ഇബ്‌റാഹീം

സൂക്തങ്ങള്‍: 7-9

വാക്കര്‍ത്ഥം

നിങ്ങളുടെ നാഥന്‍ അറിയിച്ചത്(മുന്നറിയിപ്പു നല്‍കിയതും) സ്മരിക്കുവിന്‍ = رَبُّكُمْ وَإِذْ تَأَذَّنَ

നിങ്ങള്‍ നന്ദിയുള്ളവരായെങ്കില്‍ = لَئِن شَكَرْتُمْ

ഞാന്‍ നിങ്ങള്‍ക്ക് അധികരിപ്പിക്കും(നിങ്ങളെ കൂടുതല്‍ അനുഗ്രഹിച്ചുകൊണ്ടിരിക്കും) = لَأَزِيدَنَّكُمْۖ

നിങ്ങള്‍ നന്ദികെട്ടവരായെങ്കില്‍(ലോ) = وَلَئِن كَفَرْتُمْ

തീര്‍ച്ചയായും എന്റെ ശിക്ഷ = إِنَّ عَذَابِي

(അതി)കഠിനം തന്നെയാകുന്നു = لَشَدِيدٌ

മൂസ പ്രസ്താവിച്ചു = مُوسَىٰ وَقَالَ

നിങ്ങള്‍ നന്ദികെട്ടവരായാല്‍, നിഷേധിക്കുകയാണെങ്കില്‍ = أَنتُمْ إِن تَكْفُرُوا

(എന്നല്ല) ഭൂമിയിലുള്ളവരൊന്നടങ്കം(നന്ദികെട്ടവരാവുകയാണെങ്കിലും) = وَمَن فِي الْأَرْضِ جَمِيعًا

തീര്‍ച്ചയായും അല്ലാഹു ധന്യന്‍ (തന്നില്‍ തന്നെ എല്ലാം തികഞ്ഞവന്‍) ആകുന്നു = لَغَنِيٌّ فَإِنَّ اللَّهَ

സ്തുതീയ(നും)നായ = حَمِيدٌ

നിങ്ങള്‍ക്ക് വന്നിട്ടി(ലഭിച്ചി)ല്ലെയോ = أَلَمْ يَأْتِكُمْ

നിങ്ങള്‍ക്കു മുമ്പുള്ള(കടന്നുപോയ)വരുടെ വാര്‍ത്ത(ചരിത്രം)  = الَّذِينَ مِن قَبْلِكُمْ نَبَأُ

നൂഹിന്റെ ജനതയുടെ = قَوْمِ نُوحٍ

ആദിന്റെയും സമൂദിന്റെയും(വര്‍ഗങ്ങളുടെയും)  = وَثَمُودَۛ وَعَادٍ

അവര്‍ക്കുശേഷമുള്ളവരു(വന്ന നിരവധി സമുദായങ്ങളു)ടെയും = وَالَّذِينَ مِن بَعْدِهِمْۛ

അവരെ(അവരുടെ എണ്ണം) അറിയുന്നില്ല(അറിയാം) = لَا يَعْلَمُهُمْ

അല്ലാഹു ഒഴികെ(അല്ലാഹുവിനുമാത്രം) = إِلَّا اللَّهُۚ

അവര്‍ക്കുവന്നു(അവരെ സമീപിച്ചപ്പോള്‍) = جَاءَتْهُمْ

അവരുടെ ദൈവദൂതന്മാര്‍     = رُسُلُهُم

(സുവ്യക്തമായ) തെളിവുകളുമായി = بِالْبَيِّنَاتِ

അവര്‍ മടക്കി, തള്ളി = فَرَدُّوا

അവരുടെ(സ്വന്തം) കരങ്ങളെ = أَيْدِيَهُمْ

അവരുടെ വായകളില്‍ = فِي أَفْوَاهِهِمْ

അവര്‍ ഘോഷിച്ചു = وَقَالُوا

തീര്‍ച്ചയായും ഞങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു = إِنَّا كَفَرْنَا

നിങ്ങള്‍(ളിലൂടെ)അയക്കപ്പെട്ടത്(സന്ദേശം) = بِمَا أُرْسِلْتُم بِهِ

തീര്‍ച്ചയായും ഞങ്ങള്‍ = وَإِنَّا

സംശയത്തില്‍ തന്നെയാകുന്നു = لَفِي شَكٍّ

നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നതെന്തിലേക്കാണോ അതില്‍(നിങ്ങള്‍ പ്രബോധനം ചെയ്യുന്ന പ്രമാണത്തെക്കുറിച്ച്)

= مِّمَّا تَدْعُونَنَا إِلَيْهِ

സംശയിപ്പിക്കുന്ന(ഗുരുതരമായ)  = مُرِيبٍ

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾ وَقَالَ مُوسَىٰ إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّهَ لَغَنِيٌّ حَمِيدٌ ﴿٨﴾

أَلَمْ يَأْتِكُمْ نَبَأُ الَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَۛ وَالَّذِينَ مِن بَعْدِهِمْۛ لَا يَعْلَمُهُمْ إِلَّا اللَّهُۚ جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرَدُّوا أَيْدِيَهُمْ فِي أَفْوَاهِهِمْ وَقَالُواإِنَّا كَفَرْنَا بِمَا أُرْسِلْتُم بِهِ وَإِنَّا لَفِي شَكٍّ مِّمَّا تَدْعُونَنَا إِلَيْهِ مُرِيبٍ ﴿٩﴾

7.            നിങ്ങളുടെ നാഥന്‍ മുന്നറിയിപ്പു നല്‍കിയതും സ്മരിക്കുവിന്‍: നന്ദിയുള്ളവരായെങ്കില്‍ ഞാന്‍ നിങ്ങളെ കൂടുതല്‍ അനുഗ്രഹിച്ചുകൊണ്ടിരിക്കും. നന്ദി കെട്ടവരായാലോ, എന്റെ ശിക്ഷ കഠിനം തന്നെയായിരിക്കും.

8.            മൂസാ പ്രസ്താവിച്ചു: നിങ്ങള്‍ എന്നല്ല; ഭൂമുഖത്തുള്ളവരൊന്നടങ്കം നന്ദികെട്ടവരായാലും അല്ലാഹു തന്നില്‍ തന്നെ എല്ലാം തികഞ്ഞവനും സ്തുതീയനുമാകുന്നു.

9.            മുമ്പ് കടന്നുപോയവരുടെ ചരിത്രം നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെയോ? നൂഹ് ജനതയുടെയും ആദ്-സമൂദ് വര്‍ഗങ്ങളുടെയും അവര്‍ക്കുശേഷം വന്ന നിരവധി സമുദായങ്ങളുടെയും- അവരുടെ എണ്ണം അല്ലാഹുവിനു മാത്രമേ അറിയൂ- സുവ്യക്തമായ തെളിവുകളുമായി ദൈവദൂതന്‍ സമീപിച്ചപ്പോള്‍ അവര്‍ സ്വന്തം കരങ്ങള്‍ വായില്‍ തള്ളി. അവര്‍ ഘോഷിച്ചു: നിങ്ങളിലൂടെ അയക്കപ്പെട്ട സന്ദേശം ഞങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രബോധനം ചെയ്യുന്ന പ്രമാണത്തെക്കുറിച്ച് ഞങ്ങള്‍ ഗുരുതരമായ സംശയത്തില്‍ തന്നെയാകുന്നു.

7.            إذنല്‍നിന്ന് നിഷ്പാദിതമാകുന്ന ക്രിയാപദങ്ങളില്‍ പെട്ടതാണ് أذن യും تأذن യും. അനുമതിയാണ് إذن. അറിയിപ്പ്, കല്‍പന തുടങ്ങിയ പ്രയോഗാര്‍ഥങ്ങളുമുണ്ട്. വിളംബരം ചെയ്തു, മുന്നറിയിപ്പു നല്‍കി എന്നാണ് ഇവിടെ تأذن യുടെ അര്‍ഥം. ഉപരി സൂചിത പ്രഭാഷണത്തില്‍ മൂസാ നബി ഭൂതകാലത്ത് ഇസ്‌റാഈല്യര്‍ക്കുണ്ടായ യാതനകളും ഇപ്പോഴുണ്ടായിരിക്കുന്ന മോചനവും ഈ മോചനത്തിന്, അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാനുള്ള അവരുടെ ബാധ്യതയും ഓര്‍മിപ്പിച്ച ശേഷം പറയുകയാണ്: ഇതു ഞാന്‍ എന്റെ ഒരഭിപ്രായമോ നിഗമനമോ പറയുകയല്ല; നിങ്ങളുടെ വിധാതാവായ അല്ലാഹു നേരിട്ടു തന്നെ അറിയിച്ചിട്ടുള്ളതാണ്. നിങ്ങള്‍ എന്റെ വിധിവിലക്കുകളും ധര്‍മശാസനകളും അനുസരിച്ചുകൊണ്ട് കൂറുള്ള ദാസന്മാരായി വാഴുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ എണ്ണവും വണ്ണവും ശക്തിയും സമ്പത്തും വര്‍ധിപ്പിച്ചു തന്നുകൊണ്ടേയിരിക്കും. എന്റെ കാരുണ്യവും ഔദാര്യവും നിങ്ങളില്‍ സവിശേഷം ചൊരിഞ്ഞുകൊണ്ടിരിക്കും. എന്നാല്‍, എന്നോട് നന്ദികെട്ടവരും കൂറില്ലാത്തവരുമായി എന്റെ വിധിവിലക്കുകള്‍ ധിക്കരിച്ചു ചെകുത്താന്റെ മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ ഓര്‍ത്തുകൊള്ളുക, എന്റെ ശിക്ഷാ നടപടിയും വളരെ കൊടൂരമായിരിക്കും. ഈ സൂക്തം അവതരിച്ചകാലത്തെ ഇസ്‌റാഈല്യരെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയാണിക്കാര്യം അവരെ നേരിട്ട് സംബോധന ചെയ്തുകൊണ്ട് പറയുന്നത്. ഈ മുന്നറിയിപ്പിനെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അന്നത്തെ അവരുടെ അവസ്ഥ.

8.            അല്ലാഹുവിനോട് നന്ദിയും കൂറുമുള്ളവരായിരിക്കാന്‍ ഉപദേശിക്കുന്നതോടൊപ്പം മൂസാ(അ) ജനങ്ങളെ ഉണര്‍ത്തുകയാണ്: നിങ്ങളുടെ നന്ദികൊണ്ടും കൂറുകൊണ്ടും അല്ലാഹുവിന് എന്തെങ്കിലും നേടാനുള്ളതുകൊണ്ടല്ല അവന്‍ നിങ്ങളോടതാവശ്യപ്പെടുന്നത്. നിങ്ങള്‍ അനുസരിക്കുകയോ ആരാധിക്കുകയോ ചെയ്യാതിരുന്നതുകൊണ്ട് അവന്റെ ഔന്നത്യത്തിനും മഹത്വത്തിനും ഒരു കുറവുമുണ്ടാകുന്നില്ല. തന്നില്‍ തന്നെ എല്ലാം തികഞ്ഞവനാണല്ലാഹു. ഒരു കാര്യത്തിലും ആരുടെയും ആശ്രയം അവന്നാവശ്യമില്ല. നിങ്ങള്‍ സ്തുതിച്ചാലും ഇല്ലെങ്കിലും അവന്റെ സ്തുതീയത അന്യൂനം നിലനില്‍ക്കും. അല്ലാഹുവിനെ അനുസരിക്കുന്നതുകൊണ്ട് നേട്ടങ്ങളുണ്ടാകുന്നത് നിങ്ങള്‍ക്കുതന്നെയാണ്. അവനെ സ്തുതിക്കുന്നതുകൊണ്ട് ഔന്നത്യവും മഹത്വവുമാര്‍ജിക്കുന്നതും നിങ്ങള്‍ തന്നെയാണ്.

9.            മൂസാനബിയുടെ വാക്കുകള്‍ കഴിഞ്ഞ സൂക്തത്തോടെ അവസാനിച്ചു. ഇവിടം മുതല്‍ മക്കയിലുള്ള പ്രവാചകന്റെ പ്രതിയോഗികളെയും വിശ്വാസികളെയും നേരിട്ട് അഭിസംബോധന ചെയ്യുകയാണ്. മൂസാ നബിയുടേത് ഒറ്റപ്പെട്ട ഉദാഹരണമല്ല. കഴിഞ്ഞുപോയ എല്ലാ സമുദായങ്ങളിലേക്കും അല്ലാഹു പ്രബോധകന്മാരെ നിയോഗിച്ചിട്ടുണ്ട്.    وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ  (ഒരു മുന്നറിയിപ്പുകാരന്‍ കഴിഞ്ഞുപോകാതെ ഒറ്റ സമുദായവുമില്ല - ഫാത്വിര്‍: 24).

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَۗ

(നിനക്കുമുമ്പ് നാം ധാരാളം പ്രവാചകന്മാരെ അയച്ചിട്ടുണ്ടായിരുന്നു. അവരില്‍ ചിലരുടെ കഥകള്‍ നാം നിനക്കു പറഞ്ഞു  തന്നിരിക്കുന്നു. നാം നിനക്കു പറഞ്ഞു തന്നിട്ടില്ലാത്തവരും അക്കൂട്ടത്തില്‍ ഏറെയുണ്ട് - ഗാഫിര്‍: 78). ഇങ്ങനെ പ്രവാചകന്മാര്‍ വന്നു പ്രബോധനം ചെയ്ത പൂര്‍വ സമുദായങ്ങളുടെ ചരിത്രമൊന്നും നിങ്ങള്‍ കേട്ടിട്ടില്ലേ എന്നാണ് ചോദിക്കുന്നത്. തുടര്‍ന്ന് നൂഹ് ജനതയെയും ആദ് സമൂദ് ഗോത്രങ്ങളെയും പരാമര്‍ശിക്കുന്നു. നൂഹ് ജനതയുടെ കഥ ഇന്നെന്നപോലെ അന്നും ലോകപ്രസിദ്ധമാണ്. നാഗരിക സമൂഹങ്ങളില്‍ അതുകേള്‍ക്കാത്തവരുണ്ടാവില്ല. ആദ് സമൂദ് ഗോത്രങ്ങളുടെ ചരിത്രം അത്രത്തോളം പ്രസിദ്ധമല്ലെങ്കിലും അറേബ്യന്‍ ജനതയെ സംബന്ധിച്ചേടത്തോളം സുവിദിതമായിരുന്നു. അറേബ്യന്‍ പ്രദേശത്തായിരുന്നു അവരുടെ ആവാസകേന്ദ്രം. ഇവരല്ലാതെയും നിരവധി സമുദായങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയിലും പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ടായിരുന്നു. അവയുടെ എണ്ണം എത്രയെന്നോ ഏതൊക്കെയെന്നോ അല്ലാഹുവിനു മാത്രമേ അറിയൂ.

പൂര്‍വകാലത്തുണ്ടായിരുന്ന ഒട്ടനവധി സമുദായങ്ങള്‍ കുറ്റിയറ്റു പോകാനുണ്ടായ കാരണമാണ് തുടര്‍ന്ന് പറയുന്നത്. ആ സമുദായങ്ങളെല്ലാം സത്യത്തില്‍നിന്നും ധര്‍മത്തില്‍നിന്നും അകന്നുപോയി. അപ്പോള്‍ അവരെ സത്യമാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി അല്ലാഹു പ്രവാചകന്മാരെ അയച്ചു. അവരോടൊപ്പം, അവര്‍ ദൈവത്താല്‍ നിയുക്തരാണ് എന്നതിനുള്ള തെളിവുകളും സത്യപ്രമാണങ്ങളും അയച്ചിട്ടുണ്ടായിരുന്നു. പക്ഷേ, പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത സത്യസന്ദേശം തള്ളിക്കളഞ്ഞുകൊണ്ട് തങ്ങള്‍ അനുവര്‍ത്തിക്കുന്ന അസത്യത്തിലും അധര്‍മത്തിലും അക്രമങ്ങളിലും കൂടുതല്‍ ധിക്കാരത്തോടെ മുന്നോട്ടു പോവുകയാണവര്‍ ചെയ്തത്. فَرَدُّوا أَيْدِيَهُمْ فِي أَفْوَاهِهِمْ  എന്ന മൂലവാക്യത്തിന് പണ്ഡിതന്മാര്‍ പലരീതിയിലാണ് അര്‍ഥം കല്‍പിച്ചിട്ടുള്ളത്. പ്രവാചകന്മാരുടെ സന്ദേശം കേട്ടപ്പോള്‍ പരിഹാസപൂര്‍വം വാപൊത്തിച്ചിരിച്ചു എന്നു ചിലര്‍. അദ്ഭുതപ്പെട്ട് വാ മൂടി നിന്നു എന്നു വേറെ ചിലര്‍. ദേഷ്യം കൊണ്ട് വിരല്‍കടിച്ചു എന്നു ഇനിയുമൊരുകൂട്ടര്‍. പ്രവാചകന്മാരെ പറയാനനുവദിക്കാതെ, അവരുടെ വായ്മൂടി എന്നും ചിലര്‍ അര്‍ഥം കല്‍പിച്ചിരിക്കുന്നു. എല്ലാ അര്‍ഥങ്ങളുടെയും സാരാംശം, അവര്‍ പ്രവാചകന്മാരെ അനുസരിക്കാന്‍ തയാറായില്ല എന്നു തന്നെ. ആവര്‍ത്തിച്ചു മടക്കി എന്ന അര്‍ഥത്തിലും رد ഉപയോഗിക്കും. ഇവിടെ അര്‍ഥം അതാണെന്നും പ്രവാചകന്മാര്‍ സംസാരിക്കുമ്പോഴൊക്കെ ജനം അവരുടെ വായടക്കാന്‍ ശ്രമിച്ചിരുന്നു എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ കൊണ്ടുവന്ന സന്ദേശം ഞങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് അവര്‍ പ്രവാചകന്മാരോട് തുറന്നുപറയുകയും ചെയ്തു. നിങ്ങളുടെ പ്രബോധനം ഉള്‍ക്കൊള്ളാനേ ഞങ്ങള്‍ക്കു പറ്റുന്നില്ല. ഗുരുതരമായ പല സന്ദേഹങ്ങളും ഞങ്ങള്‍ക്കതേക്കുറിച്ചുണ്ട്. شَكٍّ مِّمَّا تَدْعُونَنَا إِلَيْهِ مُرِيبٍ  എന്നാണ് മൂലവാക്യം. 'ശക്കി'ന്റെയും 'മുരീബി'ന്റെയും അര്‍ഥം ഒന്നു തന്നെയാണ്. സംശയം സങ്കീര്‍ണവും ഗുരുതരവുമാണ് എന്ന് ധ്വനിപ്പിക്കുന്നതിനുവേണ്ടിയാണ് ശക്കിനെ മുരീബ് എന്ന് വിശേഷിപ്പിച്ചത്. ....... إِنَّا كَفَرْنَا  എന്നവാക്യത്തിന്റെ മറ്റൊരു ഭാഷ്യമാണ് ...... وَإِنَّا لَفِي شَكٍّ എന്ന വാക്യം. എങ്കിലും പ്രവാചകന്മാരുടെ സന്ദേശം നിഷേധിക്കുന്നത്, ഞങ്ങള്‍ക്കത് ബോധ്യപ്പെടാത്തതുകൊണ്ടാണ് എന്നൊരു ന്യായം കൂടി രണ്ടാം ഭാഷ്യം ഉള്‍ക്കൊള്ളുന്നുണ്ട്. ന്യായവാദത്തിനു മുമ്പില്‍ ഞങ്ങള്‍ നിങ്ങളുടെ ആദര്‍ശത്തെ തീര്‍ത്തും നിഷേധിക്കുന്നു എന്നു പറയാന്‍ അവര്‍ക്കു കഴിയില്ല. അതുകൊണ്ട്, ഗുരുതരമായ സംശയങ്ങളുള്ളതിനാല്‍ ഞങ്ങള്‍ക്കത് സ്വീകരിക്കാന്‍ നിര്‍വാഹമില്ല എന്നു പറയുകയാണ്. അപ്പോഴും ഞങ്ങള്‍ നിഷേധിക്കുന്നു എന്നുതന്നെയാണ് താല്‍പര്യം. ഈ സംശയപരാമര്‍ശം ഒരര്‍ഥത്തില്‍ ശരിയുമാണ്. ഒരുവശത്ത് ഭൗതിക പ്രമത്തതയിലും പാരമ്പര്യ പ്രേമത്തിലും അധിഷ്ഠിതമായ അനിയന്ത്രിത ജീവിതത്തോടുള്ള പ്രതിപത്തി. മറുവശത്ത് പ്രവാചകന്മാര്‍ പ്രചരിപ്പിക്കുന്ന സന്ദേശം അടിസ്ഥാനപരമായി ശരിയും സത്യവുമാണെന്ന സ്വന്തം മനസാക്ഷിയുടെ ഉണര്‍ത്തല്‍. ഇതുരണ്ടും അവിശ്വാസികളുടെ മനസ്സില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. സത്യവിശ്വാസി വിശ്വാസത്തിലൂടെ മനസ്സമാധാനവും സംതൃപ്തിയും നേടുമ്പോള്‍, അവിശ്വാസിയും അന്ധവിശ്വാസിയും നേടുന്നത് മാനസികമായ അസ്വസ്ഥതയും അസംതൃപ്തിയുമാണ്. ഭൗതികത്വത്തിനും പാരമ്പര്യ പ്രേമത്തിനും മേല്‍ക്കൈ നിലനില്‍ക്കുന്നിടത്തോളം അവര്‍ അവിശ്വാസത്തില്‍ തന്നെ തുടരുന്നു.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments