ഇബ്‌റാഹീം

സൂക്തങ്ങള്‍: 24-25

വാക്കര്‍ത്ഥം

നീ കണ്ടില്ലെയോ = أَلَمْ تَرَ

അല്ലാഹു എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന്   = مَثَلًا   اللَّهُ ضَرَبَ كَيْفَ

നല്ല(സദ്)വചനത്തെ = طَيِّبَةً كَلِمَةً

ഒരു വിശിഷ്ട വൃക്ഷം പോലെ = طَيِّبَةٍ كَشَجَرَةٍ

അതിന്റെ മൂലം(വേരുകളും) = أَصْلُهَا

സ്ഥിരമായത്(മണ്ണില്‍ ആണ്ടിറങ്ങിയ)= ثَابِتٌ

അതിന്റെ ശാഖകളും = وَفَرْعُهَا

മാനത്ത്(പടര്‍ന്നു പന്തലിച്ച)  = فِي السَّمَاءِ

അത് നല്‍കുന്നു = تُؤْتِي

അതിന്റെ ഭോജ്യം(ഫലം) = أُكُلَهَا

എല്ലാ ഓരോ കാലത്തും = كُلَّ حِينٍ

അതിന്റെ വിധാതാവിന്റെ ഹിതാനുസാരം, ആജ്ഞാനുസാരം = رَبِّهَاۗ بِإِذْنِ

അല്ലാഹു(ഇത്തരം)ഉദാഹരണങ്ങള്‍ ഉദാഹരിക്കുന്നു(അവതരിപ്പിക്കുന്നത്)  = الْأَمْثَالَ اللَّهُ وَيَضْرِبُ

മനുഷ്യര്‍ക്ക് = لِلنَّاسِ

അവര്‍ ഉല്‍ബുദ്ധരായെങ്കിലോ(മനുഷ്യര്‍ പാഠം പഠിക്കേണ്ടതിനാണ്)= يَتَذَكَّرُونَ لَعَلَّهُمْ

أَلَمْ تَرَ كَيْفَ ضَرَبَ اللَّهُمَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾ تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَاۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ﴿٢٥﴾

24.          സദ്‌വചനത്തെ അല്ലാഹു എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണ്ടില്ലെയോ? മണ്ണില്‍ ആണ്ടിറങ്ങിയ വേരുകളും മാനത്തു പടര്‍ന്ന് പന്തലിച്ച ശാഖകളുമുള്ള വിശിഷ്ട വൃക്ഷം പോലെയാണത്.

25.          എല്ലാ കാലത്തും അതിന്റെ വിധാതാവിന്റെ ആജ്ഞാനുസാരം ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ പാഠം ഉള്‍ക്കൊള്ളേണ്ടതിനാണ് അല്ലാഹു ഇത്തരം ഉദാഹരണങ്ങളവതരിപ്പിക്കുന്നത്-

24-25.  മുന്‍സൂക്തങ്ങളില്‍ ബഹുദൈവവിശ്വാസത്തിലും ദൈവനിഷേധത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചിരുന്നുവല്ലോ. ഇനി ഏതാനും സൂക്തങ്ങളില്‍ ബഹുദൈവത്വപരവും നാസ്തികവുമായ വിശ്വാസാദര്‍ശങ്ങളെയും ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ വിശ്വാസാദര്‍ശങ്ങളെയും ഉദാഹരിക്കുകയാണ്. ബുദ്ധിയിലോ പ്രകൃതിയിലോ ദൈവികപ്രമാണത്തിലോ ബഹുദൈവവിശ്വാസത്തിനും ദൈവനിഷേധത്തിനും യാതൊരു ആധാരവുമില്ലെന്നും അതിനാല്‍ അത്തരം വിശ്വാസങ്ങളുടെ പേരിലുള്ള കര്‍മങ്ങളെല്ലാം നിഷ്ഫലമാണെന്നും വ്യക്തമാക്കുകയാണതുവഴി. ഒപ്പം ബുദ്ധിയും പ്രകൃതിയും അല്ലാഹുവും അനുശാസിക്കുന്നത് ഏകദൈവവിശ്വാസമാണെന്നും ഭൂമിയുടെ അഗാധതകളിലേക്ക് വേരുകളാഴ്ത്തി ആകാശത്തിന്റെ അനന്തതകളില്‍ ശാഖകള്‍ പരത്തി നില്‍ക്കുന്ന ഫലവൃക്ഷം പോലെയാണതെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ  كلمة  കൊണ്ടുദ്ദേശ്യം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമതുത്തൗഹീദും അതിന്റെ അനുബന്ധങ്ങളും അനിവാര്യതകളുമായി വരുന്ന സിദ്ധാന്തങ്ങളുമാണ്. ഭൗതികവും ധാര്‍മികവുമായ എല്ലാ അര്‍ഥങ്ങളിലും ഗുണകരവും സംശുദ്ധവുമായതാണ് طيّبة . സത്യമായിരിക്കുന്നതോടൊപ്പം സ്വീകരിക്കുന്നവരുടെ ജീവിതത്തില്‍ നന്മകളും നേട്ടങ്ങളും ഉളവാക്കുന്നത് കൂടി ആയിരിക്കുമ്പോഴാണ് സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രങ്ങളും  طيّبة ആകുന്നത്. സദ്‌വചനത്തിന്റെ ഉപമാനമായ വൃക്ഷത്തിന് നാലു ഗുണങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്, طيّب  -ഭൗതികമായും ധാര്‍മികമായും സംശുദ്ധവും പ്രയോജനകരവുമായത്. രണ്ട്, മണ്ണില്‍ വേരാഴ്ത്തി സുസ്ഥിരമായി നില്‍ക്കുന്നത് – ثابت . അത് പെട്ടെന്ന് വീണുപോകുന്നതോ, ആര്‍ക്കെങ്കിലും കടപുഴക്കാവുന്നതോ അല്ല. മൂന്ന്, അതിന്റെ കൊമ്പുകള്‍ മാനംമുട്ടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പാന്ഥര്‍ക്ക് തണലേകുന്നു. കാഴ്ചക്കാരെ ആഹ്ലാദിപ്പിക്കുന്നു. നാല്, എല്ലാ കാലത്തും അതില്‍ ഫലങ്ങളുണ്ടാകുന്നു.   كلّ حينഎന്നാണ് മൂലവാക്യം. കാലം, ഋതു, സീസണ്‍ എന്നീ അര്‍ഥങ്ങളിലെല്ലാം  حين  ഉപയോഗിക്കും. ഒരു യുഗവും  حين  ആണ്. ഒരു നിമിഷാര്‍ധവും   حين ആണ് എന്നത്രെ അറബി ഭാഷാ പ്രയോഗങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ചില പണ്ഡിതന്മാര്‍حين    നെ ഏഴുമാസം, രണ്ടുമാസം എന്നൊക്കെ നിര്‍വചിച്ചിട്ടുണ്ട്. എങ്കിലും നിത്യഫലദായിനിയായ വൃക്ഷം എന്ന അര്‍ഥത്തിലാണ് تؤتي اكلها كلّ حين    എന്ന വാക്യത്തെ അധിക പണ്ഡിതന്മാരും മനസ്സിലാക്കിയിട്ടുള്ളത്. സദ്‌വൃക്ഷം കൊണ്ടുദ്ദേശ്യം ഈത്തപ്പനയാണെന്ന് കരുതപ്പെടുന്നുണ്ട്. ഒരു നബിവചനത്തില്‍ മുസ്‌ലിമിനെ ഈത്തപ്പനയോടു ഉപമിച്ചിട്ടുള്ളതാണതിനാധാരം. അതായത്, തടിയും ഓലയും തണ്ടും കായ്ഫലവും നാരും എല്ലാം മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന ഈത്തപ്പനപോലെ ഒരു മുസ്‌ലിമിന്റെ വാക്കും പ്രവൃത്തിയും ചിന്തയും ശരീരവും സാന്നിധ്യവുമെല്ലാം എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ്. കേരവൃക്ഷമാണെന്നും അഭിപ്രായമുണ്ട്. എല്ലാ സീസണിലും ഫലം തരുന്നത് തെങ്ങാണെന്നാണവരുടെ ന്യായം. നല്ല തടിയുറപ്പോടെ വളരെക്കാലം പടര്‍ന്നു പന്തലിച്ചുനിന്ന് നല്ല ഫലം തരുന്ന ഏതു വൃക്ഷവുമാകാം ഉദ്ദേശ്യമെന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി തോന്നുന്നത്. അത്തരം പല വൃക്ഷങ്ങളും ഭൂമിയിലുണ്ട്. ഈത്തപ്പന മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ അതു വ്യക്തമായിത്തന്നെ പറയുമായിരുന്നു. ഖുര്‍ആന്‍ ഈത്തപ്പനയെ പലേടത്തും പരാമര്‍ശിച്ചിട്ടുള്ളതാണല്ലോ. അതുപോലെ ക്ഷുദ്രവൃക്ഷം (شجرة خبيثة) ആട്ടങ്ങയാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കയ്‌പേറിയ വിഷക്കനിയാണ് അതു വിളയിക്കുന്നത്. പക്ഷേ, ആട്ടങ്ങ(കാട്ടുവെള്ളരി) ഒരു വള്ളിച്ചെടിയാണ്. ക്ഷുദ്രവൃക്ഷം കൊണ്ടുദ്ദേശ്യം ഏതെങ്കിലും പ്രത്യേക വൃക്ഷവര്‍ഗമല്ല; സ്ഥിരമായ നിലനില്‍പ്പോ മനുഷ്യര്‍ക്ക് പ്രയോജനമോ ഇല്ലാത്ത ഏതു വൃക്ഷവും അതിന്റെ വിവക്ഷയില്‍ പെടുന്നുവെന്ന വീക്ഷണമാണ് ഏറെ സ്വീകാര്യമായി തോന്നുന്നത്. അത്തരം ചില വൃക്ഷങ്ങള്‍ എല്ലാ വര്‍ഗത്തിലും ഉണ്ടാവാം. അല്ലാഹു മ്ലേഛവും നിഷ്പ്രയോജനവുമായി ഒരു വൃക്ഷവര്‍ഗവും സൃഷ്ടിച്ചിട്ടില്ല. എല്ലാ വൃക്ഷലതാദികള്‍ക്കും ചില ഗുണങ്ങളും ധര്‍മങ്ങളുമുണ്ട്. മനുഷ്യന്‍ അതു കണ്ടറിഞ്ഞ് അതിനെ സമീപിക്കുമ്പോള്‍ നല്ലതും പ്രയോജനകരവുമാകുന്നു. വിശിഷ്ട വൃക്ഷങ്ങളായ ഈത്തപ്പനയില്‍നിന്നും തെങ്ങില്‍നിന്നും തന്നെ മനുഷ്യന്‍ ഭൗതികമായും ധാര്‍മികമായും ഏറ്റം മോശപ്പെട്ട മദ്യവും ഉല്‍പാദിപ്പിക്കുന്നു. അതു തെങ്ങിന്റെയോ ഈത്തപ്പനയുടെയോ കുറ്റമല്ല; മനുഷ്യന്റെ കുറ്റമാണ്. ഏറ്റം മോശപ്പെട്ട ഫലങ്ങളായി ഗണിക്കപ്പെടുന്ന ആട്ടങ്ങയിലും കാഞ്ഞിരക്കുരുവിലും ഔഷധ ഗുണങ്ങളുള്ളതായി ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

സൂക്തങ്ങളുടെ സാരമിതാണ്: വിശിഷ്ടമായ ഒരു മഹാവൃക്ഷം പോലെയാണ് ഇസ്‌ലാമിക ആദര്‍ശം. ഈ ആദര്‍ശ വൃക്ഷത്തിന് മനുഷ്യന്റെ ബുദ്ധിയിലും പ്രകൃതിയിലും അഗാധമായ വേരുകളുണ്ട്. മിഥ്യയുടെയും പൈശാചികശക്തികളുടെയും എതിര്‍പ്പുകള്‍ക്കോ മര്‍ദന പീഡനങ്ങള്‍ക്കോ അതിനെ കടപുഴക്കാനാവില്ല. അതിന്റെ ശാഖകള്‍ ആധ്യാത്മീയതയുടെ അനന്തവിഹായസ്സില്‍ പടര്‍ന്നു കിടക്കുന്നു. അതിന്റെ പ്രയോജനമോ പ്രായോഗികതയോ ഒരിക്കലും അവസാനിക്കുന്നില്ല. എല്ലാ കാലഘട്ടത്തിലും ആ കാലഘട്ടത്തിനാവശ്യവും പ്രായോഗികവുമായ ആശയ ഫലങ്ങള്‍ അതു നല്‍കിക്കൊണ്ടിരിക്കും. മണ്ണിനെയും വിണ്ണിനെയും, ആത്മീയതയെയും ഭൗതികതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബലിഷ്ഠപാശമാണത്.

എക്കാലത്തും എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത സദ്‌വചനമാണ് തൗഹീദ്. ഇന്നും ഭേദഗതിക്കതീതമായി അത് അടിയുറപ്പോടെ നിലനില്‍ക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ പോലും മൗലികമായി അതിനെ അംഗീകരിക്കേണ്ടി വരുന്നു. സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ഭൗതികാശയങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്, വിചാരണ തുടങ്ങിയ അതിഭൗതികാശയങ്ങളും അതിന്റെ ഫലങ്ങളാണ്. തൗഹീദാണ് മനുഷ്യന് ധാര്‍മിക-നൈതിക മൂല്യങ്ങള്‍ പ്രദാനം ചെയ്തത്. ചരിത്രാതീതകാലത്തെന്നപോലെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ദൈവിക സദ്‌വചനം മനുഷ്യര്‍ക്ക് സത്യത്തിന്റെ വെളിച്ചം കാട്ടുകയും ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍ വിരിക്കുകയും ചെയ്യുന്നു. ഏകദൈവത്വം പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വാഹകര്‍ അക്രമിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ആ ആദര്‍ശം ഒരിക്കലും ഖണ്ഡിക്കപ്പെട്ടിട്ടില്ല. തിരസ്‌കരിക്കപ്പെട്ടിട്ടുമില്ല. ചില മതങ്ങളില്‍ ദൈവം പിന്തള്ളപ്പെടുകയും ദൈവദൂതന്മാര്‍ ദൈവങ്ങളായി അവരോധിക്കപ്പെടുകയും ചെയ്‌തെങ്കിലും തൗഹീദിനെ പൂര്‍ണമായി തള്ളിപ്പറയാന്‍ അവര്‍ക്കായില്ല. തൗഹീദ് ഉയര്‍ത്തിപ്പിടിച്ച വലിയൊരു വിഭാഗം എന്നും മറുവശത്തുണ്ടായിരുന്നു. ഇന്നും രാഷ്ട്രീയരംഗത്ത് സാമ്രാജ്യത്വത്തിനെതിരായാലും സാമ്പത്തികരംഗത്ത് മുതലാളിത്തത്തിനും പലിശ വ്യവസ്ഥിതിക്കും എതിരായാലും ധാര്‍മികരംഗത്ത് ലൈംഗികാരാജകത്വത്തിനെതിരായാലും ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം ഇസ്‌ലാമിന്റേതാണ്. ദൈവിക സദ്‌വചനം ആധുനികകാലത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന ഫലങ്ങളാണത്. അത് എത്രത്തോളം വിലമതിക്കപ്പെടുന്നുവെന്നത് മനുഷ്യര്‍ ആ വചനത്തെ എങ്ങനെ കേള്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത് എത്ര വലിയ ഔദാര്യങ്ങളും ഔന്നത്യങ്ങളുമാണെന്ന് അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനും അത് ആര്‍ജിക്കാന്‍ പരിശ്രമിക്കുന്നതിനും വേണ്ടിയാണ് ഖുര്‍ആന്‍ ഇത്തരം ഉദാഹരണങ്ങള്‍ അവതരിപ്പിക്കുന്നത്. പക്ഷേ, മനുഷ്യര്‍ അതെല്ലാം അവഗണിച്ച് ചെകുത്താന്‍ എറിഞ്ഞുകൊടുക്കുന്ന ജീര്‍ണ ജഡങ്ങള്‍ തന്നെ വാരിപ്പുണരുകയാണ്. ഇതാണ് يضرب الله ......يتذكرون എന്ന വാക്യത്തിന്റെ താല്‍പര്യം.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments