ഇബ്‌റാഹീം

സൂക്തങ്ങള്‍: 18-20

വാക്കര്‍ത്ഥം

ഉദാഹരണം = مَّثَلُ

സ്വന്തം വിധാതാവിനെ നിഷേധിച്ചവര്‍ക്കുള്ള = بِرَبِّهِمْۖ الَّذِينَ كَفَرُوا

അവരുടെ പ്രവര്‍ത്തനങ്ങള്‍ = أَعْمَالُهُمْ

ചാരംപോലെ = كَرَمَادٍ

കാറ്റ് അതിനോടു കൊടൂരമായി (കൊടുങ്കാറ്റില്‍പ്പെട്ട) = الرِّيحُ بِهِ اشْتَدَّتْ

ഒരു നാളില്‍ = فِي يَوْمٍ

രൗദ്രമായ = عَاصِفٍۖ

അവര്‍ കഴിവുള്ളവരാകുന്നില്ല(ഉപകാരപ്പെടുകയില്ല)= لَّا يَقْدِرُونَ

അവര്‍ സമ്പാദിച്ചതിനാല്‍(തങ്ങള്‍ ചെയ്തുവെച്ച കര്‍മങ്ങള്‍) = مِمَّا كَسَبُوا

ഒരു വസ്തുവിന്മേല്‍(ഒന്നും)  = عَلَىٰ شَيْءٍۚ

അതുതന്നെയാകുന്നു = ذَٰلِكَ

മാര്‍ഗഭ്രംശം = هُوَ الضَّلَالُ

വിദൂരമായ(അഗാധമായ)  = الْبَعِيدُ

നീ കണ്ടില്ലെയോ = أَلَمْ تَرَ

അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചു (നിലനിര്‍ത്തുന്നത്) = وَالْأَرْضَ السَّمَاوَاتِ خَلَقَ أَنَّ اللَّهَ

സത്യംകൊണ്ട്(യാഥാര്‍ഥ്യമായി)  = بِالْحَقِّۚ

അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ = إِن يَشَأْ

നിങ്ങളെ പോക്കും (പോക്കിക്കളയുകയും)= يُذْهِبْكُمْ

കൊണ്ടുവരികയും ചെയ്യുന്നു(ന്നതാകുന്നു) = وَيَأْتِ

ഒരു സൃഷ്ടിയെ = بِخَلْقٍ

പുതിയതായ = جَدِيدٍ

അത് (അപ്രകാരം ചെയ്യുക)അല്ല = وَمَا ذَٰلِكَ

അല്ലാഹുവി(ന്ന്)ന്റെ മേല്‍ = عَلَى اللَّهِ

ജയിക്കാനാവാത്തത്(ഒട്ടും ദുഷ്‌കരം)  = بِعَزِيزٍ

مَّثَلُ الَّذِينَ كَفَرُوا بِرَبِّهِمْۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍۖ لَّا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ ﴿١٨﴾ أَلَمْ تَرَأَنَّ اللَّهَ خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ ﴿١٩﴾ وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ ﴿٢٠﴾

18.          സ്വന്തം വിധാതാവിനെ നിഷേധിച്ചവരുടെ കര്‍മങ്ങള്‍ക്കുള്ള ഉദാഹരണം: ഒരു രൗദ്രനാളിലെ കൊടുങ്കാറ്റില്‍പ്പെട്ട ചാരം പോലെ. തങ്ങള്‍ ചെയ്തുവെച്ച കര്‍മങ്ങളൊന്നും അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. അത് അഗാധമായ മാര്‍ഗഭ്രംശം തന്നെയാകുന്നു.

19.          ആകാശഭൂമികളെ അല്ലാഹു യാഥാര്‍ഥ്യമായി സൃഷ്ടിച്ചു നിലനിര്‍ത്തുന്നത് കണ്ടിെല്ലയോ? അവന്‍ ഇഛിക്കുകയാണെങ്കില്‍ നിങ്ങളെ പോക്കിക്കളയുകയും പുതിയൊരു സൃഷ്ടിയെ കൊണ്ടുവരികയും ചെയ്യുന്നതാകുന്നു.

20.          അപ്രകാരം ചെയ്യുക അവന്ന് ഒട്ടും ദുഷ്‌കരമല്ല.

18.          അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാന്‍ കൂട്ടക്കാത്ത അധര്‍മികള്‍ പരലോകത്ത് അനന്തവും അതിദാരുണവുമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാകും എന്നു പറയുമ്പോള്‍, ഉയരാവുന്ന ഒരു ചോദ്യമുണ്ട്. പാപികളും ചില സല്‍കര്‍മങ്ങള്‍ ചെയ്തിരിക്കുമല്ലോ. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കേണ്ടതല്ലേ? അതിനുള്ള മറുപടിയാണ് ഈ സൂക്തം. ഇവിടെ കര്‍മങ്ങള്‍ - أعمال- കൊണ്ടുദ്ദേശ്യം സല്‍കര്‍മങ്ങളാകുന്നു എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. കര്‍ത്താവിനെ സംബന്ധിച്ചേടത്തോളം താന്‍ ചെയ്യുന്നതെല്ലാം നല്ലതുതന്നെയാണ്.

അല്ലാഹുവിനെയും അന്ത്യനാളിനെയും നിഷേധിക്കുന്നവര്‍ നന്മ ചെയ്യുന്നതും തിന്മ ചെയ്യുന്നതും പരലോക ഫലത്തിനു വേണ്ടിയല്ല. പരലോകത്തെന്നപോലെ ഇഹലോകത്തും നന്മ തിന്മകള്‍ക്ക് അവയുടേതായ ഫലങ്ങളുണ്ട്. വിശ്വാസിക്കും അവിശ്വാസിക്കും അവരുടെ സല്‍കര്‍മങ്ങള്‍ക്കും ദുഷ്‌കര്‍മങ്ങള്‍ക്കും ലഭിക്കേണ്ട ഭൗതിക ഫലം ഈ ലോകത്തു വെച്ചു തന്നെ ലഭിക്കുന്നു. വിശക്കുന്നവന് അന്നം കൊടുക്കുന്നത് വിശ്വാസിയായാലും അവിശ്വാസിയായാലും അത് ലഭിക്കുന്നവന്റെ വിശപ്പടങ്ങും. അതൊരു സല്‍കര്‍മമായി എല്ലാവരും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യും. വിശക്കുന്നവന്റെ വിശപ്പടക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയും രണ്ടു കൂട്ടര്‍ക്കും ഒരുപോലെ ലഭിക്കും. അവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഇതോടെ പൂര്‍ത്തിയായി അയാളുടെ കര്‍മഫലം. പരലോകത്തെത്തുമ്പോള്‍ ആ കര്‍മം എരിഞ്ഞടങ്ങിയ ചാരം പോലെയാണ്. ഒരു വസ്തു എരിഞ്ഞുചാരമാവുക എന്നാല്‍ അതിന്റെ ഗുണങ്ങളും അതില്‍നിന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനങ്ങളുമെല്ലാം നഷ്ടപ്പെടുകയാണ്. ചാരം തന്നെ കാറ്റില്‍ പറന്നു പോവുക കൂടി ചെയ്താല്‍ പിന്നെ ഒന്നുമില്ല. അല്ലാഹുവില്‍ വിശ്വസിച്ച് അവന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ച് ചെയ്യുന്ന സല്‍കര്‍മങ്ങള്‍ക്കാണ് പരലോകത്ത് പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഖുര്‍ആന്‍ പലവട്ടം സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ട് ഉദാഹരണം: مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورًا ﴿١٨﴾ وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَمُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا ﴿١٩﴾

(ഒരുവന്‍ ഇഹലോകത്ത് ഉടനെ ലഭിക്കുന്ന ഭൗതിക നേട്ടങ്ങളെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതവന്ന് ഇവിടെ ക്ഷണത്തില്‍ തന്നെ നല്‍കുന്നു- നാം ഇച്ഛിച്ചതും ഇച്ഛിക്കുന്നവര്‍ക്കും. അനന്തരം നാമവന് നരകം നിശ്ചയിക്കുന്നു. അതിലവന്‍ നിന്ദിതനും കാരുണ്യം വിലക്കപ്പെട്ടവനുമായി എരിയുന്നു. പരലോകം കാംക്ഷിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനു പ്രയത്‌നിക്കേണ്ടവണ്ണം പ്രയത്‌നിക്കുകയും ചെയ്തവരോ, അത്തരക്കാരുടെ കര്‍മങ്ങള്‍ പരലോകത്ത് നന്ദിയോടെ സ്വീകരിക്കപ്പെടുന്നു - 17:18,19)

وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍأَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ﴿١٢٤﴾

(സല്‍ക്കര്‍മമനുഷ്ഠിക്കുന്നത് സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയാണെങ്കില്‍ അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാകുന്നു. അവര്‍ അണുഅളവ് അനീതിക്കിരയാകുന്നതല്ല - 4:124)

പ്രവാചകന്‍ പറഞ്ഞു:  "إنَّما الأَعمالُ بالنِّيَّات، وإِنَّمَا لِكُلِّ امرئٍ مَا نَوَى ... ''കര്‍മങ്ങളുടെ മൂല്യം ഉദ്ദേശ്യമനുസരിച്ചാകുന്നു. ഓരോ മനുഷ്യനും ലഭിക്കുക തന്റെ കര്‍മംകൊണ്ട് അവന്‍ ഉദ്ദേശിച്ചതു മാത്രമാണ്.''

പരലോകം ലക്ഷ്യമാക്കി ചെയ്ത സല്‍ക്കര്‍മങ്ങള്‍ക്കാണ് പരലോകത്ത് പ്രതിഫലം ലഭിക്കുക. ഇഹലോകം ലക്ഷ്യമാക്കിയ കര്‍മങ്ങള്‍ ഇഹലോകത്തു മാത്രമേ വിലമതിക്കപ്പെടൂ. വിശ്വാസികള്‍പോലും ഭൗതിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി ചെയ്ത കര്‍മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അല്ലാഹു പ്രസ്താവിച്ചതായി നബി(സ) പറഞ്ഞിട്ടുണ്ട്. ഭൗതിക ലാഭം മാത്രം ലക്ഷ്യമാക്കി ചെയ്ത സല്‍ക്കര്‍മങ്ങള്‍ ചെയ്തവരോട് അല്ലാഹു പറയും: ആ കര്‍മം നീ ചെയ്തത് ഇന്ന ഭൗതികലാഭം മാത്രം കാംക്ഷിച്ചുകൊണ്ടാണല്ലോ. ആ ലക്ഷ്യം അന്നു നിറവേറുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്തവര്‍ ദുഷ്‌കര്‍മമെന്നപോലെ സല്‍ക്കര്‍മവും ചെയ്യുന്നത് സ്വേച്ഛയുടെ പൂരണമായിട്ടാണ്. സ്വേച്ഛ നടപ്പിലാക്കിയതിനല്ല; അല്ലാഹുവിന്റെ ഇഷ്ടം നടപ്പിലാക്കിയതിനാണ് പരലോകത്ത് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുള്ളത്.

19-20. പ്രബോധിത സമൂഹത്തിന്റെ ചിന്തയെ തട്ടിയുണര്‍ത്തുകയും ഒപ്പം സ്വധര്‍മത്തില്‍നിന്ന് വ്യതിചലിച്ചവരുടെ പരിണതിയെക്കുറിച്ചു താക്കീതു ചെയ്യുകയുമാണീ സൂക്തം. ഈ പ്രപഞ്ചസൃഷ്ടിയിലടങ്ങിയ യുക്തിദീക്ഷയും ലക്ഷ്യോന്മുഖതയും, അതിന്റെ ഘടകങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വവും പരസ്പര പൂരകത്വവും യുക്തിയുക്തതയും നിറഞ്ഞ ഘടന നിങ്ങള്‍ കാണുന്നില്ലേ? പ്രാപഞ്ചിക വസ്തുക്കളെ ശ്രദ്ധിച്ചു നോക്കിയാല്‍ അവയെല്ലാം സോദ്ദേശ്യം സൃഷ്ടിക്കപ്പെട്ടതും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നതുമാണെന്നും അതൊന്നും ഏതെങ്കിലും കളിക്കുട്ടിയുടെ കളിക്കോപ്പുകളല്ലെന്നും അനായാസം ഗ്രഹിക്കാവുന്നതാണ്. നിങ്ങളുടെ അസ്തിത്വത്തിലും ഈ സോദ്ദേശ്യതയും പാരസ്പര്യവും കാണാം. പ്രപഞ്ചത്തിലെ മനുഷ്യേതര സൃഷ്ടികള്‍ അബോധപൂര്‍വം അതിന്റെ ധര്‍മം നിര്‍വഹിച്ചുകൊണ്ട് സ്വന്തം ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്ന് അവന്റെ വാഴ്‌വിന്റെ ചില വശങ്ങളില്‍ ഇച്ഛാസ്വാതന്ത്ര്യവും ക്രിയാസ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു. സ്വാതന്ത്ര്യം നല്‍കിയ വശങ്ങളില്‍ അവന്‍ ബോധപൂര്‍വം തന്റെ ലക്ഷ്യം കണ്ടെത്തുകയും മാര്‍ഗം തെരഞ്ഞെടുക്കുകയും ചെയ്യേണ്ടതുണ്ട്. സ്രഷ്ടാവ് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ഈ ഭൂമുഖത്ത് നിങ്ങളെ വാഴിച്ചത്, ആ ലക്ഷ്യത്തില്‍നിന്നും ധര്‍മത്തില്‍നിന്നും നിങ്ങള്‍ തികച്ചും വ്യതിചലിച്ചുപോയിരിക്കുന്നു. ഈ രീതിയില്‍ തന്നെ മുമ്പോട്ടു പോവുകയാണെങ്കില്‍ നിങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കി അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യവും ധര്‍മവും നിറവേറ്റാന്‍ യോഗ്യരായ മറ്റൊരു ജനതയെ ഉയര്‍ത്തിക്കൊണ്ടുവരും. അല്ലാഹുവിന്ന് ഒട്ടും ക്ലേശമുള്ള നടപടിയല്ല അത്. അത്തരം നടപടികളില്‍നിന്ന് അവനെ തടയാന്‍ കഴിയുന്നവരും ആരുമില്ല. അപരിമേയമാണവന്റെ അധികാരവും ശക്തിയും. ഏറെ ദയാലുവും കരുണാമയനുമായതോടൊപ്പം തന്നെ അവന്‍ കര്‍ക്കശനായ നീതിപാലകനുമാകുന്നു. അതിനാല്‍ ജീവിതത്തിന്റെ സകലതുറകളില്‍നിന്നും നീതിയും ന്യായവും നിര്‍മാര്‍ജനം ചെയ്ത ജനതകളെ ഭൂമിയില്‍നിന്ന് നിര്‍ദ്ദാക്ഷിണ്യം നിര്‍മാര്‍ജനം ചെയ്യാന്‍ അവന്ന് ഒരു വിഷമവുമില്ല.

മൂലത്തിലെ  بِالْحَقِّۚ യുടെ ഭാഷാര്‍ഥം 'സത്യം കൊണ്ട്' എന്നാണ്. حق ന്ന് ന്യായം, നീതി, അവകാശം, ബാധ്യത എന്നിങ്ങനെ നിരവധി അര്‍ഥങ്ങളുള്ളതായി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചത്തെ യാഥാര്‍ഥ്യം കൊണ്ട് അല്ലെങ്കില്‍ നീതി, ന്യായം, അവകാശം..... കൊണ്ട് സൃഷ്ടിച്ചു എന്നു പറയുന്നതിന് രണ്ടു മാനമുണ്ട്. ഒന്ന് പ്രപഞ്ചസൃഷ്ടി മായയല്ല. ദൈവത്തിന്റെ വെറുമൊരു ലീലാവിലാസവുമല്ല. അതു തികഞ്ഞ യാഥാര്‍ഥ്യമാണ്. രണ്ട്, പ്രപഞ്ചസൃഷ്ടി അല്ലാഹു നീതിനിഷ്ഠമായും ന്യായമായും അവകാശപൂര്‍വം ചെയ്ത നടപടിയാണ്. അതിലെ സൃഷ്ടികള്‍ക്ക് ചില അവകാശങ്ങളുണ്ട്. ബാധ്യതകളുമുണ്ട്. നീതിപൂര്‍വവും അവകാശബാധ്യതകളാല്‍ ബന്ധിതവുമായി ഉളവാക്കപ്പെട്ട സൃഷ്ടി ഒരിക്കലും നിരര്‍ഥകമായ പാഴ്‌വേലയാകുന്നില്ല. അതിന്ന് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കും. ആ ലക്ഷ്യത്തിലെത്താനുള്ള വ്യക്തമായ മാര്‍ഗവുമുണ്ടായിരിക്കും. ഈയടിസ്ഥാനത്തില്‍ خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّۚ എന്ന വാക്യത്തെ പ്രപഞ്ചത്തെ അല്ലാഹു സോദ്ദേശ്യം യുക്ത യുക്തമായി നീതിപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ മനസ്സിലാക്കാവുന്നതാണ്.

പ്രപഞ്ച വസ്തുക്കള്‍ക്കിടയിലെ രഞ്ജിപ്പ്, അവ തമ്മിലുള്ള ബന്ധം, പരസ്പരം ആശ്രയിച്ചും പൂരിപ്പിച്ചുമുള്ള നിലനില്‍പ്, ഒരേ പരിണതിയിലേക്കുള്ള പ്രയാണം ഇതൊക്കെ ആഴത്തില്‍ വീക്ഷിക്കുന്നവര്‍ക്ക് പ്രപഞ്ചം അവ്യവസ്ഥിതവും അര്‍ഥശൂന്യവുമാണെന്നോ, ഒന്നിലധികം സ്രഷ്ടാക്കളുടെ സൃഷ്ടിയാണെന്നോ കരുതാനാവില്ല. അന്നഹ്ല്‍ 3-ാം സൂക്തത്തില്‍ പറയുന്നു: خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّۚ تَعَالَىٰ عَمَّا يُشْرِكُونَ

(ആകാശ ഭൂമികളെ അവന്‍ യാഥാര്‍ഥ്യമായി സൃഷ്ടിച്ചു നിലനിര്‍ത്തിയിരിക്കുന്നു. ജനം ആരോപിക്കുന്ന പങ്കാളിത്തത്തിന് അതീതനായ അത്യുന്നതനാണവന്‍). അദ്ദുഖാന്‍ 38-ാം സൂക്തത്തില്‍ പറഞ്ഞു: وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ

(ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ള സകലതിനെയും നാം വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല).

പ്രപഞ്ചം മായയല്ല; കളിയല്ല, യാഥാര്‍ഥ്യമാണ്; കാര്യമാണ് എന്നു കണ്ടെത്തുന്നത് പ്രപഞ്ച സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള മാര്‍ഗമാണ്. പക്ഷേ, ചിലയാളുകള്‍ പ്രപഞ്ചനിരീക്ഷണത്തെ പ്രപഞ്ച സ്രഷ്ടാവിനെ നിഷേധിക്കാനുള്ള ന്യായമായും ഉന്നയിക്കുന്നു. യുഗയുഗാന്തരങ്ങളായി സൂര്യചന്ദ്രന്മാര്‍ ഒരേ രീതിയില്‍ നിലനില്‍ക്കുന്നു. ഒരു സ്രഷ്ടാവും നിയന്താവും ഉണ്ടായിരുന്നെങ്കില്‍ അതില്‍ പരിവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളുമുണ്ടാകുമായിരുന്നു. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും കറക്കം കേവലം യാന്ത്രികമാണെന്നാണ് അവയുടെ ചലനസ്ഥിരതയില്‍നിന്ന് മനസ്സിലാക്കേണ്ടത്. വേറെ ചിലര്‍ വിചാരിക്കുന്നു: പ്രപഞ്ചം ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നതാണെങ്കില്‍ അതില്‍ ഒരുവിധ താളപ്പിഴയും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പക്ഷേ, മഹാഗ്രഹങ്ങളില്‍ മുതല്‍ ഭൂമിയിലെ കൊച്ചു മനുഷ്യരുടെ സൃഷ്ടിയില്‍ വരെ പലവിധ താളപ്പിഴകളുമുണ്ടായിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ഭൂമിയിലെ വായുവും വെള്ളവും ക്ഷോഭിക്കുന്നു. യുക്തിമാനും നീതിമാനുമായ ഒരു സ്രഷ്ടാവ് ചില സൃഷ്ടികളെ അന്ധരും ചിലരെ ബധിരരും വേറെ ചിലരെ ഒറ്റക്കണ്ണനും ഒറ്റക്കാലനുമൊക്കെയായി സൃഷ്ടിക്കുമോ?

ഒരു കൂട്ടര്‍ നിരീശ്വരത്വത്തിന് തെളിവായി പ്രപഞ്ചത്തിന്റെ മാറ്റമില്ലായ്മയെ ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റേ കൂട്ടര്‍ മാറ്റത്തെയാണ് തെളിവാക്കുന്നത്. ഈ വൈരുധ്യം തന്നെ രണ്ടു കൂട്ടരുടെയും ന്യായത്തെ അസാധുവാക്കുന്നു. രണ്ടു കൂട്ടരും മുന്‍ധാരണകള്‍ മാറ്റിവെച്ച് ഉള്‍ക്കണ്ണ് തുറന്നു പ്രപഞ്ചത്തെ നോക്കുകയാണെങ്കില്‍ പ്രപഞ്ചത്തിന്റെ സ്ഥിരസ്വഭാവത്തെയും അതില്‍ ഉണ്ടാകുന്ന അപവാദങ്ങളെയും വിശദീകരിക്കാന്‍ സത്യവിശ്വാസം- ഈമാന്‍ അടിസ്ഥാനപരമായ അനിവാര്യതയാണെന്നറിയാന്‍ കഴിയും. അല്ലാഹുവിന്റെ കഴിവിന്റെയും അധികാരത്തിന്റെയും അപരിമേയത കൂടി കണക്കിലെടുത്തുകൊണ്ടുവേണം അവന്റെ നടപടികളെ വിലയിരുത്താന്‍. പ്രപഞ്ചത്തിലെങ്ങാണ്ടൊരിടത്തിരിക്കുന്ന മനുഷ്യന്‍ തന്റെ പരിമിതമായ സാഹചര്യം സമ്മാനിക്കുന്ന പരിമിതമായ ജ്ഞാനം കൊണ്ടുണ്ടാക്കുന്ന നിയമങ്ങളും വ്യവസ്ഥകളും അവനു ബാധകമാകുന്നില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതിനെയും യുഗയുഗാന്തരങ്ങള്‍ മാറാതെ നില്‍ക്കുന്നതിനെയും സൃഷ്ടിക്കാന്‍ മാത്രമല്ല, രണ്ടിനെയും കൂട്ടിയിണക്കി പ്രവര്‍ത്തിപ്പിക്കാനും അവന്നു കഴിയുന്നു. നമുക്ക് സ്വന്തം അസ്തിത്വത്തില്‍ തന്നെ അതിന്റെ ദൃഷ്ടാന്തങ്ങള്‍ കാണാം.

വാനലോകത്ത് സൂര്യചന്ദ്രാദിഗോളങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ ഒരേ അവസ്ഥയില്‍ നിലനില്‍ക്കുകയും ഒരേ ഭ്രമണപഥത്തില്‍ ചരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ഈ സ്ഥിരതയെ ആശ്രയിച്ചാകുന്നു ഭൂമിയില്‍ തികച്ചും അസ്ഥിരനായി ജനിമൃതി മാറ്റങ്ങളിലൂടെ മനുഷ്യന്‍ നിലനില്‍ക്കുന്നത്. ചില പദാര്‍ഥങ്ങള്‍ മാറ്റത്തിലൂടെ പുതുതാവുകയും പെരുകുകയും ചെയ്യുന്നു. ഉദാഹരണം സസ്യലതാദികള്‍. ഈ പരിവര്‍ത്തന പ്രക്രിയയും മനുഷ്യന്റെ നിലനില്‍പിന്നാധാരമാകുന്നു. മറ്റു ചില വസ്തുക്കള്‍, മൂലം നിലനിര്‍ത്തിക്കൊണ്ട് തന്നെ രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണം കല്ല്, മണ്ണ് തുടങ്ങിയ അചേതന പദാര്‍ഥങ്ങള്‍. ഈ സ്ഥിര പദാര്‍ഥങ്ങളും അസ്ഥിര പദാര്‍ഥങ്ങളും പരിവര്‍ത്തനക്ഷമമായ പദാര്‍ഥങ്ങളും എല്ലാം ചേര്‍ന്നാണ് ഭൂമിയെ മനുഷ്യവാസയോഗ്യമാക്കുന്നത്. ഈ മൂന്നു തരം പദാര്‍ഥങ്ങളിലോരോന്നിന്റെയും നിലനില്‍പും മറ്റുള്ളവയെ ആശ്രയിച്ചിരിക്കുന്നു. ഇത്രയൊക്കെ ആസൂത്രിതമായി പ്രപഞ്ചത്തെയും അതില്‍ മനുഷ്യനെയും സൃഷ്ടിച്ച അല്ലാഹുവിന്, മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യം നിറവേറ്റാതെ അവര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍, അവരെ മാറ്റി ഉദ്ദിഷ്ട ലക്ഷ്യം നിറവേറ്റാന്‍ യോഗ്യരായ മറ്റൊരു വിഭാഗത്തെ തല്‍സ്ഥാനത്ത് സ്ഥാപിക്കാന്‍ എന്തു പ്രയാസം?

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments