ഇബ്‌റാഹീം

സൂക്തങ്ങള്‍: 4

വാക്കര്‍ത്ഥം

നാം നിയോഗിച്ചിട്ടില്ല = وَمَا أَرْسَلْنَا

ദൂതനാല്‍(ഒരു പ്രവാചകനെയും) = مِن رَّسُولٍ

അവന്റെ ജനത്തിന്റെ ഭാഷകൊണ്ടല്ലാതെ (സ്വജനത്തിന്റെ ഭാഷയില്‍ പ്രബോധനം ചെയ്യാനായിട്ടല്ലാതെ) = قَوْمِهِ إِلَّا بِلِسَانِ

അദ്ദേഹം അവര്‍ക്ക് വെളിപ്പെടുത്താന്‍(സത്യം സുവ്യക്തമായി ബോധിപ്പിക്കേണ്ടതിനാണിത്) = لَهُمْۖ لِيُبَيِّنَ

എന്നിട്ട് അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുന്നു = مَن يَشَاءُ  اللَّهُ فَيُضِلُّ

അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്മാര്‍ഗമരുളുകയും ചെയ്യുന്നു = مَن يَشَاءُۚ وَيَهْدِي

അവന്‍ = وَهُوَ

അജയ്യനാകുന്നു = الْعَزِيزُ

യുക്തിമാ(നും ആകുന്നു)നായ = الْحَكِيمُ

وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْۖ فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُۚ وَهُوَ الْعَزِيزُ الْحَكِيمُ ﴿٤﴾

4.            സ്വജനത്തിന്റെ ഭാഷയില്‍ പ്രബോധനം ചെയ്യാനായിട്ടല്ലാതെ നാം ഒരു പ്രവാചകനെയും നിയോഗിച്ചിട്ടില്ല. അവരെ സത്യം സുവ്യക്തമായി ബോധിപ്പിക്കേണ്ടതിനാണിത്. എന്നിട്ട് അല്ലാഹു ഇഛിക്കുന്നവരെ വഴിതെറ്റിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് സന്മാര്‍ഗമരുളുകയും ചെയ്യുന്നു. അവന്‍ അജയ്യനും യുക്തിമാനുമല്ലോ.

4.            മുഹമ്മദ്‌നബിക്ക് വേദം അവതരിച്ചതിനെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചുമാണല്ലോ മുന്‍ സൂക്തങ്ങളില്‍ സംസാരിച്ചത്. തുടര്‍ന്ന് പ്രവാചകന്‍ അവരുടെ തന്നെ സമുദായക്കാരനും ഖുര്‍ആന്‍ അവരുടെ ഭാഷയിലും ആയതിനെക്കുറിച്ചു പറയുകയാണ്. മാര്‍ഗദര്‍ശകനും മാര്‍ഗദര്‍ശനവും അവര്‍ക്ക് സുപരിചിതവും സുഗ്രാഹ്യവുമായത് മാര്‍ഗദര്‍ശനമാഗ്രഹിക്കുന്നവര്‍ക്ക് അത് അനായാസം മനസ്സിലാക്കാന്‍ സാധിക്കുന്നതിനുവേണ്ടിയാണ്. അത് വാസ്തവത്തില്‍ അല്ലാഹു അവര്‍ക്ക് ചെയ്ത അനുഗ്രഹമാണ്. തങ്ങള്‍ക്ക് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു രക്ഷപ്പെടാന്‍ ഒരു വഴിയും വഴികാട്ടിയും നിശ്ചയിക്കപ്പെട്ടതിലടങ്ങിയ ദൈവകാരുണ്യം മനസ്സിലാക്കി അല്ലാഹുവിനോട് നന്ദികാണിക്കുകയാണവര്‍ ചെയ്യേണ്ടത്. മാര്‍ഗദര്‍ശനത്തിന്റെ പേരിലുള്ള നന്ദിപ്രകടനം ആ മാര്‍ഗദര്‍ശനം യഥാവിധി പിന്‍പറ്റുകയാണ്.

പ്രബോധിതസമൂഹത്തിന്റെ ഭാഷയില്‍ തന്നെ പ്രബോധനം ചെയ്യുന്നവരായിട്ടാണ് അല്ലാഹു എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചത് എന്ന് ഉണര്‍ത്തുന്നതില്‍ എക്കാലത്തെയും ഇസ്‌ലാമികപ്രബോധകര്‍ക്ക് സുപ്രധാനമായ പാഠമുണ്ട്. ജനങ്ങള്‍ക്ക് അനായാസം ഗ്രഹിക്കാവുന്ന ഭാഷയിലും ശൈലിയിലുമായിരിക്കണം പ്രബോധന ദൗത്യം നിര്‍വഹിക്കുന്നത്. ദൈവികസന്ദേശത്തിന്റെ പ്രേക്ഷണം എത്ര ഉജ്വലമായ ഭാഷയിലായാലും സാധാരണക്കാരുടെ ഗ്രാഹ്യതക്കു വഴങ്ങുന്നതല്ലെങ്കില്‍ നിഷ്ഫലമാണ്. അനറബി സമൂഹങ്ങളില്‍ പ്രബോധനം നിര്‍വഹിക്കുന്നതിന് അവരുടെ ഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും തര്‍ജമകള്‍ ഉണ്ടായിരിക്കണം. ഈ വസ്തുത പൂര്‍വകാലത്ത് പലനാടുകളിലും വിസ്മൃതമാവുകയോ അവഗണിക്കപ്പെടുകയോ ചെയ്തിരുന്നു. അതിന്റെ ഫലമായി ജനസംഖ്യയില്‍ മുസ്‌ലിംകള്‍ക്കു ഗണ്യമായ പ്രാതിനിധ്യമുള്ള ചില ദേശഭാഷകള്‍ക്കുപോലും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും തര്‍ജമകള്‍ ഇന്നും അന്യമാകുന്നു. പ്രവാചകന്മാര്‍ക്ക് ശേഷം അവരുടെ ദൗത്യം ഏല്‍പിക്കപ്പെട്ടവരാണ് പില്‍ക്കാല പ്രബോധകന്മാര്‍. പ്രബോധനത്തിലും പ്രവാചകന്റെ മാതൃകയാണവര്‍ പിന്തുടരേണ്ടത്.

പ്രവാചകന്‍ വന്നതുകൊണ്ടും വേദമിറങ്ങിയതുകൊണ്ടും മാത്രം ജനങ്ങളെല്ലാവരും സത്യവിശ്വാസികളും സന്മാര്‍ഗികളുമാകണമെന്നില്ല. സന്മാര്‍ഗപ്രാപ്തിക്ക് അര്‍ഹതയുള്ളവരേ സന്മാര്‍ഗം പ്രാപിക്കൂ. മനുഷ്യര്‍ നന്നാവാനും ചീത്തയാവാനും അല്ലാഹു പ്രകൃതിപരമായ ചില വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. മനുഷ്യപ്രകൃതിയില്‍ നിക്ഷേപിച്ച സദ്‌ബോധം വളര്‍ത്തുക വഴി സത്യത്തിലും ധര്‍മത്തിലും താല്‍പര്യമുള്ള സ്വഭാവമാര്‍ജിച്ചവര്‍ പ്രവാചകനെയും ഖുര്‍ആനെയും കണ്ടെത്തുകയും പിന്തുടരുകയും ചെയ്യുന്നു. തങ്ങളിലെ സദ്‌ബോധത്തെ അടിച്ചമര്‍ത്തി, ഹിതാഹിതങ്ങള്‍ പരിഗണിക്കാതെ ഭൗതികാസക്തികള്‍ക്ക് പിമ്പേ പായുന്നവര്‍ സന്മാര്‍ഗം കണ്ടെത്താതിരിക്കുകയാണ് പ്രകൃതിനിയമം. സത്യാന്വേഷകര്‍ക്കും സത്യം കണ്ടെത്താന്‍ മാര്‍ഗദര്‍ശകനും പ്രമാണങ്ങളും വേണം. അതാണ് പ്രവാചക നിയോഗത്തിലൂടെയും വേദാവതരണത്തിലൂടെയും ഒരുക്കപ്പെട്ടിരിക്കുന്നത്. ഈ സജ്ജീകരണമില്ലെങ്കില്‍ സാഹചര്യങ്ങള്‍ സത്യാന്വേഷികളെയും അസത്യത്തിലേക്ക് നയിക്കും. സന്മാര്‍ഗം ആഗ്രഹിക്കുന്നവരും അത് ആഗ്രഹിക്കാത്തവരെപ്പോലെ ദുര്‍മാര്‍ഗത്തില്‍ പതിക്കുകയായിരിക്കും അതിന്റെ ഫലം. പ്രവാചകനും വേദവും വന്നതോടുകൂടി എങ്ങനെയുള്ളവര്‍ സന്മാര്‍ഗം പ്രാപിക്കണമെന്നാണോ അല്ലാഹു ഉദ്ദേശിച്ചത്, അവര്‍ ബോധപൂര്‍വം സന്മാര്‍ഗം പ്രാപിക്കുന്നു. എങ്ങനെയുള്ളവര്‍ ദുര്‍മാര്‍ഗികളാകണമെന്നാണോ അവന്‍ ഉദ്ദേശിച്ചത് അവര്‍ ദുര്‍മാര്‍ഗികളുമാകുന്നു. ഇതാണ് فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُۚ എന്ന വാക്യത്തിന്റെ താല്‍പര്യം. അല്ലാഹു അജയ്യനായ യുക്തിമാനാണ്. അവനു മീതെയോ അവനു തുല്യമോ യുക്തിജ്ഞനായി ആരുമില്ല. അവന്റെ നടപടികളേതും അത്യന്തം യുക്തിയുക്തമായിരിക്കും. അന്ധമായോ അയുക്തികമായോ അവന്‍ ആരെയും സന്മാര്‍ഗത്തിലോ ദുര്‍മാര്‍ഗത്തിലോ ആക്കുന്നില്ല. നേരത്തെ ഈ ദൃശവാക്യങ്ങള്‍ വന്നപ്പോഴും അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നതിന്റെയും ദുര്‍മാര്‍ഗത്തിലാക്കുന്നതിന്റെയും താല്‍പര്യം വിശദീകരിച്ചിട്ടുണ്ട്.

.... فَيُضِلُّ اللَّهُ  പോലുള്ള വാക്യങ്ങളെ വചനശാസ്ത്ര പണ്ഡിതന്മാര്‍ ഖദ്ര്‍ (വിധിവിശ്വാസം) നിഷേധത്തിന്റെ ഖണ്ഡനമായി ഉന്നയിക്കാറുണ്ട്. സന്മാര്‍ഗവും ദുര്‍മാര്‍ഗവും ആത്യന്തികമായി അല്ലാഹുവിങ്കല്‍നിന്ന് അവന്റെ നിശ്ചയപ്രകാരമാണ് ഉണ്ടാകുന്നതെന്ന് ഇത്തരം വാക്യങ്ങള്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. അതായത് ഓരോരുത്തരുടെയും യോഗ്യതയും തീരുമാനവുമനുസരിച്ച് അവര്‍ക്ക് സന്മാര്‍ഗമോ ദുര്‍മാര്‍ഗമോ വിധിക്കുന്നത് അല്ലാഹുവാണ്. സത്യം പ്രബോധനം ചെയ്യുക മാത്രമാണ് പ്രവാചകന്റെ ദൗത്യം. പ്രബോധിതര്‍ അത് സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്റെ വിധിയനുസരിച്ചാണ്. ഈ വീക്ഷണത്തിനനുകൂലമായി ഇമാം റാസി തന്റെ തഫ്‌സീറില്‍ ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്: അബൂബക്കറും ഉമറും(റ) ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ സംസാരിക്കുകയായിരുന്നു. ഇടക്കു രണ്ടുപേരുടെയും ശബ്ദമുയര്‍ന്നു. അതുകേട്ട് നബി(സ) എന്താണ് കാര്യമെന്നന്വേഷിച്ചു. ചിലര്‍ പറഞ്ഞു: 'തിരുദൂതരേ, അബൂബക്കര്‍ പറയുന്നു നന്മകളെല്ലാം അല്ലാഹുവിങ്കല്‍നിന്നുള്ളതും തിന്മകളെല്ലാം നമ്മില്‍നിന്നുമാണെന്ന്. രണ്ടും അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു എന്നാണ് ഉമറിന്റെ വാദം. ആളുകളില്‍ ചിലര്‍ അബൂബക്കറിനെയും ചിലര്‍ ഉമറിനെയും പിന്തുണക്കുന്നു.' നബി(സ) അബൂബക്കറിനോട് അദ്ദേഹത്തിന്റെ വാദം വിശദീകരിക്കാനാവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ മുഖത്തുനിന്നുതന്നെ അത് മനസ്സിലാക്കി. അനന്തരം ഉമറിനോടും അപ്രകാരം ആവശ്യപ്പെട്ടു. ഉമര്‍ തന്റെ നിലപാടും വിശദീകരിച്ചു. അപ്പോള്‍ നബി(സ)യുടെ മുഖത്ത് പ്രസന്നത പ്രകടമായി. ഒടുവില്‍ തിരുമേനി പറഞ്ഞു: 'ഇസ്‌റാഫീല്‍ ജിബ്‌രീലിനും മീകാഈലിനുമിടയില്‍ വിധിച്ചത് ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധിക്കുന്നു. ഓ, ഉമര്‍ നിങ്ങള്‍ വാദിച്ചതുപോലെയായിരുന്നു ജിബ്‌രീലിന്റെ വാദം. അബൂബക്കറേ, നിങ്ങള്‍ വാദിച്ചപോലെ മീക്കാഈലും വാദിച്ചു. ഇസ്‌റാഫീല്‍ വിധിച്ചതിങ്ങനെ: വിധി നന്മയുടേതും തിന്മയുടേതുമെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. ഇതാണ് നിങ്ങള്‍ക്കിടയിലുള്ള എന്റെ വിധിയും' (തഫ്‌സീറുര്‍റാസി വാ. 19, പേജ് 80). മനുഷ്യന് നന്മയും തിന്മയും ആഗ്രഹിക്കാം. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യാം. എന്നാല്‍, അല്ലാഹു നിശ്ചയിച്ചുവെച്ച നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ചേ അത് യാഥാര്‍ഥ്യമാവുകയുള്ളൂ. അഹ്‌ലുസ്സുന്നത്തിന്റെ വചന ശാസ്ത്രകാരന്മാര്‍ ഈ ആശയം അവതരിപ്പിക്കുന്നതിങ്ങനെയാണ്:

''അടിമയില്‍നിന്ന് കര്‍മമുളവാകുന്നതിലെ പ്രഥമ പ്രചോദകനും ഇല്ലായ്മയുടെ വശത്തേക്കാള്‍ ഉണ്മയുടെ വശത്തിന് മുന്‍ഗണന നല്‍കുന്നതും അല്ലാഹുവാകുന്നു.''

അല്ലാഹു മനുഷ്യനില്‍ കുഫ്‌റ് (സത്യനിഷേധം) സൃഷ്ടിക്കുമെന്ന അര്‍ഥത്തില്‍ ഈ സൂക്തത്തെ മനസ്സിലാക്കാന്‍ പറ്റില്ലെന്ന് ഇമാം റാസിയും പ്രസ്താവിച്ചിരിക്കുന്നു.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments