ഇബ്‌റാഹീം

സൂക്തങ്ങള്‍: 22-23

വാക്കര്‍ത്ഥം

ചെകുത്താന്‍ പറ(യും)ഞ്ഞു = الشَّيْطَانُ وَقَالَ

കാര്യം വിധിക്കപ്പെട്ടപ്പോള്‍ (വിധികല്‍പിക്കപ്പെട്ടു കഴിയുമ്പോള്‍) = الْأَمْرُ لَمَّا قُضِيَ

(യാഥാര്‍ഥ്യമെന്തെന്നാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം)  =

തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തു = وَعَدَكُمْ إِنَّ اللَّهَ

സത്യവാഗ്ദാനം(ആയിരുന്നു) = وَعْدَ الْحَقِّ

ഞാനും നിങ്ങള്‍ക്കു വാഗ്ദാനം നല്‍കി = وَوَعَدتُّكُمْ

(പക്ഷെ അത്) ഞാന്‍ നിങ്ങളോടു ലംഘിച്ചു = فَأَخْلَفْتُكُمْۖ

എനിക്ക് ഉണ്ടായിരുന്നില്ല = وَمَا كَانَ لِيَ

നിങ്ങളുടെ മേല്‍ = عَلَيْكُم

യാതൊരു അധികാരവും = مِّن سُلْطَانٍ

ഞാന്‍ നിങ്ങളെ (എന്റെ വഴിയിലേക്ക്) ക്ഷണിച്ചു എന്നല്ലാതെ = إِلَّا أَن دَعَوْتُكُمْ

അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി (ആ ക്ഷണം സ്വീകരിച്ചു) = فَاسْتَجَبْتُمْ لِيۖ

ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട = فَلَا تَلُومُونِي

നിങ്ങളെ(സ്വയം) കുറ്റപ്പെടുത്തിക്കൊള്ളുക = أَنفُسَكُمۖ وَلُومُوا

ഞാന്‍ അല്ല(ഇവിടെ എനിക്ക് ആവില്ല)= مَّا أَنَا

നിങ്ങളുടെ രക്ഷകന്‍ (രക്ഷിക്കാന്‍) = بِمُصْرِخِكُمْ

നിങ്ങള്‍ അല്ല (നിങ്ങള്‍ക്ക് ആവില്ല) = وَمَا أَنتُم

എന്റെ രക്ഷകരും (എന്നെ രക്ഷിക്കാനും) = بِمُصْرِخِيَّۖ

ഞാന്‍ നിഷേധിച്ചിരിക്കുന്നു, ഉത്തരവാദിത്വമൊഴിയുന്നു = إِنِّي كَفَرْتُ

നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ (ദിവ്യത്വത്തില്‍) പങ്കാളിയാക്കിയതിനെ = بِمَا أَشْرَكْتُمُونِ

നേരത്തെ = مِن قَبْلُۗ

തീര്‍ച്ചയായും(അത്തരം) ധിക്കാരികള്‍ = إِنَّ الظَّالِمِينَ

അവര്‍ക്കുണ്ട്(സുനിശ്ചിതമാകുന്നു)  = لَهُمْ

നോവേറിയ ശിക്ഷ = أَلِيمٌ عَذَابٌ

(നേരെ മറിച്ച്) പ്രവേശിക്കപ്പെട്ടു(ടും) = وَأُدْخِلَ

സത്യവിശ്വാസം കൈക്കൊണ്ടവരെ(കൈക്കൊള്ളുകയും) = الَّذِينَ آمَنُوا

സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെ = الصَّالِحَاتِ وَعَمِلُوا

ആരാമങ്ങളില്‍ = جَنَّاتٍ

അതിന്റെ താഴ്ഭാഗത്തിലൂടെ ഒഴുകുന്നു = مِن تَحْتِهَا تَجْرِي

ആറുകള്‍ = الْأَنْهَارُ

അതില്‍ അവര്‍ ശാശ്വത(മായി വസിക്കും)രായ നിലയില്‍ = فِيهَا خَالِدِينَ

അവരുടെ വിധാതാവിന്റെ അനുമതിയോടെ = رَبِّهِمْۖ بِإِذْنِ

അവരുടെ അഭിവാദ്യം (അവര്‍ സ്വാഗതം ചെയ്യപ്പെടുന്നത്) = تَحِيَّتُهُمْ

അവിടെ = فِيهَا

സമാധാനം(സമാധാനാശംസകളോടെയായിരിക്കും) = سَلَامٌ

وَقَالَ الشَّيْطَانُ لَمَّا قُضِيَ الْأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْۖ وَمَا كَانَ لِيَ عَلَيْكُم مِّن سُلْطَانٍ إِلَّا أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِيۖ فَلَا تَلُومُونِي وَلُومُوا أَنفُسَكُمۖ مَّا أَنَا بِمُصْرِخِكُمْ وَمَا أَنتُم بِمُصْرِخِيَّۖ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِ مِن قَبْلُۗ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴿٢٢﴾

وَأُدْخِلَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا بِإِذْنِ رَبِّهِمْۖ تَحِيَّتُهُمْ فِيهَا سَلَامٌ ﴿٢٣﴾

22.          വിധി കല്‍പിക്കപ്പെട്ടു കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: യാഥാര്‍ഥ്യമെന്തെന്നാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം സത്യവാഗ്ദാനമായിരുന്നു. ഞാനും നിങ്ങള്‍ക്കു വാഗ്ദാനം നല്‍കി. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് ഒരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു എന്നല്ലാതെ. നിങ്ങള്‍ ആ ക്ഷണം സ്വീകരിച്ചു. ആകയാല്‍ ഇപ്പോള്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. സ്വയം കുറ്റപ്പെടുത്തിക്കൊള്ളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെ രക്ഷിക്കാനുമാവില്ല. നേരത്തെ നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ ഞാന്‍ നിഷേധിക്കുന്നു. അത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു.

23.          നേരെ മറിച്ച് ഇഹലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും നന്മകളാചരിക്കുകയും ചെയ്തവര്‍ താഴ്ഭാഗങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിക്കപ്പെടുന്നതാകുന്നു. വിധാതാവിന്റെ അനുമതിയോടെ അതിലവര്‍ ശാശ്വതമായി വസിക്കും. സമാധാനാശംസകളോടെയായിരിക്കും അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത്.

22.          മുന്‍ സൂക്തത്തില്‍ വിചാരണാനാളില്‍ ശക്തരും അശക്തരും തമ്മില്‍, അഥവാ നേതാക്കളും ആചാര്യന്മാരും അവരുടെ ശിഷ്യന്മാരും നീതരും തമ്മിലുണ്ടാകുന്ന സംഭാഷണം പരാമര്‍ശിച്ചുകൊണ്ട് അന്ന് ഇരു വിഭാഗവും ഒരുപോലെ നിരാലംബരും നിസ്സഹായരുമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചുവല്ലോ. അവരോടൊപ്പം ചെകുത്താനും ആ സഭയിലുണ്ടായിരിക്കും. രണ്ടു കൂട്ടരെയും ഈ ആപല്‍ഗര്‍ത്തത്തിലെത്തിച്ചത് അവനാണല്ലോ. അതുകൊണ്ട് നേതാക്കളും നീതരുമെല്ലാം അവന്റെ നേരെ തിരിയുന്നു. നീ ഞങ്ങള്‍ക്ക് എണ്ണമറ്റ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവല്ലോ. നിന്നെ അനുസരിച്ചു നടന്നാല്‍ ഭൗതികജീവിതം തന്നെ സ്വര്‍ഗമാകും, മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പോ വിചാരണയോ ഇല്ല, ഉണ്ടെങ്കില്‍ തന്നെ ഇന്നയിന്ന വിഗ്രഹങ്ങളെ അല്ലെങ്കില്‍ പുണ്യാത്മാക്കളെയും സിദ്ധന്മാരെയും, അതുമല്ലെങ്കില്‍ മലക്കുകളെയും ജിന്നുകളെയും ആകാശഗോളങ്ങളെയും ആരാധിച്ചാല്‍, അവര്‍ അല്ലാഹുവിനോട് ശിപാര്‍ശ ചെയ്ത് എല്ലാ പാപങ്ങളില്‍നിന്നും അതിനുള്ള ശിക്ഷയില്‍നിന്നും നിങ്ങളെ മോചിപ്പിച്ച് സ്വര്‍ഗത്തിലെത്തിച്ചു കൊള്ളും എന്നൊക്കെ. നീ, ഇല്ലെന്ന് വിശ്വസിപ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പിനെയും വിചാരണാസഭയെയും അഭിമുഖീകരിച്ചിരിക്കുകയാണ് ഞങ്ങളിപ്പോള്‍. ഞങ്ങളെ രക്ഷിക്കാനും സ്വര്‍ഗത്തിലേക്ക് നയിക്കാനും ഇവിടെ കാത്തുനില്‍പുണ്ടാവുമെന്ന് നീ പറഞ്ഞ ദേവീദേവന്മാരെയോ ഔലിയാക്കളെയോ സിദ്ധന്മാരെയോ ജിന്നുകളെയോ മലക്കുകളെയോ ഒന്നും ഇവിടെ കാണുന്നില്ല. അല്ലാഹുവാകട്ടെ അവന്റെ പ്രവാചകന്മാരിലൂടെ വാഗ്ദത്തം ചെയ്ത രക്ഷാശിക്ഷകള്‍ ഇതാ വിധിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ കൊടിയ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു. നീ പറഞ്ഞ ശിപാര്‍ശകരില്ലെങ്കില്‍ പോകട്ടെ, നീയെങ്കിലും മുന്നോട്ടുവന്ന് ഞങ്ങളെ രക്ഷിക്കണം. ഈ ആവശ്യത്തോടുള്ള ചെകുത്താന്റെ പ്രതികരണമാണ് പ്രകൃത സൂക്തം.

സഖാക്കളെ, അല്ലാഹു നിങ്ങളോടു ചെയ്ത വാഗ്ദാനങ്ങളൊക്കെയും സത്യമായിരുന്നു. അനിവാര്യമായും സഫലമാക്കേണ്ടതായിരുന്നു. അവന്‍ നിശ്ചയിച്ച സമയത്ത് അത് സഫലമാവുകയും ചെയ്തിരിക്കുന്നു. ഇതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ തന്നെയായിരുന്നു അവന്‍ പ്രവാചകന്മാരെ അയച്ചത്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം കള്ളമായിരുന്നു. നിങ്ങളെ വ്യാമോഹിപ്പിച്ച് വഴി തെറ്റിക്കുകയായിരുന്നു ഞാന്‍. അതായിരുന്നു എന്റെ ദൗത്യം. അതുകൊണ്ട് അല്ലാഹുവിന്റെ വാഗ്ദാനം സഫലമാകേണ്ടത് എപ്രകാരം അനിവാര്യമാണോ അതേ പ്രകാരം അനിവാര്യമാണ് എന്റെ വാഗ്ദാനം നിഷ്ഫലമാകേണ്ടത്. വാസ്തവത്തില്‍ ഞാന്‍ വിചാരിച്ചാല്‍ പോലും നിറവേറ്റാനാകുന്നതല്ല എന്റെ വാഗ്ദാനം. അത് നിറവേറ്റാന്‍ ശ്രമിക്കുക എന്നത് എന്റെ പ്രകൃതിയില്‍ പെട്ടതുമല്ല. ഞാന്‍ നല്‍കിയിട്ടുള്ള മോഹന വാഗ്ദാനങ്ങളൊക്കെയും ലംഘിക്കപ്പെടുന്നതിനു വേണ്ടി മാത്രമുള്ളതായിരുന്നു.

എന്നാല്‍, നിങ്ങളുടെ ഈ ദുര്‍ഗതിക്കുത്തരവാദി ഞാനാണ് എന്ന വാദം ഒട്ടും ശരിയല്ല. നിങ്ങളുടെ മേല്‍ എനിക്കൊരധികാരവുമുണ്ടായിരുന്നില്ല. നിങ്ങള്‍ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കാനും നന്മതിന്മകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പൂര്‍ണ സ്വാതന്ത്ര്യമുള്ളവരായിരുന്നു. ആരെയും ബലാല്‍ക്കാരം എന്റെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ വ്യാമോഹിപ്പിച്ചു, തെറ്റിധരിപ്പിച്ചു, പ്രലോഭിപ്പിച്ചു, പ്രകോപിപ്പിച്ചു. ഒക്കെ ശരിയാണ്. അപ്പോഴൊക്കെ എന്റെ വിളിയുടെ യാഥാര്‍ഥ്യം മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേചനശക്തിയും സന്മാര്‍ഗം തെരഞ്ഞെടുക്കാനും ദുര്‍മാര്‍ഗം തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ടായിരുന്നു. ഞാനും എന്റെ കിങ്കരന്മാരും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രവാചകന്മാരും പ്രബോധകന്മാരും നിങ്ങളെ സന്മാര്‍ഗത്തിലേക്കും വിളിക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ സ്വന്തം വിവേചനശക്തിയും സ്വാതന്ത്ര്യവും ദുരുപയോഗിച്ച് എന്നെ പിന്‍പറ്റുകയും പ്രവാചകന്മാരെ നിരാകരിക്കുകയും ചെയ്തു. ചെകുത്താന്‍ എന്ന നിലയില്‍ ചെയ്യേണ്ടതാണ് ഞാന്‍ ചെയ്തത്.  പ്രവാചകന്മാര്‍ അവരുടെ ദൗത്യവും നിര്‍വഹിച്ചു. ബുദ്ധിയും വിവേചനശക്തിയും സ്വാതന്ത്ര്യവും ശരിയാംവണ്ണം ഉപയോഗിച്ച് സന്മാര്‍ഗം കണ്ടെത്തുകയും പിന്‍പറ്റുകയും ചെയ്യുക എന്ന നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങള്‍ നിര്‍വഹിച്ചില്ല. അതിന്റെ ഫലമായാണ് നിങ്ങള്‍ ഈ പരിണതിയിലെത്തിയത്. അതിന് എന്നെ പഴിച്ചിട്ട് കാര്യമില്ല. നിങ്ങള്‍ പഴിക്കേണ്ടത് നിങ്ങളെത്തന്നെയാണ്.

ഇവിടെ അക്രമികളെയും പാപികളെയും രക്ഷിക്കാന്‍ ദേവീദേവന്മാരോ സിദ്ധന്മാരോ ഔലിയാക്കളോ ഉണ്ടാകുമെന്ന് ഞാന്‍ കളവു പറഞ്ഞതായിരുന്നു. അപ്പോള്‍ പ്രവാചകന്മാരും വേദപുസ്തകവും നിങ്ങളോടു പറഞ്ഞിരുന്നില്ലേ,

(അക്രമികള്‍ക്ക് ഉറ്റ സഖാക്കളോ അനുസരിക്കപ്പെടുന്ന ശിപാര്‍ശകരോ ഒന്നുമുണ്ടായിരിക്കുകയില്ല) എന്ന്. പക്ഷേ, നിങ്ങള്‍ യാതൊരു തെളിവുമില്ലാതെ ഞാനുതിര്‍ത്ത കളവുകള്‍ കൈക്കൊണ്ടു. പ്രവാചകന്മാര്‍ പറഞ്ഞ സത്യങ്ങള്‍ അവഗണിച്ചു. ഇവിടെ എനിക്ക് നിങ്ങളെയോ നിങ്ങള്‍ക്ക് എന്നെയോ രക്ഷിക്കാനാവില്ല. مَّا أَنَا بِمُصْرِخِكُمْ وَمَا أَنتُم بِمُصْرِخِيَّۖ എന്നാണ് മൂലവാക്യം. صراخല്‍ നിന്നുള്ളതാണ് مصرخ. സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ് صراخ. ഇതില്‍നിന്നുള്ള ക്രിയ صرخ. അറബിഭാഷയില്‍ ചില ക്രിയാപദങ്ങളില്‍ ആ ക്രിയക്ക് നിമിത്തമായ സംഗതിക്ക് നിവാരണം ചെയ്യുക എന്നര്‍ഥം കിട്ടാന്‍ ആദിയില്‍ ഹംസഃ ചേര്‍ക്കുകയോ അല്ലെങ്കില്‍ അതിലെ ഏതെങ്കിലും അക്ഷരം ഇരട്ടിപ്പിക്കുകയോ ചെയ്യാറുണ്ട്. ഇതനുസരിച്ച് صرخയെ أصرخആക്കുമ്പോള്‍ നിലവിളി കേട്ട് വന്ന് നിലവിളിക്ക് നിമിത്തമായ കഷ്ടം നീക്കിക്കൊടുക്കുക എന്നര്‍ഥം ലഭിക്കുന്നു. أصرخയുടെ കര്‍തൃപദമാണ് مصرخ. അക്ഷരം ഇരട്ടിപ്പിച്ച് ഇങ്ങനെ അര്‍ഥം മാറ്റിയ പദത്തിനുദാഹരണമാണ് مرض (രോഗിയായി)യില്‍ നിന്നുള്ളمرّض . രോഗിയെ ശുശ്രൂഷിച്ചു അഥവാ രോഗം നീക്കി എന്നര്‍ഥമാണ് مرض ക്ക്. നിങ്ങളുടെ നിലവിളികേട്ട് ഓടിവന്ന് വല്ല സഹായവും ചെയ്തുതരാന്‍ എനിക്കോ, എന്റെ നിലവിളികേട്ട് സഹായത്തിനെത്താന്‍ നിങ്ങള്‍ക്കോ സാധ്യമല്ല എന്നാണ് ചെകുത്താന്‍ പറയുന്നത്. അല്ലാഹുവല്ലാത്ത ആര്‍ക്കും ഇന്ന് ഒരു അധികാരവുമില്ല.

يَوْمَ هُم بَارِزُونَۖ لَا يَخْفَىٰ عَلَى اللَّهِ مِنْهُمْ شَيْءٌۚلِّمَنِ الْمُلْكُ الْيَوْمَۖ لِلَّهِ الْوَاحِدِ الْقَهَّارِ

(മര്‍ത്യരാസകലം മറയില്ലാതെ വെളിപ്പെടുന്ന ആ നാളില്‍ അവരുടെ യാതൊരു കാര്യവും അല്ലാഹുവിനു അഗോചരമായിരിക്കുകയില്ല. ചോദിക്കപ്പെടും: ഇന്ന് അധികാരം ആര്‍ക്കാകുന്നു? പ്രത്യുത്തരമുണ്ടാകുന്നു: സകലത്തെയും അടക്കിഭരിക്കുന്ന അല്ലാഹുവിന്നു മാത്രം - 40:16)

നിങ്ങള്‍ പണ്ട് എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കി ആരാധിച്ചിരുന്നതിനെ ഞാന്‍ നിഷേധിക്കുന്നു. ഞാന്‍ ബലാല്‍ക്കാരം നിര്‍ബന്ധിച്ചിട്ടല്ല നിങ്ങളെന്നെ ദൈവമാക്കിയതും ആരാധിച്ചതും. അതുകൊണ്ട് അതിലും എനിക്ക് യാതൊരുത്തരവാദിത്വവുമില്ല.

إِنِّي كَفَرْتُ (ഞാന്‍ നിഷേധിച്ചു) എന്നാണ് മൂലവാക്യം. ഇതിന്റെ താല്‍പര്യം വിചാരണാസഭയില്‍ വെച്ചു നിഷേധിച്ചു എന്നാവാം. അല്ലെങ്കില്‍ ഇഹലോകത്ത് എന്നെ ദൈവത്തിന്റെ പങ്കാളിയാക്കാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിച്ചിരുന്നുവെങ്കിലും അത് സത്യനിഷേധമാണ് എന്ന് അന്നേ എനിക്കറിയാമായിരുന്നു എന്നുമാവാം. രണ്ടായാലും ആരാധനകൊണ്ട് ഇപ്പോള്‍ എന്നില്‍നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട എന്നര്‍ഥം. അല്ലാഹു അല്ലാത്തവരെ അവന്റെ പങ്കാളികളാക്കി ആരാധിക്കുകയും അനുസരിക്കുകയും ചെയ്ത മഹാപാതകികള്‍ക്ക് വേദനയേറിയ ശിക്ഷമാത്രമാണ് ഇവിടെ ലഭിക്കാനുള്ളത്.

ഇവിടെ 'നിങ്ങള്‍ എന്നെ ദൈവത്തിന്റെ പങ്കാളികളാക്കി' - أَشْرَكْتُمُونِ  - എന്ന ചെകുത്താന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ചെകുത്താനെ, ചെകുത്താനാണ് എന്നംഗീകരിച്ചുകൊണ്ട് ആരും ദൈവത്തിന്റെ പങ്കാളിയാക്കുകയോ ആരാധിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ല. പക്ഷേ, ദുര്‍വിചാരങ്ങളെയും ദുര്‍വികാരങ്ങളെയും തെറ്റാണ് എന്നറിഞ്ഞുകൊണ്ടുതന്നെ മനുഷ്യന്‍ പലപ്പോഴും അനുസരിക്കുന്നു. ദുര്‍വികാരങ്ങളും ദുര്‍വിചാരങ്ങളും ചെകുത്താനില്‍ നിന്നുണ്ടാകുന്നതാണ്. അപ്പോള്‍ അവയെ അനുസരിക്കുന്നത് ചെകുത്താനെ അനുസരിക്കലാകുന്നു. പാപകൃത്യങ്ങളും ദുര്‍വികാരങ്ങളും ദൈവശാസനകള്‍ പോലെ ന്യായവും അനുസരിക്കപ്പെടേണ്ടതുമാണെന്ന ഭാവത്തില്‍ അനുവര്‍ത്തിക്കുമ്പോള്‍ അത് ചെകുത്താനെ അല്ലാഹുവിനു തുല്യനാക്കലും ആരാധിക്കലുമായിത്തീരുന്നു.

ഈ രീതിയില്‍ ചെകുത്താനെ ശപിക്കുകയും ഭര്‍ത്സിക്കുകയും ചെയ്തുകൊണ്ടുതന്നെ മനുഷ്യര്‍ പലപ്പോഴും ചെകുത്താനെ ദൈവതുല്യനാക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അതായത് അഖീദയില്‍ വിശ്വാസത്തില്‍ ഏകദൈവവാദി -മുവഹ്ഹിദ്- ആയിരിക്കെത്തന്നെ കര്‍മപരമായി ആളുകള്‍ ശിര്‍ക്കില്‍ അകപ്പെട്ടുപോകും. യഹൂദരും ക്രൈസ്തവരും അടിസ്ഥാനപരമായി ഏകദൈവവിശ്വാസികളാണ്. സൂറ അത്തൗബ: 31-ാം സൂക്തത്തില്‍ അവര്‍ സ്വന്തം പുരോഹിതന്മാരെയും മതപണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ വിധാതാക്കളായി വരിച്ചു എന്ന് പ്രസ്താവിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും വിധാതാക്കളായി കരുതുന്നില്ല. അവരുടെ വിധിവിലക്കുകള്‍ ചോദ്യംചെയ്യാതെ അല്ലാഹുവിന്റെ വിധിവിലക്കുകളെന്നവണ്ണം അനുസരിക്കലാണ് അവരെ റബ്ബുകള്‍- വിധാതാക്കള്‍ ആയി വരിക്കല്‍ എന്നാണ് അതിനു നബി(സ) നല്‍കിയ വിശദീകരണം. 42-21ല്‍ അല്ലാഹു അനുവദിക്കാത്ത നിയമങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരെ ദൈവത്തിന്റെ പങ്കാളികള്‍ എന്ന് വിശേഷിപ്പിച്ചതായി കാണാം: أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُۚ  (അവര്‍ക്ക് അല്ലാഹു അനുവദിച്ചിട്ടില്ലാത്ത ധര്‍മമാര്‍ഗം നിയമിച്ചുകൊടുത്ത പങ്കാളികള്‍ (ബഹുദൈവങ്ങള്‍) അവര്‍ക്കുണ്ടോ?). അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മാനിക്കാതെ സ്വന്തം ദേഹേച്ഛകള്‍ക്ക് വഴിപ്പെടുന്നത് അവനവനെത്തന്നെ ദൈവമാക്കലാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്  أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا  (സ്വേച്ഛയെ ദൈവമാക്കിയവന്റെ അവസ്ഥയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ?'' - 25:43). അല്ലാഹുവിനു മാത്രമുള്ള അധികാരാവകാശങ്ങള്‍ അവനല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കുന്നത് -അവര്‍ അല്ലാഹുവിന്റെ പങ്കാളികളാണെന്ന് കരുതിയിട്ടായാലും അല്ലെങ്കിലും- ബഹുദൈവത്വ (ശിര്‍ക്ക്) മാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ആളുകള്‍ വിഗ്രഹങ്ങളെയും സിദ്ധന്മാരെയും പുണ്യാത്മാക്കളെയുമൊക്കെ ആരാധിക്കുന്നത് അവര്‍ ഉപദൈവങ്ങളോ ദൈവശക്തികളില്‍ പങ്കുള്ളവരോ ആണെന്നു വിശ്വസിച്ചാണ്. ചെകുത്താനാണ് ഇങ്ങനെ വിശ്വസിക്കാനും ആരാധിക്കാനും അവരെ പ്രേരിപ്പിക്കുന്നത്. ആ നിലക്ക് അത്തരം സൃഷ്ടികള്‍ക്കുള്ള ആരാധനയും ആത്യന്തികമായി ചെകുത്താനുള്ള ആരാധനയാകുന്നു.

23.          മുകളില്‍ പറഞ്ഞ, ദൈവികസന്ദേശം തള്ളിക്കളഞ്ഞ് പൈശാചികപ്രചോദനങ്ങള്‍ പിന്തുടര്‍ന്നവരുടെ ഗതിക്ക് നേരെ വിപരീതമാണ് പൈശാചികപ്രചോദനങ്ങളെ അവഗണിച്ച് ദൈവികസന്ദേശം പിന്തുടര്‍ന്നവരുടെ ഗതി. അവര്‍ സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നു. അപാരമായ സൗന്ദര്യത്തിന്റെയും സൗകര്യത്തിന്റെയും കേന്ദ്രമാണ് സ്വര്‍ഗം. സജ്ജനങ്ങള്‍ പ്രവേശിപ്പിക്കപ്പെടുന്ന സ്വര്‍ഗത്തില്‍ അവരുടെ ജീവിതം ഇഹലോകത്തിലേതുപോലെ ക്ഷണികമായിരിക്കുകയില്ല. അനന്തമായി നീണ്ടുപോകുന്നതായിരിക്കും. അവര്‍ അവിടെ സ്വീകരിക്കപ്പെടുക അഭയംചോദിച്ചു വന്നവരെപ്പോലെയോ ആവശ്യമില്ലാതെ വലിഞ്ഞുകയറിവന്നവരെപ്പോലെയോ അല്ല; ആദരണീയരായ വിശിഷ്ടാതിഥികളായിട്ടായിരിക്കും. മലക്കുകള്‍ അവര്‍ക്ക് ശാശ്വത സമാധാനമാശംസിക്കുന്നു.

حياتനിന്നുള്ളതാണ് تحية. ദീര്‍ഘായുസ്സ് നേരുക എന്നാണ് ഭാഷാര്‍ഥം. സ്വാഗതം, അഭിവാദ്യം എന്നൊക്കെ സാങ്കേതികാര്‍ഥം. سلامന്റെ പശ്ചാത്തലത്തില്‍ بحيتهم എന്നതിന് അഭിവാദനരീതി എന്നും അര്‍ഥമാവാം. കാരണം  سلامആശംസാവചനമെന്നപോലെ അഭിവാദനവചനമായും ഉപയോഗിക്കാറുണ്ട്. എല്ലാ സുഖങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സമാധാനം. എല്ലാ സുഖങ്ങളും ഉണ്ടെങ്കിലും സമാധാനമില്ലെങ്കില്‍ ഒരു സുഖവും പൂര്‍ണമായി അനുഭവിക്കാനാവില്ല. പൂര്‍ണ സമാധാനമുണ്ടെങ്കില്‍ മറ്റു സൗഖ്യോപാധികളൊന്നുമില്ലെങ്കിലും എല്ലാം ഉള്ളതുപോലെ ആനന്ദവും സംതൃപ്തിയുമുണ്ടാകും. അപ്പോള്‍ പൂര്‍ണ സമാധാനവും ഒപ്പം എല്ലാ സുഖസൗകര്യോപാധികളും കൂടിയുണ്ടെങ്കിലുള്ള അവസ്ഥ അവര്‍ണനീയമാകുന്നു. അതാണ് സ്വര്‍ഗീയാവസ്ഥ.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments