ഇബ്‌റാഹീം

സൂക്തങ്ങള്‍: 42-44

വാക്കര്‍ത്ഥം

തീര്‍ച്ചയായും അല്ലാഹുവിനെക്കുറിച്ച് നീ ധരിച്ചുപോകരുത് = اللَّهَ وَلَا تَحْسَبَنَّ

അശ്രദ്ധന്‍, അജ്ഞന്‍ ആണെന്ന് = غَافِلًا

ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് = عَمَّا يَعْمَلُ

അക്രമികള്‍, അധര്‍മികള്‍ = الظَّالِمُونَۚ

അവന്‍ അവരെ പിന്തിക്കുന്നത് = إِنَّمَا يُؤَخِّرُهُمْ

ഒരു ദിവസത്തിലേക്ക് = لِيَوْمٍ

ആ ദിവസത്തില്‍ തുറിച്ചു പോകുന്നു = فِيهِ تَشْخَصُ

കണ്ണുകള്‍ = الْأَبْصَارُ

(അന്ന് പേടിച്ചരണ്ട്) അവര്‍ പാഞ്ഞ് വരു(ും)ന്നവരായിട്ട് = مُهْطِعِينَ

അവരുടെ തല ഉയര്‍ത്തിപ്പിടിച്ച(ുകൊണ്ട്)വരായി = رُءُوسِهِمْ مُقْنِعِي

അവരിലേക്ക് മടങ്ങുകയില്ല(പൂര്‍വ സ്ഥിതിയിലാവുകയില്ല)  = إِلَيْهِمْ لَا يَرْتَدُّ

അവരുടെ കണ്ണ് = طَرْفُهُمْۖ

(അപ്പോള്‍)അവരുടെ മനസ്സുകള്‍(ആവട്ടെ) = وَأَفْئِدَتُهُمْ

ശൂന്യം, പൊള്ളയാകുന്നു = هَوَاءٌ

നീ(പ്രവാചകന്‍) മുന്നറിയിപ്പു നല്‍കുക = وَأَنذِرِ

ജനങ്ങള്‍ക്ക് = النَّاسَ

(ആ) ദിവസത്തെ(കുറിച്ച്) = يَوْمَ

അവര്‍ക്ക് ദൈവശിക്ഷ വന്നെത്തുന്നു = الْعَذَابُ يَأْتِيهِمُ

(അന്നാളില്‍) അക്രമികളായവ(യിവാണവ)ര്‍ പറയും = الَّذِينَ ظَلَمُوا فَيَقُولُ

നാഥാ, ഞങ്ങളെ പിന്തിക്കേണമേ(ഞങ്ങള്‍ക്ക് തരേണമേ) = أَخِّرْنَا رَبَّنَا

അടുത്ത ഒരവധിയിലേക്ക്(ഒരല്‍പം കൂടി അവസരം) = قَرِيبٍ  إِلَىٰ أَجَلٍ

ഞങ്ങള്‍ ഉത്തരം നല്‍കാം, സ്വീകരിക്കാം = نُّجِبْ

നിന്റെ ക്ഷണ(ം)ത്തിന് = دَعْوَتَكَ

പിന്തുടരുകയും, അനുസരിക്കുകയും ചെയ്യാം = وَنَتَّبِعِ

ദൂതന്‍മാരെ = الرُّسُلَۗ

(പ്രതികരണമുണ്ടാകുന്നു) നിങ്ങള്‍(അല്ലേ) ആയിട്ടില്ലെയോ =أَوَلَمْ تَكُونُوا

നിങ്ങള്‍ സത്യം ചെയ്തു(യ്തവര്‍) = أَقْسَمْتُم

(ഇതിന്)മുമ്പ് = مِّن قَبْلُ

നിങ്ങള്‍ക്ക് ഇല്ല(സംഭവിക്കുകയില്ല)  = مَا لَكُم

യാതൊരു നീക്ക(നാശ)വും = مِّن زَوَالٍ

وَلَا تَحْسَبَنَّ اللَّهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْۖ وَأَفْئِدَتُهُمْهَوَاءٌ ﴿٤٣﴾ وَأَنذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَۗ أَوَلَمْ تَكُونُوا أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴿٤٤﴾

42.          അക്രമികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്നു ധരിച്ചു പോകരുത്. അവന്‍ അവരെ പിന്തിക്കുന്നത് കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു ദിവസത്തിലേക്കു മാത്രമാകുന്നു.

43.          അന്നവര്‍ പേടിച്ചരണ്ട് തലപൊക്കിപ്പിടിച്ചു പാഞ്ഞുവരും. തുറിച്ച കണ്ണുകള്‍ പൂര്‍വസ്ഥിതിയിലേക്കു മടങ്ങുകയേയില്ല. അപ്പോള്‍ അവരുടെ ഹൃദയങ്ങളാവട്ടെ ശൂന്യമായിരിക്കും.

44.          ദൈവശിക്ഷയെത്തുന്ന നാളിനെക്കുറിച്ച് പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക. അധര്‍മികളായി വാണവര്‍ അന്നാളില്‍ കേഴും; നാഥാ, ഞങ്ങള്‍ക്ക് ഒരല്‍പം കൂടി അവസരം തരേണമേ! ഞങ്ങള്‍ നിന്റെ ക്ഷണം സ്വീകരിച്ചുകൊള്ളാം. ദൈവദൂതന്മാരെ അനുസരിക്കുകയും ചെയ്യാം; പ്രതികരണമുണ്ടാകുന്നു: 'ഞങ്ങള്‍ക്ക് ഒരു നാശവും സംഭവിക്കാനില്ല' എന്ന് ഇതിനു മുമ്പ് സത്യം ചെയ്തവരല്ലേ നിങ്ങള്‍?

42-43. ഇവിടം മുതല്‍ സൂറ അതിന്റെ സമാപനത്തോടടുക്കുകയാണ്. മുകളില്‍ ഉദ്ധരിച്ച, ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ പ്രവാചകനെയും മുസ്‌ലിംകളെയും സാന്ത്വനപ്പെടുത്തുകയും അവരില്‍ ആത്മവിശ്വാസവും സ്ഥൈര്യവും വളര്‍ത്തുകയുമാണീ സൂക്തങ്ങള്‍.

ഇബ്‌റാഹീംനബി അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം അവന്നു മാത്രം ഇബാദത്ത് ചെയ്യുന്നതിനുവേണ്ടി നിര്‍മിച്ച ദൈവികഗേഹമാണ് കഅ്ബ. അല്ലാഹുവിനുമാത്രം ഇബാദത്തുചെയ്യുന്ന ഒരു നാടും ജനതയും ഉണ്ടാകുന്നതിനു വേണ്ടിയാണ് അദ്ദേഹം സ്വന്തം മകനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത മക്കയില്‍ കൊണ്ടുവന്നു താമസിപ്പിച്ചത്. എന്നിട്ടിപ്പോള്‍ ആ കഅ്ബയില്‍ നൂറുകണക്കില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.ആല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹുവിനെ വെടിഞ്ഞ് വ്യാജദൈവങ്ങള്‍ ആരാധിക്കപ്പെടുക. ഏകദൈവവിശ്വാസവും ആരാധനയും പ്രബോധനംചെയ്യുന്ന പ്രവാചകനും കൂട്ടുകാരും നിഷ്‌ക്കരുണം നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. അതൊക്കെ ചെയ്യുന്നവരാകട്ടെ, സുഖത്തിലും സമൃദ്ധിയിലും ആറാടി വാഴുന്നു. ഇത്രയൊക്കെയായിട്ടും അല്ലാഹു ഇവര്‍ക്കെതിരില്‍ ശിക്ഷാനടപടികളൊന്നും കൈക്കൊള്ളാത്തതെന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചിന്തിച്ചിരുന്നു. അത്തരക്കാരെ ആശ്വസിപ്പിക്കുകയാണ്.

അക്രമികളുടെയും അധര്‍മികളുടെയും സൈ്വരവിഹാരം കണ്ട്, അവരുടെ കുചേഷ്ഠിതങ്ങളൊന്നും അല്ലാഹു അറിയുന്നില്ലെന്നോ ശ്രദ്ധിക്കുന്നില്ലെന്നോ വിചാരിക്കരുത്. അവന്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആളുകള്‍ തെറ്റുകുറ്റങ്ങള്‍ ചെയ്താല്‍ ഉടനടി പിടിച്ചു ശിക്ഷിക്കുക അല്ലാഹുവിന്റെ രീതിയല്ല. അവന്‍ തെറ്റുകള്‍ തിരുത്താനും സ്വയം സംസ്‌കരിക്കാനും മനുഷ്യന് അവസരം നല്‍കുന്നു. അതാണ് ആയുസ്സ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും ശത്രുക്കളായിരുന്ന എത്രയോ ആളുകള്‍ കാലക്രമത്തില്‍ സത്യവിശ്വാസികളും ധര്‍മത്തിന്റെ വക്താക്കളുമായി മാറുന്നു. ഇത് അല്ലാഹുവിന്റെ വലിയൊരു ഔദാര്യമാകുന്നു. ഈ ഔദാര്യമില്ലായിരുന്നുവെങ്കില്‍,മനുഷ്യനെ ഉടനടി പിടിച്ചു ശിക്ഷിക്കാന്‍ അവന്‍ തെറ്റു ചെയ്യുന്നതും കാത്തിരിക്കുന്നവനാണ് അല്ലാഹുവെങ്കില്‍ മനുഷ്യവര്‍ഗത്തിന്റെ കഥ എന്നോ കഴിഞ്ഞുപോയിട്ടുണ്ടാകുമായിരുന്നു.

وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ

(മനുഷ്യന്‍ ഇഹലോകത്ത് ഗുണമുണ്ടാവാന്‍ ധൃതിപ്പെടുന്നതുപോലെ അവര്‍ക്ക് ദോഷമുണ്ടാക്കാന്‍ അല്ലാഹു ധൃതിപ്പെടുകയാണെങ്കില്‍ അവരുടെ പ്രവര്‍ത്തനാവധി എന്നോ അവസാനിച്ചിട്ടുണ്ടാകുമായിരുന്നു. എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ നാം അവരുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ അഴിച്ചു വിടുന്നു - 10:11). ഈ അഴിച്ചുവിടല്‍ കണ്ട് ആരും തങ്ങള്‍ക്ക് മരണമില്ലെന്നോ മരിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പില്ലെന്നോ ഉയിര്‍ത്തെഴുന്നേല്‍പുണ്ടായാലും വിചാരണയും വിധിയുമില്ലെന്നോ കരുതി വഞ്ചിതരാവേണ്ട. അല്ലാഹു മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഒന്നൊഴിയാതെ രേഖപ്പെടുത്തി വെക്കുന്നുണ്ട്. ആ കര്‍മ പുസ്തകത്തെ ആധാരമാക്കിയുള്ള കണിശമായ വിചാരണ എല്ലാവരും നേരിടേണ്ടി വരികതന്നെ ചെയ്യും. അന്ധവിശ്വാസികളും അധര്‍മികളും ആത്മപരിശോധന നടത്താനും സ്വയം സംസ്‌കരിക്കാനും തയാറാകുന്നില്ലെങ്കില്‍ അവര്‍ക്ക് അല്ലാഹു നല്‍കുന്ന അവസരം,ഭീകരമായ ഒരു നാളിലേക്കുണരാനുള്ള കാത്തിരിപ്പു മാത്രമായിത്തീരുന്നു. അന്നവര്‍ പേടിച്ചരണ്ട് തുറിച്ച കണ്ണുകളുമായി വിചാരണാസഭയിലേക്ക് പാഞ്ഞടുക്കും.

ولا تحسبنّ (നീ കരുതിപ്പോകരുത്) എന്ന് പ്രവാചകനെ സംബോധന ചെയ്യുന്നത് പ്രവാചകന്‍(സ) അപ്രകാരം അല്ലാഹുവിനെ ശങ്കിച്ചിരുന്നതുകൊണ്ടോ ശങ്കിക്കാനിടയുള്ളതുകൊണ്ടോ അല്ല. അല്ലാഹുവിനെക്കുറിച്ച് യഥാര്‍ഥത്തില്‍ അശ്രദ്ധയും അജ്ഞതയും ആരോപിച്ചിരുന്നത് അവിശ്വാസികളും ധിക്കാരികളുമായിരുന്നു. പ്രവാചകനെ സംബോധന ചെയ്തുകൊണ്ട് അവരുടെ ധാരണ അബദ്ധമാണെന്ന് ഉണര്‍ത്തുകയാണിവിടെ.

شخص യുടെ ഭാഷാര്‍ഥം 'പൊങ്ങി' എന്നാകുന്നു. ഇത് أبصار  മായി ചേര്‍ന്നു വരുമ്പോള്‍ കണ്ണുതള്ളിപ്പോയി, തുറിച്ചുപോയി എന്നര്‍ഥമാകുന്നു. ഒരു ലക്ഷ്യത്തിലേക്ക് ഉന്മുഖനായി ധൃതിയില്‍ സഞ്ചരിക്കുക എന്ന അര്‍ഥമുള്ള إهطاع ല്‍നിന്നുല്‍ഭവിച്ച കര്‍തൃപദമാണ് مهطعين . ശിരസ്സുയര്‍ത്തുന്നതിനും ശബ്ദമുയര്‍ത്തുന്നതിനും ഉപയോഗിക്കുന്ന പദമായ  إقناع നിന്നുള്ളതാണ് مقنعي . ഇവിടെ ഉപയോഗിച്ചിട്ടുള്ളത് ശിരസ്സ് ഉയര്‍ത്തി മേലോട്ട് നോക്കിക്കൊണ്ട് എന്ന അര്‍ഥത്തിലാണ്. 'കണ്ണ് അവരിലേക്ക് മടങ്ങുന്നില്ല' എന്നാണ് لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ     എന്ന വാക്യത്തിന്റെ അര്‍ഥം. പുറത്തേക്ക് തള്ളിപ്പോയ അവരുടെ കണ്ണുകള്‍ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നില്ല എന്നാണ് ഉദ്ദേശ്യം. അത്രയും കടുത്തതാണ് അവരുടെ ഭയവിഭ്രാന്തികള്‍ എന്നര്‍ഥം. അന്തരീക്ഷംവായു എന്ന അര്‍ഥത്തിലും ശൂന്യംപൊള്ള എന്ന അര്‍ഥത്തിലും ഉപയോഗിക്കുന്ന പദമാണ് هواء. ഇവിടെ ഉദ്ദേശ്യം ശൂന്യതയാണ്. ഭയാധിക്യം മൂലം ചിന്താശേഷി നഷ്ടപ്പെട്ട അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നമ്മള്‍ 'ഇതികര്‍തവ്യതാമൂഢതഎന്നു പറയാറുള്ള അവസ്ഥ.

44.  അതായത്, ഈ ദൈവികസന്ദേശം ജനങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രബോധകര്‍ ഇങ്ങനെയൊരു ദിനം വരുന്നുണ്ടെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടേയിരിക്കണം. അങ്ങനെ ജനങ്ങള്‍ ആ ദിനത്തെ വിജയകരമായി നേരിടാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യട്ടെ. ദൈവികസന്ദേശം ചെവിക്കൊള്ളാനോ വിചാരണാസഭയെ നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്യാനോ കൂട്ടാക്കാത്തവര്‍ അന്നു വിലപിക്കേണ്ടി വരും: 'നാഥാ ഞങ്ങള്‍ക്കിതാ യാഥാര്‍ഥ്യം മനസ്സിലായിരിക്കുന്നു. ഞങ്ങള്‍ വിശിഷ്ടമെന്ന് കരുതി സഞ്ചരിച്ച മാര്‍ഗം ദുഷ്ടമായിരുന്നുവെന്നും, സാര്‍ഥകമെന്നും സൗഭാഗ്യകരമെന്നും കരുതിയ ജീവിതം നിരര്‍ഥകവും ശിക്ഷാകരവുമായിരുന്നുവെന്നും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. നാഥാ, ഞങ്ങള്‍ക്ക് ഇഹലോകത്ത് ജീവിക്കാന്‍ ചെറിയൊരവസരവും കൂടി തരൂ. അപ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത സന്ദേശങ്ങളില്‍ സുദൃഢമായി വിശ്വസിച്ചുകൊള്ളാം. നിന്റെ ധര്‍മശാസനകള്‍ അക്ഷരംപ്രതി അനുസരിച്ചുകൊള്ളാം.' പക്ഷേ, അവര്‍ക്കീ ബോധോദയമുണ്ടാകുന്നത് പശ്ചാത്താപത്തിന്റെയും തെറ്റുതിരുത്തലിന്റെയും സമയം പൂര്‍ണമായും കഴിഞ്ഞു പോയ ശേഷമാണ്. ഇനി പശ്ചാത്താപത്തിനോ സ്വയംസംസ്‌കരണത്തിനോ അവസരമില്ല. കര്‍മവേദി പിന്നിട്ടശേഷം വരുന്ന കര്‍മഫലവേദിയാണിത്. ഇങ്ങനെ ഒരു വേദിയോ ശിക്ഷയോ ഒന്നും ഒരിക്കലും ഉണ്ടാവില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കര്‍മത്തിന്റെയും സംസ്‌കരണത്തിന്റെയും അവസരത്തില്‍ ഇക്കൂട്ടര്‍. ജീവിതാവധി നീട്ടിത്തരേണമെന്നപേക്ഷിക്കുന്നവരെ അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് ചോദിക്കുന്നു: ഇപ്പോള്‍ ദൈവിക സന്ദേശം സ്വീകരിക്കാനും പ്രവാചകന്മാരെ പിന്തുടര്‍ന്ന് ജീവിതം നയിക്കാനും വേണ്ടി ഭൗതികജീവിതത്തിന്റെ അവസരം ഒരല്‍പം നീട്ടിത്തരേണമെന്ന് കേഴുന്ന നിങ്ങള്‍ തന്നെയല്ലേ അതിനൊക്കെ വിശാലമായ അവസരം കൈവന്നകാലത്ത്, ദൈവത്തെ നിഷേധിക്കുകയും ദൈവദൂതന്മാരെ തള്ളിപ്പറയുകയും ചെയ്തുകൊണ്ട് നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന സമൃദ്ധിയും പ്രതാപവും ഒരിക്കലും നഷ്ടപ്പെടാന്‍ പോകുന്നില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നിരുന്നത്?!

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments