ഇബ്‌റാഹീം

സൂക്തങ്ങള്‍: 14-17

വാക്കര്‍ത്ഥം

നിങ്ങളെ നാം അധിവസിപ്പിക്കുകയും ചെയ്യും = وَلَنُسْكِنَنَّكُمُ

ഭൂമിയി(ഈനാട്ടി)ല്‍ = الْأَرْضَ

അവര്‍ക്കു ശേഷം = مِن بَعْدِهِمْۚ

അതത്രെ(സമ്മാനം)  = ذَٰلِكَ

ഭയപ്പെട്ടവന് = لِمَنْ خَافَ

എന്റെ സ്ഥാനം(എന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന്) = مَقَامِي

ഭയപ്പെട്ടവനും = وَخَافَ

എന്റെ താക്കീതുകളെ = وَعِيدِ

(അവര്‍ വിജയത്തിന് ദൈവസഹായം തേടി) വിജയം തേടി = وَاسْتَفْتَحُوا

തോറ്റുപോയി, ഭഗ്നാശരായി = وَخَابَ

സ്വേഛാപ്രമത്തരൊക്കെയും = كُلُّ جَبَّارٍ

ശഠന്മാരായ = عَنِيدٍ

അതിനുശേഷം (അവര്‍ക്ക് ഉള്ളത്)  = مِّن وَرَائِهِ

നരകമാകുന്നു = جَهَنَّمُ

അവിടെ അവര്‍ കുടിപ്പിക്കപ്പെടുന്നു = وَيُسْقَىٰ

ചലമായ വെള്ളം (ചീഞ്ചലനീര്) = صَدِيدٍ مِن مَّاءٍ

അതവന്‍ (കടിച്ച്) ഇറക്കുന്നു (ഇറക്കേണ്ടി വരുന്നു) = يَتَجَرَّعُهُ

അതവന്‍ ഇറക്കാറായിട്ടില്ല(വളരെ ക്ലേശിച്ച്) = وَلَا يَكَادُ يُسِيغُهُ

അവന്റെ അടുത്തു വരുന്നു(വലയം ചെയ്യുന്നു) = وَيَأْتِيهِ

മരണം = الْمَوْتُ

എല്ലാ ഭാഗത്തുനിന്നും = مِن كُلِّ مَكَانٍ

അവന്‍ അല്ല(അവനൊട്ട് ഇല്ല) = وَمَا هُوَ بِمَيِّتٍۖ

മൃതദേഹം(മരിക്കുന്നും) = بِمَيِّتٍ

അതിന്റെ പിന്നില്‍(അതിനുശേഷവും)ഉണ്ട് = وَمِن وَرَائِهِ

ശിക്ഷ = عَذَابٌ

ഘോരമായ = غَلِيظٌ

وَلَنُسْكِنَنَّكُمُ الْأَرْضَ مِن بَعْدِهِمْۚذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ ﴿١٤﴾ وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ ﴿١٥﴾ مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُوَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ ﴿١٧﴾

14.          അവര്‍ക്കുശേഷം ഈ നാട്ടില്‍ നിങ്ങളെ അധിവസിപ്പിക്കുകയും ചെയ്യും. എന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്നു ഭയപ്പെടുന്നവര്‍ക്കും എന്റെ താക്കീതുകളെ ഭയപ്പെടുന്നവര്‍ക്കുമുള്ള സമ്മാനമത്രെ അത്.

15.          അവര്‍ വിജയം തേടി. എന്നാല്‍ ശഠന്മാരായ സ്വേച്ഛാപ്രമത്തരൊക്കെയും തോറ്റുപോയി.

16.          അതിനു ശേഷം അവര്‍ക്കുള്ളത് നരകമാകുന്നു. അവിടെ അവര്‍ ചീഞ്ചലനീര് കുടിപ്പിക്കപ്പെടുന്നു.

17.          അതവന്‍ വളരെ ക്ലേശിച്ച് കടിച്ചിറക്കേണ്ടി വരുന്നു. നാനാഭാഗത്തുനിന്നും മരണം അവനെ വലയം ചെയ്യുന്നു. എന്നാല്‍ അവനൊട്ടു മരിക്കുന്നുമില്ല. അതിനുശേഷവും ഘോരമായ ശിക്ഷയുണ്ട്.

14.          ജാഹിലിയ്യത്തിന്റെ തലവന്മാരുടെ ഭീഷണിക്കു മുമ്പില്‍ അല്ലാഹു പ്രവാചകന്മാര്‍ക്കും അനുയായികള്‍ക്കും നല്‍കുന്ന സാന്ത്വന സന്ദേശമാണ് فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ ﴿١٣﴾ وَلَنُسْكِنَنَّكُمُ الْأَرْضَ مِن بَعْدِهِمْۚذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ  എന്ന വചനങ്ങള്‍. ഇവരുടെ ഭീഷണികള്‍ കേട്ട് സത്യപ്രബോധകര്‍ ഭയപ്പെടരുത്. അധര്‍മികള്‍ക്കും അക്രമികള്‍ക്കും ഈ ലോകത്ത് ശാശ്വതമായ നിലനില്‍പില്ല. സത്യത്തിലേക്കും ധര്‍മത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി അസത്യത്തിലൂടെ തന്നെ മുന്നോട്ടു പോകുന്ന ധര്‍മധിക്കാരികളെ ഒരു പരിധി കഴിഞ്ഞാല്‍ നശിപ്പിച്ചു കളയുക എന്നതാണ് അല്ലാഹുവിന്റെ നിയമം. ചരിത്രത്തില്‍, അതിശക്തരും കെങ്കേമരുമായി വാണ എത്രയോ സമുദായങ്ങള്‍ അങ്ങനെ നശിച്ചുപോയിട്ടുണ്ട്. അവരുടെ സ്ഥാനത്ത് അവരാല്‍ നിന്ദിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തിരുന്ന പീഡിതര്‍ അധിവാസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചരിത്രമാണ് നിങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. അക്രമകാരികള്‍ നിങ്ങളെ ആട്ടിപ്പായിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അതേ ദേശത്തുനിന്ന് അല്ലാഹു അവരെ തുടച്ചു നീക്കുകയും പകരം നിങ്ങളെ അധിവസിപ്പിക്കുകയും ചെയ്യും. പ്രവാചന്മാര്‍ക്കും അവരില്‍ വിശ്വസിച്ചവര്‍ക്കും അല്ലാഹു നല്‍കുന്ന സമ്മാനമാണത്. അല്ലാഹുവിന്റെ മുമ്പില്‍ ചെന്നുനിന്ന് ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും അവന്റെ താക്കീതുകളെല്ലാം യാഥാര്‍ഥ്യമായി പുലരുമെന്നും ഉള്ള ഉത്തമബോധ്യത്തോടെ ജീവിച്ചവര്‍ക്ക് മാത്രമാണീ സമ്മാനം ലഭിക്കുക.  مَقَامِي യുടെ ഭാഷാര്‍ഥം എന്റെ സ്ഥാനം, ഞാന്‍ നില്‍ക്കുന്നിടം എന്നാണ്. പദവി, അവസ്ഥ, അസ്തിത്വം തുടങ്ങിയ അര്‍ഥങ്ങളിലും ഉപയോഗിക്കും.  لِمَنْ خَافَ مَقَامِي എന്നാല്‍, 'എന്റെ അവസ്ഥയെ, പദവിയെ ഭയപ്പെടുന്നവര്‍ക്ക്' എന്ന അര്‍ഥമാവാം. ഈ അര്‍ഥത്തിലാണ് സൂറ അര്‍റഹ്മാന്‍: 46-ാം സൂക്തത്തില്‍ وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ  -തന്റെ നാഥന്റെ മഖാമിനെ ഭയപ്പെട്ടവന് രണ്ടു സ്വര്‍ഗമുണ്ട്- എന്ന് പ്രസ്താവിച്ചിട്ടുള്ളത്. خافني (എന്നെ ഭയപ്പെട്ടു) എന്നു പറയുന്നതിന്റെയും خَافَ مَقَامِي (എന്റെ അവസ്ഥയെ ഭയപ്പെട്ടു) എന്നു പറയുന്നതിന്റെയും അര്‍ഥം ഒന്നുതന്നെയാണെങ്കിലും രണ്ടാമത്തേതിന് കൂടുതല്‍ അര്‍ഥ ഗാംഭീര്യവും വ്യാപ്തിയുമുണ്ട്. അസത്യവും അധര്‍മവും ആചരിച്ചാല്‍ ഇഹത്തിലും പരത്തിലും നേരിടേണ്ടി വരുന്ന നാശഫലങ്ങളെ സംബന്ധിച്ച് അല്ലാഹു അവന്റെ ദൂതന്മാരിലൂടെ നല്‍കിയ മുന്നറിയിപ്പുകളാണ് ഇവിടെ പരാമര്‍ശിക്കുന്ന  وَعِيدِ . മനുഷ്യജീവിതം കണിശമായി വിചാരണ ചെയ്ത ശേഷമാണ് പരലോകത്ത് ഈ ഫലങ്ങള്‍ പ്രകടമാവുക. ഈ പശ്ചാത്തലത്തില്‍  لِمَنْ خَافَ مَقَامِي  എന്ന വാക്കിന്റെ താല്‍പര്യം, വിചാരണാ വിഷയത്തില്‍ അവന്റെ നിലപാടിനെ ഭയപ്പെടുന്നവര്‍ എന്നോ, വിചാരണക്കുവേണ്ടി അവന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നവര്‍ എന്നോ ആണെന്ന് പണ്ഡിതന്മാര്‍ പൊതുവില്‍ കരുതുന്നു.

15-17.   തുറസ്സ്, വിജയം, തീരുമാനം, മോചനം എന്നീ അര്‍ഥങ്ങളുള്ള فتح നിന്നുള്ളതാണ് استفتحوا. അവര്‍ فتح തേടി എന്ന്. ഇതിലെ 'അവര്‍' പ്രവാചകന്മാരാകാം. അവരെ എതിര്‍ക്കുന്ന നിഷേധികളുമാകാം. രണ്ടുകൂട്ടരും ഉള്‍പ്പെട്ടതുമാകാം. അവര്‍ പ്രവാചകന്മാരാണെന്നു വെയ്ക്കുമ്പോള്‍, അല്ലാഹു സത്യനിഷേധികളുടെ നാശം പ്രവചിക്കുകയും പ്രവാചകന്മാര്‍ തങ്ങളുടെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു എന്നാകുന്നു ആശയം. പ്രതിയോഗികളാണെന്ന് വെച്ചാല്‍, പ്രവാചകന്മാരുടെ പ്രസ്ഥാനം പരാജയപ്പെടുമെന്നും വിജയിക്കുന്നത് തങ്ങള്‍ തന്നെ ആയിരിക്കുമെന്നും അവകാശപ്പെടുകയും അതിനുവേണ്ടി അവരുടെ ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്തു. استفتح എന്ന വാക്ക് استنصربالله (വിജയിക്കാന്‍ അല്ലാഹുവിനോട് സഹായം തേടി) എന്ന അര്‍ഥത്തിലും ഉപയോഗിക്കും. استفتح യുടെ കര്‍ത്താക്കള്‍ വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെട്ടതാണ് എന്നുവെച്ചാല്‍, രണ്ടു കൂട്ടരും അവരവര്‍ വിശ്വസിക്കുന്ന ദൈവത്തോട് അവരവരുടെ വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചു എന്നാകുന്നു താല്‍പര്യം. ഇതാണ് സന്ദര്‍ഭവുമായി കൂടുതല്‍ യോജിക്കുന്നത്.

വളരെ പ്രതീക്ഷയോടെ പ്രയത്‌നിച്ചിട്ട് ഉദ്ദിഷ്ട കാര്യം ഒട്ടും നേടാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ആശാഭംഗത്തെയും വിഷണ്ണതയെയും കുറിക്കുന്ന خيبة നിന്നുള്ള ക്രിയയാണ് خاب. സ്വേച്ഛാനുസാരം മാത്രം പ്രവര്‍ത്തിക്കുകയും മറ്റുള്ളവരുടെ മേല്‍ സ്വേഛാധികാരം നടത്തുകയും ചെയ്യുന്നവനാണ് جَبَّارٍ. അല്ലാഹുവിന്റെ കാര്യത്തില്‍ ഈ വിശേഷണം സ്തുതിയും മറ്റുള്ളവരുടെ കാര്യത്തില്‍ ആക്ഷേപവുമാകുന്നു. കാരണം, സ്വേച്ഛാനുസാരം മാത്രം എന്തും പ്രവര്‍ത്തിക്കുകയും അഖിലാണ്ഡത്തെ സ്വാധികാരത്താല്‍ അടക്കി ഭരിക്കുകയും ചെയ്യുന്നവന്‍ തന്നെയാണ് അല്ലാഹു. സ്വേച്ഛകള്‍ പൂര്‍ണമായി നടപ്പിലാക്കാനോ മറ്റുള്ളവരുടെ മേല്‍ പൂര്‍ണമായ അധികാരം ചെലുത്താനോ മറ്റാര്‍ക്കും സാധ്യമല്ലാത്തതിനാല്‍ അല്ലാഹുവല്ലാത്തവന്‍ جَبَّارٍ എന്നവകാശപ്പെടുന്നത് افتراء (കള്ളം) ആകുന്നു. ആരെയും മാനിക്കാന്‍ കൂട്ടാക്കാതെ മറ്റുള്ളവരുടെ മേല്‍ തന്നിഷ്ടം നടത്തുന്ന സ്വേച്ഛാധിപതിയാണ് ഭൗതികമായ അര്‍ഥത്തില്‍ جَبَّارٍ. ഇണങ്ങാത്തവന്‍, മെരുങ്ങാത്തവന്‍, ശാഠ്യക്കാരന്‍ എന്നൊക്കെയാണ്  عَنِيدٍ  ന്റെ അര്‍ഥം. جَبَّارٍ ന്റെ അര്‍ഥത്തെ ദൃഢീകരിക്കുകയാണ് عَنِيدٍ  എന്ന വിശേഷണം. പ്രവാചന്മാരെയും അവരുടെ പ്രസ്ഥാനത്തെയും അനായാസം തോല്‍പിച്ചു കളയാം എന്ന പ്രതീക്ഷയോടെ ദുശ്ശാഠ്യക്കാരായ സ്വേച്ഛാപ്രമത്തരായി അവരെ എതിര്‍ത്തവരെല്ലാം ഒടുവില്‍ ഒന്നും നേടാനാകാതെ വിഷണ്ണരും നിസ്സഹായരുമായിത്തീരുന്നു എന്ന ആശയമാണ് وَخَابَ كُلُّ جَبَّارٍ عَنِيدٍ   എന്ന വാക്യത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ പ്രവചനം നടത്തി ഒന്നര പതിറ്റാണ്ടിനകം മുഹമ്മദ് നബിയുടെയും മുസ്‌ലിംകളുടെയും കാര്യത്തിലും ഇത് യാഥാര്‍ഥ്യമായി. മക്കാ നഗരം, ഒരുകാലത്ത് അവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട മുസ്‌ലിംകളുടെ കൈയില്‍ വന്നണഞ്ഞു. ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും അടയാളങ്ങള്‍ പോലും അവിടെ നിന്നു മാഞ്ഞുപോയി.

സത്യത്തിനും ധര്‍മത്തിനുമെതിരെ പൊരുതിയവരുടെ ദുരന്തം ലൗകികമായ ഈ പരാജയത്തില്‍ ഒതുങ്ങുന്നില്ല. പരലോകത്ത് ദാരുണമായ യാതനകള്‍ നിറഞ്ഞ നരകം അവരെ കാത്തിരിപ്പുണ്ട്. അതിലെ യാതനകള്‍ക്ക് ഒരുദാഹരണമാണ് നരകസ്ഥര്‍ക്ക് ലഭിക്കുന്ന കുടിനീര്. ശരീരത്തിലെ വ്രണങ്ങളില്‍ നിന്നൊലിക്കുന്ന ചോരയും ചലവുമാണ് صَدِيدٍ  . ഈ ദുര്‍നീര് തൊണ്ടയിലൂടെ ഇറക്കാന്‍ ആരാണിഷ്ടപ്പെടുക?! പക്ഷേ, അതല്ലാതെ ദാഹമകറ്റാന്‍ അവിടെ മറ്റൊന്നും കിട്ടുകയില്ല. അഥവാ കിട്ടുകയാണെങ്കില്‍ അത് ഒന്നുകില്‍ ചൂടുകൊണ്ട് അല്ലെങ്കില്‍ തണുപ്പുകൊണ്ട് ഇറക്കാനാവാത്തതായിരിക്കും.  فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ  (അവര്‍ ചൂട്ടുതപിക്കുന്ന വെള്ളവും അതിശൈത്യവും ദുര്‍ഗന്ധവുമുള്ള ദുര്‍നീരും രുചിക്കട്ടെ - 38:57)  (അവര്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ചാല്‍ ഉരുകിയ ലോഹം പോലുള്ള وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَۚ ദ്രാവകമായിരിക്കും ലഭിക്കുക. അതവരുടെ മുഖങ്ങളെ കരിച്ചുകളയുന്നു - 18:29). വിമ്മിഷ്ടത്തോടെ അല്‍പാല്‍പമായി തൊണ്ടയിലൂടെ കടത്തിവിടുന്നതിനാണ്  يَتَجَرَّعُهُ എന്ന് പറയുക. പാനീയം തൊണ്ടയിലൂടെ ഇറങ്ങിപ്പോവുകയാണ് سوغ. ഇതില്‍നിന്നുള്ള സകര്‍മക വര്‍ത്തമാന ക്രിയയാണ് يسيغ (വിഴുങ്ങുന്നു, ഇറക്കുന്നു). അവര്‍ അത് ഇറക്കാറാകുന്നില്ല എന്നാണ് لَا يَكَادُ يُسِيغُهُ  ന്റെ ഭാഷാര്‍ഥം. വിമ്മിഷ്ടത്തോടെ, വളരെ പ്രയാസപ്പെട്ട് എങ്ങനെയൊക്കെയോ അല്‍പാല്‍പമായി ഇറക്കുന്നു എന്നാണ് وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ  എന്ന വാക്യത്തിന്റെ താല്‍പര്യം. മരണം വസ്തുരൂപത്തില്‍ അവരെ വളഞ്ഞു നില്‍ക്കുന്നു എന്നാവണമെന്നില്ല  يَتَجَرَّعُهُوَلَا يَكَادُ يُسِيغُهُ  എന്ന വാക്യത്തിന്റെ താല്‍പര്യം. മരണം മുന്നില്‍ വാ പിളര്‍ന്നു നിന്നു എന്നതുപോലൊരു പ്രയോഗമാണിത്. നരകവാസികള്‍ ഓരോ അവയവത്തിലും അനുഭവിക്കുന്ന വേദനയും നീറ്റലും ഇപ്പോള്‍ മരിച്ചുപോകും എന്നു തോന്നിക്കും വണ്ണമുള്ളതായിരിക്കും എന്ന അര്‍ഥമാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നല്‍കിയിരിക്കുന്നത്. യാതന അത്രകൊടൂരമായിരിക്കുമെങ്കിലും അവര്‍ ഒരിക്കലും മരിക്കുന്നില്ല. ഓരോ യാതനയുടെയും വേദനയുടെയും പിറകില്‍ അതിനെക്കാള്‍ ഭയങ്കരമായ യാതനകള്‍ വരാനുണ്ടായിരിക്കും. ഓരോ ദുരിതമനുഭവിക്കുമ്പോഴും ഇതോടെ ഒന്നു മരിച്ചുകിട്ടിയെങ്കില്‍ എന്ന് അവരാഗ്രഹിക്കുകയും ചെയ്യും. അങ്ങനെ യാതനകള്‍ അനന്തകാലം നീണ്ടുപോകുന്നു.

ഖുര്‍ആന്‍ നരകയാതനകള്‍ വര്‍ണിക്കുമ്പോള്‍ ചിലര്‍ നെറ്റിചുളിച്ചേക്കും; കരുണാമയനായ അല്ലാഹു മനുഷ്യരെ ഇത്ര ക്രൂരമായും നിര്‍ദയമായും ശിക്ഷിക്കുമോ? ഇതൊക്കെ ആളുകളെ ഭയപ്പെടുത്തി അല്ലാഹുവില്‍ വിശ്വസിപ്പിക്കാനും അനുസരിപ്പിക്കാനും വേണ്ടി പറയുന്നതാവില്ലേ എന്ന് ചിലര്‍ സന്ദേഹിക്കുകയും ചെയ്യുന്നു. നരകവും സ്വര്‍ഗവും അതിഭൗതിക യാഥാര്‍ഥ്യങ്ങളാണ്. അവയെക്കുറിച്ച് അല്ലാഹു പറയുന്നതിലധികമൊന്നും നമുക്ക് മനസ്സിലാക്കാനാവില്ല. സ്വര്‍ഗത്തില്‍ നമുക്ക് സങ്കല്‍പിക്കാനാവാത്തത്ര സുഖസൗഭാഗ്യങ്ങളും നരകത്തില്‍ നമ്മുടെ സങ്കല്‍പത്തിനതീതമായ യാതനകളും വേദനകളും ഉണ്ടെന്നാണ് രണ്ടിന്റെയും വര്‍ണനകളില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഖുര്‍ആന്റെ സ്വര്‍ഗ നരക വര്‍ണനകള്‍ അതിഭൗതികമായ യാഥാര്‍ഥ്യങ്ങളെ മനുഷ്യന്റെ ഭാഷയിലൂടെ അവന്റെ ഗ്രാഹ്യതയോടടുപ്പിക്കുകയാണ്. നമുക്ക് ഗോചരമല്ലാത്ത സംഗതികളെ നാം നിരൂപണം ചെയ്യുന്നതിലര്‍ഥമില്ല. അല്ലാഹു സ്‌നേഹമയനും പരമദയാലുവുമാണ്. അവന്റെ ദയയും സ്‌നേഹവും അര്‍ഹിക്കുന്നവര്‍ക്ക് അതിരും എതിരുമില്ലാത്ത സുഖ സൗകര്യങ്ങള്‍ നല്‍കുന്നു. അവന്‍ കഠിനമായി ശിക്ഷിക്കുന്നവനും - شديدالعقاب - ആണ്. അവന്റെ കോപത്തിനര്‍ഹരാകുന്നവരെ അതിരുമെതിരുമില്ലാതെ ശിക്ഷിക്കുകയും ചെയ്യുന്നു. പരമനീതിമാനുമാണല്ലാഹു. അവന്റെ നീതിയുടെ ത്രാസ് തികച്ചും സന്തുലിതമായിരിക്കും. രക്ഷിക്കപ്പെടുന്നവര്‍ക്ക് അറ്റമില്ലാത്ത സുഖം ലഭിക്കുന്നത് നീതിയാണെങ്കില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് അളവറ്റ ദുഃഖം ലഭിക്കുന്നതും നീതിതന്നെ.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments