ഇബ്‌റാഹീം

സൂക്തങ്ങള്‍: 37

വാക്കര്‍ത്ഥം

ഞങ്ങളുടെ നാഥാ = رَّبَّنَا

ഞാന്‍ പാര്‍പ്പിച്ചിരിക്കുകയാണ് = إِنِّي أَسْكَنتُ

എന്റെ മക്കളില്‍നിന്ന് (ഒരു ഭാഗത്തെ) = مِن ذُرِّيَّتِي

(ഈ) താഴ്‌വരയില്‍ = بِوَادٍ

കൃഷിയുടയതല്ലാത്ത(കൃഷിയില്ലാത്ത)  = غَيْرِ ذِي زَرْعٍ

നിന്റെ ഭവനത്തിനടുത്ത് = عِندَ بَيْتِكَ

ആദരണീയമായ = الْمُحَرَّمِ

ഞങ്ങളുടെ നാഥാ = رَبَّنَا

(അവിടെ) അവര്‍ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനു വേണ്ടി (യാണ് ഞാനിതു ചെയ്തിട്ടുള്ളത്) = الصَّلَاةَ لِيُقِيمُوا

ആകയാല്‍ നീ ആ(ഉളവാ)ക്കേണമേ = فَاجْعَلْ

മനസ്സുകളെ = أَفْئِدَةً

ആളുകളില്‍നിന്ന് = مِّنَ النَّاسِ

അവരിലേക്ക് ചെരിയുന്നു, ഇഷ്ടപ്പെടുന്നു (അവരോട് അനുഭാവമുള്ളത്) = إِلَيْهِمْ تَهْوِي

നീ അവര്‍ക്ക് ആഹാരം(ആഹരിക്കാന്‍) നല്‍കേണമേ = وَارْزُقْهُم

ഫലങ്ങളാല്‍ = مِّنَ الثَّمَرَاتِ

അവര്‍(നിന്നോട്) നന്ദിയുള്ളവരായേക്കാം = لَعَلَّهُمْ يَشْكُرُونَ

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِتَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ﴿٣٧﴾

37.          നാഥാ, എന്റെ മക്കളിലൊരുഭാഗത്തെ ഞാന്‍ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ ആദരണീയ ഭവനത്തിനടുത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. നാഥാ, അവര്‍ ഇവിടെ നമസ്‌കാരം മുറപ്രകാരം നിലനിറുത്തുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്തിരിക്കുന്നത്. ആകയാല്‍ ജനമനസ്സുകളില്‍ അവരോടനുഭാവമുളവാക്കേണമേ. അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ. അവര്‍ നന്ദിയുള്ളവരായേക്കാം.

37.  അതായത് കൃഷിയോഗ്യമല്ലാത്ത ഈ ഊഷരഭൂമിയില്‍ നിന്റെ ഭവനത്തിനടുത്ത് ഞാന്‍ എന്റെ മക്കളെ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുന്നത് അവിടെ അവര്‍ നിന്റെ ശാസന പ്രകാരം നമസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്. അതിനാല്‍ അവര്‍ക്കവിടെ ജീവിക്കാനുള്ള സൗകര്യങ്ങള്‍ നീ ഒരുക്കിക്കൊടുക്കണം. ആളുകളില്‍ അവരോടാദരവും അവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാനും ചര്യകള്‍ പിന്തുടരാനുള്ള താല്‍പര്യവും ജനിപ്പിക്കണം.   تهوي اليهم എന്നാണ് മൂലവാക്ക്. هوى യുടെ ഭാവികാല രൂപമാണ് تهوي . ഒരു വ്യക്തിയോടോ കാര്യത്തോടോ ആസക്തിയുണ്ടായി, പ്രേമമുണ്ടായി, മാനസികമായ ചായ്‌വുണ്ടായി എന്നീ അര്‍ഥങ്ങളിലൊക്കെ هواليه  എന്നു പറയും. ജനങ്ങള്‍ക്ക് മതിപ്പും സ്‌നേഹവും ഉണ്ടാകുന്നതോടൊപ്പം അവര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു കൊടുക്കുകയും വേണം. അങ്ങനെ അവര്‍ക്ക് അല്ലാഹുവിന്റെ ദൗത്യത്തില്‍ ശ്രദ്ധിക്കാനും അത് യഥാവിധി നിര്‍വഹിക്കാനും സൗകര്യം നല്‍കണം. എങ്കില്‍ ആ സൗകര്യങ്ങളനുഭവിച്ച് അവര്‍ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുകയും അവന്റെ പ്രീതിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇതാണ്. ഏകദൈവത്തില്‍ നിഷ്‌ക്കളങ്കമായി വിശ്വസിക്കുകയും അവനുമാത്രം അടിമത്തമര്‍പ്പിക്കുകയും ചെയ്യുക എന്നത് മനുഷ്യജീവിതത്തിലെ ഏറ്റം ഗൗരവപ്പെട്ട കാര്യമാണ്. സന്ദര്‍ഭം ആവശ്യപ്പെടുകയാണെങ്കില്‍ അതിനുവേണ്ടി മറ്റെല്ലാം ത്യജിക്കാന്‍ തയാറാകണം. മറ്റൊന്നിനുവേണ്ടിയും അതു ത്യജിക്കാന്‍ തയാറായിക്കൂടാ താനും. കഅ്ബാമന്ദിരം അടിസ്ഥാനപരമായി നമസ്‌കാരത്തിന്റെ കേന്ദ്രമാകുന്നു എന്നതാണ് മറ്റൊരു സംഗതി. അതുകൊണ്ട് അതിന്റെ പരിചരണത്തിനും പരിപാലനത്തിനും അര്‍ഹര്‍ നമസ്‌കാരം അതിന്റെ മുറപ്രകാരം നിലനിര്‍ത്തുന്നവരാണ്. തൗഹീദില്‍നിന്ന് വ്യതിചലിക്കുകയും നമസ്‌കാരം പാഴാക്കുകയും ചെയ്യുന്നവര്‍ക്ക് കഅ്ബ പരിപാലിക്കാന്‍ അവകാശമില്ല. ഇബ്‌റാഹീം(അ) കഅ്ബാനിര്‍മാണത്തിന്റെ പ്രഥമലക്ഷ്യമായി പറയുന്നത് നമസ്‌കാരമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാകുന്നു. അതിനുശേഷമാണ് ഹജ്ജ് വിളംബരംചെയ്യാന്‍ അദ്ദേഹം കല്‍പിക്കപ്പെടുന്നത്. അങ്ങനെ അത് ഹജ്ജിന്റെ കേന്ദ്രവുമായി. ഇസ്മാഈല്‍നബി ആത്മബലിക്ക് സന്നദ്ധനായതോടെ അത് ബലിയുടെയും കേന്ദ്രമായിത്തീര്‍ന്നു. ഇഖാമത്തുസ്സ്വലാത്തിന്റെ വിവക്ഷ നമസ്‌കാരം എന്ന അനുഷ്ഠാനത്തിന്റെ നിര്‍വഹണം മാത്രമല്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ആളുകളെ നമസ്‌കാരത്തിനു വിളിക്കലും പ്രേരിപ്പിക്കലും ആളുകള്‍ക്ക് അത് ഭംഗിയായി നിര്‍വഹിക്കാനുള്ള സൗകര്യങ്ങളൊരുക്കലുമെല്ലാം ഇഖാമത്തുസ്സ്വലാത്തിന്റെ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങളാണ്.

ഇബ്‌റാഹീം(അ) തന്റെ പിന്മുറക്കുവേണ്ടി അര്‍ഥിച്ച രണ്ടു കാര്യങ്ങളിലൊന്ന് ജനങ്ങളുടെ അനുഭാവമായിരുന്നുവല്ലോ. അതിന്റെ ഫലമായി കഅ്ബാലയം അറബ്‌ലോകത്തിന്റെ ഏറ്റം വലിയ കേന്ദ്രമായിത്തീര്‍ന്നു. അന്ത്യപ്രവാചകന്റെ ആഗമനാനന്തരം മുഴുലോകത്തിന്റെയും കേന്ദ്രമായിത്തീരാന്‍ ഏറെകാലം വേണ്ടിവന്നില്ല. മക്ക സസ്യവും വെള്ളവുമില്ലാത്ത നാടായതിനാല്‍ അങ്ങോട്ട് കാര്‍ഷികവിഭവങ്ങള്‍ എത്തിച്ചു അനുഗ്രഹിക്കേണമേ എന്നായിരുന്നു രണ്ടാമതായി അപേക്ഷിച്ചത്. മക്ക അറേബ്യയുടെ വ്യാപാര കേന്ദ്രമായിത്തീര്‍ന്നുകൊണ്ട് ഈ പ്രാര്‍ഥനയും വേഗം തന്നെ സഫലമായി.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments