ഇബ്‌റാഹീം

സൂക്തങ്ങള്‍: 1

വാക്കര്‍ത്ഥം

(പ്രവാചകാ ഇത്) വേദം ആകുന്നു = كِتَابٌ

അതിനെ നാം ഇറക്കിത്തന്നു(ന്ന) = أَنزَلْنَاهُ

നിന്നിലേക്ക് = إِلَيْكَ

നീ ജനങ്ങളെ പുറപ്പെടുവി(മോചിപ്പി)ക്കാന്‍ = النَّاس لِتُخْرِجَ

അന്ധകാരങ്ങളില്‍നിന്ന് = مِنَ الظُّلُمَاتِ

പ്രകാശത്തിലേക്ക് = إِلَى النُّورِ

അവരുടെ വിധാതാവിന്റെ അനുമതിയോടെ = رَبِّهِمْ  بِإِذْنِ

സരണിയിലേക്ക് = إِلَىٰ صِرَاطِ

അജയ്യന്റെ = الْعَزِيزِ

സ്തുതീയനായ = الْحَمِيدِ

الٓر‌ۚ كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ

1.     അലിഫ്, ലാം, റാഅ്. പ്രവാചകാ, ഇതു നാം നിനക്കിറക്കിത്തന്ന വേദമാകുന്നു; നീ മനുഷ്യരെ അവരുടെ വിധാതാവിന്റെ അനുമതിയോടെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക്, സ്തുതീയനായ അജയ്യന്റെ സരണിയിലേക്ക് മോചിപ്പിക്കാന്‍.

1.     തുടക്കത്തിലെ ഒറ്റയക്ഷരങ്ങളെക്കുറിച്ച് നേരത്തെ ഇതുപോലെ ഒറ്റയക്ഷരങ്ങള്‍ കൊണ്ട് ആരംഭിക്കുന്ന സൂറകളുടെ തുടക്കത്തില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. ഇബ്‌റാഹീം പോലുള്ള ചില സൂറകളില്‍ ഇത്തരം അക്ഷരങ്ങള്‍ ആദ്യ സൂക്തത്തിന്റെ ഭാഗമായിട്ടാണ് വന്നിരിക്കുന്നത്. ചില സൂറകളില്‍ ഒറ്റ അക്ഷരങ്ങള്‍ ഒരു സൂക്തമായും വന്നിട്ടുണ്ട്. ഉദാ: സൂറ അല്‍ബഖറ ( الم).

ഭാഷാര്‍ഥത്തില്‍ 'കിതാബ്' പുസ്തകമാണ്. വേദ ഗ്രന്ഥങ്ങളെ പൊതുവില്‍ ഉദ്ദേശിച്ചും ഖുര്‍ആന്‍ എന്ന വേദത്തെ മാത്രം ഉദ്ദേശിച്ചും ഖുര്‍ആന്‍ ഈ പദം ഉപയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം ഖുര്‍ആനാണ്. വേദം തന്നു എന്നോ പഠിപ്പിച്ചു എന്നോ പറയുന്നതിനുപകരം أنزل എന്നാണ് ഖുര്‍ആന്‍ സാധാരണ പറയാറുള്ളത്. ഇറക്കി എന്നാണതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം. അവതരിപ്പിച്ചു എന്ന അര്‍ഥത്തെയും വഹിക്കുന്നു. ഖുര്‍ആനിന്റെ ആഗമനം ഉപരിലോകത്തുനിന്നാണ് എന്ന ധ്വനികൂടി أنزل യില്‍ ഉണ്ട്.

ظلمات അന്ധകാരങ്ങള്‍ കൊണ്ടുദ്ദേശ്യം അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടാണ്. 'നൂര്‍' കൊണ്ടുദ്ദേശ്യം ജ്ഞാനത്തിന്റെയും സത്യവിശ്വാസത്തിന്റെയും സല്‍കര്‍മങ്ങളുടെയും വെളിച്ചവും. അസത്യത്തിന് വഴികളും രൂപങ്ങളും നിരവധിയുണ്ട്. സത്യവും സത്യമാര്‍ഗവും ഒന്നേയുള്ളൂ. അതുകൊണ്ടാണ് ഇരുട്ടിനെ അന്ധകാരങ്ങള്‍(ظلمات) എന്ന് ബഹുവചനമായും പ്രകാശത്തെ 'നൂര്‍' എന്ന് ഏകവചനമായും പറഞ്ഞത്.   لِتُخْرِجَ النَّاسَ ജനങ്ങളെ മോചിപ്പിക്കാന്‍ എന്ന വാക്ക് മുഹമ്മദീയ പ്രവാചകത്വം മനുഷ്യവര്‍ഗത്തിനാകമാനമുള്ളതാകുന്നു എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്നു. പ്രത്യേക സമുദായങ്ങളിലേക്ക് മാത്രം നിയുക്തരായ പ്രവാചകന്മാരെക്കുറിച്ച് وَإِلَىٰ عَادٍ أَخَاهُمْ هُودًاۗ  (ആദു ജനത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ... -7:65), وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًاۗ  (മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ -7:85) എന്നിങ്ങനെയാണ് സാധാരണ പറയാറുള്ളത്.

بِإِذْنِ رَبِّهِمْ (അവരുടെ വിധാതാവിന്റെ അനുമതിയോടെ) എന്ന വാക്കിന് രണ്ട് അര്‍ഥതലങ്ങളുണ്ട്. ഒന്ന്, അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് മോചിതനാകുന്നവന്ന് അത് സാധിക്കുന്നത് അല്ലാഹു ഉതവിയരുളുന്നതുകൊണ്ടാണ്. അല്ലാഹു അവന്റെ നിയമം (സുന്ന:) പ്രകാരം സന്മാര്‍ഗത്തിന്നര്‍ഹത നേടുന്നവന്ന് സന്മാര്‍ഗം നല്‍കുന്നു. ആ അര്‍ഹത നേടാത്തവരെ അന്ധകാരങ്ങളില്‍ തന്നെ ഉപേക്ഷിക്കുന്നു. ഇക്കാര്യത്തില്‍ പ്രവാചകന്റെ ദൗത്യം കേവലം സന്ദേശം കൈമാറലും ഉല്‍ബോധിപ്പിക്കലും മാത്രമാകുന്നു. ആളുകളെ ബലാല്‍ക്കാരം സത്യവിശ്വാസത്തിലേക്കും സല്‍കര്‍മത്തിലേക്കും കൊണ്ടുവരേണ്ട ബാധ്യത പ്രവാചകനില്ല.

പ്രവാചകന്ന് ഈ വേദം അവതരിപ്പിച്ചു കൊടുത്തതും അതുവഴി അദ്ദേഹം ജനങ്ങളെ സന്മാര്‍ഗത്തിലേക്കു നയിക്കുന്നതും സ്വന്തം ആഗ്രഹപ്രകാരമോ താല്‍പര്യമനുസരിച്ചോ അല്ല. പ്രവാചകത്വവും പ്രബോധന പ്രവര്‍ത്തനവും അല്ലാഹുവിന്റെ അനുമതി അഥവാ കല്‍പനപ്രകാരമാണ്. അല്ലാഹുവാണ് അദ്ദേഹം മുഖേന ജനങ്ങളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരണമെന്ന് തീരുമാനിച്ചത്. എല്ലാറ്റിനെയും അതിജയിച്ചു വാഴുന്നവനും എല്ലാറ്റിനെയും നിയന്ത്രിക്കുന്നവനുമാണ് عزيز. അതിനാല്‍ ഭയപ്പെടേണ്ടവനും അനുസരിക്കപ്പെടേണ്ടവനുമാണവന്‍. സതുത്യര്‍ഹന്‍ എന്ന അര്‍ഥത്തിലുള്ള محمود ന്റെ അത്യുത്തമ വാചിയാണ് حميد - അത്യധികമായ സ്തുതിക്കര്‍ഹന്‍. മറ്റുള്ളവരാല്‍ നേരത്തെ സ്തുതിക്കപ്പെട്ടിരുന്നവനും ഇപ്പോള്‍ സ്തുതിക്കപ്പെടുന്നവനും محمود  ആണ്. ആരും സ്തുതിച്ചില്ലെങ്കിലും സദാ തന്നില്‍ തന്നെ സ്തുതിക്കപ്പെട്ടവനായിരിക്കുന്ന അവസ്ഥയുള്ളവനാണ് حميد. അതായത് എല്ലാ സല്‍ഗുണങ്ങളും സമ്പൂര്‍ണമായിട്ടുള്ളവന്‍. അവന്‍ മാത്രമാണ് നിരുപാധികം സ്തുതിക്കപ്പെടാനും പ്രതീക്ഷകളര്‍പ്പിക്കപ്പെടാനും അര്‍ഹനായിട്ടുള്ളത്.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments