ഇബ്‌റാഹീം

സൂക്തങ്ങള്‍: 2-3

വാക്കര്‍ത്ഥം

ആ അല്ലാഹു ആരാണോ അവന്നുള്ളതാകുന്നു(ഉടയവനായ അല്ലാഹുവിന്റെ) =  ٱللَّهِ ٱلَّذِى لَهُ

ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും(ഒക്കെയും)  = وَمَا فِي الْأَرْضِۗ مَا فِي السَّمَاوَاتِ

നാശം ഉണ്ട് = وَوَيْلٌ

നിഷേധികള്‍ക്ക് (ഈ സത്യസന്ദേശം കൈക്കൊള്ളാന്‍ വിസമ്മതിക്കുന്നവര്‍ക്ക്)  = لِّلْكَافِرِينَ

ശിക്ഷയാല്‍ = مِنْ عَذَابٍ

കൊടിയ, കഠിനമായ = شَدِيدٍ

ഇഷ്ടപ്പെടുന്നവര്‍(ആഗ്രഹിക്കുകയും)  = يَسْتَحِبُّونَ

الَّذِينَ

ഐഹിക ജീവിതത്തെ(ഭൗതിക സുഖങ്ങള്‍) = الدُّنْيَا الْحَيَاةَ

പരലോക(നേട്ട)ത്തെക്കാളേറെ = عَلَى الْآخِرَةِ

അവര്‍ തടയുന്നു(ജനത്തെ തടയുകയും) = وَيَصُدُّونَ

ദൈവികമാര്‍ഗത്തില്‍നിന്ന് = اللَّهِ عَن سَبِيلِ

അതിനെ അവര്‍ തേടുന്നു(ആ മാര്‍ഗത്തെ ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണവര്‍) = وَيَبْغُونَهَا

വളവ്(വളച്ചൊടിക്കാന്‍)  = عِوَجًاۚ

അക്കൂട്ടര്‍ = أُولَٰئِكَ

വിദൂരമായ വഴികേടില്‍ (ബഹുദൂരം വഴിപിഴച്ചുപോയവരാകുന്നു)  = بَعِيدٍ فِي ضَلَالٍ

اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِۗ وَوَيْلٌ لِّلْكَافِرِينَ مِنْ عَذَابٍ شَدِيدٍ ﴿٢﴾ الَّذِينَ يَسْتَحِبُّونَ الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَيَصُدُّونَ عَن سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًاۚ أُولَٰئِكَ فِي ضَلَالٍبَعِيدٍ ﴿٣﴾

2.            ആകാശഭൂമികളിലുള്ളതിനൊക്കെയും ഉടയവനായ അല്ലാഹുവിന്റെ സരണിയിലേക്ക്. ഈ സത്യസന്ദേശം കൈക്കൊള്ളാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കൊടിയ ശിക്ഷയാലുള്ള നാശമുണ്ട്.2.            ആകാശഭൂമികളിലുള്ളതിനൊക്കെയും ഉടയവനായ അല്ലാഹുവിന്റെ സരണിയിലേക്ക്. ഈ സത്യസന്ദേശം കൈക്കൊള്ളാന്‍ വിസമ്മതിക്കുന്നവര്‍ക്ക് കൊടിയ ശിക്ഷയാലുള്ള നാശമുണ്ട്.

3.            പരലോക നേട്ടത്തേക്കാളേറെ ഭൗതിക സുഖങ്ങളാഗ്രഹിക്കുകയും ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ആ മാര്‍ഗം സ്വന്തം ഇംഗിതത്തിനൊത്ത് വളച്ചൊടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണവര്‍. അക്കൂട്ടര്‍ ബഹുദൂരം വഴിപിഴച്ചുപോയവരാകുന്നു.

2.            സൂക്തം അല്ലാഹുല്ലദീ..... എന്നു തുടങ്ങുന്നതിനുപകരം, അല്ലാഹില്ലദീ.... എന്നു തുടങ്ങുന്നത് ഈ 'അല്ലാഹു' മുന്‍ സൂക്തത്തിലെ الْعَزِيزِ الْحَمِيدِ  ന്റെ പകരം(بدل) ആണ് എന്ന വ്യാകരണ സങ്കല്‍പമനുസരിച്ചാണ്. ചിലര്‍ ഇതിനെ هو (അവന്‍) എന്ന അനുക്തമായ ആഖ്യയുടെ ആഖ്യാതമായി കല്‍പിച്ചുകൊണ്ട് 'അല്ലാഹുല്ലദീ....' എന്നും പാരായണം ചെയ്തിട്ടുണ്ട്. 'വാനഭുവനങ്ങളുടെ ഏക ഉടമയും അധിപനും ആരാണോ അവന്റെ മാര്‍ഗമായ വെളിച്ചത്തിലേക്ക്' എന്നാണ് വചന താല്‍പര്യം. അതിനാല്‍ മിഥ്യാ ദൈവങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഈ സത്യസന്ദേശത്തെ തള്ളിക്കളയുന്നവര്‍ വിനാശകരമായ കൊടും ശിക്ഷയെ സ്വയം വിളിച്ചു വരുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

3.            പ്രവാചകന്റെ സത്യസന്ദേശം തള്ളിക്കളയുന്നവരെ അതിനു പ്രേരിപ്പിക്കുന്ന യഥാര്‍ഥ കാരണം തുറന്നു കാട്ടുകയാണീ വചനം. പുറത്തു പറയുന്നതെന്തൊക്കെയായാലും അവര്‍ക്കും ഈ സന്ദേശത്തിനുമിടയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പ്രതിബന്ധം പരലോകത്തിനുവേണ്ടി ഭൗതികതാല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ തയാറില്ല എന്നതാണ്. പലരും പരലോകത്തെയും മരണാനന്തര ജീവിതത്തെയും നിഷേധിക്കുകയാണ്. ചിലരെ സംബന്ധിച്ചേടത്തോളം പരലോകം ഉണ്ടാവാം, ഇല്ലെന്നും വരാം. എന്നാല്‍, ഈ ഭൗതികജീവിതം ഇപ്പോള്‍ നിസ്സംശയമായും തങ്ങളുടെ കൈവശത്തിലുള്ളതാണ്. ഉണ്ടോ ഇല്ലേ എന്നുറപ്പില്ലാത്ത, ഉണ്ടാവുകയാണെങ്കില്‍ തന്നെ ഏതോ അതിവിദൂരകാലത്തു മാത്രം ഉണ്ടാകുന്ന പരലോകത്തിനുവേണ്ടി കൈയിലുള്ള ഈ ജീവിതത്തിന്റെ സുഖങ്ങള്‍ വേണ്ടെന്നു വെക്കാന്‍ പറ്റില്ല. പരലോക വിശ്വാസത്തിലധിഷ്ഠിതമായ പ്രവാചക സന്ദേശങ്ങളാകട്ടെ, ഭൗതിക ജീവിതത്തെയും അതിലെ സുഖങ്ങളെയും സ്വാതന്ത്ര്യങ്ങളെയും നിയന്ത്രിക്കുന്നതാണ്. അതു കൈക്കൊള്ളാന്‍ തങ്ങളെ കിട്ടില്ല. അതിനാല്‍ അവര്‍ സന്മാര്‍ഗത്തില്‍നിന്ന് സ്വയം മാറിനില്‍ക്കുന്നു. ഒപ്പം തങ്ങള്‍ക്ക് കഴിയുന്നേടത്തോളം മറ്റുള്ളവരെ അതില്‍നിന്നു തടയുകയും ചെയ്യുന്നു. മറ്റുള്ളവരെല്ലാം ആ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ അതില്‍നിന്നു മാറിനില്‍ക്കുന്ന തങ്ങള്‍ ന്യൂനപക്ഷമാകും. അതു തങ്ങളുടെ ഭൗതികതാല്‍പര്യങ്ങള്‍ക്ക് ഹാനികരമാണ്. തങ്ങള്‍ ദുര്‍മാര്‍ഗികളായി തിരിച്ചറിയപ്പെടുകയും ചെയ്യും. കാലക്രമത്തില്‍ തങ്ങളും ആ സന്ദേശങ്ങള്‍ക്കും ശാസനകള്‍ക്കും വിധേയരാകേണ്ടിവരികയും ചെയ്യും. ഈ ആശയമാണ് وَيَصُدُّونَ عَن سَبِيلِ اللَّهِ എന്ന വാക്യത്തിലൂടെ ഉണര്‍ത്തുന്നത്. ഈ ദൈവിക മാര്‍ഗദര്‍ശനം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടിക്കാത്ത രൂപത്തില്‍ വളച്ചൊടിക്കാന്‍ കഴിയണമെന്നും അവരാഗ്രഹിക്കുന്നു. وَيَبْغُونَهَا عِوَجًاۚ   എന്നാണ് മൂലവാക്ക്. بغي എന്ന ക്രിയയുടെ വര്‍ത്തമാന ബഹുവചനമാണ് يبغون. بغي  ക്ക് തേടി എന്നും അതിക്രമിച്ചു എന്നും ഒരു സംഗതി ആഗ്രഹിച്ച് അതിനുവേണ്ടി പരിശ്രമിച്ചു എന്നും അര്‍ഥമുണ്ട്. മുഹമ്മദ് നബി അവതരിപ്പിക്കുന്ന മതം തങ്ങളുടെ പൂര്‍വപിതാക്കള്‍ ആരാധിച്ചുവന്ന ദൈവങ്ങളെ അംഗീകരിക്കുകയും പാരമ്പര്യ ആചാരങ്ങള്‍ ചോദ്യം ചെയ്യാതെ പിന്തുടരുകയും ചെയ്യുകയാണെങ്കില്‍ അതുമായി ഒത്തുതീര്‍പ്പിലെത്താമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി ചരടുവലികള്‍ നടത്തിനോക്കുകയും ചെയ്തിരുന്ന ഖുറൈശി പ്രമാണികളുടെ നിലപാടിനെയാണിവിടെ സൂചിപ്പിക്കുന്നത്. ഈ നിലപാടുകാര്‍ യഥാര്‍ഥത്തില്‍ സന്മാര്‍ഗത്തോടടുക്കുകയല്ല, അതില്‍നിന്ന് ബഹുദൂരം അകന്നു പോവുകയാണ് ചെയ്യുന്നത് - أُولَٰئِكَ فِي ضَلَالٍبَعِيدٍ . ഇത്തരക്കാര്‍ ആദ്യകാലത്ത് ഖുറൈശികളിലും യഹൂദരിലും ഉണ്ടായിരുന്നു. ഇസ്‌ലാം തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പിന്തുണക്കുന്ന, ചുരുങ്ങിയപക്ഷം അവയെ നിരാകരിക്കാതിരിക്കുകയെങ്കിലും ചെയ്യുന്ന ഒരു മതമായി മാറണമെന്നും അങ്ങനെ മുസ്‌ലിംകള്‍ വിശ്വാസാചാരങ്ങളില്‍ തങ്ങളുമായി ഐക്യപ്പെടേണമെന്നും ആഗ്രഹിക്കുന്ന മത-സാംസ്‌കാരിക വിഭാഗങ്ങള്‍ ഇന്നും എല്ലായിടത്തുമുണ്ട്. മത സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും വേഷത്തിലാണ് ഈ ആഗ്രഹം പ്രകടിതമാകുന്നത്. ദേശീയതയുടെയും സാംസ്‌കാരിക മുഖ്യധാരയുടെയും പേരില്‍ മുസ്‌ലിംകളില്‍ ചിലരും ഈ നിലപാടിനുവേണ്ടി വാദിക്കുന്നുണ്ട്. എന്നാല്‍, മതസഹിഷ്ണുതയും എല്ലാ ജനവിഭാഗങ്ങളുമായുള്ള സൗഹാര്‍ദപരമായ സഹവര്‍ത്തിത്വവും ഇസ്‌ലാം അനുശാസിച്ചിട്ടുള്ളതാണ്. അതിനു പക്ഷേ, ഇസ്‌ലാമിന്റെ മൗലികാദര്‍ശങ്ങളിലും അതിന്റെ അനിവാര്യ താല്‍പര്യമായ കര്‍മരീതികളിലും മായം ചേര്‍ക്കേണ്ട കാര്യമില്ല. ഇസ്‌ലാമിനു വിരുദ്ധമായ വിശ്വാസാചാരങ്ങളുമായി സമരസപ്പെടാന്‍ ഇസ്‌ലാമിന്റെ ആദര്‍ശ വിശ്വാസങ്ങള്‍ ഭേദഗതി ചെയ്യുന്നത് സഹിഷ്ണുതയല്ല, ആദര്‍ശവഞ്ചനയും അന്യര്‍ക്ക് സ്വയം അടിയറവെക്കലുമാണ്.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments