ഇബ്‌റാഹീം

സൂക്തങ്ങള്‍: 26-27

വാക്കര്‍ത്ഥം

മ്ലേഛമായ, ക്ഷുദ്രമായ വചനത്തിന്റെ ഉദാഹരണം  = خَبِيثَةٍ   كَلِمَةٍ  وَمَثَلُ

ഒരു ക്ഷുദ്രവൃക്ഷം പോലെ = خَبِيثَةٍ كَشَجَرَةٍ

അതു പിഴുതെറിയപ്പെട്ടു(പ്പെടുന്ന) = اجْتُثَّتْ

ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് = مِن فَوْقِ الْأَرْضِ

അതിനില്ല = مَا لَهَا

യാതൊരു നിലനില്‍പും, അടിയുറപ്പും = مِن قَرَارٍ

അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നു, സ്ഥൈര്യം പ്രദാനം ചെയ്യുന്നു = اللَّهُ يُثَبِّتُ

വിശ്വാസികളായവരെ(സത്യവും ധര്‍മവും കൈക്കൊള്ളുന്നവരെ) = الَّذِينَ آمَنُوا

സുസ്ഥിര വചനത്താല്‍ = الثَّابِتِ بِالْقَوْلِ

ഭൗതികജീവിതത്തില്‍= الدُّنْيَا فِي الْحَيَاةِ

പരലോകത്തും = وَفِي الْآخِرَةِۖ

അല്ലാഹു വഴിതെറ്റിക്കുന്നു(ന്നത്)  = اللَّهُ وَيُضِلُّ

ധര്‍മധിക്കാരികളെ, അക്രമികളെയാണ് = الظَّالِمِينَۚ

അല്ലാഹു പ്രവര്‍ത്തിക്കുന്നു(അല്ലാഹുവിന് പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ട്)  = اللَّهُ وَيَفْعَلُ

അവന്‍ ഇച്ഛിക്കുന്നത് = مَا يَشَاءُ

وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ ﴿٢٦﴾ يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَاوَفِي الْآخِرَةِۖ وَيُضِلُّ اللَّهُ الظَّالِمِينَۚ وَيَفْعَلُ اللَّهُ مَا يَشَاءُ ﴿٢٧﴾

26.          ക്ഷുദ്ര വചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു നിലനില്‍പുമില്ല.

27.          സത്യവും ധര്‍മവും കൈക്കൊള്ളുന്നവരെ അല്ലാഹു സുസ്ഥിര വചനത്താല്‍ ഭൗതികജീവിതത്തിലും പരലോകത്തും ഉറപ്പിച്ചു നിര്‍ത്തുന്നു. ധര്‍മധിക്കാരികളെയാണ് അവന്‍ വഴിതെറ്റിക്കുന്നത്. അല്ലാഹു അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നു.

26. كلمة خبيثة    കൊണ്ട് വിവക്ഷ ബഹുദൈവവാദവും മറ്റ് കേവല ഭൗതിക-നാസ്തിക-ജാഹിലിയ്യാ തത്ത്വശാസ്ത്രങ്ങളുമാണ്. അതിനെ ഉപമിക്കുന്ന വൃക്ഷത്തിനു രണ്ടു വിശേഷണങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന് خبيث ക്ഷുദ്രവും മലിനവും ഹീനവുമായതാണ് خبيث. അതായത്, അത് സല്‍ഫലം വിളയിക്കുന്നില്ല. ശാഖകള്‍ കൊണ്ടും ഇലകള്‍ കൊണ്ടും തണല്‍ വിരിക്കുന്നില്ല. തടിക്ക് ഉറപ്പുമില്ല. കൂര്‍ത്ത മുള്ളുകളുണ്ട്. അതിന്റെ പൊത്തുകളിലും പോടുകളിലും സര്‍പ്പങ്ങള്‍ വാസമുറപ്പിച്ചിരിക്കുന്നു. അതിന്റെ സാമീപ്യം പേടിപ്പെടുത്തുന്ന കാഴ്ചയും അരോചകമായ ഗന്ധവുമാണ് നല്‍കുന്നത്. മണ്ണില്‍നിന്ന് എളുപ്പം പിഴുതെടുക്കപ്പെടാവുന്നത് – أجتثت من فوق الارض- എന്നതാണ് രണ്ടാമത്തെ വിശേഷണം. ഒരു നല്ല കാറ്റടിച്ചാല്‍, ആരെങ്കിലും ഒന്നു തള്ളിയാല്‍ വീണു പോകും. തള്ളിത്താഴെയിടാന്‍ ശക്തിയും സന്നദ്ധതയുമുള്ള ഒരു കരത്തിന്റെ അഭാവമാണതിന്റെ ആയുസ്സിന്റെ ഗ്യാരണ്ടി. അങ്ങനെയൊരു കരമുണ്ടായില്ലെങ്കിലും കാലാന്തരത്തില്‍ മൂടുചീഞ്ഞ് അത് സ്വയം വീണുപോകും. جثة ല്‍ നിന്നുള്ള ക്രിയയാണ് أجتثت  . ജീവന്‍ പറിച്ചെടുക്കപ്പെട്ട ജന്തുജഡമാണ് ഭാഷാര്‍ഥത്തില്‍ جثة . പിഴുതെറിഞ്ഞു, സമൂലം നശിപ്പിച്ചു എന്ന അര്‍ഥത്തില്‍  اجتث ഉപയോഗിക്കുന്നു. സ്ഥിരവും സ്വസ്ഥവുമായ നിലനില്‍പാണ് قرار  . ക്ഷുദ്രവൃക്ഷം എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ്    ما لها من قرار എന്നവാക്യം. തീര്‍പ്പ്, സ്ഥിരവാസം, ഉറച്ചുനില്‍പ്, അടിത്തട്ട് എന്നെല്ലാം  قرار   ന് അര്‍ഥമുണ്ട്. സ്ഥിരവും സ്വസ്ഥവുമായ നിലനില്‍പിന് استقرار   ആണ് സാധാരണ ഉപയോഗിക്കാറുള്ളത്. അതാണ് ഇവിടെ ഉദ്ദേശ്യം. ക്ഷുദ്രവൃക്ഷത്തിന് മണ്ണില്‍ ആഴ്ന്നിറങ്ങിയ വേരുകളില്ലാത്തതിനാല്‍ സുസ്ഥിരമായ നിലനില്‍പില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ കൊമ്പുകളും ചില്ലകളുമില്ല. ജാഹിലീതത്ത്വശാസ്ത്രങ്ങള്‍ക്കു ബുദ്ധിപരമോ പ്രകൃതിപരമോ ആയ ആധാരങ്ങളില്ലാത്തതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കാനോ ഗുണഫലങ്ങളുളവാക്കാനോ കഴിയുകയില്ല. ചരിത്രത്തില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇതഃപര്യന്തമുള്ള മാനവചരിത്രത്തില്‍ എണ്ണമറ്റ ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉടലെടുത്തിട്ടുണ്ട്. പലതും ചരിത്രത്തില്‍ നിന്നുപോലും മാഞ്ഞുപോയി. ചിലത് ചരിത്രത്തില്‍ മാത്രം അവശേഷിക്കുന്നു. ലോകത്തിന്റെ മോചന മന്ത്രമായി രംഗപ്രവേശം ചെയ്യുകയും പല രാജ്യങ്ങളുടെയും സാമൂഹികവ്യവസ്ഥിതിക്കാധാരമായിത്തീരുകയും ചെയ്ത കമ്യൂണിസം പോലും ഏതാനും ദശകങ്ങള്‍ക്കകം കടപുഴകി വീണിരിക്കുന്നു. മറ്റു പല തത്ത്വശാസ്ത്രങ്ങളുടെയും വാഹകരെപ്പോലെ കമ്യൂണിസത്തിന്റെ വക്താക്കളും ഇന്ന് ചുമന്നുനടക്കുന്നത് അതിന്റെ മൃതജഡംجثة   ആണ്.

ഈ സൂക്തം അവതരിക്കുന്ന കാലത്ത് ഖുറൈശികള്‍ക്കിടയില്‍ വിഗ്രഹാരാധനയുടെയും ബഹുദൈവ വിശ്വാസത്തിന്റെയും കടപുഴകിയിട്ടുണ്ടായിരുന്നു. ആര്‍ജവവും ആത്മധൈര്യവുമുള്ള പലരും ഇസ്‌ലാമിലേക്ക് മാനസാന്തരപ്പെട്ടുകൊണ്ടിരുന്നു. സാധാരണക്കാരില്‍ പലരും ഇസ്‌ലാമിലേക്ക് വരാന്‍ മടിച്ചു നിന്നത് അതിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടാത്തതുകൊണ്ടായിരുന്നില്ല; തങ്ങള്‍ ആശ്രയിക്കുന്ന മുതലാളിമാരെയും പ്രമാണിമാരെയും ഭയന്നായിരുന്നു. മുഹമ്മദീയ പ്രബോധനം സത്യവിരുദ്ധമാണെന്ന് കരുതിയിട്ടായിരുന്നില്ല മുതലാളിമാരും പ്രമാണിമാരും അതിനെ എതിര്‍ത്തിരുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാര്‍ഥ താല്‍പര്യങ്ങളായിരുന്നു അവര്‍ക്കു തടസ്സം. ഇസ്‌ലാം സത്യമതമാണെന്ന് നന്നായി ബോധ്യപ്പെട്ടിട്ടും പൂര്‍വപിതാക്കളുടെ മതം വെടിഞ്ഞ ഒരു മതപരിവര്‍ത്തിതനായി അറിയപ്പെടാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ചിലര്‍ അതില്‍ നിന്നു മാറി നിന്നത്. വിഗ്രഹാരാധനയില്‍ യഥാര്‍ഥ വിശ്വാസമുള്ളവര്‍ അക്കൂട്ടത്തില്‍ നന്നെ വിരളമായിരുന്നു. എങ്കിലും ആ വിശ്വാസത്തിന്റെ ജഡം جثة- പേറി നടക്കുകയായിരുന്നു എല്ലാവരും. ഈ സാഹചര്യത്തില്‍ ഖുറൈശികളുടെ ബഹുദൈവവിശ്വാസപരമായ തത്ത്വശാസ്ത്രത്തെ പ്രത്യേകം സൂചിപ്പിച്ചുകൊണ്ടാണ് ക്ഷുദ്രവൃക്ഷത്തെاجتثت من فوق الارض    (ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് പിഴുതെടുക്കപ്പെട്ടത്) എന്ന് ഭൂതകാലക്രിയയില്‍ പരാമര്‍ശിച്ചത്. ദൈവികമായ വെളിപാടിന്റെ,വേദപ്രമാണങ്ങളുടെയും ബുദ്ധിയുടെയും പ്രകൃതിയുടെയും പിന്‍ബലമില്ലാത്ത എല്ലാ കൃത്രിമ ദര്‍ശനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അജ്ഞതകൊണ്ടോ തെറ്റുധാരണ കൊണ്ടോ ആദ്യം കുറെ ആളുകളെ അതാകര്‍ഷിക്കുന്നു. കാലക്രമത്തില്‍ അജ്ഞതയും തെറ്റുധാരണകളും മാറുമ്പോള്‍ അവരതില്‍ നിന്നു പിന്തിരിയുകയും ചെയ്യും. പക്ഷേ, ചില വ്യാജദര്‍ശനങ്ങളുടെ പൊള്ളത്തരം വ്യക്തമാകാന്‍ നീണ്ടകാലം വേണ്ടിവരും. അപ്പോഴേക്കും അതിന്റെ വക്താക്കളുടെയും നേതാക്കളുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ അതുമായി കെട്ടുപിണഞ്ഞിരിക്കും. അതുകൊണ്ട് പിന്നീട് പൊള്ളയാണെന്ന് തെളിഞ്ഞാലും ആ ആദര്‍ശവും പ്രസ്ഥാനവും ഉപേക്ഷിക്കുക അവര്‍ക്കു ബുദ്ധിമുട്ടാകും. അത്തരക്കാര്‍ ചത്ത ഡോഗ്മയുടെ ജഡവുമായിത്തന്നെ മുന്നോട്ടു പോകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

27.  മണ്ണില്‍ വേരുകളുറപ്പിച്ചതും മാനത്ത് ശാഖകള്‍ പടര്‍ത്തിയതുമെന്ന് വര്‍ണിക്കപ്പെട്ട കലിമതുത്തൗഹീദ് അഥവാ ഇസ്‌ലാമികദര്‍ശനം തന്നെയാണ്  القول االثّابت - സ്ഥിരവചനം. ഈ വചനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഉതവി ലഭിക്കാന്‍ സത്യവും ധര്‍മവും കൈക്കൊള്ളാനും അനുകരിക്കാനും സ്വയം സന്നദ്ധതയുണ്ടാവണം. അല്ലാത്തവര്‍ക്ക് കലിമതുത്ത്വയ്യിബഃ അറിഞ്ഞാലും അതില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ല. അതുള്ളവരുടെ പാദങ്ങളെ ഈ വചനം ഏതു പ്രതിസന്ധിയിലും സത്യത്തിലും ധര്‍മത്തിലും ഉറപ്പിച്ചു നിര്‍ത്തുകയും ഇഹത്തിലും പരത്തിലും വെളിച്ചം നല്‍കുകയും ചെയ്യുന്നു. ഭൗതികജീവിതത്തില്‍ ജീവിതവ്യവഹാരങ്ങള്‍ ധര്‍മനിഷ്ഠയോടെ, സത്യസന്ധമായി, നീതിപൂര്‍വം നിര്‍വഹിക്കാനുള്ള വെളിച്ചം. പരലോകത്ത് ദൈവപ്രീതിയുടെയും ശാശ്വത സ്വര്‍ഗത്തിന്റെയും വെളിച്ചം. സുസ്ഥിരവചനത്താല്‍ വിശ്വാസികളെ പരലോകത്ത് അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുമെന്നു പറയുന്നതിന്റെ താല്‍പര്യം,ഖബ്‌റില്‍ വെച്ച് മലക്കുകള്‍ ചോദ്യം ചെയ്യുമ്പോള്‍ ഒട്ടും പതറാതെ ഇസ്‌ലാമികദര്‍ശനത്തിലധിഷ്ഠിതമായ ഉത്തരങ്ങള്‍ നല്‍കുമെന്നാണെന്ന് ധാരാളം പൂര്‍വിക മുഫസ്സ്വിറുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മരിച്ച മനുഷ്യന്‍ മറമാടപ്പെട്ടാലുടനെ മുന്‍കര്‍, നകീര്‍ എന്നീ രണ്ടു മലക്കുകള്‍ ഖബ്‌റില്‍ വന്ന് മരിച്ചവരോട് നിന്റെ റബ്ബാര്, നബിയാര്, വേദമേത് എന്നൊക്കെ ചോദിക്കുമെന്നും യഥാര്‍ഥ സത്യവിശ്വാസി അതിനെല്ലാം നിസ്സങ്കോചം ഉറച്ച മറുപടി നല്‍കുമെന്നും പല ഹദീസുകളില്‍ പറയുന്നുണ്ട്. അവിശ്വാസിയും കപടവിശ്വാസിയും ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറുകയും ശരിയായ ഉത്തരം പറയാനാവാതെ കുഴങ്ങുകയും ചെയ്യും. സദ്‌വചനത്തിന്റെ വാഹകന്‍ പരലോകത്ത് ആ വചനത്തില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ ഒരു രൂപം തന്നെയാണിതെങ്കിലും ഇതുമാത്രമാണ് പ്രകൃതവാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വിചാരിക്കേണ്ടതില്ല. യഥാര്‍ഥ സത്യവിശ്വാസം ഐഹികജീവിതത്തിലും പാരത്രികജീവിതത്തിലും അതിന്റെ വാഹകര്‍ക്ക് ഊന്നുവടിയും വെളിച്ചവുമായി വര്‍ത്തിക്കാന്‍ അല്ലാഹു ഉതവിയരുളുന്നു എന്നാണ് വിശാലമായ വചനതാല്‍പര്യം.

يضل الله  الظالمينയുടെ ഭാഷാര്‍ഥം അക്രമികളെ അല്ലാഹു വഴിതെറ്റിക്കുന്നു എന്നാണ്. അക്രമികളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു നിഷ്ഫലമാക്കുന്നു എന്നുമാവാം. സൂറ മുഹമ്മദില്‍ ഇങ്ങനെ പറയുന്നുണ്ട്:

الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ

(സത്യം നിഷേധിക്കുകയും ദൈവിക സരണിയില്‍നിന്ന് ജനങ്ങളെ തടയുകയും ചെയ്തവരുടെ പ്രയത്‌നങ്ങള്‍ അല്ലാഹു നിഷ്ഫലമാക്കി). ഒരര്‍ഥത്തില്‍ ഒരാളുടെ വഴിതെറ്റലും അയാളുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോകല്‍ തന്നെയാണ്. ഇവിടെ ظالمين കൊണ്ടുദ്ദേശ്യം ബഹുദൈവാരാധകരാണെന്നും പ്രബലമായ അഭിപ്രായമുണ്ട്. ബഹുദൈവാരാധനയെ ഖുര്‍ആന്‍ വലിയ അധര്‍മം –ظلم عظيم - എന്നു വിശേഷിപ്പിക്കുന്നുണ്ടല്ലോ. എങ്കിലും അധര്‍മികള്‍ -ظالمون - ബഹുദൈവാരാധകര്‍ മാത്രമല്ല. അവരും സത്യദൈവത്തെയും അവന്റെ ധര്‍മശാസനകളെയും നിഷേധിക്കുകയും ജാഹിലിയ്യാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തുകയും ചെയ്യുന്ന എല്ലാവരും ظالمون ല്‍ ഉള്‍പ്പെടുന്നു. നേരത്തെ 18-ാം സൂക്തത്തില്‍ കര്‍മങ്ങള്‍ പാഴായിപ്പോകുന്നവരെ  الذين كفروا بربهم   (തങ്ങളുടെ വിധാതാവിനെ നിഷേധിച്ചവര്‍) എന്നും സൂറ ഫുര്‍ഖാനില്‍ الذين كفروا   (സത്യധര്‍മങ്ങള്‍ നിഷേധിച്ചവര്‍) എന്നുമാണ് വിളിച്ചിട്ടുള്ളത്.

അല്ലാഹു അവനിച്ഛിക്കുന്നതു പ്രവര്‍ത്തിക്കുന്നു     ويفعل الله ما يشاء എന്നതിന്റെ താല്‍പര്യം, അല്ലാഹു യാതൊരു വ്യവസ്ഥയും ക്രമവുമില്ലാതെ അപ്പപ്പോള്‍ തോന്നുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്നല്ല. പ്രത്യുത അല്ലാഹുവിന്റെ നടപടികളുടെ നിയമങ്ങളും വ്യവസ്ഥകളും അവന്‍ തന്നെ നിശ്ചയിച്ചതാണ്, മറ്റാര്‍ക്കും അതില്‍ ഒരു സ്വാധീനവുമില്ല. അതുകൊണ്ട് അവന്റെ നടപടികള്‍ തടയുകയോ ഭേദഗതി ചെയ്യുകയോ ആരാലും അസാധ്യമാകുന്നു. അന്ധവിശ്വാസികള്‍ പൂജിക്കുന്ന ദേവീദേവന്മാരുടെയോ പുണ്യാത്മാക്കളുടെയോ ശിപാര്‍ശകളൊന്നും അവരെ തുണക്കാന്‍ പോകുന്നില്ല. അവന്റെ ഇച്ഛകള്‍ സമ്പൂര്‍ണമായി നീതിയിലും യുക്തിയിലും അധിഷ്ഠിതമാകുന്നു. വിമര്‍ശനങ്ങള്‍ക്കും തിരുത്തുകള്‍ക്കുമെല്ലാം അതീതമാണത്.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments