാക്യത്തോടെയാണ് ഈ വിവരണം അവസാനിക്കുന്നത്. ഏതൊരു ധനത്തിന്റെ പിന്നാലെയാണോ മനുഷ്യന്‍ ജീവന്‍ കളഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്നത്, ആ ധനം അവനോടൊപ്പം ഖബ്‌റിലേക്ക് പോകുന്നില്ല. മരിച്ചുകഴിഞ്ഞാല്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമാണവനുള്ളത്? രണ്ടാം ഖണ്ഡത്തിലും ഇതേപ്രകാരം മൂന്നു യാഥാര്‍ഥ്യങ്ങള്‍ സംഗ്രഹിച്ചിരിക്കുകയാണ്. ഒന്ന്: അല്ലാഹു മനുഷ്യനെ പ്രജ്ഞാശൂന്യനായി ഈ പരീക്ഷാലയത്തിലേക്ക് തള്ളിവിട്ടിരിക്കുകയല്ല; വിവിധ ജീവിതസരണികളില്‍ ഏതാണ് ശരിയായ സരണിയെന്ന് അവന്ന് പറഞ്ഞുകൊടുക്കുക അല്ലാഹു സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തിട്ടുണ്ട്. ദൈവദൂതനെ നിയോഗിച്ചും വേദമവതരിപ്പിച്ചും അവന്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് മനുഷ്യനോട് പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ദൈവദൂതനും ഖുര്‍ആനും സന്‍മാര്‍ഗദര്‍ശകമായി അവന്റെ മുമ്പില്‍ത്തന്നെയുണ്ട്. രണ്ടാമത്തെ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹുതന്നെയാകുന്നു. ഇഹലോകമാണാവശ്യമെങ്കില്‍ അതും അവനില്‍നിന്നേ കിട്ടൂ. പരലോകമാണ് തേടുന്നതെങ്കില്‍ അത് നല്‍കുന്നതും അല്ലാഹുതന്നെയാണ്. അവനോട് എന്താണാവശ്യപ്പെടേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. മൂന്നാമത്തെ യാഥാര്‍ഥ്യം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ദൈവദൂതനും വേദവും മുഖേന അല്ലാഹു അവതരിപ്പിച്ച നന്‍മകളെ തള്ളിപ്പറയുകയും അതില്‍നിന്നു പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്കായി ആളിക്കത്തുന്ന നരകം തയ്യാറായിരിക്കുന്നു. തന്റെ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിസ്വാര്‍ഥമായി സത്കാര്യങ്ങളില്‍ ധനം ചെലവഴിക്കുന്ന ദൈവഭക്തരില്‍ റബ്ബ് സംപ്രീതനാകുന്നതാണ്. അവര്‍ക്ക് അവര്‍ സന്തുഷ്ടരാകുംവണ്ണമുള്ള കര്‍മഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.

Facebook Comments