ഇബ്‌റാഹീം

സൂക്തങ്ങള്‍: 32-34

വാക്കര്‍ത്ഥം

സൃഷ്ടിച്ചത് അല്ലാഹുവാകുന്നു = خَلَقَ الَّذِي اللَّهُവാന-ഭുവനങ്ങളെ = وَالْأَرْضَ السَّمَاوَاتِഇറക്കിയതും അവന്‍ (വര്‍ഷിച്ചതും) = وَأَنزَلَമാനത്തുനിന്ന് = مِنَ السَّمَاءِവെള്ളം(മഴ) = مَاءًഎന്നിട്ട് അതുവഴി അവന്‍ ഉല്‍പാദിപ്പിച്ചു = بِهِ فَأَخْرَجَഫലങ്ങളാല്‍(വിളകള്‍)  = مِنَ الثَّمَرَاتِനിങ്ങള്‍ക്ക് ആഹാരമായി = لَّكُمْۖ رِزْقًاഅവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നു = لَكُمُ وَسَخَّرَകപ്പല്‍ = الْفُلْكَഅത് സഞ്ചരിക്കാന്‍ = لِتَجْرِيَസമുദ്രത്തില്‍ = فِي الْبَحْرِഅവന്റെ നിശ്ചയപ്രകാരം = بِأَمْرِهِۖനദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു = الْأَنْهَارَ لَكُمُ  وَسَخَّرَസൂര്യചന്ദ്രന്മാരെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നു = وَالْقَمَرَ الشَّمْسَ لَكُمُ وَسَخَّرَഅവരണ്ടും അനവരതം സഞ്ചരിക്കുന്നവയായ നിലയില്‍ = دَائِبَيْنِۖഅവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നു = لَكُمُ وَسَخَّرَരാത്രിയെ = اللَّيْلَപകലിനെയും = وَالنَّهَارَഅവന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു = وَآتَاكُمനിങ്ങള്‍ ചോദിച്ച(തൊക്കെയും), എല്ലാ ഓരോന്നിനാലും = مَا سَأَلْتُمُوهُۚ مِّن كُلِّനിങ്ങള്‍ എണ്ണു(എണ്ണാന്‍ തുടങ്ങു)കയാണെങ്കില്‍ = وَإِن تَعُدُّواഅല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍= نِعْمَتَ اللَّهِഅവയെ നിങ്ങള്‍ തിട്ടപ്പെടുത്തുകയില്ല(ത്താന്‍ ആവില്ല) = لَا تُحْصُوهَاۗപക്ഷേ, മനുഷ്യന്‍ = إِنَّ الْإِنسَانَഅക്രമി തന്നെയാകുന്നു = لَظَلُومٌകൊടിയ നിഷേധി, കൃതഘ്‌ന(നും)നായ = كَفَّارٌ

 اللَّهُ الَّذِي خَلَقَالسَّمَاوَاتِ وَالْأَرْضَ وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْۖ وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِي الْبَحْرِ بِأَمْرِهِۖ وَسَخَّرَ لَكُمُ الْأَنْهَارَ ﴿٣٢﴾وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ ﴿٣٣﴾ وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُۚ وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَاۗ إِنَّ الْإِنسَانَ لَظَلُومٌكَفَّارٌ ﴿٣٤﴾

32.          വാനഭുവനങ്ങള്‍ സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. മാനത്തു നിന്നു മഴവര്‍ഷിച്ചതും അവന്‍. അതുവഴി നിങ്ങള്‍ക്ക് ആഹാരമായി വിളകളുല്‍പാദിപ്പിച്ചു. അവന്റെ ആജ്ഞാനുസാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ കപ്പലുകള്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നദികളും വിധേയമാക്കിത്തന്നു.

33.          അനവരതം ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെ വിധേയമാക്കിത്തന്നു. രാപ്പകലുകളും വിധേയമാക്കിത്തന്നു.

34.          നിങ്ങള്‍ ചോദിച്ചതൊക്കെയും അവന്‍ തന്നിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കതു തിട്ടപ്പെടുത്താനാവില്ല. പക്ഷേ, മനുഷ്യന്‍ മഹാ അക്രമിയും കൃതഘ്‌നനും തന്നെ.

---------------------

32-34. ചില പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മനുഷ്യനനുഭവിക്കുന്ന സകല നന്മകളും അല്ലാഹുവിന്റെ ഔദാര്യമാണെന്നും മനുഷ്യന്‍ ആ ദൈവാനുഗ്രഹങ്ങള്‍ക്കൊന്നും നന്ദികാണിക്കുന്നില്ലെന്നും ഉണര്‍ത്തുകയാണിവിടെ. ചിലര്‍ അനുഗ്രഹമൊക്കെ അവര്‍ക്കു തോന്നിയ ഓരോ ദേവീദേവന്മാരുടെയും വിഗ്രഹങ്ങളുടെയും കണക്കില്‍ ചേര്‍ക്കുകയും അവരെ ആരാധിക്കുകയും ചെയ്യുന്നു. ചിലര്‍ അവയ്‌ക്കൊന്നും സ്രഷ്ടാവോ വിധാതാവോ ഇല്ലെന്നു ജല്‍പിക്കുന്നു. വേറെ ചിലര്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ സ്രഷ്ടാവുണ്ടെങ്കിലും മനുഷ്യര്‍ക്ക് ആ സ്രഷ്ടാവിനോട് ഒരു ബാധ്യതയുമില്ലെന്നു വാദിക്കുന്നു. അങ്ങനെ മനുഷ്യന്‍ മഹാ അക്രമിയും നന്ദികെട്ടവനുമായിരിക്കുന്നു.

മഴയുടെ മഹത്വം വിശദീകരിക്കാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മഴ പെയ്യിക്കാനോ പെയ്യുന്ന മഴ തടയാനോ മനുഷ്യനു കഴിയില്ല. എന്നിട്ടും അതിനെ അല്ലാഹുവിന്റെ അനുഗ്രഹമായി കാണാന്‍ അധികമനുഷ്യരും തയാറാകുന്നില്ല. ഇതുതന്നെയാണ് ഭൂമിയില്‍ മനുഷ്യന്‍ അനുഭവിക്കുന്ന മറ്റു സൗഭാഗ്യങ്ങളുടെയും അവസ്ഥ. പ്രപഞ്ചത്തിലെ ഒട്ടനേകം പ്രതിഭാസങ്ങള്‍ ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പിനും ജീവിതാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും ആധാരമായിട്ടാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സമുദ്രം, ജലത്തിന്റെ പ്രകൃതി, നദികള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ താങ്ങുകളാണ്. ഇവ ഇല്ലാതായാല്‍ അല്ലെങ്കില്‍ ഇവയുടെ നിലവിലുള്ള സംവിധാനം മാറിയാല്‍ മനുഷ്യന്‍ ഭൂമുഖത്തുനിന്നു മാഞ്ഞുപോകും. പക്ഷേ, മനുഷ്യന്‍ ഇല്ലാതായാല്‍ ഈ പ്രതിഭാസങ്ങള്‍ക്ക് യാതൊന്നും സംഭവിക്കുകയില്ല.

പ്രാപഞ്ചികപ്രതിഭാസങ്ങള്‍ മനുഷ്യജീവിതത്തിനനുഗുണമാക്കിയതിനെക്കുറിച്ച്  سخّر لكم (നിങ്ങള്‍ക്കു വിധേയമാക്കി, കീഴ്‌പ്പെടുത്തി) എന്ന പദങ്ങളാണുപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ നിലനില്‍പിന്റെയും ജീവിതത്തിന്റെയും താല്‍പര്യങ്ങള്‍ക്കു വിധേയമാക്കി സംവിധാനിച്ചിരിക്കുന്നു എന്നാണര്‍ഥം. സമുദ്രങ്ങളും നദികളും സൂര്യചന്ദ്രന്മാരും രാപ്പകലുകളും ഇന്നുള്ള വിധത്തിലല്ല സംവിധാനിക്കപ്പെട്ടിരുന്നതെങ്കില്‍ ഭൂമിയില്‍ മനുഷ്യജീവിതം അസാധ്യമാകുമായിരുന്നു. ചില ആളുകള്‍ سخّر لكم എന്ന വാക്കിന് നിങ്ങളുടെ അധികാരത്തിനും ശക്തിക്കും കീഴ്‌പ്പെടുത്തി എന്ന് അര്‍ഥം കല്‍പിക്കുകയും ആകാശ ഗോളങ്ങളടക്കമുള്ള പ്രതിഭാസങ്ങളെ സ്വന്തം ശക്തികൊണ്ടും അധികാരം കൊണ്ടും നിയന്ത്രിക്കലാണ് മനുഷ്യന്റെ ലക്ഷ്യമെന്നഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ചില രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ സംഘടിപ്പിച്ച ബഹിരാകാശ-ചാന്ദ്ര പര്യവേക്ഷണങ്ങള്‍ ഈ കീഴടക്കലിന്റെ സാക്ഷ്യമായും ഉന്നയിക്കപ്പെടുന്നു. പക്ഷേ, പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിന്റെ മാത്രം അധീനത്തിലും ഭരണത്തിലുമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ശക്തിക്കും അധികാരത്തിനും വിധേയമാക്കുക എന്ന അര്‍ഥത്തിലുള്ള സൂര്യചന്ദ്രന്മാരുടെ تسخير അല്ലാഹുവിന്നാണെന്ന് സൂറ അര്‍റഅ്ദ്: 2-ാം സൂക്തത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى يُدَبِّرُ الْأَمْرَ

(വാനലോകങ്ങളെ നിങ്ങള്‍ക്കു കാണാവുന്ന തൂണുകളില്ലാതെ ഉയര്‍ത്തി നിര്‍ത്തിയവന്‍ അല്ലാഹുവാകുന്നു. അനന്തരം അവന്‍ സിംഹാസനസ്ഥനായി. സൂര്യചന്ദ്രന്മാരെ അവന്‍ തന്റെ വ്യവസ്ഥക്കു കീഴ്‌പ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കും. കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവാകുന്നു).

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ

(ആകാശ ഭൂമികളെ സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്മാരെ കീഴ്‌പ്പെടുത്തി വെച്ചവനാരെന്നും ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: 'അല്ലാഹു'. പിന്നെ എങ്ങനെയാണവര്‍ വഞ്ചിക്കപ്പെടുന്നത്? - അല്‍അന്‍കബൂത്ത്: 61). പ്രകൃത സൂക്തത്തില്‍ തന്നെ    لتجري في البحر بأمره എന്ന വാക്കും നിങ്ങള്‍ക്കു കീഴ്‌പ്പെടുത്തുന്ന പ്രതിഭാസങ്ങളുടെ ശാസനാധികാരിയും നിയന്താവും അല്ലാഹുവാണെന്ന് സ്പഷ്ടമാകുന്നുണ്ട്. ബഹിരാകാശ യാത്രകളും ഗൃഹാന്തരപര്യടനങ്ങളുമെല്ലാം മനുഷ്യന്ന് അന്യഗ്രഹങ്ങള്‍ പ്രയോജനപ്പെടുക എന്ന അര്‍ഥത്തിലുള്ള മാത്രമേ  تسخير ആകൂ. അവയെ സ്വന്തം അധികാരപരിധിയിലാക്കുക എന്ന അര്‍ഥത്തിലുള്ളതാവുകയില്ല. സൂര്യചന്ദ്രന്മാര്‍, പ്രഭാതം, പ്രദോഷം പോലുള്ള പ്രതിഭാസങ്ങളൊന്നും ദേവീദേവന്മാരോ ദിവശക്തിയുള്ളവയോ അല്ല, പ്രത്യുത നിങ്ങളുടെ പ്രയോജനത്തിനുവേണ്ടി അല്ലാഹു സംവിധാനിച്ചു തന്ന ഉപാധികള്‍ മാത്രമാകുന്നു. അതുകൊണ്ടു നിങ്ങള്‍ നന്ദികാണിക്കേണ്ടതും അവക്കല്ല,അവയെ സംവിധാനിച്ചു തന്ന അല്ലാഹുവിനാണ് എന്നാകുന്നു വാസ്തവത്തില്‍ ഖുര്‍ആന്‍ പറയുന്നത്.

നിങ്ങള്‍ ചോദിക്കുന്നതൊക്കെയും അവന്‍ തന്നിരിക്കുന്നു-   وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ

 എന്ന വാക്യത്തിന്റെ താല്‍പര്യം നിങ്ങളുടെ ജീവിതത്തിനാവശ്യമായതെന്തൊക്കെയുണ്ടോ അതെല്ലാം അല്ലാഹു അവന്റെ യുക്തിയുടെയും ജ്ഞാനത്തിന്റെയും താല്‍പര്യമനുസരിച്ചു തന്നിരിക്കുന്നു എന്നാണ്. അതില്‍ വായുവും രാപകലുകളും പോലെ ചിലത് നിങ്ങളുടെ യാതൊരിടപെടലുമില്ലാതെ തന്നെ ലഭിക്കുന്നു. കാര്‍ഷികവിളകള്‍ പോലെ ചിലത് നിങ്ങള്‍ അധ്വാനിച്ചു ലഭ്യമാക്കുന്നു. മനുഷ്യന്‍ അവന്റെ ബുദ്ധിവൈഭവവും പ്രയത്‌നശേഷിയും ഉപയോഗിക്കുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ശൂന്യാകാശ യാത്രയും. ഇങ്ങനെ അധ്വാനിക്കാനും കണ്ടെത്താനും കണ്ടെത്തിയതു പ്രയോജനപ്പെടുത്താനും പാകത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ സംവിധാനിച്ചു തന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്.

ഈ ദൈവാനുഗ്രഹങ്ങള്‍ അതിരറ്റതാണ്. അത് എണ്ണി ത്തീര്‍ക്കാന്‍ മനുഷ്യനാല്‍ കഴിയില്ല. മനുഷ്യ ജീവിതത്തിന്റെ ഒരു നിമിഷത്തിന്റെ ഏറ്റവും ചെറിയ അംശത്തിലെ നിലനില്‍പു പോലും എത്രയോ ദൈവാനുഗ്രഹങ്ങളുടെ ഫലമാണ്. പിന്നെ എങ്ങനെ, ആര്‍ക്കാണ് അതെണ്ണിത്തീര്‍ക്കാനാവുക. ഇമാം ശാഫിഈ പ്രസ്താവിച്ചു: ''അല്ലാഹുവിന്ന് സ്തുതി. അവന്റെ അനുഗ്രഹങ്ങളിലെ ഒരു അനുഗ്രഹത്തിനും നന്ദി പ്രകടിപ്പിക്കപ്പെടുന്നില്ല, നന്ദി പ്രകടിപ്പിക്കുന്നവന് നന്ദിപ്രകടനം നിര്‍ബന്ധമാക്കുന്ന പുതിയൊരനുഗ്രഹം കൊണ്ടല്ലാതെ.'' ബകറ് ബിന്‍ അബ്ദില്ലാഹ് പ്രസ്താവിച്ചതായി ബൈഹഖി ഉദ്ധരിക്കുന്നു:

''ദൈവദാസന്‍ ഒരിക്കലും 'അല്‍ഹംദുലില്ലാഹ്' എന്നുരുവിടുന്നില്ല, ആ 'അല്‍ഹംദുലില്ലാഹ്' എന്ന വാക്ക് അവന് ഒരനുഗ്രഹം ഉറപ്പാക്കിയിട്ടല്ലാതെ. ഒരാള്‍ ചോദിച്ചു: അപ്പോള്‍ ആ അനുഗ്രഹത്തിനുള്ള പകരമെന്താണ്? അദ്ദേഹം:''അയാള്‍ അല്‍ഹംദുലില്ലാഹ് എന്നു പറയുക. അപ്പോള്‍ മറ്റൊരനുഗ്രഹം വരുന്നു. അങ്ങനെ ദൈവാനുഗ്രഹം നിലക്കാതെ നീണ്ടു പോകുന്നു.'' 

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ 

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.
 

Facebook Comments