ഇബ്‌റാഹീം

സൂക്തങ്ങള്‍: 45-47

വാക്കര്‍ത്ഥം

നിങ്ങള്‍ വസിച്ചു(ച്ചത്) = وَسَكَنتُمْവാസസ്ഥലങ്ങളില്‍(ആണല്ലോ) = فِي مَسَاكِنِതങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ച(ആ ജനത്തിന്റെ) വരുടെ = أَنفُسَهُمْ الَّذِينَ ظَلَمُواനിങ്ങള്‍ക്കു വെളിവായി(നന്നായി മനസ്സിലായിട്ടുണ്ട്) = لَكُمْ وَتَبَيَّنَനാം അവരെ (എന്താണ്) എങ്ങനെയാണ് ചെയ്തത് എന്ന് = بِهِمْ   فَعَلْنَا  كَيْفَനിങ്ങള്‍ക്ക് നാം ഉപമകളവതരിപ്പിക്കുകയും ചെയ്തു(അവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ഉപദേശിക്കുകയും ചെയ്തു)  = الْأَمْثَالَ  لَكُمُ وَضَرَبْنَاഅവര്‍ തന്ത്രം പ്രയോഗിച്ചു = وَقَدْ مَكَرُواഅവരുടെ തന്ത്രം(ങ്ങള്‍ ഒക്കെയും) = مَكْرَهُمْഅല്ലാഹുവിന്റെയടുത്ത്(പൊളിഞ്ഞുപോയി)  = وَعِندَ اللَّهِഅവരുടെ തന്ത്രം(ഭയങ്കരം)ആയിരുന്നെങ്കിലും = مَكْرُهُمْഅവരുടെ തന്ത്രം(ഭയങ്കരം)ആയിരുന്നെങ്കിലും = وَإِن كَانَ مَكْرُهُمْ(അതിനാല്‍) നീങ്ങിപ്പോകാന്‍(മാത്രം) = مِنْهُ لِتَزُولَമലകള്‍ = الْجِبَالُ(പ്രവാചകാ) അല്ലാഹുവിനെക്കുറിച്ച് ഒരിക്കലും വിചാരിക്കേണ്ട = اللَّهَ فَلَا تَحْسَبَنَّലംഘിക്കുന്നവനായി(ലംഘിച്ചേക്കുമെന്ന്) = مُخْلِفَഅവന്റെ(അവന്‍ നല്‍കിയ) വാഗ്ദാനം = وَعْدِهِഅവന്റെ ദൂതന്മാര്‍ക്ക് = رُسُلَهُۗതീര്‍ച്ചയായും അല്ലാഹു അജയ്യ ശക്തന്‍(നും) = عَزِيزٌ إِنَّ اللَّهَ(അവന്റെ ശത്രുക്കളോടു)പ്രതികാരമുടയവനാ(പ്രതികാരം ചെയ്യുന്നവനും തന്നെയാ)കുന്നു = ذُو انتِقَامٍ

 وَسَكَنتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ ﴿٤٥﴾ وَقَدْ مَكَرُوامَكْرَهُمْ وَعِندَ اللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ الْجِبَالُ ﴿٤٦﴾

فَلَا تَحْسَبَنَّ اللَّهَ مُخْلِفَ وَعْدِهِ رُسُلَهُۗ إِنَّ اللَّهَ عَزِيزٌ ذُو انتِقَامٍ ﴿٤٧﴾ يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾

45.          തങ്ങളോടു തന്നെ അക്രമം ചെയ്ത ആ ജനത്തിന്റെ വാസസ്ഥലങ്ങളിലാണല്ലോ നിങ്ങളും വസിച്ചത്. നാം അവരെ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് നല്ലവണ്ണം മനസ്സിലായിട്ടുമുണ്ട്, അവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങളെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

46.          അവരുടെ തന്ത്രങ്ങളൊക്കെയും അവര്‍ പ്രയോഗിച്ചു നോക്കി. പക്ഷേ, ആ തന്ത്രങ്ങളൊക്കെയും അല്ലാഹുവിന്റടുത്ത് പൊളിഞ്ഞുപോയി- അവരുടെ തന്ത്രം മലകള്‍ നീങ്ങിപ്പോകാന്‍ മാത്രം ഭയങ്കരമായിരുന്നുവെങ്കിലും.

47.          പ്രവാചകാ, അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചേക്കുമെന്നും നീ ഒരിക്കലും വിചാരിക്കേണ്ട. അല്ലാഹു അജയ്യശക്തനും തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവനും തന്നെയാകുന്നു.

-------------

45.  'നിങ്ങള്‍' എന്ന സംബോധന ചെയ്യുന്നത് അറബികളെ പൊതുവിലും ഖുറൈശികളെ പ്രത്യേകിച്ചുമാണ്. ഈ സൂക്തങ്ങള്‍ അവതരിക്കുന്ന കാലത്ത് മുന്നിലുണ്ടായിരുന്നത് ഖുറൈശികളാണ്. തങ്ങളോടുതന്നെ അക്രമം ചെയ്തവരുടെ വാസസ്ഥലങ്ങള്‍ കൊണ്ടുദ്ദേശ്യം ആദ്-സമൂദ് തുടങ്ങിയ നാമാവശേഷമായ ഗോത്രങ്ങളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളാണ്. നിലനില്‍ക്കുന്ന അറേബ്യന്‍ ഗോത്രങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു നാമാവശേഷമായ ഗോത്രങ്ങളും താമസിച്ചിരുന്നത്. നശിച്ചുപോയ ഓരോ ഗോത്രവും എവിടെ വസിച്ചിരുന്നുവെന്നും എങ്ങനെയാണ് നശിപ്പിക്കപ്പെട്ടതെന്നും തലമുറകളിലൂടെ എല്ലാവരും കേട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് പ്രവാചകന്മാരുടെ പ്രബോധനവും ദൈവികസന്ദേശങ്ങളും തള്ളിക്കളയുന്നവരുടെ ഗതി എന്താണെന്ന് നിങ്ങള്‍ അറിയാതിരിക്കാന്‍ ഒരു ന്യായവുമില്ല. അവരുടെ ചരിത്രത്തിലെ പാഠം പഠിപ്പിക്കുന്ന പല സംഭവങ്ങളും പ്രവാചകന്മാരിലൂടെ അല്ലാഹു നിങ്ങളെ കേള്‍പ്പിച്ചു. നിങ്ങള്‍ കഥകേട്ട് രസിക്കാന്‍ വേണ്ടി മാത്രമല്ല ആ കഥകളൊക്കെ അവതരിപ്പിച്ചത്, അവ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അവര്‍ക്കുണ്ടായ ദുര്‍ഗതി നിങ്ങള്‍ക്ക് ഉണ്ടാവാതിരിക്കാനുമാണ്. പക്ഷേ, ദൈവിക സന്ദേശങ്ങള്‍ വിശ്വസിക്കാനും പ്രവാചകവര്യന്മാരെ അനുസരിക്കാനും കൂട്ടാക്കുന്നില്ലെങ്കില്‍ അവരുടെ ദുര്‍ഗതിയില്‍നിന്ന് നിങ്ങള്‍ക്കും രക്ഷപ്പെടാനാവില്ല.

46.  അതായത്, നശിപ്പിക്കപ്പെട്ടവരൊക്കെ അവരുടെ കാലത്തെ കെങ്കേമന്മാരായിരുന്നു. മഹാ പരാക്രമികള്‍, തന്ത്രശാലികള്‍, ശാസ്ത്രവിദ്വാന്മാര്‍, സാങ്കേതിക വിദഗ്ധര്‍, അതിസമ്പന്നന്മാര്‍. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും അവര്‍ പ്രബോധനംചെയ്ത സത്യ-ധര്‍മങ്ങളെയും തോല്‍പിക്കാന്‍ അവരുടെ എല്ലാ കഴിവുകളും തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു. പക്ഷേ, ഒരുകാര്യം അവര്‍ വിസ്മരിച്ചു. തന്ത്രങ്ങളുടെ യഥാര്‍ഥ സ്രോതസ്സ് അല്ലാഹുവാണ്.  وعند الله مكرهم - 'അവരുടെ തന്ത്രം അല്ലാഹുവിന്റടുത്താകുന്നു' എന്നതാണ് മൂലവാക്യം. ഈ വാക്യത്തിന് പല ആശയങ്ങളാവാം. അവരുടെ തന്ത്രങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. എല്ലാ തന്ത്രങ്ങളുടെയും ഉറവിടം അല്ലാഹുവാണ്. ഏറ്റം നല്ല തന്ത്രശാലി അല്ലാഹുവാണ്. അതുകൊണ്ട് അവരുടെ തന്ത്രങ്ങളെല്ലാം അല്ലാഹുവുമായി ഏറ്റുമുട്ടുമ്പോള്‍ നിഷ്പ്രയാസം പൊളിഞ്ഞു പോകുന്നു. ചിലപ്പോള്‍ മനുഷ്യരുടെ കണക്കുകൂട്ടലുകള്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത നടപടികളിലൂടെയാവും അവന്‍ മനുഷ്യരുടെ തന്ത്രങ്ങളെ നേരിടുക. ബദ്ര്‍സംഭവവും അഹ്‌സാബ്‌സംഭവവും അതിന് ഉദാഹരണങ്ങളാകുന്നു.   وإن كان مكرهم لتزول منه الجبال എന്ന വാക്യത്തിന് രണ്ടുവിധത്തില്‍ അര്‍ഥം കല്‍പിക്കാറുണ്ട്. ഒന്ന് തര്‍ജമയില്‍ കൊടുത്തതു തന്നെ. إن كان യെ 'ആണെങ്കിലും' എന്ന അര്‍ഥത്തില്‍ എടുക്കുമ്പോഴാണിത്. إن كان യിലെ   إن നെ നിഷേധാര്‍ഥത്തില്‍ എടുത്തുകൊണ്ടുള്ളതാണ് മറ്റൊരര്‍ഥം. 'അവരുടെ തന്ത്രം മലകളെ നീക്കം ചെയ്യാന്‍ പോരുന്നതായിട്ടില്ല' എന്നാകും അപ്പോള്‍ അര്‍ഥം. അതായത് മനുഷ്യരുടെ തന്ത്രം എത്ര ഗുരുതരവും സമര്‍ഥവുമാണെങ്കിലും അല്ലാഹു ഭൂമിയില്‍ സ്ഥാപിച്ച പര്‍വതങ്ങളെ സ്ഥാനം മാറ്റാനൊന്നും അതുകൊണ്ടു കഴിയില്ല. അല്ലാഹുവാകട്ടെ, അവനുദ്ദേശിച്ചാല്‍ പര്‍വതങ്ങളെ കടഞ്ഞിട്ട കമ്പിളിപോലെ പാറിപ്പറത്താന്‍ കഴിവുള്ളവനാണ്. ഈ അര്‍ഥം സ്വീകരിച്ചവരില്‍ ചിലര്‍ 'മലകള്‍' കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് ദൈവികദീന്‍ ആണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോള്‍ ആശയം ഇപ്രകാരമാകുന്നു: അവര്‍ എത്ര വലിയ തന്ത്രശാലികളും പരാക്രമശാലികളുമാണെങ്കിലും അല്ലാഹു ഭൂമിയില്‍ പര്‍വതസമാനം ഉറച്ച ദീനുല്‍ഇസ്‌ലാമിനെ ലോകത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ അവരുടെ തന്ത്രങ്ങള്‍ കൊണ്ടൊന്നും കഴിയുകയില്ല. സത്യനിഷേധികള്‍ക്കും ധര്‍മവിരോധികള്‍ക്കും എത്രതന്നെ അനിഷ്ടകരമാണെങ്കിലും അല്ലാഹു അവന്റെ ദീന്‍ വിജയിപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.

47.  ഈ വാക്യത്തിന്റെ പ്രഥമ സംബോധിതര്‍ പ്രവാചകനും വിശ്വാസികളുമാണെങ്കിലും ഇസ്‌ലാമിന്റെ വിരോധികളും ഇതിന്റെ ലക്ഷ്യമാണ്. ഇതുള്‍ക്കൊള്ളുന്ന സാന്ത്വനവും ശുഭസൂചനയും പ്രവാചകനോടും മുസ്‌ലിംകളോടുമാണെങ്കില്‍, ആക്ഷേപവും താക്കീതും അവരുടെ ശത്രുക്കളോടാണ്.

ധര്‍മധിക്കാരികളുടെ അക്രമങ്ങളും അനീതികളും അല്ലാഹു കാണുന്നില്ലെന്നോ ശ്രദ്ധിക്കുന്നില്ലെന്നോ വിചാരിക്കരുതെന്നും അവര്‍ അതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ട ഒരു നാള്‍ വരുന്നുണ്ടെന്നും നേരത്തെ 42-ാം സൂക്തത്തില്‍ ഉണര്‍ത്തിയിട്ടുണ്ടല്ലോ. അതുതന്നെ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണിവിടെ. അല്ലാഹു പ്രവാചകനും വിശ്വാസികള്‍ക്കും വാഗ്ദാനം ചെയ്ത ഇസ്‌ലാമിന്റെ വിജയവും യശസ്സും യാഥാര്‍ഥ്യമാകാന്‍ വൈകുന്നത് കണ്ട് ആ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചേക്കുമെന്ന് ആരും വിചാരിക്കേണ്ട. അല്ലാഹുവിന്റെ ഈ വാഗ്ദാനം ഖുര്‍ആന്‍ പലവിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ

(ഞാനും എന്റെ ദൂതന്മാരും അതിജയിക്കുക തന്നെ ചെയ്യുമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. നിശ്ചയം, അല്ലാഹു അതിശക്തനും അജയ്യനുമാകുന്നു- 58:21).

إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ

(നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളായവരെയും നാം സഹായിക്കുക തന്നെ ചെയ്യും; ഈ ഭൗതിക ജീവിതത്തിലും സാക്ഷികള്‍ എഴുന്നേല്‍ക്കുന്ന നാളിലും- 40:51). മക്കയില്‍ നിഷേധികളായ ഖുറൈശികളുടെ അക്രമമര്‍ദനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും വിശ്വാസികളുടെ മോചനത്തിന്റെയും വിജയത്തിന്റെയും ലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടാതിരിക്കുന്നതും കണ്ട് ചില വിശ്വാസികളെങ്കിലും അല്ലാഹുവിന്റെ മേല്‍പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാതെ പോകുമോ എന്നാശങ്കിച്ചിട്ടുണ്ടാവാം. അവിശ്വാസികളാകട്ടെ, ഖുര്‍ആന്റെ ഇത്തരം വാഗ്ദാനങ്ങളെയെല്ലാം കേവലം പൊള്ളയായിട്ടാണ് കരുതിയിരുന്നത്. ഈ രണ്ടു കൂട്ടരോടും പറയുകയാണ്: അല്ലാഹു പ്രവാചകന്മാരോട് ചെയ്ത വാഗ്ദാനങ്ങള്‍ ലംഘിച്ചേക്കുമെന്ന് ആരും കരുതേണ്ടതില്ല. ദുര്‍ജനത്തെ ശിക്ഷിക്കാനെന്ന പോലെ സജ്ജനത്തെ രക്ഷിക്കാനും അവന്‍ ഉചിതമായ സമയവും സന്ദര്‍ഭവും നിശ്ചയിച്ചിട്ടുണ്ട്. പ്രവാചകനും വിശ്വാസികളും ഈ ദീനും വിജയിക്കേണ്ട സമയമായാല്‍ തീര്‍ച്ചയായും അവര്‍ക്കു വിജയം കൈവന്നിരിക്കും. എല്ലാ വമ്പന്മാരെയും അവരുടെ മഹാതന്ത്രങ്ങളെയും അതിജയിക്കാനുള്ള ശക്തിയും കഴിവും അല്ലാഹുവിനുണ്ട്. തന്നോടും തന്റെ ദീനിനോടുമുള്ള വിരോധത്താല്‍ അക്രമങ്ങളും അനീതികളുമനുവര്‍ത്തിച്ചവരെ തിരിച്ചടിക്കാതിരിക്കുക അവന്റെ രീതിയുമല്ല. ന്യായമായ തിരിച്ചടി അവന്‍ അവര്‍ക്ക് നല്‍കുക തന്നെ ചെയ്യും.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ 

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.
 

Facebook Comments