അശ്ശര്‍ഹ്

സൂക്തങ്ങള്‍: 1-8

വാക്കര്‍ത്ഥം

നാം വിശാലമാക്കിയില്ലേ = أَلَمْ نَشْرَحْ
നിനക്ക് = لَكَ
നിന്റെ ഹൃദയം = صَدْرَكَ
നാം ഇറക്കിവെക്കുകയും ചെയ്തു = وَوَضَعْنَا
നിന്നില്‍നിന്ന് = عَنكَ
നിന്റെ ഭാരം = وِزْرَكَ
ഞെരിച്ചുകളഞ്ഞ = الَّذِي أَنقَضَ
നിന്റെ മുതുകിനെ = ظَهْرَكَ
നാം ഉയര്‍ത്തിത്തരികയും ചെയ്തു = وَرَفَعْنَا
നിനക്ക് = لَكَ
നിന്റെ കീര്‍ത്തി = ذِكْرَكَ
അതിനാല്‍ നിശ്ചയമായും = فَإِنَّ
കൂടെ = مَعَ
പ്രയാസത്തിന്റെ = الْعُسْرِ
എളുപ്പം = يُسْرًا
തീര്‍ച്ചയായും = إِنَّ
പ്രയാസത്തോടൊപ്പമുണ്ട് = مَعَ الْعُسْرِ
എളുപ്പം = يُسْرًا
അതിനാല്‍ നീ ഒഴിവായാല്‍ = فَإِذَا فَرَغْتَ
നീ മുഴുകുക = فَانصَبْ
നിന്റെ നാഥങ്കലേക്കുതന്നെ = وَإِلَىٰ رَبِّكَ
നീ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക = فَارْغَب

أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾

(1-8) പ്രവാചകാ, നാം നിന്റെ മാറിടം വിശാലമാക്കിത്തന്നില്ലയോ?1 നിന്റെ മുതുക് ഞെരിച്ചിരുന്ന ഭാരം ഇറക്കിത്തരുകയും ചെയ്തു.2 നാം നിന്റെ യശസ്സുയര്‍ത്തിയിരിക്കുന്നു.3 ആകയാല്‍, പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. അതെ തീര്‍ച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം.4 അതിനാല്‍, നീ കൃത്യാന്തരങ്ങളില്‍നിന്ന് വിരമിച്ചാല്‍ ആരാധനായത്‌നത്തിലേര്‍പ്പെട്ടുകൊള്ളുക. നിന്റെ നാഥനില്‍ത്തന്നെ പ്രതീക്ഷയര്‍പ്പിച്ചുകൊള്ളുക5 .

=======

1. ഈ ചോദ്യംകൊണ്ടുള്ള തുടക്കവും തുടര്‍ന്നുള്ള വിഷയവും, ഇസ്‌ലാമികപ്രബോധനം തുടങ്ങിയ ശേഷം ആരംഭദശയില്‍ അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത ക്ലേശങ്ങളില്‍ റസൂല്‍(സ) തിരുമേനി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അല്ലാഹു അദ്ദേഹത്തെ സംബോധന ചെയ്ത് സമാധാനിപ്പിക്കുകയാണ്: നാം ഇന്നയിന്ന ഔദാര്യങ്ങള്‍ താങ്കള്‍ക്ക് ചെയ്തുതന്നിട്ടില്ലേ? എന്നിട്ടും ഈ ബാലാരിഷ്ടതകളില്‍ താങ്കള്‍ അസ്വസ്ഥനാകുന്നതെന്തിന്? മാറിടം വിശാലമാക്കുക എന്ന വാക്ക് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അതിനു രണ്ടര്‍ഥമുണ്ടെന്ന് മനസ്സിലാക്കാം. (1) സൂറ അല്‍അന്‍ആം 125-ആം സൂക്തത്തില്‍ പറയുന്നു: فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ (അല്ലാഹു ഒരുവന്ന് സന്‍മാര്‍ഗം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ മാറിടം ഇസ്‌ലാമിനുവേണ്ടി വിശാലമാക്കിക്കൊടുക്കുന്നു). സൂറ അസ്സുമര്‍ 22-ആം സൂക്തത്തില്‍ പറഞ്ഞു: أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ (എന്ത്, അല്ലാഹു ഒരുവന്റെ മാറിടം ഇസ്‌ലാമിനുവേണ്ടി വിശാലമാക്കിക്കൊടുത്താല്‍ പിന്നെ അവന്‍ തന്റെ നാഥങ്കല്‍നിന്നുള്ള ഒരു വെളിച്ചത്തിലാണ് സഞ്ചരിക്കുന്നത്). ഈ രണ്ടു സന്ദര്‍ഭങ്ങളിലും മാറിടം തുറക്കുക (വിശാലമാക്കുക) എന്നതുകൊണ്ടുദ്ദേശ്യം എല്ലാവിധ മനസ്സംഘര്‍ഷങ്ങളില്‍നിന്നും സംത്രാസങ്ങളില്‍നിന്നും മുക്തനായി ഇസ്‌ലാമിന്റെ മാര്‍ഗമാണ് സത്യമെന്നും അത് ഉന്നയിക്കുന്ന ആദര്‍ശ-വിശ്വാസങ്ങളും ധാര്‍മിക- സാംസ്‌കാരിക-നാഗരിക പ്രമാണങ്ങളും നിയമനിര്‍ദേശങ്ങളും മാത്രമാണ് തികച്ചും ശരിയും സാധുവുമായിട്ടുള്ളതെന്നും ദൃഢവിശ്വാസം വരുക എന്നാണ്. (2) സൂറ അശ്ശുഅറാഅ് 12-13 സൂക്തങ്ങളില്‍, പ്രവാചകനായി നിയുക്തനായ മൂസാ(അ)യോട് ഫറവോന്റെ മഹാ സാമ്രാജ്യവുമായി ഏറ്റുമുട്ടാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു. قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ ﴿١٢﴾وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ ﴿١٣﴾ (നാഥാ അവര്‍ എന്നെ തള്ളിക്കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ മനസ്സിടുങ്ങിപ്പോകുന്നു). ഈ സന്ദര്‍ഭത്തില്‍ മൂസാ(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചതായി സൂറ ത്വാഹാ 25-26 സൂക്തങ്ങളില്‍ ഉദ്ധരിക്കുന്നു: قَالَ رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾ وَيَسِّرْ لِي أَمْرِي ﴿٢٦﴾ (നാഥാ! എന്റെ മാറിടം വിശാലമാക്കിത്തരേണമേ. എന്റെ ദൗത്യം എളുപ്പമാക്കിത്തരേണമേ). ഇവിടെ 'മാറിടം ഇടുങ്ങിപ്പോകുന്നു' എന്ന വാക്യത്തിന്റെ ആശയമിതാണ്: പ്രവാചകത്വം പോലുള്ള മഹത്തായ ദൗത്യം ഏറ്റെടുക്കാനും അതിനിഷ്ഠുരനും ബലവാനും പരാക്രമിയുമായ ഒരുവനോട് ഒറ്റത്തടിയായി ഏറ്റുമുട്ടാനും ധൈര്യം വരുന്നില്ല. 'മാറിടം തുറക്കുക' എന്നതുകൊണ്ടുദ്ദേശ്യമിതാണ്: നിശ്ചയദാര്‍ഢ്യം വളരണം. എത്ര വലിയ സംരംഭത്തിലേര്‍പ്പെടാനും കഠിനാല്‍ കഠിനതരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും ഒരു ചാഞ്ചല്യവുമുണ്ടാവരുത്. പ്രവാചകത്വത്തിന്റെ ഗുരുതരമായ ഉത്തരവാദിത്വങ്ങളേറ്റെടുക്കാനുള്ള മനക്കരുത്തുണ്ടാവണം. ചിന്തിച്ചുനോക്കിയാല്‍, ഈ സൂക്തത്തില്‍ മുഹമ്മദ് നബി(സ)യുടെ മാറിടം വിശാലമാക്കുക എന്ന വാക്കിന് മേല്‍പറഞ്ഞ രണ്ടര്‍ഥങ്ങളും ഉദ്ദേശ്യമാണെന്ന് മനസ്സിലാകുന്നതാണ്. ഒന്നാമത്തെ അര്‍ഥപ്രകാരം അതിന്റെ താല്‍പര്യമിതാകുന്നു: പ്രവാചകത്വ ലബ്ധിക്കു മുമ്പ് നബി(സ) അറേബ്യന്‍ വിഗ്രഹാരാധകരുടെയും ക്രൈസ്തവരുടെയും ജൂതന്‍മാരുടെയും മജൂസികളുടെയുമെല്ലാം മതങ്ങള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നു മനസ്സിലാക്കിയിരുന്നു. അറബികളിലെ ചില തൗഹീദ്‌വാദികളില്‍ കാണപ്പെട്ടിരുന്ന 'ഹനീഫിയ്യത്തി'ലും അവിടുന്ന് സംതൃപ്തനായിരുന്നില്ല. കാരണം, അതൊരവ്യക്തമായ ആദര്‍ശമായിരുന്നു. അതില്‍നിന്ന് സന്‍മാര്‍ഗത്തിന്റെ വിശദീകരണമൊന്നും ലഭിച്ചിരുന്നില്ല (തഫ്ഹീമുല്‍ ഖുര്‍ആന്‍ നാലാം ഭാഗം അസ്സജദ 5-ആം (32:5) വ്യാഖ്യാനക്കുറിപ്പില്‍ നാം ഇതു വിശദീകരിച്ചിട്ടുണ്ട്). പക്ഷേ, സന്‍മാര്‍ഗം ഏതാണെന്ന് സ്വയം മനസ്സിലാക്കാനും അദ്ദേഹത്തിനായില്ല. അദ്ദേഹം ആശയക്കുഴപ്പത്തിലായിരുന്നു. പ്രവാചകത്വമരുളിക്കൊണ്ട് അല്ലാഹു ഈ മനഃസംഘര്‍ഷം ദൂരീകരിച്ചുകൊടുത്തു. സന്‍മാര്‍ഗം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുവെച്ചു. അങ്ങനെ അദ്ദേഹം പൂര്‍ണമായും മനസ്സംതൃപ്തനായി. രണ്ടാമത്തെ അര്‍ഥപ്രകാരം താല്‍പര്യം ഇപ്രകാരമാകുന്നു: പ്രവാചകത്വമരുളിയതോടൊപ്പം ആ ഗുരുതരമായ ഉത്തരവാദിത്വമേറ്റെടുക്കാനാവശ്യമായ കരുത്തും ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും ഹൃദയവിശാലതയും കൂടി അല്ലാഹു അദ്ദേഹത്തിനു പ്രദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം താനല്ലാത്ത മറ്റൊരു മനുഷ്യമനസ്സിനും ഉള്‍ക്കൊള്ളാനാവാത്തത്ര വിപുലമായ വിജ്ഞാനങ്ങളുടെ വാഹകനുമായിരിക്കുന്നു. വലിയ വലിയ ദൗഷ്ട്യങ്ങളെ ദൂരീകരിക്കാനും സംസ്‌കരിക്കാനും യോഗ്യമായ യുക്തിബലവും അദ്ദേഹത്തിനു ലഭിച്ചു. ജാഹിലിയ്യത്തില്‍ ആണ്ടുപോയ, അവിവേകംകൊണ്ടും മൂഢതകൊണ്ടും അങ്ങേയറ്റം പ്രാകൃതമായ സമൂഹത്തില്‍ ഒരു സജ്ജീകരണമോ പ്രത്യക്ഷത്തില്‍ ഏതെങ്കിലും ശക്തിയുടെ പിന്തുണയോ ഇല്ലാതെ ഇസ്‌ലാമിന്റെ ധ്വജവാഹകനായി നിലകൊള്ളാന്‍ യോഗ്യനായി. എതിര്‍പ്പിന്റെയും ശത്രുതയുടെയും കൊടുങ്കാറ്റുകളെ നേരിടാന്‍ ചാഞ്ചല്യമുണ്ടായില്ല. ആ മാര്‍ഗത്തില്‍ ഉയര്‍ന്നുവന്ന പ്രയാസങ്ങളെയും വിപത്തുകളെയും ക്ഷമയോടെ നേരിട്ടു. ഒരു ശക്തിക്കും അദ്ദേഹത്തെ സ്വന്തം നിലപാടില്‍നിന്ന് ഇളക്കാനാവില്ല. അല്ലാഹു താങ്കള്‍ക്ക് മനോവിശാലതയുടെ മഹാ സമ്പത്തരുളിയിരിക്കെ ആരംഭ ദശയിലഭിമുഖീകരിക്കേണ്ടിവരുന്ന ഈ ക്ലേശങ്ങളില്‍ താങ്കള്‍ ഖിന്നനാകുന്നതെന്തിന് എന്നാണ് അല്ലാഹു ചോദിക്കുന്നത്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ശര്‍ഹുസ്സ്വദ്‌റിന് 'മാറിടം പിളര്‍ക്കല്‍' എന്നാണര്‍ഥം നല്‍കിയിരിക്കുന്നത്. ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള മാറിടം പിളര്‍ക്കല്‍ സംഭവം എന്ന മുഅ്ജിസ(അമാനുഷദൃഷ്ടാന്ത)ത്തിന് ഈ സൂക്തം തെളിവാണെന്നും അവര്‍ പറയുന്നു. എന്നാല്‍, ഈ മുഅ്ജിസത്തിന്റെ തെളിവ് ഹദീസ് നിവേദനങ്ങളെത്തന്നെയാണാശ്രയിച്ചിരിക്കുന്നത് എന്നതത്രേ യാഥാര്‍ഥ്യം. ഖുര്‍ആനിലൂടെ അത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. അറബിഭാഷാവീക്ഷണത്തില്‍ شَرْحُ الصَّدْر ന് شَقُّ الصَّدْر (മാറിടം പിളര്‍ക്കല്‍) എന്നര്‍ഥം കല്‍പിക്കാനാവില്ല. അല്ലാമാ ആലൂസി തന്റെ റൂഹുല്‍മആനിയില്‍ പറയുന്നു: حَمْلُ الشَّرْحِ فِى الاَيَةِ عَلَى شَقِّ الصَّدْر ضَعِيفٌ عِنْدَ المُحَقِّقِينْ (സൂക്തത്തിലെ ശര്‍ഹ് (വിശാലമാക്കല്‍) എന്ന പദത്തെ ശഖ്ഖുസ്സ്വദ്‌റി(മാറിടം പിളര്‍ക്കുക)ല്‍ ചുമത്തുന്നത് സൂക്ഷ്മജ്ഞാനികളുടെ ദൃഷ്ടിയില്‍ ബാലിശമാകുന്നു.)

2. ചില ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ ഇതിനെ വ്യാഖ്യാനിച്ചിട്ടുളളതിപ്രകാരമാകുന്നു: പ്രവാചകത്വലബ്ധിക്കു മുമ്പ് ജാഹിലിയ്യാകാലത്ത് പ്രവാചകനി(സ)ല്‍ ചില തെറ്റുകള്‍ വന്നുപോയിരുന്നു. അതിനെസ്സംബന്ധിച്ച വിചാരം തിരുമേനിക്ക് ഒരു മഹാഭാരം തന്നെയായിരുന്നു. ഈ സൂക്തം അവതരിപ്പിച്ചുകൊണ്ട്, താങ്കളുടെ ആ തെറ്റ് നാം മാപ്പാക്കിയിരിക്കുന്നു എന്ന് അല്ലാഹു തിരുമേനിയെ സമാധാനിപ്പിച്ചിരിക്കുകയാണ്. നമ്മുടെ വീക്ഷണത്തില്‍ ഈ വ്യാഖ്യാനം ഗുരുതരമായ അബദ്ധമാകുന്നു. ഒന്നാമതായി وِزْر എന്ന പദം അനിവാര്യമായും പാപത്തിനു മാത്രം ഉപയോഗിക്കുന്നതല്ല. കനത്ത ഭാരം എന്ന അര്‍ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്. അതിനാല്‍, ഈ പദത്തെ ചീത്ത അര്‍ഥത്തില്‍ സ്വീകരിക്കുന്നതിനു ന്യായമൊന്നുമില്ല. രണ്ടാമതായി, തിരുമേനിയുടെ പ്രവാചകത്വലബ്ധിക്കു മുമ്പുള്ള ജീവിതവും അത്യന്തം പരിശുദ്ധമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പ്രതിയോഗികളുടെ മുമ്പില്‍ അതൊരു വെല്ലുവിളിയായി ഉന്നയിച്ചിട്ടുളളതാണ്. അതുകൊണ്ടാണ് വിശ്വാസികളെ അഭിമുഖീകരിച്ച് സൂറ യൂനുസ് 16-ആം സൂക്തത്തില്‍ നബി(സ)യെക്കൊണ്ട് فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ (ഈ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഒരായുസ്സ് ജീവിച്ചിട്ടുണ്ട്) എന്നു പറയിച്ചത്. ആളുകളുടെ കണ്ണുവെട്ടിച്ച് വല്ല പാപവും ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെട്ട മനുഷ്യനായിരുന്നില്ല തിരുമേനി(സ). മആദല്ലാഹ്--അങ്ങനെയായിരുന്നുവെങ്കില്‍ അല്ലാഹു അതറിയാതെപോവുകയുമില്ലായിരുന്നു. ഗോപ്യമായ മാലിന്യമേന്തുന്ന ഒരാളെക്കൊണ്ട് ദൈവദാസന്‍മാരുടെ മുമ്പാകെ, മേല്‍പറഞ്ഞ സൂക്തത്തില്‍ പറയിച്ച പ്രസ്താവന പരസ്യമായി നടത്തിക്കുകയുമില്ലായിരുന്നു. യഥാര്‍ഥത്തില്‍ ഈ സൂക്തത്തില്‍ وِزْر എന്ന പദത്തിനര്‍ഥം, കനത്ത ഭാരം എന്നാണ്. അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്, സ്വജനത്തിന്റെ അവിവേകവും ജാഹിലിയ്യത്തും കണ്ട് അദ്ദേഹത്തിന്റെ ശുദ്ധപ്രകൃതിക്കനുഭവപ്പെട്ട വ്യഥയും വിചാരവും മനഃസംഘര്‍ഷവുമാണ്. അദ്ദേഹത്തിന്റെ മുന്നില്‍ പ്രതിമകള്‍ പൂജിക്കപ്പെട്ടിരുന്നു. ബഹുദൈവത്വവും ബഹുദൈവത്വപരമായ അന്ധവിശ്വാസങ്ങളും പരമകാഷ്ഠയിലെത്തിയിരുന്നു. ധാര്‍മികാധഃപതനവും നിര്‍ലജ്ജതയും സര്‍വത്ര വ്യാപിച്ചിരുന്നു. അക്രമങ്ങളും അന്യായമായ നടപടികളും സമൂഹത്തില്‍ സര്‍വസാധാരണമായിരുന്നു. പണക്കാരുടെ അക്രമങ്ങള്‍ പാവങ്ങളെ ചതച്ചരക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്നു. ഗോത്രങ്ങള്‍ ഗോത്രങ്ങളെ കടന്നാക്രമിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ അതു വ്യവസ്ഥാപിത യുദ്ധമായി നൂറ്റാണ്ടുകളോളം തുടര്‍ന്നു. സുശക്തമായ സംഘത്തിന്റെ പിന്‍ബലമില്ലാത്ത ആരുടെയും ജീവനും സ്വത്തും അഭിമാനവും സുരക്ഷിതമായിരുന്നില്ല. ഈ സ്ഥിതിവിശേഷം അദ്ദേഹത്തെ അങ്ങേയറ്റം അസ്വസ്ഥനാക്കി; എന്നാല്‍, ഈ തകരാറുകള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും കണ്ടെത്താനായതുമില്ല. ഈ വ്യഥയാണ് അദ്ദേഹത്തിന്റെ മുതുകൊടിച്ചുകൊണ്ടിരുന്നത്. ഈ ഭാരം സന്‍മാര്‍ഗദര്‍ശനത്തിലൂടെ അല്ലാഹു അദ്ദേഹത്തില്‍നിന്ന് എടുത്തുമാറ്റി. പ്രവാചകത്വ പദവിയരുളപ്പെട്ടതോടെ അദ്ദേഹത്തിനു മനസ്സിലായി, മനുഷ്യജീവിതത്തിലെ എല്ലാ വൈകൃതങ്ങളുടെയും പൂട്ടു തുറക്കാന്‍ പര്യാപ്തമായ രാജകീയ താക്കോല്‍ ഏകദൈവത്വത്തിലും പരലോകത്തിലും പ്രവാചകത്വത്തിലുമുള്ള വിശ്വാസം മാത്രമാണെന്ന്. ജീവിതത്തിന്റെ എല്ലാ തുറകളെയും സുഗമമാക്കാനുള്ള വഴിയും അതുതന്നെ. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം തിരുമേനിയുടെ എല്ലാ ഭാരങ്ങളെയും ലഘൂകരിച്ചു. അവിടുന്ന് പൂര്‍ണ സംതൃപ്തനായി. എന്തുകൊണ്ടെന്നാല്‍, അതുവഴി അറബികളിലെ ജീര്‍ണതകള്‍ മാത്രമല്ല, അറേബ്യക്കു പുറത്ത് മുഴുലോകത്തെയും അക്കാലത്തു ഗ്രസിച്ചിരുന്ന ജീര്‍ണതകളില്‍നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.

3. ഈ പ്രവചനമരുളുന്ന സാഹചര്യം ഇതാണ്: ഒറ്റപ്പെട്ട ഒരു മനുഷ്യന്‍! അദ്ദേഹത്തിന്റെ കൂടെ വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രം! അവര്‍തന്നെ മക്കാപട്ടണത്തില്‍ ഒതുങ്ങിക്കഴിയുന്നവര്‍. ഇങ്ങനെയുള്ള ഒരാളുടെ ശബ്ദം ലോകം മുഴുവന്‍ പ്രതിധ്വനിക്കുമെന്നോ അദ്ദേഹത്തിന് അതുല്യമായ കീര്‍ത്തി ലഭിക്കുമെന്നോ അന്ന് ഒരാള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷേ, അല്ലാഹു ഈ സാഹചര്യത്തില്‍ അവന്റെ ദൂതന്നു സുവാര്‍ത്ത നല്‍കി. പിന്നീട് അദ്ഭുതകരമായ രീതിയില്‍ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ആദ്യമായി അദ്ദേഹത്തിന്റെ കീര്‍ത്തി പരത്തുന്ന ദൗത്യം അവന്‍ അദ്ദേഹത്തിന്റെ ശത്രുക്കളിലൂടെത്തന്നെയാണ് പൂര്‍ത്തീകരിച്ചത്. മക്കയിലെ അവിശ്വാസികള്‍ അദ്ദേഹത്തെ തോല്‍പിക്കാന്‍ കണ്ടെത്തിയ തന്ത്രങ്ങളിലൊന്ന് ഇതായിരുന്നു: ഹജ്ജുവേളയില്‍ അറേബ്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും ആളുകള്‍ അവരുടെ പട്ടണത്തിലേക്കാകര്‍ഷിക്കപ്പെട്ട് വന്നെത്തിയിരുന്നു. ഈ നാളുകളില്‍ അവിശ്വാസികളുടെ പ്രതിനിധിസംഘങ്ങള്‍ ഹാജിമാരുടെ ഓരോ താവളവും സന്ദര്‍ശിച്ച് അവരെ താക്കീതുചെയ്യുക: 'സഹോദരങ്ങളേ, ഇവിടെ മുഹമ്മദ് എന്നു പേരുള്ള ഒരപകടകാരി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവന്‍ ജനങ്ങളെ മാരണംചെയ്യുന്നു. അങ്ങനെ പിതാവിനെയും പുത്രനെയും തമ്മിലും ഭാര്യയെയും ഭര്‍ത്താവിനെയും തമ്മിലും, സഹോദരന്‍മാരെ തമ്മിലും അവന്‍ പിണക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവനെ സൂക്ഷിച്ചുകൊള്ളണം.' ഈ താക്കീത് ഹജ്ജ്കാലമല്ലാത്തപ്പോള്‍ സന്ദര്‍ശനാര്‍ഥമോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു വേണ്ടിയോ മക്കയിലെത്തുന്നവര്‍ക്കും നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ പ്രവാചകനെ കുപ്രസിദ്ധനാക്കുകയായിരുന്നു അവരെങ്കിലും, അറേബ്യയുടെ എല്ലാ മുക്കുമൂലകളിലും അദ്ദേഹത്തിന്റെ നാമം എത്തിച്ചേര്‍ന്നുവെന്നതായിരുന്നു അതിന്റെ ഫലം. അങ്ങനെ മക്കയിലെ കേള്‍വിയും കേള്‍പ്പോരുമില്ലാത്ത അവസ്ഥയില്‍നിന്ന് ശത്രുക്കള്‍തന്നെ അദ്ദേഹത്തെ അറേബ്യയിലെ എല്ലാ ഗോത്രങ്ങള്‍ക്കും സുപരിചിതനാക്കി. തുടര്‍ന്ന് ആ മനുഷ്യനാരാണ്, എങ്ങനെയുള്ളവനാണ്, എന്താണയാള്‍ പറയുന്നത്, അയാളുടെ 'ആഭിചാര'ത്തില്‍ അകപ്പെട്ടവരാരാണ്, അവരില്‍ അതുളവാക്കിയ ഫലങ്ങളെന്തൊക്കെയാണ് എന്നെല്ലാം ജനം അന്വേഷിച്ചറിയുക സ്വാഭാവികമായിരുന്നു. അവിശ്വാസികളുടെ പ്രോപഗണ്ട പുരോഗമിക്കുന്നതിനനുസരിച്ച് ജനത്തിന്റെ ഈ അന്വേഷണവും പുരോഗമിച്ചുകൊണ്ടിരുന്നു. പിന്നെ ഈ അന്വേഷണത്തിന്റെ ഫലമായി ആളുകള്‍ അദ്ദേഹത്തിന്റെ സ്വഭാവചര്യകളുടെയും വ്യക്തിത്വത്തിന്റെയും യഥാര്‍ഥ അവസ്ഥയറിയുകയും ഖുര്‍ആന്‍ കേള്‍ക്കുകയും അദ്ദേഹം അവതരിപ്പിക്കുന്ന തത്ത്വങ്ങളെന്തൊക്കെയാണെന്ന് ഗ്രഹിക്കുകയും 'ആഭിചാരം' എന്നു വിളിക്കപ്പെടുന്നതെന്തിനെയാണെന്നും, അതിന്റെ സ്വാധീനത്തിനു വിധേയരായവരുടെ ജീവിതം അറേബ്യയിലെ സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍നിന്നും എന്തുമാത്രം വ്യത്യസ്തമാണെന്നും നേരിട്ടു മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആ ദുഷ്‌കീര്‍ത്തി സത്കീര്‍ത്തിയായി മാറിത്തുടങ്ങുകയും ചെയ്തു. എത്രത്തോളമെന്നാല്‍, ഹിജ്‌റയുടെ കാലമായപ്പോഴേക്കും വിദൂരമായ അറേബ്യന്‍ ഗോത്രങ്ങളില്‍ പോലും ഒരു കുടുംബം, അല്ലെങ്കില്‍ ഒരു വ്യക്തിയെങ്കിലും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരിക്കും എന്ന അവസ്ഥയുളവായി. തിരുമേനിയോടും അവിടത്തെ സന്ദേശത്തോടും അനുഭാവവും താല്‍പര്യവും പുലര്‍ത്തുന്ന ആരെങ്കിലുംചിലരില്ലാത്ത ഒറ്റ ഗോത്രവും ഇല്ലെന്നായി. ഇത് തിരുമേനിയുടെ സത്കീര്‍ത്തിയുടെ പ്രഥമദശയായിരുന്നു. ഹിജ്‌റാനന്തരം രണ്ടാം ദശ തുടങ്ങി. അക്കാലത്ത് ഒരുവശത്ത് കപടവിശ്വാസികളും ജൂതന്‍മാരും അറേബ്യന്‍ മുശ്‌രിക്കുകളുടെ നേതാക്കളുമെല്ലാം പ്രവാചകന്നെതിരെയുള്ള അപവാദപ്രചാരണത്തിലേര്‍പ്പെട്ടിരുന്നു. മറുവശത്താകട്ടെ, ജനമനസ്സുകളെ ഹഠാദാകര്‍ഷിക്കുംമട്ടില്‍ മദീനയിലെ ഇസ്‌ലാമിക സമൂഹത്തില്‍ ദൈവഭയത്തിന്റെയും ദൈവഭക്തിയുടെയും സൂക്ഷ്മതയുടെയും പരിശുദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും സല്‍പെരുമാറ്റത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയും മനുഷ്യസമത്വത്തിന്റെയും സമ്പന്നരുടെ ഔദാര്യത്തിന്റെയും സാധുസംരക്ഷണത്തിന്റെയും, ഇടപാടുകളിലുള്ള സത്യസന്ധതയുടെയും, കരാറുകളിലും പ്രതിജ്ഞകളിലുമുള്ള പ്രതിബദ്ധതയുടെയും പ്രായോഗികമാതൃകകള്‍ അരങ്ങേറിക്കൊണ്ടിരുന്നു. പ്രവാചകന്റെ വികസിച്ചുവരുന്ന ഈ സ്വാധീനം പ്രതിയോഗികള്‍ യുദ്ധത്തിലൂടെ തുടച്ചുനീക്കാന്‍ ശ്രമിച്ചുനോക്കി. പക്ഷേ, തിരുമേനിയുടെ നേതൃത്വത്തില്‍ കെട്ടിപ്പടുക്കപ്പെട്ട വിശ്വാസികളുടെ സംഘം അവരുടെ ചിട്ടയിലൂടെ, ക്രമീകരണത്തിലൂടെ, ധീരതയിലൂടെ, മരണഭയമില്ലായ്മയിലൂടെ, യുദ്ധവേളകളില്‍പോലും കണിശമായി പാലിക്കപ്പെട്ട ധാര്‍മികനിയമങ്ങളിലൂടെ തങ്ങളുടെ വൈശിഷ്ട്യം തെളിയിച്ചു. അറബികളാസകലം അവരെ ഉരുക്കുസമൂഹമായി അംഗീകരിക്കേണ്ടിവന്നു. തിരുമേനിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിയോഗികള്‍ അവരുടെ സര്‍വശക്തിയും വിനിയോഗിച്ച അതേ രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലും പത്തു വര്‍ഷത്തിനകം أشْهَدُ أنَّ مُحَمَّدًا رَسُولُ الله എന്ന സാക്ഷ്യവചനത്തില്‍ മുഖരിതമാകുംവണ്ണം അദ്ദേഹത്തിന്റെ യശോധാവള്യം നിറഞ്ഞുനിന്നു. അനന്തരം മൂന്നാംദശ ഖുലഫാഉര്‍റാശിദീന്റെ കാലത്താണാരംഭിച്ചത്. അന്ന് ഭൂഗോളം മുഴുക്കെ അദ്ദേഹത്തിന്റെ അനുഗൃഹീത നാമം മാറ്റൊലികൊണ്ടു. അത് ഇന്നുവരെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്‍ശാ അല്ലാഹ്, അന്ത്യനാള്‍വരെ അതങ്ങനെത്തന്നെ തുടരുകയും ചെയ്യും. മുസ്‌ലിംകളുടെ ആവാസകേന്ദ്രമില്ലാത്ത, ദിനേന അഞ്ചുനേരം ഉയരുന്ന ബാങ്കുവിളിയിലൂടെ മുഹമ്മദീയ സന്ദേശം വിളംബരം ചെയ്യപ്പെടാത്ത, നമസ്‌കാരങ്ങളില്‍ തിരുമേനിക്കുവേണ്ടി പ്രാര്‍ഥന (സ്വലാത്ത്) ചൊല്ലാത്താ ജുമുഅ ഖുത്വുബകളില്‍ അവിടത്തെ പുണ്യനാമം അനുസ്മരിക്കാത്ത ഒരിടവും ആധുനിക ലോകത്തില്ല. വര്‍ഷത്തിലെ പന്ത്രണ്ടു മാസത്തിലെ ഒരു ദിവസവും, ദിവസത്തിലെ 24 മണിക്കൂറില്‍ ഒരു മണിക്കൂറും ഭൂഗോളത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തായി പ്രവാചകന്റെ പുണ്യനാമം അനുസ്മരിക്കപ്പെടാതെയില്ല. വിശുദ്ധ ഖുര്‍ആനിന്റെ സത്യാത്മകതക്കുള്ള സ്പഷ്ടമായ ഒരു തെളിവാണിത്. പ്രവാചകത്വത്തിന്റെ ആദ്യദശയില്‍ അല്ലാഹു وَرَفَعْنَا لَكَ ذِكْرَكَ എന്നരുളിയ സന്ദര്‍ഭത്തില്‍ ഈ رَفْعُ الذِّكْر (യശസ്സുയര്‍ത്തല്‍) ഈ രീതിയിലും ഇത്ര വിപുലമായ തോതിലുമാണെന്ന് ഒരാള്‍ക്കും ഊഹിക്കാനേ കഴിയില്ലായിരുന്നു. റസൂല്‍ (സ) പ്രസ്താവിച്ചതായി ഇബ്‌നു ജരീര്‍, ഇബ്‌നു അബീഹാതിം, മുസ്‌നദ് അബൂയഅ്‌ലാ, ഇബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌നുഹിബ്ബാന്‍, ഇബ്‌നുമര്‍ദവൈഹി, അബൂനുഐം എന്നിവര്‍ അബൂസഈദില്‍ ഖുദ്‌രിയില്‍നിന്ന് ഉദ്ധരിക്കുന്നു: ''ജിബ്‌രീല്‍ എന്റെ അടുത്തുവന്നിട്ടു പറഞ്ഞു: എന്റെയും താങ്കളുടെയും റബ്ബ് ചോദിക്കുന്നു: 'ഞാനെങ്ങനെയാണ് താങ്കളുടെ നാമം വളര്‍ത്തിയത്?' ഞാന്‍ ബോധിപ്പിച്ചു: 'അല്ലാഹുതന്നെയാണ് ഏറ്റവും അറിയുന്നവന്‍.' അദ്ദേഹം പറഞ്ഞു: 'അല്ലാഹു അരുള്‍ ചെയ്യുന്നു: ഞാന്‍ സ്മരിക്കപ്പെടുമ്പോള്‍ എന്നോടൊപ്പം താങ്കളും സ്മരിക്കപ്പെടും.'' ഈ വചനം അക്ഷരംപ്രതി പുലര്‍ന്നതിന് പില്‍ക്കാല ചരിത്രം മുഴുവന്‍ സാക്ഷ്യംവഹിക്കുന്നു.

4. നബി(സ)തിരുമേനി പൂര്‍ണമായി സ്വസ്ഥനാകുന്നതിനുവേണ്ടി ഇക്കാര്യം രണ്ടുവട്ടം ആവര്‍ത്തിച്ചിരിക്കുന്നു. അതായത്, അദ്ദേഹം ഇപ്പോള്‍ തരണംചെയ്തുകൊണ്ടിരിക്കുന്ന പീഡിതാവസ്ഥ ഏറെക്കാലം നിലനില്‍ക്കുകയില്ല. അടുത്തുതന്നെ നല്ല കാലം വരുന്നുണ്ട്. ഇടുക്കത്തോടൊപ്പം വിശാലതയുണ്ടെന്നു പറയുന്നത് പ്രത്യക്ഷത്തില്‍ വൈരുധ്യമായി തോന്നും. ഈ രണ്ടു കാര്യങ്ങളും ഒരേസമയം ഒന്നിച്ചുചേരുകയില്ലല്ലോ. എന്നാല്‍, ഇടുക്കത്തിനുശേഷം വിശാലതയുണ്ട് എന്നു പറയാതെ ഇടുക്കത്തോടൊപ്പം വിശാലതയുണ്ട് എന്നു പറഞ്ഞതിന്റെ താല്‍പര്യമിതാണ്: വിശാലതയുടെ ഘട്ടം, അത് ഇടുക്കത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുംവണ്ണം അത്ര സമീപസ്ഥമാകുന്നു എന്നു വ്യഞ്ജിപ്പിക്കുന്നതിനാണ്.

5. 'വിരമിക്കുക' എന്നതുകൊണ്ടുദ്ദേശ്യം ജോലികളില്‍നിന്നുള്ള വിരാമമാണ്. അത് പ്രബോധനപ്രവര്‍ത്തനമാവട്ടെ, നവമുസ്‌ലിംകളുടെ ശിക്ഷണവും വിദ്യാഭ്യാസവുമാവട്ടെ, ഗാര്‍ഹികവും ഭൗതികവുമായ പ്രവര്‍ത്തനങ്ങളാവട്ടെ, അത്തരം ജോലികളില്‍നിന്ന് വിരമിച്ച് ഒഴിവുസമയം ഇബാദത്ത്പരമായ സാധനയിലും പ്രയത്‌നത്തിലും വിനിയോഗിക്കുക; മറ്റെല്ലാം മാറ്റിവെച്ച് അല്ലാഹുവിലേക്ക് മാത്രം ഉന്‍മുഖനാവുക എന്നാണ് വചനതാല്‍പര്യം.

പ്രഥമ വാക്യമായ ألَمْ نَشْرَحْ തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയും സൂറ അദ്ദുഹായും ഏതാണ്ടൊരേ കാലത്ത് ഒരേ സാഹചര്യത്തില്‍ അവതരിച്ചതാണെന്നു കരുതാവുന്ന വിധം സദൃശമാണ് രണ്ടു സൂറകളുടെയും ഉള്ളടക്കം. പ്രവാചകന്റെ മക്കാ ജീവിതത്തില്‍, സൂറ അദ്ദുഹാക്കു ശേഷം അവതരിച്ചതാണീ സൂറയെന്ന് ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസ് പ്രസ്താവിച്ചിട്ടുണ്ട്.

റസൂല്‍(സ)തിരുമേനിയെ സമാശ്വസിപ്പിക്കുകയാണ് ഈ സൂറയുടെയും ആകസാരം. പ്രവാചകത്വലബ്ധിക്കുശേഷം ഇസ്‌ലാമിക പ്രബോധനമാരംഭിച്ചതോടെ അഭിമുഖീകരിക്കേണ്ടിവന്ന സ്ഥിതിഗതികളൊന്നും തിരുമേനിക്ക് പ്രവാചകത്വലബ്ധിക്കു മുമ്പുള്ള ജീവിതത്തില്‍ ഒരിക്കലും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടായിരുന്നില്ല. സ്വജീവിതത്തില്‍ത്തന്നെ അതൊരു മഹാ വിപ്ലവമായിരുന്നു. അത്തരമൊരു മാറ്റത്തിന്റെ ഒരു സൂചനയും തിരുമേനിയുടെ പ്രവാചകത്വപൂര്‍വ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. നേരത്തേ അദ്ദേഹത്തെ ആദരവോടും സ്‌നേഹത്തോടും വീക്ഷിച്ചിരുന്ന അതേ സമൂഹം, അദ്ദേഹം ഇസ്‌ലാമിക പ്രബോധനം തുടങ്ങിയപ്പോള്‍ കാണക്കാണെ വിരോധികളായി മാറി. നേരത്തേ അദ്ദേഹവുമായി കൈകോര്‍ത്തു നടന്ന ബന്ധുക്കളും കൂട്ടുകാരും ഗോത്രാംഗങ്ങളും നാട്ടുകാരുംതന്നെ ശകാരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. മക്കയിലാര്‍ക്കും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് സഹ്യമായിരുന്നില്ല. വഴിയിലൂടെ കടന്നുപോകുമ്പോള്‍ അവരദ്ദേഹത്തെ ഭര്‍ത്സിക്കാന്‍ തുടങ്ങി. അടിക്കടി അദ്ദേഹത്തിനുമുമ്പില്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചു. ക്രമേണ ഈ പരിതോവസ്ഥ, എന്നല്ല ഇതിനെക്കാള്‍ കഠിനമായ പരിതോവസ്ഥകള്‍ തരണംചെയ്യുന്നത് അദ്ദേഹത്തിന് ശീലമായിത്തീര്‍ന്നു. എങ്കിലും ആദ്യനാളുകളില്‍ തിരുമേനിക്ക് കടുത്ത മനഃക്ലേശമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ടാണ് ആദ്യം സൂറ അദ്ദുഹായും പിന്നെ ഈ സൂറയും അവതരിച്ചത്. ഇതില്‍ അല്ലാഹു ആദ്യമായി അദ്ദേഹത്തോടു പറയുന്നു: നാം താങ്കള്‍ക്ക് മൂന്നു മഹാനുഗ്രഹങ്ങള്‍ അരുളിയിരിക്കുന്നു. അതുണ്ടായിരിക്കെ മനഃക്ലേശമനുഭവിക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന്: ഹൃദയവിസ്താരം എന്ന അനുഗ്രഹം. രണ്ട്: പ്രവാചകത്വത്തിനു മുമ്പ് താങ്കളുടെ മുതുകൊടിച്ചുകൊണ്ടിരുന്ന ആ ഭാരത്തില്‍നിന്നു മോചിപ്പിച്ചു എന്ന അനുഗ്രഹം. മൂന്ന്: സല്‍ക്കീര്‍ത്തി. താങ്കളെക്കാളിരിക്കട്ടെ, താങ്കളോളമെങ്കിലും സല്‍ക്കീര്‍ത്തി ഒരു കാലത്തും ഒരു ദൈവദാസന്നും ലഭിച്ചിട്ടില്ല. ഈ മൂന്നനുഗ്രഹങ്ങളുടെ താല്‍പര്യമെന്താണെന്നും അവ എത്രമാത്രം മഹത്തരങ്ങളാണെന്നും വ്യാഖ്യാനക്കുറിപ്പുകളില്‍ നാം വിശദീകരിക്കുന്നുണ്ട്. അനന്തരം, പ്രപഞ്ചനാഥന്‍ ദൈവദാസന്‍മാര്‍ക്കും പ്രവാചകന്നും(സ) ഉറപ്പുനല്‍കുന്നു: താങ്കള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ പീഡനകാലം അത്ര ദീര്‍ഘിച്ചതൊന്നുമല്ല. ഈ പ്രയാസങ്ങളോടൊപ്പംതന്നെ സരളതയുടെയും സൗകര്യത്തിന്റെയും ദശയും വരുന്നുണ്ട്. സൂറ അദ്ദുഹായില്‍, ''പില്‍ക്കാലമാകുന്നു മുന്‍കാലത്തെക്കാള്‍ നിനക്ക് വിശിഷ്ടമായിട്ടുള്ളത്. അടുത്തുതന്നെ നിനക്ക് നല്‍കുന്നുണ്ട്; അപ്പോള്‍ നീ സന്തുഷ്ടനാകും'' എന്നു പ്രസ്താവിച്ചതും ഇക്കാര്യമാകുന്നു. അവസാനം തിരുമേനിയെ ഉപദേശിക്കുന്നു: താങ്കള്‍ക്ക് ഈ പ്രയാസങ്ങള്‍ തരണംചെയ്യാനുള്ള ശക്തി ലഭിക്കുക ഒരേയൊരു കാര്യത്തില്‍നിന്നാണ്. പ്രവര്‍ത്തനങ്ങളില്‍നിന്ന് വിരമിക്കുമ്പോള്‍ ആരാധനായത്‌നത്തിലും പരിശീലനത്തിലും ഏര്‍പ്പെടുകയും, മറ്റെല്ലാറ്റിനെയും അവഗണിച്ചുകൊണ്ട് സ്വന്തം നാഥനില്‍മാത്രം ആശയും പ്രതീക്ഷയുമര്‍പ്പിക്കുകയും ചെയ്യുക എന്നതാണത്. ഈ ഉപദേശംതന്നെയാണ് സൂറ അല്‍മുസ്സമ്മിലില്‍ ഒന്നുമുതല്‍ ഒമ്പതുവരെ സൂക്തങ്ങളില്‍ 73:1 കൂടുതല്‍ വിശദമായി നല്‍കിയിട്ടുള്ളത്.

Facebook Comments